Image

ഫെയിസ് ബുക്ക് ഐ.പി.ഒ. രണ്ടാഴ്ചകൊണ്ട് 47,000 മില്യണ്‍ ഡോളര്‍ നഷ്ടത്തില്‍

ജെയിംസ് വര്‍ഗീസ് Published on 02 June, 2012
ഫെയിസ് ബുക്ക് ഐ.പി.ഒ. രണ്ടാഴ്ചകൊണ്ട് 47,000 മില്യണ്‍ ഡോളര്‍ നഷ്ടത്തില്‍
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫെയിസ് ബുക്ക് ഇക്കഴിഞ്ഞ മെയ് 18-ന് ഐ.പി.ഒ. ആയി നിലവില്‍ വന്നശേഷം രണ്ടാഴ്ചക്കുള്ളില്‍ സ്റ്റോക്കിനു 29 ശതമാനം വില കുറഞ്ഞ് ഇന്ന് മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ഏതാണ്ട് 47,000 മില്യന്‍ ഡോളര്‍ നഷ്ടത്തില്‍ എത്തിയിരിക്കുന്നു.

മെയ് 18-ന് ഫെയിസ് ബുക്ക് ഐ.പി.ഒ. നിലവില്‍ വന്നത് 38 ഡോളര്‍ നിരക്കിലായിരുന്നു. എന്നാല്‍ ഇത് ഊതി വീര്‍പ്പിച്ച മുഖവിലയായിരുന്നു എന്നാണ് ഇപ്പോള്‍ അറിവായിരിക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലി ആയിരുന്നു ഫെയിസ് ബുക്ക് ഐ.പി.ഒ.യുടെ പ്രധാന അണ്ടര്‍ റൈറ്റര്‍. ഐ.പി.ഒ. സംബന്ധിച്ച് സത്യസന്ധമായി കാര്യങ്ങള്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പൊതുജനങ്ങളെ അറിയിച്ചില്ലായെന്നും, വരുമാനം സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഐ.പി.ഒ. റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും കാണിച്ച് നിരവധി കേസ്സുകള്‍ മോര്‍ഗന്‍ സ്റ്റാന്‍ലിക്കും, ഫെയിസ് ബുക്ക് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതിയില്‍ ഫയല്‍ ചെയ്തു തുടങ്ങി.

അമേരിക്കയിലെ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റും, നിയമനിര്‍മ്മാണ കമ്മിറ്റികളും ഫെയിസ് ബുക്ക് ഐ.പി.ഒ. യില്‍ വന്ന പാളിച്ചകളെകുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ഐ.പി.ഒ. നിയമങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരാന്‍ സാദ്ധ്യതയുള്ളതായി അറിയുന്നു. മാത്രമല്ല പുതുതായ പുറത്തുവരാന്‍ ഇരുന്ന ഐ.പി.ഒകളെയും ഇത് ബാധിച്ചു.

2004-ല്‍ ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥിയായിരുന്ന മാര്‍ക്ക് സുക്കര്‍ ബര്‍ഗ് മറ്റു സഹ വിദ്യാര്‍ത്ഥികളോടൊത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിനായിട്ടാണ് കാമ്പസില്‍ ഇതിന്റെ ആരംഭം.

ഹാര്‍വാര്‍ഡ് കണക്ഷന്‍ എന്ന പേരില്‍ ഇന്ത്യന്‍ വംശജനായ ദിവ്യ നരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഏതാനും ഹാര്‍വാര്‍ഡ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ആരംഭിക്കാനിരുന്ന സംരംഭം മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയിസ് ബുക്ക് എന്ന പേരില്‍ തനിയെ ആരംഭിച്ചു. മറ്റു മൂന്നു പേര്‍ തങ്ങളെ വഞ്ചിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കേസ്സുണ്ടായിരുന്നെങ്കിലും സമര്‍ത്ഥനായ സുക്കര്‍ബര്‍ഗ് കേസ് സമരിയാക്കുകയായിരുന്നു.

പിന്നീട് 'പെയ്പാല്‍' കമ്പനിയുടെയും മൈക്രോസോഫ്റ്റിന്റെയുമൊക്കെ സഹകരണം ലഭിക്കാന്‍ സുക്കന്‍ ബര്‍ഗിന് കഴിഞ്ഞു. 2012 മെയ് 18ന് ഐ.പി.ഒ. ആയി ഷെയറുകള്‍ പുറത്തിറക്കിയപ്പോള്‍ ഫെയിസ് ബുക്ക് ഉപയോക്താക്കളുടെ എണ്ണം 900 മില്യന്‍ കവിഞ്ഞിരുന്നു.

ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇത്രയുമധികം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചെങ്കിലും ഉപയോക്താക്കളുടെ ആനുപാതികമായ വരുമാനം പരസ്യങ്ങളിലൂടെ കൈവരിക്കാന്‍ ഫെയിസ് ബുക്കിന് കഴിഞ്ഞിട്ടില്ലായെന്നതു മൂലം പണം മുടക്കി ഷെയറുകള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ ഇന്‍വെസ്റ്റേഴ്‌സ് മടി കാണിക്കുന്നു.

മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഫെയിസ് ബുക്ക് ഉപയോക്താക്കള്‍ നല്ലൊരു ശതമാനവും ചെറുപ്പക്കാരും, വിദ്യാര്‍ത്ഥികളുമാണ്. വന്‍കിട പരസ്യക്കാര്‍ക്ക് പറ്റാത്ത ഒരു സമൂഹത്തില്‍ പണം മുടക്കി പരസ്യം ചെയ്യാന്‍ പലരും തയ്യാറാകില്ലയെന്നതും ഫെയ്‌സ് ബുക്കിന്റെ ഭാവി വരുമാനത്തെ ബാധിക്കും.

ഫെയിസ് ബുക്ക് സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിലേക്ക്
അടുത്ത വര്‍ഷം ഫെയിസ് ബുക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ തയ്യാറാകുന്നു. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയായ ഫെയ്‌സ് ബുക്ക് യാതൊരു പരിചയവുമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിലേക്ക് കടക്കുന്നതിനെതിരെ പല വിമര്‍ശനങ്ങളും സിലിക്കോണ്‍ വാലിയില്‍ നിന്നും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ആപ്പിള്‍ കമ്പനിയില്‍ നിന്നുമുള്ള ഏതാനും സമര്‍ത്ഥരായവരെ സുക്കര്‍ബര്‍ഗ് ഇതിനകം തന്റെ കമ്പനിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ഫെയിസ് ബുക്ക് ബ്രാന്റ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയോ, ഏതെങ്കിലും ഫോണ്‍ കമ്പനിയെ വിലക്കു വാങ്ങുകയോയാണ് ലക്ഷ്യം.

അമേരിക്കയില്‍ ആപ്പിള്‍ ഐഫോണും, സാംസങ്ങ് കമ്പനിയുമാണ് ഫോണ്‍ ബിസിനസ്സില്‍ ഭീമന്മാര്‍. ഇവരുമായി ഒരു മത്സരത്തിനിറങ്ങി വിജയിക്കുക ഫെയിസ് ബുക്കിന് അത്ര എളുപ്പമല്ല എന്നത് ഒരു സത്യം മാത്രമാണ്.

എന്തായാലും ഫെയിസ് ബുക്ക് ഐ.പി.ഒ യുടെ വരവോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഐ.പി.ഒ ക്ക് പ്രിയം കുറഞ്ഞു. പുതിയ സ്റ്റോക്കുകള്‍ പുറത്തിറങ്ങുമ്പോള്‍ കമ്പനിയുടെ സാമ്പത്തിക നിലയെക്കുറിച്ചും, വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും, പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനത്തെകുറിച്ചുമൊക്കെ സത്യസന്ധമായി അണ്ടര്‍ റൈറ്റേഴ്‌സ് ജനങ്ങളെ അറിയിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ അമേരിക്കയില്‍ ആവശ്യമായി വന്നിരിക്കുന്നു. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കാണുമ്പോള്‍ പേടിക്കുമെന്നു പറയുമ്പോലെയാണ് സാധാരണ ജനങ്ങള്‍ പുതിയ ഐ.പി.ഒ.കളെ കാണുന്നത്.
ഫെയിസ് ബുക്ക് ഐ.പി.ഒ. രണ്ടാഴ്ചകൊണ്ട് 47,000 മില്യണ്‍ ഡോളര്‍ നഷ്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക