Image

വ്യാജസീൽ അറ്റാഷെ അറിഞ്ഞെന്ന് സന്ദീപ്; പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചെന്ന് സ്വപ്ന

Published on 30 July, 2020
വ്യാജസീൽ അറ്റാഷെ അറിഞ്ഞെന്ന് സന്ദീപ്; പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചെന്ന് സ്വപ്ന

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള സന്ദീപിനെ കസ്റ്റംസ് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയാണു സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തതെന്നാണു ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. വ്യാജ സീല്‍ സംബന്ധിച്ച വിവരങ്ങളും അറ്റാഷെയ്ക്ക് അറിയാമായിരുന്നതായാണു ഇയാള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരോ കടത്തിനും പ്രതിഫലവും നല്‍കിയിരുന്നു. ഇതിനുപുറമേ മദ്യവും ഒരുക്കി നല്‍കിയിരുന്നതായാണു പ്രതിയുടെ മൊഴിയെന്നാണു വിവരങ്ങള്‍.

സ്വപ്നയെ ഇന്ന് ചോദ്യം ചെയ്യുമെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം. നേരത്തേ, എന്‍ഐഎയുടെ കസ്റ്റഡിയിലിരുന്ന കാലയളവില്‍ കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. അന്നും അറ്റാഷെയ്ക്ക് ഉള്‍പ്പെടെ സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായുള്ള ഇവര്‍ മൊഴി നല്‍കിയിരുന്നതായാണു പുറത്തുവന്ന വിവരങ്ങള്‍. മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും അഞ്ചു ദിവസത്തേക്കാണു കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടുലഭിച്ചിട്ടുള്ളത്.

സ്വപ്നയേയും സന്ദീപിനെയും അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തൊക്കെ സഹായങ്ങളാണ് അറ്റാഷെയില്‍നിന്ന് ഉള്‍പ്പെടെ ലഭിച്ചതെന്ന് കസ്റ്റംസ് വിശദമായി ചോദിച്ചറിയുകയാണ്. സ്വപ്നയും കൂടുതല്‍ മൊഴികള്‍ നല്‍കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അറ്റാഷെക്കെതിരേ സന്ദീപ് തിരിഞ്ഞിരുന്നു.

എന്തുകൊണ്ടാണ് അറ്റാഷെയെ അറസ്റ്റ്ചെയ്യാത്തതെന്നാണ് ഇയാള്‍ ചോദിച്ചത്. അതിനിടെ, കേസില്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികളെ കസ്റ്റംസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.അതിനിടെ, കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറിംഗ് ഏജന്‍റ് നേതാവിനെ കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നേരത്തേയും ഇയാളെ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് ഓഫിസില്‍ വിളിച്ചുവരുത്തിയാണു ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്തിന്‍റെ തലച്ചോര്‍ റമീസ്; ഒരിക്കലും പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചെന്ന് സ്വപ്ന

കോഴിക്കോട്: നയതന്ത്ര ബാഗേജ്‌വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസിനെതിരേ സ്വപ്‌നസുരേഷിന്‍റെ മൊഴി. കസ്റ്റംസ് കസ്റ്റഡിയിലുള്ള സ്വപ്ന ചോദ്യം ചെയ്യുന്നതിനിടെയാണ് റമീസിനെക്കുറിച്ച് നിര്‍ണായക മൊഴി നല്‍കിയത്. റമീസിന്‍റെ വാക്കുകള്‍ വിശ്വസിച്ചായിരുന്നു സ്വര്‍ണക്കടത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയത്. നയതന്ത്ര ബാഗേജ്‌വഴിയുള്ള കള്ളക്കടത്ത് ഒരിക്കലും പിടികൂടാന്‍ കഴിയില്ലെന്ന് റമീസ് തെറ്റിധരിപ്പിച്ചു.

കസ്റ്റംസിന് ഇവ പിടികൂടാനുള്ള അധികാരമില്ല. അതിനാല്‍ ഈ മാര്‍ഗം ഏറ്റവും സുരക്ഷിതമാര്‍ഗമാണെന്നും ആരുമറിയാന്‍ പോവുന്നില്ലെന്നും റമീസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയതായി സ്വപ്‌ന വെളിപ്പെടുത്തി. ഏതെങ്കിലും തരത്തില്‍ കള്ളക്കടത്തിനെ കുറിച്ച് മറ്റു ഏജന്‍സികള്‍ക്ക് സംശയംതോന്നിയാല്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണം പുറത്തേക്ക് എത്തിക്കേണ്ടതില്ലെന്നും അവതിരിച്ച് യുഎഇലേക്ക് തന്നെ അയയ്ക്കാമെന്നും റമീസ് വിശ്വസിപ്പിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞു. സന്ദീപ്‌നായരും റമീസിനെതിരേ മൊഴി നല്‍കി. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കും വിധത്തിലാണ് സന്ദീപും മൊഴി നല്‍കിയതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. നയതന്ത്ര ബാഗേജ് വഴി ഒരു കിലോ കടത്തിയാല്‍ 1000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നത് സ്വപ്‌ന വീണ്ടും കസ്റ്റംസ് മുമ്പാകെ ആവര്‍ത്തിച്ചു.

അറ്റാഷയ്ക്ക് ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തി. എന്നാല്‍ സ്വര്‍ണം ആരാണ് പണമാക്കി തിരിച്ചുകൊണ്ടുവന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ സ്വപ്‌നക്കറിയില്ലെന്നാണ് മൊഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് കണ്ണീര്‍ പൊഴിച്ച് സ്വപ്‌ന സുരേഷ്. തനിക്ക് പറ്റിയത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ സ്വപ്‌ന പല ചോദ്യങ്ങള്‍ക്കും കരഞ്ഞുകൊണ്ടായിരുന്നു ഉത്തരം നല്‍കിയത്.

സന്ദീപുമായുള്ള ബന്ധത്തെ കുറിച്ചും കസ്റ്റംസിനോട് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. സന്ദീപും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണക്കടത്തിലൂടെ കൂടുതല്‍ സമ്പാദിക്കാനൊന്നും കഴിഞ്ഞിട്ടില്ലെന്നും തന്‍റെ ബെന്‍സ് കാറിന് പോലും കടമുള്ളതായും സന്ദീപ് കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴി എത്തിക്കുന്ന സ്വര്‍ണത്തിന് യുഎഇയിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കണമെന്ന പേരിലും റമീസ് ത്ട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സെയ്തലവി, അബുബക്കര്‍, ഹമീദ് എന്നിവരില്‍ നിന്നെല്ലാം അറബിയ്ക്ക് നല്‍കാനുള്ള പണമായി വന്‍തുക റമീസ് കൈപ്പറ്റിയിരുന്നു.

എന്നാല്‍ ഇൗ തുക റമീസ് അറബിക്ക് നല്‍കിയിരുന്നില്ലെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് കസ്റ്റംസിന് ലഭിച്ച വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക