Image

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2012
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറിയത്‌. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയാണ്‌ ഭാരവാഹികള്‍ വിശിഷ്‌ടാതിഥികളെ എതിരേറ്റത്‌. ഇനായിയുടെ പ്രഥമ പ്രസിഡന്റ്‌ ബീനാ പീറ്റേഴ്‌സിന്റെ നഴ്‌സസ്‌ പ്രെയറിനോടുകൂടി പരിപാടികള്‍ ആരംഭിച്ചു. സെക്രട്ടറി സിബി കുടിയംപള്ളി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ്‌ ടിസി ഞാറവേലില്‍ നടത്തിയ പ്രസംഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഇനായിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഇനായിയുടെ ആദ്യത്തെ ഉദ്‌ഘാടന കര്‍മ്മം പ്രസിഡന്റ്‌ ഒബാമ (അന്നത്തെ സെനറ്റര്‍) നിര്‍വഹിച്ചതും, ആദ്യത്തെ നാഷണല്‍ കോണ്‍ഫറന്‍സ്‌ ഷിക്കാഗോയില്‍ വെച്ച്‌ ഇനായിയുടെ നേതൃത്വത്തില്‍ വളരെ വിജയപ്രദമായി നടത്താന്‍ സാധിച്ചതും ഇനായിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌. ആഷ്‌ലി തെങ്ങുംമൂട്ടില്‍ ദേശീയ ഗാനം ആലപിച്ചു.

കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ സിസ്റ്റത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. റാം രാജു ഭദ്രദീപം കൊളുത്തി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഒരു ഡോക്‌ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്‌ നഴ്‌സുമാരാണെന്ന്‌ അദ്ദേഹം നന്ദിയോടെ സ്‌മരിച്ചു. ഹെല്‍ത്ത്‌ കെയര്‍ ഡിസ്‌പാരിറ്റീസില്‍ പരിഹാരം കാണുവാന്‍ നഴ്‌സുമാര്‍ക്കുള്ള പങ്കിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

ഡോ. ആന്‍ കാലായില്‍ (ജി.എസ്‌.എ റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍), മേരി ഷിഹാന്‍ (സ്വീഡീഷ്‌ ഹോസ്‌പിറ്റല്‍ ചീഫ്‌ നഴ്‌സിംഗ്‌ ഓഫീസര്‍), റ്റാന്‍ഡാ റസ്സല്‍ (ജോണ്‍ സ്‌ട്രോഗര്‍ ഹോസ്‌പിറ്റല്‍ ഓഫ്‌ കുക്ക്‌ കൗണ്ടി സിഎന്‍ഒ), പാം റോബിന്‍സണ്‍ (ഗവണ്‍മെന്റ്‌ റിലേഷന്‍സ്‌ ഡയറക്‌ടര്‍ ഓഫ്‌ ഇല്ലിനോയി നഴ്‌സസ്‌ അസോസിയേഷന്‍), ഡോ. സോളിമോള്‍ കുരുവിള (നൈന പ്രസിഡന്റ്‌) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നഴ്‌സിംഗ്‌ പ്രൊഫഷനില്‍ വളരുവാനുള്ള സാധ്യതകള്‍ വളരെയാണെന്നും, ആ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അതിന്‌ പ്രായം ഒരു തടസ്സമല്ലെന്നും മേരി ഷിഹാന്‍ ആഹ്വനം ചെയ്‌തു. `നഴ്‌സസ്‌ അഡ്വക്കേറ്റിംഗ്‌, ലീഡിംഗ്‌, കെയറിംഗ്‌' എന്ന 2012-ലെ നഴ്‌സസ്‌ വീക്ക്‌ തീമിനെ ആസ്‌പദമാക്കി റ്റാന്‍ഡാ റസ്സല്‍ പ്രസംഗിച്ചു.

ഒക്‌ടോബര്‍ 5,6 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കാനിരിക്കുന്ന നൈന എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിനെപ്പറ്റി ഡോ. സോളിമോള്‍ വിശദീകരിച്ചു. ആഗ്‌നസ്‌ തെങ്ങുംമൂട്ടിലില്‍ നിന്നും രജിസ്‌ട്രേഷന്‍ ചെക്ക്‌ വാങ്ങിക്കൊണ്ട്‌ നൈന എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിന്റെ കിക്ക്‌ഓഫ്‌ ഡോ. സോളിമോള്‍ നിര്‍വഹിച്ചു.

പുതുതായി ഗ്രാജ്വേറ്റ്‌ ചെയ്‌ത നഴ്‌സുമാരെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു. കൂടാതെ അമ്മയും മകളും നഴ്‌സുമാരായവരേയും സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു. ഇനായിയുടെ ആരംഭം മുതല്‍ ഇന്നുവരെ പ്രസിഡന്റുമാരായി സേവനം അനുഷ്‌ഠിച്ച ബീനാ പീറ്റേഴ്‌സ്‌, സാറാ ഗബ്രിയേല്‍, മേരിക്കുട്ടി കുര്യാക്കോസ്‌, ഫിലോ ഫിലിപ്പ്‌, ടിസി ഞാറവേലില്‍ എന്നിവര്‍ക്ക്‌ ബൊക്കെയും ആശംസാ സര്‍ട്ടിഫിക്കറ്റും നല്‍കി പ്രത്യേകം ആദരിച്ചു.

പ്രശസ്‌ത വോക്കലിസ്റ്റും ഓപ്രാ സിംഗറുമായ ബീനാ ഡേവീസിന്റെ ഗാനങ്ങള്‍ ഏവര്‍ക്കും പുതുമ നിറഞ്ഞ ഒരു അനുഭവമായിരുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. അജിമോള്‍ ലൂക്കോസ്‌ ആവിഷ്‌കാരം ചെയ്‌ത സ്‌കിറ്റ്‌ ഏവരേയും ചിരിപ്പിച്ചു. റ്റോണി കൊശക്കുഴിയും, ജാസ്‌മിന്‍ പുത്തന്‍പുരയിലും പരിപാടികളുടെ എം.സിമാരായി പ്രവര്‍ത്തിച്ചു.

ഡെന്നി പുല്ലാപ്പള്ളി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌പോണ്‍സര്‍മാരായിരുന്ന സര്‍ട്ടിഫൈഡ്‌ അക്കൗണ്ടിംഗ്‌ ആന്‍ഡ്‌ ടാക്‌സിലെ ജോസ്‌ ചാമക്കാലാ, ആന്‍ഡ്രൂസ്‌ ചാമക്കാല എന്നിവര്‍ക്കും, ഫിലോ ഫിലിപ്പ്‌ ആന്‍ഡ്‌ ഫാമിലി, കുഞ്ഞുമോള്‍ ആന്‍ഡ്‌ തങ്കമ്മ നെടിയകാലായില്‍, ഡോ. സിറിന്‍ ഫിലിപ്പ്‌ ഞാറവേലില്‍, ഡോ. ബരത്‌ ഷാ എന്നിവര്‍ക്കും പരിപാടികള്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബാങ്ക്വറ്റ്‌ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി സിബി കുടിയംപള്ളി ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക