Image

കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി

Published on 03 August, 2020
കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകള്‍ പോലീസിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍. കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫീസറായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാഖറയെ നിയോഗിച്ചു. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യുന്നതിനുള്ള ചുമതല ജില്ലാ പോലീസ് മേധാവികള്‍ക്കായിരിക്കും. കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടി പോലീസാവും സ്വീകരിക്കുക. ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്ക വിലക്ക് ലംഘിക്കുക എന്നിവയെല്ലാം നിയന്ത്രിക്കാനുള്ള പൂര്‍ണ ചുമതല ഇനി പോലീസിനായിരിക്കും.

ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. അവര്‍ പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ചന്തകളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ ആശുപത്രിയില്‍നിന്നും മറ്റും കടന്നു കളഞ്ഞാല്‍ അവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ഇനി പോലീസ് ആയിരിക്കും സ്വീകരിക്കുക.

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ െ്രെപമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തുന്നതിനുള്ള ചുമതലയും ഇനി പോലീസിനായിരിക്കും. അതിനുള്ള നടപടികള്‍ പോലീസ് നേരിട്ട് സ്വീകരിക്കും. പോലീസിന് ലഭിച്ചിട്ടുള്ള പരിശീലനവും അന്വേഷണ മികവും അക്കാര്യത്തില്‍ ഉപയോഗിക്കും. എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘമാവും കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക