Image

പ്രണയത്തിന്റെ പക്ഷി (കവിത : ഭദ്ര വേണുഗോപാൽ)

Published on 02 August, 2020
പ്രണയത്തിന്റെ പക്ഷി  (കവിത : ഭദ്ര വേണുഗോപാൽ)
മാപ്പ്'...
മരിച്ചു വീഴും മുൻപ്
എന്നിൽ നിന്നും നീ പറന്നകലുക...
പറന്നകലാൻ തുടങ്ങും മുൻപ്
നീയെന്നെയൊന്ന് തിരിഞ്ഞു നോക്കുക
സ്വപ്നങ്ങളുടെ പട്ടടയെരിയുന്ന
ആ കണ്ണുകൾ വീണ്ടും ഒന്ന് കാണട്ടെ ഞാൻ
എപ്പോഴും ... അവഗണനയുടെ
മുൾപ്പടർപ്പിൽ കുടുങ്ങി ചോരയിറ്റു വീഴുന്ന
നിന്റെ ചിറകുകളിലേക്ക്
നോക്കാതിരിക്കാൻ കഴിയില്ലെനിക്ക് ...
ഇനിയൊരു തിരിച്ചു വരവ് നിന്നിലേക്കില്ലെന്ന്
പറയാതെ പറയുമ്പോഴും
വേദനയുടെ ആഴങ്ങളിലേക്ക്
ചിറകുകൾ കരിഞ്ഞ് വീണു പോയ
സ്വപ്നങ്ങളെ ഞാനാ കണ്ണുകളിൽ കണ്ടു.
പ്രണയത്തിന്റെ പക്ഷീ മാപ്പ്...
ഞാൻ എന്നും നിനക്ക് സമ്മാനിച്ചത്
നിണ മൊഴുകുന്ന മുറിപ്പാടുകൾ മാത്രം
എന്നിട്ടും നീയെന്റെ ഉള്ളിലെത്ര ചേർന്നു നിന്നു.
വാക്കുകളുടെ കൂരമ്പുകളിൽ
പിടഞ്ഞ് മൃതപ്രായ ആയപ്പോഴൊക്കെയും
പറന്നകലാതെ നീയെന്നെയെത്ര
ചേർത്ത് പിടിച്ചു.
പ്രണയത്തിന്റെ പക്ഷീ മാപ്പ്...
ഒരിക്കലും ഉണങ്ങാത്ത
മുറിവുകൾ മാത്രം സമ്മാനിച്ചതിന്
ഒരു ഇളം കാറ്റായി പോലും
സാന്ത്വനമാകാൻ കഴിയാത്തതിന്...
എത്ര കൊതിച്ചിട്ടും നിന്റെ
പൂഞ്ചിറകുകളിൽ ചുണ്ടുകൾ
ചേർക്കാനാവാതെ പോയതിന്.
വേദനയുടെ നിസ്സഹായതയുടെ മുഖം മാത്രം
നിനക്ക് സമ്മാനിച്ചതിന്....
പ്രണയത്തിന്റെ പക്ഷി മാപ്പ് ...
നീയെന്നിൽ നിന്നും പറന്നകലുക
ഇനി ഒരിക്കലും കണ്ടുമുട്ടുകില്ലെന്ന
തിരിച്ചറിവിൽ
യാത്രാ മൊഴികളില്ലാതെ... 

പ്രണയത്തിന്റെ പക്ഷി  (കവിത : ഭദ്ര വേണുഗോപാൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക