Image

ചൈനീസ് ടി.വികള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി

Published on 31 July, 2020
ചൈനീസ് ടി.വികള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച വൈകീട്ട് വിജഞാപനം ഇറക്കി.  ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

15,000 കോടിയുടെ ടെലിവിഷന്‍ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇതിന്‍റെ 36 ശതമാനവും ചൈനയില്‍ നിന്നും മറ്റ് വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയെ കൂടാതെ വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ജര്‍മനി തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ടെലിവിഷന്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍.

ചൈനീസ് നിര്‍മിത ടി.വികള്‍ ഇന്ത്യയുമായി വ്യാപാര കരാറുള്ള മറ്റ് രാജ്യങ്ങളിലൂടെയും ഇവിടെയെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആസിയാന്‍ കരാര്‍ പ്രകാരമുള്ള നികുതി ഇളവുകളിലൂടെ ഇവ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തി തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. നികുതി വര്‍ധിപ്പിച്ച് ഇത്തരം നടപടികളെ തടയാനാകില്ല. അതുകൊണ്ടാണ് ഇറക്കുമതി നിയന്ത്രണം പോലെയുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്താന്‍ ആഹ്വാനമുണ്ട്. അന്താരാഷ്ട്ര കമ്പനികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആത്മനിര്‍ഭര്‍ ഭാരതിന് കൂടി പ്രോത്സാഹനമാകുന്ന രീതിയിലാണ് ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക