Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 24 - സന റബ്സ്

Published on 02 August, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 24 - സന റബ്സ്
മുറ്റത്തെ ചെടികളില്‍ ഇളംവെയില്‍  ഓരോ  തളിരിനെയും തൊട്ടിലാട്ടുന്നുണ്ടായിരുന്നു. ഉദയസൂര്യന്‍റെ കിരണങ്ങള്‍  വെള്ളയും കറുപ്പും നിറമുള്ള പൂമ്പാറ്റകളെ തൊടുമ്പോള്‍ അവ കൂടുതല്‍  വശ്യമായി  പൂവുകളില്‍  മുട്ടിയുരുമ്മുന്നത് നോക്കി മിലാന്‍ പുറത്തേക്ക് നടന്നു. ഫോണില്‍ ശാരികയായിരുന്നു. “എക്സാം കഴിഞ്ഞിട്ടും വീട്ടില്‍ വരാന്‍ പ്ലാനില്ലേ മിലൂ... കുറച്ച്ദിവസം ഇവിടെ വന്നുനില്‍ക്കൂ...”

“വരാം അമ്മാ... ദീപാവലിയോടെ  ചെയ്യേണ്ട ചില  പ്രൊജെക്റ്റ്കളുണ്ട്.  കൊല്‍ക്കൊത്ത വിട്ട് കുറെനാള്‍ നീങ്ങിനില്‍ക്കാന്‍ പറ്റില്ല.”

“റിനുവിന്‍റെ വിവാഹവാര്‍ത്ത കേള്‍ക്കുന്നു. നീ അറിഞ്ഞിരിക്കുമല്ലോ...” ശാരിക ചോദിച്ചു.

“അതവളുടെ കുട്ടിക്കാലത്തെയുള്ള ഫ്രന്ടാണ്.  പണ്ടേ അവര്‍ സ്നേഹത്തിലാണ്.”

“നല്ല പയ്യന്‍! ‘സ്റ്റാര്‍വീക്കിലിയില്‍’ അവരുടെ ഫോട്ടോ ആന്‍ഡ്‌ ഇന്റര്‍വ്യൂ കണ്ടു.  നീ...”  ശാരിക എന്തോ പറയാന്‍ വന്നതാണെന്ന് മിലാന് മനസ്സിലായി.

“എന്താ അമ്മാ...? “

“മിലൂ... നിന്‍റെ ബുദ്ധിയും സൗന്ദര്യവും  ജീനും അടുത്ത തലമുറയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ?”

“അതെന്താ അമ്മാ... സ്വഭാവികമായും കല്യാണം കഴിയുമ്പോള്‍ രണ്ടുപേരുടെയും  തലമുറ ഉണ്ടാകില്ലേ.. ഇപ്പോഴെന്തേ ഇങ്ങനൊരു ഡൌട്ട്?” അവള്‍ ചോദിച്ചു.

“ഒന്നുമില്ല. അങ്ങനെ സ്വാഭാവികജീവിതമാണോ നീ തെരെഞ്ഞെടുത്തെ മോളേ? നിനക്കത് ഉറപ്പുണ്ടോ? ദാസിന്റെ വംശം ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. പക്ഷെ നീ.....” മിലാന് ഒരു നിമിഷം അവര്‍ പറഞ്ഞതെന്തെന്ന് മനസ്സിലായില്ല. പതുക്കെ പതുക്കെയാണ് പൊരുള്‍ തലയിലെത്തിയത്‌.

“മിലാന്‍.... ഞാന്‍ മനസ്സില്‍ തോന്നിയത് പറഞ്ഞെന്നേയുള്ളൂ...  നീ കേള്‍ക്കുന്നുണ്ടോ.... മിലാന്‍....” ശാരിക വിളിച്ചുകൊണ്ടിരുന്നു. മിലാന്‍ ഫോണ്‍ വെച്ചിരുന്നു.

ശാരികയുടെ നെഞ്ചില്‍ വല്ലാത്തൊരു കനം വന്നു മുട്ടിത്തിരിഞ്ഞു. ദൈവമേ... ആകെയുള്ളൊരു പെൺതരി ... അവളിലൂടെ തങ്ങളുടെ വംശം നിലനില്‍ക്കുമെന്ന് ആഗ്രഹിക്കുമ്പോഴെല്ലാം ദാസ്‌ നെടുംതൂണ്‍ മാതിരി മുന്നില്‍ നില്‍ക്കുന്നു! അവളുടെ ഇഷ്ടങ്ങള്‍ക്ക് കൂടെ നിന്നത് തെറ്റായോ എന്ന് എപ്പോഴും വിങ്ങലായി മനസ്സിനെ തകര്‍ക്കുന്നു. ഇരുപത്തിനാല് വയസ്സ് കഴിയുന്നേയുള്ളൂ മിലാന്... ഇരട്ടിയിലധികം പ്രായമുള്ള ഒരാളെ അവള്‍ സ്വയംവരം ചെയ്യാന്‍ പോകുന്നു.

“എന്തിനാണിങ്ങനെ ആവശ്യമില്ലാതെ കരയുന്നത്?” സഞ്ജയ്‌ പ്രണോതിയുടെ ചോദ്യം കേട്ട് ശാരിക  തൂവിയ കണ്ണുകള്‍ പുറംകൈകൊണ്ട് തുടച്ചുകളഞ്ഞു. “എല്ലാ കാര്യവും നമ്മളും മിലാനും ചര്‍ച്ചചെയ്തു കഴിഞ്ഞതാണ്.  അതവളുടെ ഇഷ്ടവും ചോയ്സുമാണ്. അവള്‍ക്കതില്‍ സന്തോഷമാണുള്ളത്. എത്രകാലം ഒരു മനുഷ്യന്‍ ജീവിക്കും ശാരിക? സന്തോഷത്തോടെ കുറച്ചുകാലമായാലും ജീവിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്? വിവാഹത്തിൽ കുട്ടികള്‍ ഉണ്ടായാല്‍ മാത്രമേ ജീവിതം സക്സസ് ആകൂ എന്ന് കരുതുന്നത് ശുദ്ധവിഡ്ഢിത്തമാണ്.”

“കരയാന്‍ പുറപ്പെട്ടാല്‍ അതിനേ സമയം ഉണ്ടാവൂ. ബി പ്രാക്റ്റിക്കല്‍...” സഞ്ജയ്‌ ശാരികയുടെ അടുത്തേക്ക് വന്നു ആ കണ്ണുകള്‍ പിന്നെയും തുടച്ചു. “സീ... നമുക്കൊരു മകളുണ്ടെങ്കിലും അവളിപ്പോള്‍ നമ്മുടെ അടുത്തുണ്ടോ? ചിറകുകള്‍ മുളച്ചാല്‍ പറന്നുപോകുന്ന കുഞ്ഞുങ്ങളെനോക്കി കരയാതെ നില്ക്കുംപോലെ ജനിച്ചിട്ടെയില്ലാത്ത മക്കളെ നോക്കിയും മനുഷ്യന് കരയാതെ നില്‍ക്കാന്‍ കഴിയണം.”

“എങ്കിലും മിലാന്‍... ഇങ്ങനെയാണോ അവളുടെ കല്യാണം നമ്മള്‍ സ്വപ്നം കണ്ടത്?”

“അത് നമ്മുടെ തെറ്റാണ്... മക്കള്‍ എങ്ങനെയാവണം എന്ന് നമ്മളല്ല അവരാണ് സ്വപ്നം കാണേണ്ടത്. നമ്മള്‍ കാവല്‍ നിന്നാല്‍ മാത്രം മതി. നീ കരുതുംപോലെയല്ല, മിലാന്‍ വളരെ പാകതയുള്ള കുട്ടിയാണ്. അവളുടെ ലക്ഷ്യങ്ങള്‍ ചെറുതല്ല. അവള്‍ ദാസിനെക്കാള്‍ ശക്തയാണ്‌. അവളത് ഇപ്പോള്‍ തിരിച്ചറിയുന്നില്ല. നമ്മളും!”

" മിലാൻ എന്നാൽ വെറുമൊരു സിനിമാ നടിയോ അതിന്റെ പളപ്പിൽ മയങ്ങുന്നവളോ അല്ല. എത്രകാലം ജീവിക്കുന്നു എന്ന്‌  ദിവസങ്ങൾ എണ്ണേണ്ട. വളരെ കുറച്ചേ ഉള്ളെങ്കിലും അതിൽ വസന്തം വിരിയിക്കാൻ അവൾക്കറിയാം. അവളത് ദാസിനെ പഠിപ്പിക്കും. നീ വിഷമിക്കേണ്ട."

സഞ്ജയ്‌ ശാരികയെ അവിടെ ആശ്വസിപ്പിക്കുമ്പോള്‍ ഇവിടെ  മിലാന് വല്ലാത്ത അസ്വസ്ഥത തോന്നി.  അമ്മ...  റിനുവിന്‍റെ വിവാഹത്തെപ്പറ്റി കേട്ടതുമുതല്‍ അപ്സെറ്റ് ആണെന്ന് തോന്നുന്നു.  മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍.... അതെല്ലാം പാഴ്ക്കിനാവായി ഒരരികിലേക്ക്  അടിച്ചുകൂട്ടി തനിക്കുവേണ്ടി നിലകൊള്ളുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് മിലാന് ബഹുമാനമുണ്ടായിരുന്നു. പരമ്പരാഗതരീതികള്‍ അവരില്‍ ആഗ്രഹവും സങ്കടവും ഒരേപോലെ ഉണ്ടാക്കുന്നു.

  അന്ന് വൈകുന്നേരം സോനഗാച്ചി തെരുവിലേക്ക് മിലാന്‍ കാറോടിച്ചുപോയി. സോനാഗച്ചി തെരുവിലേക്ക് പെട്ടെന്ന് ഓടിക്കയറുക സാധ്യമല്ല.  നടാഷ അയച്ച ആളുകൾ അവളെ കാത്ത് തെരുവിന് വെളിയിൽ ഉണ്ടായിരുന്നു. മിലാനും ദുര്‍ഗ്ഗയും ഏര്‍പ്പാടാക്കിയ വാട്ടര്‍ടാങ്കുകള്‍ പലയിടത്തായി സ്ഥാപിച്ചിരുന്നു.  ദുര്‍ഗാപൂജയും കാളിപൂജയും ദീപാവലിയുമെല്ലാം അടുത്തടുത്ത്‌ വരുന്നതിനാല്‍   അവിടുത്തുകാര്‍ക്കായി എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മിലാന്‍ തീരുമാനിച്ചിരുന്നു.
പാഴ്  വസ്തുക്കള്‍ക്കള്‍ മൂടിക്കിടന്ന വലിയൊരു കിണറുള്ള  മൈതാനത്തേക്ക്‌  അവളുടെ കാര്‍  എത്തിയപ്പോഴേ കുട്ടികള്‍ ഓടിയടുത്തു. താന്‍ കൊണ്ടുവന്ന സ്വീറ്റ്സും കുറച്ച് ഉടുപ്പുകളും ടീ ഷര്‍ട്ടുകളും അവള്‍ കൈയിലെടുത്തു. നടാഷ അവളെ സന്തോഷത്തോടെ സ്വീകരിച്ചു. “നിങ്ങളുടെ ഒരു ഫ്രണ്ട് ഇവിടെ വന്നിരുന്നു. കരോലിന്‍... ദീപാവലിക്ക് അവരും ചേരാം എന്നാണ് അറിയിച്ചത്. അതുപോലെ തനൂജാമേഡവും.”

മിലാന് സന്തോഷം തോന്നി. തന്‍റെ മിഷന്‍ പതുക്കെപ്പതുക്കെ ആളുകളില്‍ എത്തുന്നുണ്ട്.  ഇതെല്ലാം കരോലിന്‍ യൂണിവേര്‍സിറ്റിയുമായി ബന്ധിപ്പിച്ചാല്‍ കുറേക്കൂടി നേട്ടങ്ങള്‍ ഉണ്ടാക്കാം. തന്റെ ചുറ്റും കൂടിയ കുട്ടികള്‍ക്ക് പായ്ക്കറ്റ് കൈമാറുമ്പോള്‍ അവള്‍ ചോദിച്ചു. “ഇപ്പോള്‍ വെള്ളം ആവശ്യത്തിന് കിട്ടുന്നില്ലേ? സ്കൂളില്‍ നേരം വൈകാതെ പോകണം കേട്ടോ....”

“ദീദീ... ഞങ്ങള്‍ പോകുന്നുണ്ട്. പിന്നെ ദീദീ...”  അവരെന്തോ പറയാന്‍ മടിച്ചു അവളെ നോക്കി. മിലാന്‍ ആ ആണ്‍കുട്ടിയുടെ കണ്ണുകളിലേക്കു നോക്കി. അവന്റെ തലയില്‍ തലോടി. എവിടെയോ പ്രതീക്ഷയുടെ ചെറിയ മിന്നാമിന്നികള്‍ തിളങ്ങുന്നു.

“എന്താണ് പറയൂ...”

“ദീദീ... ഞങ്ങള്‍ സ്കൂളില്‍ പോകുന്നത് നടന്നാണ്. ഇവിടെനിന്നുപോകുന്ന കുതിരവണ്ടികളില്‍ മാത്രമേ പൈസ കൊടുക്കാതെ പോകാന്‍ പറ്റൂ; അത് എപ്പോഴും ആളെ എടുക്കാന്‍ പുറത്തായിരിക്കും....വിഷെയര്‍ ഓട്ടോയില്‍ പോകാന്‍ പൈസ കൊടുക്കണം. ദീദീ....” ഒന്ന് നിറുത്തി ആ കുട്ടി തുടര്‍ന്നു. “ഞങ്ങള്‍ക്ക് സൈക്കിള്‍ വാങ്ങിത്തരുമോ...”

മിലാന്‍  കൈ ആ കുട്ടിയുടെ തലയില്‍ നിന്നെടുത്തു. ജീവിതം മുന്നോട്ടു ചവിട്ടാന്‍ തീരുമാനിച്ചവരുടെ ഉള്‍ച്ചൂടില്‍  അവള്‍ക്ക് പൊള്ളിയിരിക്കണം.

"വിഷമിക്കേണ്ട. ദീദി ഒന്ന് ആലോചിക്കട്ടെ." അവൾ ആ കുട്ടിയുടെ കവിളിൽ തലോടി. 

"നടാഷ,  കുട്ടികളുടെ ഈ ആവശ്യം നമുക്ക് പരിഹരിക്കാം.  എത്ര കുട്ടികൾ ഉണ്ടെന്നും അവരുടെ പ്രായവും മറ്റും എന്നെ അറിയിക്കണം. നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്‌."

നടാഷ തലയാട്ടി. നടാഷയ്ക്കിപ്പോൾ മിലാന്റെ ഉദ്ദേശശുദ്ധിയിൽ അല്പവും ആശങ്കയില്ലായിരുന്നു. 

തിരികെവന്ന മിലാനെ കരോലിന്‍ കാത്തിരിപ്പുണ്ടായിരുന്നു. അവളുടെ ഊഞ്ഞാല്‍ക്കട്ടിലില്‍!  “ ഹായ് ക്യാരറ്റ്... എന്താ വിളിക്കാഞ്ഞത്‌? വിളിച്ചിരുന്നെങ്കില്‍ ഇങ്ങനെ വെയിറ്റ് ചെയ്യേണ്ടായിരുന്നു.” മിലാന്‍ അവളെ സ്നേഹത്തോടെ നോക്കി.

“സാരമില്ല മേം, ഞാന്‍ ഈ പൂന്തോട്ടമെല്ലാം കണ്ടു നടന്നു. ഒട്ടും ബോറടിച്ചില്ല."

രണ്ടുപേരും അകത്തേക്ക് കയറി. “മേം.. ഞാനൊരു ഐഡിയ പറയാനാണ് വന്നത്. ദീപാവലി ഫെസ്റ്റിവല്‍ കൊല്‍ക്കത്തയില്‍ വളരെ പ്രാധാന്യമുള്ളതാണ്. നമുക്ക് ട്രാന്‍സ്ജെന്‍സിനെയും സോനഗച്ചിയെയും ഒരുമിച്ചു കൊണ്ടുവന്നാല്‍ നന്നായിരിക്കും എന്ന് തോന്നി.”

മിലാന്‍ കരോലിനെ നോക്കി. “എങ്ങനെ?  അത് റിസ്ക്‌ അല്ലെ? എന്താണ് പ്ലാന്‍?"

“മേം... ഇവിടുത്തെ കുട്ടികള്‍ക്ക് ഒരിക്കലും സഹോദരബന്ധത്തിന്റെ വ്യപ്തിയൊന്നും അറിയില്ല. നമ്മള്‍ പറയാറില്ലേ പുതിയ കുട്ടി ജനിച്ചാല്‍ ഹിജഡകള്‍ കൊട്ടും പാട്ടുമൊക്കെയായി അവരെ അനുഗ്രഹിക്കാന്‍ വരുമെന്ന്. “

“അതെല്ലാം പണമുള്ളവര്‍ കാശ് കൊടുത്ത് ഒരു ഗ്രൂപ്പിനെ വരുത്തുന്നതല്ലേ...”

“അതെ മേം... ഇവിടെ തെരുവില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അങ്ങനെ ഒരു ആഘോഷവും ഉണ്ടായിരിക്കില്ലല്ലോ അവരുടെ ജീവിതത്തില്‍...  അപ്പോള്‍ നമുക്ക് ട്രാന്‍സ്ജെന്‍സിനെകൊണ്ട് അവര്‍ക്ക് ഒരു പാര്‍ട്ടി കൊടുത്താലോ?"

മിലാന്‍ അവള്‍ക്ക് ഇരിപ്പിടം ചൂണ്ടി. “കരോലിന്‍, ഇവിടെ പലപ്പോഴും ദീപാവലി കഴിഞ്ഞാല്‍ ട്രാന്‍സ്ജെന്‍സും സ്ട്രീറ്റ്കുട്ടികളുംകൂടി ‘ഭായ് ഫോടാ’ എന്നൊരു ആചാരം നടത്താറുണ്ട്‌.  ചിലര്‍ അതിനെ ‘ഭായ് ദൂജ്’ എന്നും പറയുന്നു.  ഭായിബഹന്‍ രക്ഷാബന്ധന്‍ തന്നെയാണ് ലക്ഷ്യം.  ഇതെല്ലാം നടത്താന്‍   ഇവിടെ ചില സംഘടനകള്‍തന്നെയുണ്ട്. വര്‍ഷങ്ങളായി അവര്‍ ചെയ്തുവരുന്ന കാര്യങ്ങളെ  അവരുടെ സപ്പോര്‍ട്ട് ഇല്ലാതെ നമുക്ക് മറികടക്കാന്‍  സാധിക്കില്ല. ഐ മീന്‍ ഒറ്റയ്ക്ക് പറ്റില്ല എന്ന്... അതെല്ലാം അന്നത്തെ ദിവസത്തോടെ ചില സമ്മാനപ്പൊതികള്‍  കൈമാറുന്നതോടെ അവസാനിക്കുന്നു.”

“അവരോടു ചോദിച്ചാല്‍....?”
കരോലിന്‍റെ മുഖത്തെ ആകാംക്ഷ കണ്ടു മിലാന്‍ എഴുന്നേറ്റു. “ചോദിക്കാം, എന്നാലും  അവരെ ബോധ്യപ്പെടുത്തണം. അവരുടെ അധികാരവും അഭിമാനവും വ്രണപ്പെടാതെ ചോദിക്കാം; നിനക്ക് ചായ വേണോ?”

“ നോ താങ്ക്സ് .... മേം ബുദ്ധിമുട്ടേണ്ട...”

“ഹ... എന്നെ കുറച്ചു ബുദ്ധിമുട്ടിക്കൂ  കരോലിന്‍...  ഞാന്‍ ബെസ്റ്റ് ടീമേക്കര്‍ ആണെന്നാണ് എന്റെ ചായ കുടിച്ചവരെല്ലാം പറഞ്ഞിട്ടുള്ളത്; യൂ പ്ലീസ് ട്രൈ..”

ചായ ഉണ്ടാക്കുമ്പോള്‍ മിലാന്‍ കരോലിനുമായി സംസാരിച്ചുകൊണ്ടിരുന്നു.

“എന്നാണ് മേം വിവാഹം?” കരോലിന്‍ മിലാനെ നോക്കി.

“ വിവാഹം .... ഉടനെ ഉണ്ടാകും ....”

“റായ് സര്‍  നല്ലൊരു പെര്സനാലിറ്റി ആണ് മേം... അന്നത്തെ ആ ഗിഫ്റ്റ് സര്‍ വളരെ ആഗ്രഹത്തോടെ നല്‍കിയതാണ്. അത് എത്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ...” കുണ്ഠിതമുണ്ടായിരുന്നു കരോലിന്റെ സ്വരത്തില്‍.

“സാരമില്ല ക്യാരറ്റ്... ലീവ് ഇറ്റ്‌....” ചിരിയോടെ മിലാന്‍ അവളെ നോക്കി. “തനിക്കീ ക്യാരറ്റ് എന്ന പേര് ശരിക്കും ചേരുന്നുണ്ട്. അതേ നിറം!"  

അല്പനേരംകൂടിയിരുന്ന് സംസാരിച്ച് കരോലിന്‍ യാത്ര പറഞ്ഞുപോയി. മിലാന്‍ തന്‍റെ ഊഞ്ഞാലില്‍ ചെടികളെയും ആകാശത്തെയും നോക്കി കുറെനേരമിരുന്നു.

ദാസ്‌ ഡല്‍ഹിയിലെ ഓഫീസില്‍ ആയിരുന്നു. താന്‍ സിങ്കപ്പൂര്‍   പോയെന്നു നിരന്ജന്റെ മെയില്‍  വന്നത് അയാള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ആരെന്ന് നോക്കാതെ ദാസ്‌ അറ്റന്‍ഡ് ചെയ്തു. “ഹൈ..., റായ്.. റോമിങ്ങില്‍ ആണോ?” തനൂജയുടെ സ്വരമായിരുന്നു.

“ഗുഡ്മോര്‍ണിംഗ് തനൂജ... റോമിംഗ്?”

“ എങ്ങനെയുണ്ട് ഷൂ? പാകമാണോ?” ചോദ്യം കേട്ടപ്പോള്‍ അയാളാ ഷൂവിന്റെ മാര്‍ദ്ദവം ഓര്‍ത്തു. അതേ പതുപതുപ്പോടെയായിരുന്നു തനൂജയുടെ അന്വേഷണവും!

“അതെ, ഞാന്‍ താങ്ക്സ് പറഞ്ഞില്ല. താങ്ക്യൂ...”

“എന്താണ് യാത്രയില്‍ ആണോ? ഒഫീഷ്യല്‍ ആണോ?” തനൂജയുടെ അടുത്ത ചോദ്യം കേട്ട് ദാസ്‌ അമ്പരന്നു. സെക്രട്ടറിയും മാനേജരും  പ്രധാന ചില ചര്‍ച്ചകള്‍ക്ക് വെയിറ്റ് ചെയ്യുന്നതുകണ്ട് ദാസ്‌  സംഭാഷണം അവസാനിപ്പിച്ചു.

“ഞാന്‍ സിങ്കപ്പൂര്‍ ആണ്..” എന്ന നിരഞ്ജന്റെ  മെയില്‍  അപ്പോഴും ദാസിന്റെ സിസ്റ്റത്തില്‍ നിവര്‍ന്നു കിടന്നിരുന്നു. വൈകുന്നേരം ദാസ്‌ നിരന്ജനെ വിളിച്ചു. “തന്റെ ജെര്‍ണലിസ്റ്റ് ഭാര്യ ആ പെന്‍ഡ്രൈവിനു വല്ല തുമ്പും ഉണ്ടാക്കിയോ?”

“ഇല്ല, പക്ഷെ തന്‍റെ ഷൂ ഇപ്പോള്‍ എന്‍റെ സെക്രട്ടറി നീലം ഉപയോഗിക്കുന്നു.”

“ജെന്റ്സ് ഷൂ?”

“അതൊന്നും അവള്‍ക്ക് വിഷയമല്ല. അവളുടെ എക്സിക്യുട്ടീവ്‌ ലൂക്കിന് അത് പെര്‍ഫെക്റ്റ്‌ മാച്ച് ആണ്!”

“ഒഹ്, എങ്കില്‍ ആ കുട്ടിയെ പരിചയപ്പെടണമല്ലോ...”

“വെരി സോറി; തന്‍റെ അസുഖം ഒട്ടുമില്ലാത്ത കുട്ടിയാണത്. താന്‍ നിരാശപ്പെടും.” നിരഞ്ജന്‍ കളിയാക്കി.

 “ഷൂ പാകമാണോ എന്ന് തനൂജ ഇന്നും ചോദിച്ചു. താന്‍ കൊണ്ടുപോയതൊന്നും അവള്‍ അറിഞ്ഞില്ല.  ഞാന്‍ റോമിങ്ങില്‍ ആണോ എന്നും  ചോദിച്ചു. അതെനിക്ക് മനസ്സിലായില്ല.”ദാസ്‌ പറഞ്ഞു.

“ഉം... ബി കെയര്‍ഫുള്‍! റോമിങ്ങില്‍  ഞാനല്ലേ? അതെന്താ അങ്ങനെയൊരു ചോദ്യം?”

“അറിയില്ല.”  അമ്മ നല്‍കിയ വീഡിയോയും നിരന്ജന് മെയില്‍ ചെയ്തു ദാസ്‌ തിരക്കുകളില്‍ മുഴുകി.

 വൈകീട്ട് മുംബൈയിലേക്ക് പോകാന്‍ മിലാന്‍ തയ്യാറാവുകയായിരുന്നു. താരാദേവി ഫോണ്‍ വിളിക്കുന്നത്‌ കണ്ടു വിസ്മയത്തോടെ മിലാന്‍ ഫോണെടുത്തു.

“എന്താ അമ്മേ...”

“മിലാന്‍, മറ്റൊന്നുമല്ല. ദീപാവലിയോട് ചേര്‍ന്ന് നമ്മുടെ വീട്ടിലും ദുര്‍ഗാക്ഷേത്രത്തിലും പൂജയും ആഘോഷങ്ങളും ഉണ്ട്. മിലാന്‍ ഇതുവരെ അതൊന്നും കണ്ടിട്ടില്ലല്ലോ. അച്ഛന്റെ നമ്പര്‍ തരൂ... നിങ്ങള്‍ എല്ലാവരും വരണം. അവിടെവെച്ച് നമുക്ക് വിവാഹത്തിന്റെ തീയതി നിശ്ചയിക്കണം. വേണ്ടേ?” താരാദേവിയുടെ തീക്ഷ്ണവും അതേസമയം ശാന്തവുമായ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ട് മിലാന്റെ ഹൃദയം ധമനികളില്‍  ഉരുമ്മിച്ചേര്‍ന്നു.

“ശരിയമ്മേ... പിന്നെ എന്‍റെയച്ഛന് ഈ പൂജകളൊന്നും അത്ര താല്പര്യമില്ല. അമ്പലത്തിലൊക്കെയുള്ള ചടങ്ങുകള്‍ക്ക് അച്ഛന്‍ വരാറില്ല. അതുപോലെ ചില അമ്മാവന്മാരും.”

“എനിക്കറിയാം മിലാന്‍, സഞ്ജയ്‌ പ്രണോതിയുടെ കോളങ്ങള്‍ എല്ലാ ന്യൂസ്‌പേപ്പറുകളിലും എപ്പോഴും വരാറുള്ളതല്ലേ;  അയാളുടെ ഉറച്ച നിലപാടുകളും ഈ   പൂജകളും തമ്മില്‍ ബന്ധമില്ല എന്നറിയാം...” താരാദേവി ചിരിച്ചു. “പിന്നെ നിന്നോടായി പറയാനുള്ള ഒരു കാര്യം കൂടിയുണ്ട് മിലാന്‍... ഇവിടെയുള്ള ചടങ്ങുകളില്‍ വിദേതിന്റെ ആദ്യഭാര്യയും കുടുംബവും ഉണ്ടാകും. ഞങ്ങള്‍ ഒരേ ഫാമിലിയാണെന്ന് അറിയാമല്ലോ. അവന്‍റെ മകളുടെ അമ്മയാണ് മേനക. പാരമ്പര്യമായി കുടുംബാന്ഗങ്ങള്‍ ചെയ്യേണ്ട ചില രീതികളുണ്ട്.”

മിലാന്‍ തലകുലുക്കിക്കൊണ്ടിരുന്നു. “നിനക്ക് മറ്റാരെയെങ്കിലും ക്ഷണിക്കണം എന്നുണ്ടെങ്കില്‍ പ്ലീസ്...  എല്ലാവരുംകൂടി നമുക്കീ സംഗമം ഘംഭീരമാക്കണം.” അത്യപൂര്‍വമായി മാത്രം കാണാറുള്ള അവരുടെ സ്വരത്തിലെ ഉത്സാഹവും സന്തോഷവും തന്റെയും ഹൃദയത്തില്‍  തിരപോലെ തൊടുന്നത് അവള്‍ അറിഞ്ഞു.

 എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ആയിരം തത്തകള്‍ ചിലച്ചുകൊണ്ട് കൂട്ടില്‍നിന്നും  പറന്നുപോകുംപോലെ അവളുടെ ഉള്ളം ഉതിര്‍ന്ന് ആകാശം ചുറ്റി പാറിപ്പറന്നു.  

വിദേത്... ആ മുഖം ഈ കൈകളില്‍ ഉറങ്ങിയുണരാനുള്ള കൊതി സഫലമാകുവാന്‍ പോകുന്നു.  
ആ വിരല്‍പിടിക്കാനുള്ള വരം എനിക്ക് ലഭിക്കാന്‍ പോകുകയാണ്. ഉടനെ...ഉടനെ... 
തന്‍റെ മനസ്സിനെ അപ്പാടെ കൊള്ളയടിച്ച ആ മുഖം വെണ്മേഘങ്ങളില്‍  മിന്നല്‍ക്കൊടികളായി മാറുന്നതും നോക്കി അവള്‍ മുംബൈയിലേക്ക് പറന്നു.

സിങ്കപ്പൂരില്‍  അപ്പോള്‍ നിരഞ്ജന്റെ സെക്രട്ടറി നീലം പരമേശ്വര്‍  ഓഫീസില്‍ നിന്നും തന്റെ കാറില്‍  ഫ്ലാറ്റിലേക്കുള്ള വഴിയിലായിരുന്നു.  അവള്‍ ബ്ലൂടൂത്ത് ഓണ്‍  ചെയ്തു   സോങ്ങ്സ് കണക്റ്റ് ചെയ്തു. ‘സോറി, യുവര്‍ ബ്ലൂടൂത്ത് ഈസ്‌ നോട്ട് റെഡി’ എന്ന സന്ദേശത്തോടെ പ്ലയര്‍ ഓഫ്‌ ആയി! ഒരു കൈകൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ച്‌ വീണ്ടുമവള്‍ ശ്രമിച്ചുകൊണ്ടിരുന്നു. സിഗ്നല്‍ വീണ്ടും വീണ്ടും  ഓഫ്‌ ആയിക്കൊണ്ടിരുന്നു. ഫ്ലാറ്റില്‍ എത്തി കാര്‍ പാര്‍ക്ക്ചെയ്ത് ഇറങ്ങാന്‍ ഒരു കാലെടുത്തു വെളിയില്‍ വെച്ചയുടനെ പാട്ട് കേട്ടു.  കാര്‍ ലോക്ക് ചെയ്തു ഇറങ്ങി നടക്കുമ്പോള്‍ നീലം  ദേഷ്യത്തോടെ ഓര്‍ത്തു. എങ്ങനെയാണ് പുതിയ കാറിന് ഇത്തരം ട്രബിള്‍സ്?

എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് പോകുന്ന  വഴി മിലാന്‍  ദാസിനെ വിളിച്ചു. “അമ്മ എന്നെ ഡല്‍ഹിക്ക് വിളിച്ചിരിക്കയാണ്. ദീപാവലി ആഘോഷിക്കാന്‍...”

“അറിയാം ബേബി... ഞാനും വെയിറ്റ് ചെയ്യുകയാണ്; അറിയില്ലേ?”

“അതിന് മുന്നേ സോനഗാച്ചിയിലെ പരിപാടികള്‍ നമുക്കൊരുമിച്ചു ചെയ്യണം. അതുകഴിഞ്ഞ് ഡല്‍ഹിക്ക്  ഒരുമിച്ചു പോകാം. ആ സമയത്ത് വിദേത് മറ്റൊരു പരിപാടിയും ഏല്‍ക്കരുത്. വിവാഹത്തീയതി നിശ്ചയിക്കണം. വേണ്ടേ?”

“എന്തൊരു ചോദ്യം... വേണ്ടേ? നിനക്ക് വേണ്ടെങ്കില്‍ വേണ്ട. ഞാന്നിങ്ങനെ കാമുകനായി തുടരാന്‍ തയ്യാറാണ്.” ദാസിന്‍റെ പതിഞ്ഞ ചിരി അപ്പുറത്ത് നിന്നുയര്‍ന്നു.

 “നമുക്ക് ഡ്രെസ് എടുക്കേണ്ടേ?” മിലാന്‍ ചോദിച്ചു. ദാസ്‌ ഒരു നിമിഷം നിശബ്ദനായി. അയാളുടെ മനസ്സ് രണ്ട് പതിന്റ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ക്ഷണനേരംകൊണ്ട്   പറന്നുപോയി. വിവാഹവേഷത്തില്‍ ഒരു കൊച്ചു പയ്യന്‍!  പൊടിമീശക്കാരനരികില്‍ വിവാഹവസ്ത്രവും ആഭാരണങ്ങളും പോലും താങ്ങാന്‍ കെല്‍പ്പില്ലാത്തപോലെ മൂടുപടത്തിനുള്ളില്‍ പ്രകാശിക്കുന്ന മുഖവുമായി നേര്‍ത്ത ദേഹവുമായി മേനക എന്നൊരു പെണ്‍കുട്ടി! മന്ത്രങ്ങള്‍ മുഴങ്ങുമ്പോള്‍ അവളുടെ കൈകളിലേക്ക് കൈകള്‍ ചേര്‍ക്കുന്ന നിമിഷം!

“വിദേത്.....” മറുപടി ഇല്ലാതെയായപ്പോള്‍ മിലാന്‍ വിളിച്ചു.

“വേണം മിലാന്‍.... വേണം... നിനക്കുള്ള വിവാഹവസ്ത്രം ഞാനാണ് സെലെക്റ്റ് ചെയ്യുക. എത്രയോ കാലമായി ഞാനത് ആഗ്രഹിക്കുന്നു എന്ന് നിനക്കറിയാമോ? ആ അവകാശം അമ്മയ്ക്ക്പോലും ഇപ്രാവശ്യം ഞാന്‍ നല്‍കുകയില്ല. നിന്നെ വധുവായി സങ്കല്‍പ്പിക്കുമ്പോള്‍ എന്റെയുള്ളില്‍ തെളിയുന്നൊരു രൂപമുണ്ട്. കത്തുന്ന നിന്റെ മിഴികള്‍ വീണ്ടും ആളിക്കത്തിക്കുന്ന  ആ വസ്ത്രം ഇതുവരെയും ആരും ആര്‍ക്കും നല്‍കാത്തത്പോലെ അത്രയും സ്പെഷ്യല്‍ ആയിരിക്കും. നിനക്കുമാത്രം അണിയാന്‍ കഴിയുന്നത്‌. നിനക്ക് മാത്രം അവകാശപ്പെട്ടത്.”

ദാസിന്‍റെ വാക്കുകളിലെ വികാരതീവ്രത കേട്ട് മിലാന്‍ കണ്ണുകളടച്ചു.  തന്റെ വസ്ത്രാഞ്ചലത്തില്‍  അയാളുടെ വസ്ത്രം കെട്ടി അഗ്നിക്ക് വലം വെയ്ക്കുന്ന ദൃശ്യം  മിന്നല്‍പിണര്‍പോലെ അവളെ തൊട്ട് കടന്നുപോയി. താരാഗണങ്ങളുടെ രാജ്ഞിയായി ആകാശഗംഗകള്‍തന്നെ വണങ്ങുന്ന ദൃശ്യം!  

കുറെ നാളുകള്‍ക്കുശേഷം വീട്ടില്‍ വന്നുകയറിയ മകളെ ശാരികയും സഞ്ജയും ആഹ്ളാദത്തോടെ പുണര്‍ന്നു. അവരുടെ ഏറ്റവും സ്പെഷ്യലായ പ്രിയപ്പെട്ട   രത്നത്തെ ആ വജ്രവ്യാപാരിയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ അവരുടെയും  മനസ്സും വീടും ഒരുങ്ങുകയായിരുന്നു.
                                                                     തുടരും ..
നീലച്ചിറകുള്ള മൂക്കുത്തികൾ - 24 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക