Image

കോവിഡ് വ്യാപനം വീണ്ടും ശക്തം, ഇളവുകള്‍ തിരിച്ചെടുത്ത് ബ്രിട്ടന്‍

Published on 02 August, 2020
കോവിഡ് വ്യാപനം വീണ്ടും ശക്തം, ഇളവുകള്‍ തിരിച്ചെടുത്ത് ബ്രിട്ടന്‍
ലണ്ടന്‍: ബ്രിട്ടനില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലാങ്‌ഷെയര്‍, വെസ്റ്റ് യോര്‍ക്ക് ഷെയര്‍ എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള സാമൂഹിക സമ്പര്‍ക്കത്തിനുള്ള അനുമതികള്‍ സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഏറെ വര്‍ധിച്ചതാണ് പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കാരണം. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് പുതിയ വിലക്കുകള്‍ നിലവില്‍ വന്നത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ലെസ്റ്ററിലും ഈ വിലക്കുകള്‍ ബാധകമായിരിക്കും.

അടുത്ത ബന്ധുക്കളായ കുടുംബങ്ങള്‍ക്കു പോലും പരസ്പരം വീടുകളിലോ വീടിനു പിന്നിലെ ഗാര്‍ഡനുകളിലോ  ഒത്തുചേരാന്‍ അനുമതിയില്ല. സുഹൃത്തുക്കളും ബന്ധുക്കളും നിയന്ത്രണമില്ലാതെ ഇടപഴകിയതാണ് ഈ പ്രദേശങ്ങളില്‍ രണ്ടാമതും രോഗവ്യാപനത്തിനു കാരണമായതെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വിശദീകരിക്കുന്നത്. എന്നാല്‍ ലോക്ക്‌ഡൌണ്‍ വീണ്ടും ഏര്‍പ്പെടുത്തിയ സമയം തെറ്റിപ്പോയെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. മുസ്ലീംങ്ങള്‍ ഈദ് ആഘോഷിക്കുന്ന വേളയില്‍ പെട്ടെന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടാകും.

രാജ്യത്ത് എളുപ്പത്തില്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവര്‍ക്കും രോഗികളായാല്‍ അപകട സാധ്യത ഏറിയവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഷീല്‍ഡിംങ് സംരക്ഷണം ഇന്നലെ അവസാനിച്ചു.  70 വയസിനു മുകളിലുള്ളവരും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായി 22 ലക്ഷം പേരാണ് ഇത്തരത്തില്‍ ഷീല്‍ഡിങ്ങില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ പകുതിയോളം വരുന്ന ജോലിക്കാരായ ആളുകള്‍ക്ക് മുഴുവന്‍ ശമ്പളത്തോടെയാണ് മൂന്നുമാസത്തിലേറെയായി സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക