Image

"അവര്‍ കൊണ്ടുപോയത് തോളില്‍ കൈയിട്ട്' വനപാലകര്‍ക്കെതിരേ ഗുരുതരമായ ആരോപണവുമായി ഭാര്യ

Published on 30 July, 2020
"അവര്‍ കൊണ്ടുപോയത് തോളില്‍ കൈയിട്ട്' വനപാലകര്‍ക്കെതിരേ ഗുരുതരമായ ആരോപണവുമായി ഭാര്യ
സീതത്തോട് : ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക സംഘത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മത്തായിയുടെ ഭാര്യ ഷീബ. ഭര്‍ത്താവിനെ ബോധപൂര്‍വം അപായപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന് അവര്‍ ആരോപിക്കുന്നു. ഷീബ പറയുന്നത്: ‘കോട്ടപ്പാറ സ്വദേശിയായ അരുണിനൊപ്പം ചൊവ്വാഴ്ച 4 മണിക്കാണ് വനപാലകര്‍ വീട്ടില്‍ എത്തുന്നത്. സൗഹൃദം നടിച്ച് തോളില്‍ കൈ ഇട്ടുകൊണ്ടാണ് മത്തായിയെ അവര്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.

ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന 84 വയസ്സുള്ള മാതാവ് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തള്ളി മാറ്റി അവര്‍ വീടിനു പുറത്തേക്ക് ഇറങ്ങി. ഓടി ചെന്നപ്പോള്‍ കേസ് ഉണ്ടെന്നും ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കു വരാനും എന്നോടു പറഞ്ഞു.വീടിന്റെ മുകളില്‍ വാടകയ്ക്കു താമസിക്കുന്ന ഷിബിനേയും കൂട്ടി ഉടന്‍ ചിറ്റാര്‍ സ്‌റ്റേഷനില്‍ എത്തി. ഇതിനിടെ മത്തായിക്കെതിരെ എടുത്തിരിക്കുന്ന കേസ് ഒതുക്കാന്‍ 75,000 രൂപ ആവശ്യപ്പെട്ട് വനപാലകരുടെ ഫോണ്‍ വന്നു. പണം തന്നാല്‍ കേസ് ഇല്ലാതാക്കാമെന്നായിരുന്നു വാഗ്ദാനം.

സ്‌റ്റേഷനിലെത്തി മത്തായിയെ അന്വേഷിച്ചപ്പോള്‍ സ്ഥലത്ത് എത്തിയിട്ടില്ലെന്നായിരുന്നു സ്‌റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ മറുപടി.ഇതിനിടെ വീട്ടില്‍ വനപാലകര്‍ക്ക് ഒപ്പം എത്തിയ അരുണ്‍ ബൈക്കില്‍ സ്‌റ്റേഷനില്‍ എത്തി. കുടപ്പനയില്‍  നടന്ന സംഭവങ്ങള്‍ അപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ട് പോയ മത്തായിയെ മണിയാര്‍ വഴി കുടപ്പനയിലെ വീട്ടിലേക്കാണ് കൊണ്ടുപോയതെന്ന് പിന്നീട് അറിഞ്ഞു. കുടപ്പന വനത്തില്‍ വച്ച് വനപാലക സംഘം മത്തായിയെ മര്‍ദിക്കുന്നത് കണ്ടവരുണ്ട്. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിയായി നല്‍കിയിട്ടുണ്ട്’.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക