Image

അരണ്യകാണ്ഡം - ശ്രീമദ് വാല്മീകി രാമായണം പതിനാലാം ദിനം

Published on 29 July, 2020
അരണ്യകാണ്ഡം  - ശ്രീമദ് വാല്മീകി രാമായണം പതിനാലാം ദിനം
അരണ്യകാണ്ഡം
മുപ്പത്തി ഒന്നു മുതൽ നാൽപ്പത്തിയാറു വരെ സർഗം (മയാമൃഗവും രാവണാഗമനവും ഇന്നത്തെ പ്രതിപാദ്യം).



ജനസ്ഥാനത്തിൻ്റെ അധിപനായ ഖരൻ കൊല്ലപ്പെട്ടിരിക്കുന്നു. രക്ഷപ്പെട്ട രാക്ഷസന്മാരിൽ ഒരുത്തനായ അകമ്പനൻ, വേഗം ലങ്കയിലെത്തി രാവണനോടു വിവരങ്ങൾ  അറിയിച്ചു.ജനസ്ഥാനമെന്ന, ദണ്ഡകാരണ്യത്തിലെ രാക്ഷസരാജ്യം മുടിഞ്ഞുവെന്നും, ഖരൻ ഇല്ലാതായി എന്നു മറിഞ്ഞ രാവണൻ കണ്ണും തുടുത്തു ദേഷ്യം കൊണ്ടലറി. "മരണമടുത്ത ആരാണ് എൻ്റെ ജനസ്ഥാനം മുടിച്ചത്? എനിക്കപ്രിയം ചെയ്ത ഒരുവനും ഇനി ഭൂമിയിൽ ജീവനും കൊണ്ടിരിക്കരുത് ".

ദശഗ്രീവൻ്റെ ഭാവമാറ്റം കണ്ട് അകമ്പനൻ ഭയത്തോടെ  രാവണനെത്തന്നെ അഭയം പ്രാപിച്ചു. അവൻ രാമൻ ആരെന്നും എന്തെന്നും വിശദീകരിച്ചു. സോദരൻ ലക്ഷ്മണനൊത്തു വാഴുന്ന രാമൻ കാട്ടിൽ കൊടുംങ്കാറ്റിനും കാട്ടുതീയ്ക്കും സമനെന്നും അറിയിച്ചു.കൂടാതെ സീതയെക്കുറിച്ചും അവൻ രാവണനോടു പറഞ്ഞു. രാവണൻ്റെ അന്ത:പുരത്തിന് അലങ്കാരമാകേണ്ടവളാണു സീതയെന്ന അവൻ്റെ പറച്ചിൽ രാവണൻ്റെ മനസിളക്കി. കൂടാതെ, രാമനെ ഇല്ലാതാക്കുവാനുള്ള ഉപായം സീതയെ അപഹരിക്കലാണെന്നും പറഞ്ഞു വെച്ചു.
നിമിഷം പോലും വൈകാതെ കഴുതകളെ പൂട്ടിയ രഥത്തിൽ അവൻ ആകാശമാർഗ്ഗത്തിൽ സീതാപഹരണത്തിനായി പുറപ്പെട്ടു.
പോകും വഴി അവൻ താടകാ പുത്രനായ മാരീചൻ്റെ ആശ്രമത്തിലെത്തി, സീതയെ അപഹരിക്കുവാനും രാമനെ വധിക്കുവാനുമായിപ്പോവുകയാണെന്ന് അറിയിച്ചു.അതു കേട്ടു മാരീചൻ വിറച്ചുകൊണ്ട്, ആരാണീ ദുർബുദ്ധി ഉപദേശിച്ചത് എന്നു ചോദിച്ചു. പിന്നെ  ആ യാത്ര തടഞ്ഞു. ഒരു വിധത്തിൽ രാവണനെ സമാധാനിപ്പിച്ചു ലങ്കയിലേക്കു തിരിച്ചയച്ചു.

 തിരികെ എത്തിയ രാവണനെക്കാത്തിരുന്നത് ശൂർപ്പണഖയായിരുന്നു. കാതും മൂക്കും ഛേദിക്കപ്പെട്ട്, വിരൂപയായ അവൾ അലമുറയിട്ടു കരഞ്ഞുകൊണ്ട് രാവണ സദസിൽ കടന്നു ചെന്നു. പിന്നെ രാവണനെ നിർദ്ദയം ഭർത്സിച്ചു. ഖരനും മുടിഞ്ഞു, ജന സ്ഥാനവും മുടിഞ്ഞു. സ്വന്തം രാക്ഷസ രാജ്യമാണില്ലാതായത് എന്നിട്ടും അനങ്ങാതിരിക്കുന്ന രാജാവ്! എന്നവൾ പുച്ഛിച്ചു.പിന്നെ, രാമൻ്റെ പത്നി സീതയെന്ന കോമളാംഗി രാവണപത്നിയാകുന്നില്ലെങ്കിൽ അത് രാവണനു അപമാനമാകുമെന്നും ലങ്കയുടെ അന്തപ്പുരത്തിലാണവൾ വാഴേണ്ടതെന്നു നിനച്ച് അവളെ തട്ടിക്കൊണ്ടുവരാൻ ശ്രമിച്ചതിനാണ് തന്നെ വിരൂപയാക്കി അപമാനിച്ചതെന്നും അതിനു പകരം ചോദിക്കാൻ വൈകരുതെന്നും ശൂർപ്പണഖ രാവണനെ ബോധിപ്പിച്ചു.

ഇത്തവണ രാവണൻ ദൃഢനിശ്ചയത്തോടെ കഴുതത്തേരിൽ വിണ്ണേറി മാരീച സവിധത്തിലെത്തി. പിന്നെ, ചിന്തിച്ചു നിൽക്കാതെ, സീതയെ ബലേനെ അപഹരിക്കുവാൻ തന്നെ സഹായിക്കുവാൻ ആവശ്യപ്പെട്ടു. സീതയുടെ മനസ് ചാഞ്ചല്യപ്പെടുത്താൻ മായപ്പൊന്മാനായി അവളുടെ മുന്നിൽ പ്രത്യക്ഷപ്പെടണമെന്നും. മായാ മൃഗത്തെ പിടികൂടാൻ രാമലക്ഷ്മണന്മാർ പുറപ്പെടുമ്പോൾ തനിക്ക് എളുപ്പത്തിൽ സീതാപഹരണം നടത്താനാകുമെന്നും മാരീചനോടു പറഞ്ഞു.

മാരീചൻ പല തടസ്സവാദങ്ങളും നിരത്തി. പക്ഷേ മരണമടുത്ത നക്തഞ്ചരൻ്റെ ആജ്ഞക്കു മുന്നിൽ പിടിച്ചു നിൽക്കുവാനവനായില്ല.
അങ്ങനെ, ഞാൻ മാത്രമല്ല അരക്കന്മാർ മുച്ചൂടും രാവണാ നിന്നെ പ്രതി മുടിഞ്ഞു കഴിഞ്ഞുവെന്നു പറഞ്ഞു കൊണ്ടവൻ രാവണനൊപ്പം തേരേറി.

രാമാശ്രമത്തിനടുത്ത് അവൻ മായാ മൃഗമായി പ്രത്യക്ഷപ്പെട്ടു. രത്നങ്ങൾ പോലെ ശോഭിച്ച പുള്ളികളുള്ള സ്വർണ്ണവർണത്തിലെ ആ പുള്ളിമാൻ പൂജക്കു പുഷ്പങ്ങളിറുക്കുന്ന സീതയുടെ കണ്ണിൽപ്പെട്ടു. ഇത്ര മനോഹരമായ മാനിനെ തനിക്കു ജീവനോടെയോ അല്ലാതെയോ  വേണമെന്നു ശാഠ്യം പിടിച്ചു.
മായാ മൃഗത്തെ കണ്ട മാത്രയിൽ അതു മായാവിയായ മാരീചൻ തന്നെയെന്നു ലക്ഷ്മണൻ ഉറപ്പിച്ചു. എന്നാൽ രാമൻ പറഞ്ഞു, ''ഏതായാലും ഇത്ര ഭംഗിയുള്ള ഒരു മൃഗത്തെ ഞാൻ കണ്ടിട്ടില്ല. സീത ആശ വയ്ക്കുകയും ചെയ്തിരിക്കുന്നു. ഞാനതിനെ പിടികൂടിയിട്ടു വരാം.ഇനി അവൻ മാരീചനാണെങ്കിൽ അവൻ്റെ കഥ ഇതോടെ കഴിയട്ടെ. പക്ഷേ, ഞാൻ പോകുമ്പോൾ സീതയുടെ സുരക്ഷ പ്രധാനമാണ്. നീ  ദത്ത ശ്രദ്ധനായി സീതയ്ക്കു കാവൽ നിൽക്കുക ".

രാമൻ പൊൻപിടിയുള്ള വാളും, വില്ലും രണ്ടാവനാഴിയുമെടുത്ത് മായാ മൃഗത്തെ തേടിയിറങ്ങി.രാമനെ കബളിപ്പിച്ചു നടന്ന ആ മൃഗം, ആശ്രമത്തിൽ നിന്നും ഏറെ ദൂരത്തേക്കു രാമനെ എത്തിച്ചു. ഒടുവിൽ ആ മൃഗത്തെ കൊല്ലുക തന്നെയെന്നു നിശ്ചയിച്ചു രാമൻ എയ്ത അമ്പേറ്റ് മാരീചൻ സ്വന്തം രൂപം ധരിച്ചു.ഒപ്പം ഈ നേരത്തു, ലക്ഷ്മണനെക്കൂടി ആശ്രമത്തിൽ നിന്നകറ്റാൻ ഹാ സീതേ... ഹാ... ലക്ഷ്മണാ എന്നാർത്തു കൊണ്ടാണു ആ രാക്ഷസൻ ചത്തുമലച്ചത്.
അവൻ്റെ ആ വിളി കേട്ടു രാമനും വിഷാദം മൂലം കടുത്ത ഭയം ബാധിച്ചു. വേറൊരു മാനിനെക്കൊന്നു മാംസവുമായി രാമൻ പെട്ടന്നു തിരികെ ആശ്രമത്തിലേക്കു മടങ്ങി.

മാരീചൻ്റെ ആർത്തനാദം സീതയും ലക്ഷ്മണനും കേട്ടു.രാമൻ അപകടത്തിൽപ്പെട്ടിരിക്കുവെന്നു സീത തീർച്ചപ്പെടുത്തി.ലക്ഷ്മണനോട് ജേഷ്ഠനെ രക്ഷിക്കുവാനായി വേഗം പോകുവാൻ ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്മണനാകട്ടെ അതു മായാവിയായ രാക്ഷസൻ്റെ വിദ്യയാണെന്നും താൻ പോവുകയില്ലെന്നും അറിയിച്ചു. എന്നാൽ അതോടെ സീത, ലക്ഷ്മണൻ, ഭരതൻ്റെ ചാരനാണെന്നും രാമനെ വധിച്ചു തന്നെ നേടുവാനാണ് തക്കം പാർത്തിരിക്കുന്നതെന്നും പുലമ്പി. ഇനിയും രാമനെ അന്വേഷിച്ചു പോകാത്ത പക്ഷം ജീവൻ വെടിയുമെന്നും നിലവിളിച്ചു. ഇതു കേട്ടു ലക്ഷ്മണൻ ഇത്തരത്തിൽ ഇല്ലാ വചനങ്ങളും പരുഷ വാക്കും പറയുന്ന നശിക്കാറായ നിന്ദ്യയായ നിന്നെ വനദേവതകൾ കാക്കട്ടെ. ഞാനിതാ  പോകുന്നുവെന്നു പറഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് രാമനെത്തേടിയിറങ്ങി.

ലക്ഷ്മണനും പോയതോടെ രാവണൻ ഒരു ബ്രാഹ്മണ വേഷം ധരിച്ച് സീതയുടെ മുന്നിലെത്തി.അവർ രാവണനെ ബ്രാഹ്മണനെന്നു നിനച്ച് യഥാവിധി സ്വീകരിച്ചാനയിച്ച്, ഇരിക്കുവാൻ പീഠവും. കാൽ കഴുകാൻ ജലവും നൽകി ആദരിച്ചു.

ഈ പതിനാലാം ദിനം രാമായണ കഥയിലെ വഴിത്തിരിവാണ്. രണ്ടു സ്ത്രീകൾ കഥാഗതിയിൽ വരുത്തുന്ന മാറ്റങ്ങൾ മാത്രമല്ല അവരുടെ മനോവ്യാപാരങ്ങളും ശ്രദ്ധേയം.

സീത രാമപത്നിയാണ്. പതിവ്രതയാണ്.രാമനോടൊപ്പമല്ലാതെ വാഴില്ലെന്നു നിശ്ചയിച്ചവളാണ്. സുഭാഷിണിയാണ്. സ്വന്തം പതി ആരെന്നറിയുന്നവളാണ്.
എന്നിട്ടും, ഹാ സീതേ, ഹാ ലക്ഷ്മണാ എന്ന ആർത്തനാദം അവളുടെ സ്ഥിരപ്രജ്ഞയെ ഇല്ലാതാക്കി.നിമിഷ നേരം കൊണ്ട് അതുവരെ മകനെപ്പോലെ കണ്ട ലക്ഷ്മണനോട് പുലമ്പിയ വാക്കുകൾ ഒരു കാലത്തും ക്ഷമിക്കാവുന്നതായിരുന്നില്ല. തൊട്ടടുത്ത നിമിഷം ഭീരുക്കളുടെ സഹജമായ ആത്മഹത്യാ പ്രഖ്യാപനവുമുണ്ടായി. അതോടെ ലക്ഷ്മണൻ ധർമ്മസങ്കടത്തിലായി. സീതയെ കാത്തുകൊള്ളണം എന്ന രാമൻ്റെ നിർദ്ദേശത്തിനും മുകളിലായി സീതയുടെ പിടിവാശിക്കു മുന്നിൽ നിസ്സഹായനായ ലക്ഷ്മണൻ വേദനയാവുകയാണ്.ഒരു ദുർബുദ്ധി, അനാവശ്യ ഭയം, വിശ്വാസമില്ലായ്മ ഇതു ജീവിതത്തിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളാണ് നമ്മുടെ ജീവിതവും ഇല്ലാതാക്കുന്നത് എന്ന പാഠം ഉൾക്കൊള്ളാം.

പതിനാലാം ദിനം സമാപ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക