Image

കോവിഡ്-19 വ്യാപനവും മരണവും; പുതിയ റിക്കാര്‍ഡുകള്‍ (ഏബ്രഹാം തോമസ്)

Published on 31 July, 2020
കോവിഡ്-19 വ്യാപനവും മരണവും; പുതിയ റിക്കാര്‍ഡുകള്‍ (ഏബ്രഹാം തോമസ്)
യുഎസിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ്-19 വ്യാപനവും മരണവും പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. രോഗവ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിലാണ്. ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായ കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലും ദിവസേന പുതിയ റെക്കാര്‍ഡുകള്‍ ആണ്. ഒരു ഉന്നത തലത്തിലെത്തി രോഗവ്യാപനവും മരണവും അതേ നിലയില്‍ തുടരും എന്ന ആരോഗ്യവിദഗ്ദ്ധരുടെ പ്രവചനം ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ഈയാഴ്ച മരണ സംഖ്യ 13% ഉയര്‍ത്തിയ ടെക്‌സസ് സംസ്ഥാനം ബുധനാഴ്ച മരണത്തില്‍ പുതിയ റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ ആരംഭിച്ച രോഗവ്യാപനത്തിന്റെ പുതിയ തിരകള്‍ ദക്ഷിണ, പശ്ചിമ ഭാഗങ്ങളില്‍ ഒതുങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ യുഎസിന്റെ പകുതി സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ രോഗികളുടെയും മരണത്തിന്റെയും സംഖ്യകള്‍ കുറയുകയോ പഴയപടി തന്നെ തുടരുകയോ ചെയ്യുന്നില്ലെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സ്റ്റാറ്റിക്‌സ് പറയുന്നു.
ഓഗസ്റ്റ് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ ഫ്‌ലോറിഡയിലും ടെക്‌സസിലും കാലിഫോര്‍ണിയയിലും സംഭവിക്കുന്ന മരണങ്ങള്‍ ഉള്‍പ്പടെ കോവിഡ്-19 മൂലം മരിക്കുന്നവര്‍ 7,506 ആയിരിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മാസച്യൂസറ്റ്‌സിന്റെ ആംഹെഴ്‌സറ്റ്‌സ് ലാബ് പ്രോജക്ട് ചെയ്തു. ഈ മരണങ്ങള്‍ കൂടി കണക്കിലെടുമ്പോള്‍ യുഎസില്‍ ഓഗസ്റ്റ് മദ്ധ്യത്തോടെ കോവിഡ് -19 മൂലം മരിച്ചവര്‍ 1,66,748 ആയിരിക്കുമെന്നും ലാബ് പ്രവചിച്ചു. കുറെക്കൂടി ആശങ്കാജനകമാണ് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ മോഡല്‍ നല്‍കുന്ന പ്രൊജക്ഷന്‍. സെപ്റ്റംബര്‍ 29 ആകുമ്പോള്‍ യുഎസിലെ ആകെ കോവിഡ് മരണം 2,00,000 കവിയുമെന്ന് ഇവാല്യുവേഷന്‍ മോഡല്‍ പറയുന്നു.
ചില സംസ്ഥാനങ്ങള്‍ ഒരു ഉന്നത തടത്തില്‍ എത്തി എന്ന് കരുതാം. മറ്റ് സംസ്ഥാനങ്ങള്‍ ഇവിടേയ്ക്കുള്ള കയറ്റം തുടരുകയാണ്. ഇല്ലിനോയി 1,393 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തലേന്ന് 1,076 പുതിയ കേസുകളേ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.8 ആണ്. എന്നാല്‍ മിസ്സൗറിയിലെ മെട്രോ ഈസ്റ്റ് ഏരിയ (സെന്റ് ലൂയിസ്) നിരക്ക് 7.8% ആണ്. സംസ്ഥാനം യൂത്ത്, അഡല്‍റ്റ് റിക്രിയേഷനല്‍ ആക്ടിവിറ്റികളിലും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡാലസ് കൗണ്ടിയില്‍ ബുധനാഴ്ച ഉണ്ടായ റിക്കാര്‍ഡ് 36 മരണങ്ങള്‍ വിഷണ്ണമായ ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് പറഞ്ഞു. ജൂലൈ 22ന് രേഖപ്പെടുത്തിയ 30 മരണങ്ങളാണ് ഇതിന് മുന്‍പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ഒരു ദിവസത്തെ മരണം. കൊറോണ വൈറസ് ടെസ്റ്റുകള്‍ മന്ദഗതിയിലാണ് കൗണ്ടിയില്‍ പുരോഗമിക്കുന്നത്. 704 പുതിയ കേസുകള്‍ ഉണ്ടായി. കുറെക്കൂടി വേഗത്തില്‍ ടെസ്റ്റുകള്‍ നടത്തിയിരുന്ന ജൂലൈ ആരംഭ ആഴ്ചകളില്‍ 18 ദിവസം തുടര്‍ച്ചയായി കുറഞ്ഞത് 1,000 പുതിയ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടെക്‌സസ് സംസ്ഥാനത്ത് ബുധനാഴ്ച 313 മരണവും 9042 പുതിയ കേസുകളും ഉണ്ടായതായി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് പറഞ്ഞു. സംസ്ഥാനത്ത് 59,000 ഹോസ്പിറ്റല്‍ കിടക്കകളുണ്ട്. ഇവയില്‍ 12,200 ബെഡ്ഡുകള്‍ പുതിയ രോഗികള്‍ക്ക് ലഭ്യമാണ്. ഡാലസ് -ഫോര്‍ട്ട്വര്‍ത്ത് നഗരസമൂഹത്തില്‍ 13,115 ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ ഉള്ളതില്‍ 2071 കിടക്കകള്‍ ലഭ്യമാണ്.
ഡാലസ് നഗരസഭ ജീവനക്കാരുടെ ഫര്‍ലോ സെപ്തംബര്‍ 30 വരെ നീട്ടിയിരിക്കുകയാണ്. വേതനമില്ലാതെയുള്ള അവധിയിലാണ് മിക്ക ജീവനക്കാരും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ്‌യിലാണ് ഫര്‍ലോ ആരംഭിച്ചത്. സിറ്റി ഓഫ് ഡാലസിന്റെ ബജറ്റിലെ 25 മില്യണ്‍ ഡോളര്‍ കമ്മിയും ഇതിന് കാരണമായി. 13,000 പേരാണ് ഡാലസ് നഗരത്തിന് വേണ്ടി ജോലി ചെയ്യുന്നത്. ഇതില്‍ എത്ര ജീവനക്കാരെയാണ് ഫര്‍ലോ ബാധിക്കുന്നത് എന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക