Image

കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായേക്കാം; പുതിയ പഠനങ്ങള്‍  

Published on 28 July, 2020
കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായേക്കാം; പുതിയ പഠനങ്ങള്‍  

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യസം കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.

എന്നാല്‍, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനില്‍ക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ ആദ്യ പഠനത്തില്‍ കോവിഡ് ഭേദമായ നൂറുപേരുടെ ഹൃദയാരോഗ്യത്തെക്കുറിച്ചാണ് വിലയിരുത്തിയത്. ഈ ഗ്രൂപ്പില്‍ കൊറോണ വൈറസ് ബാധിക്കുന്നതിന് മുന്‍പ് ആരോഗ്യവാന്‍മായിരുന്ന അമ്പത് പേരാണ് ഉണ്ടായിരുന്നത്. മറ്റൊരു 50 പേര്‍ക്ക് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ ഉണ്ടായിരുന്നു.

കോവിഡ് മുക്തരായ നൂറില്‍ 78 പേരുടെയും എം.ആര്‍.ഐ. സ്‌കാനില്‍ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ട്രോപ്പോനിന്‍ എന്ന പ്രോട്ടീന്‍ നില 76 ശതമാനം പേരിലും വലിയ അളവില്‍ ഗവേഷകര്‍ കണ്ടെത്തി.

ഗവേഷണത്തില്‍ പങ്കെടുത്ത അറുപതു പേരില്‍ കൊറോണ വൈറസ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തില്‍ അണുബാധ കണ്ടെത്തി. ഹാംബര്‍ഗിലെ യൂണിവേഴ്‌സിറ്റിയിലെ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ സെന്ററിലെ ഗവേഷകരാണ് രണ്ടാമത്തെ പഠനം നടത്തിയത്.

കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ 39 പേരിലും ഹൃദയപ്രശ്‌നങ്ങള്‍ പഠനസംഘം തിരിച്ചറിഞ്ഞു. എന്നാല്‍ ഹൃദയത്തിനുണ്ടാകുന്ന കടുത്ത വൈറല്‍ അണുബാധയായ അക്യൂട്ട് മയോകാര്‍ഡിറ്റിസ് ഇവരില്‍ കണ്ടെത്തിയില്ല. പക്ഷേ, ഹൃദയത്തില്‍ വൈറസ് എത്തിച്ചേര്‍ന്നതായുള്ള ലക്ഷണങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോവിഡ് ബാധിച്ച 24 രോഗികളുടെ ഹൃദയപേശികളില്‍ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 16 പേരുടെ ഹൃദയത്തില്‍ കൊറോണ വൈറസ് വലിയ അളവിലുള്ളതായി ഗവേഷകര്‍ കണ്ടെത്തി. രോഗിയുടെ മരണം വരെയും ഈ വൈറസ് ഹൃദയപേശികള്‍ക്കുള്ളില്‍ പെരുകിക്കൊണ്ടിരുന്നതിന്റെ തെളിവുകളും പഠനസംഘത്തിന് ലഭിച്ചു.

കോവിഡ് രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതായി യു.എസിലെ ഡോക്ടര്‍മാരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ അപകടസാധ്യതകള്‍ ഇല്ലാത്ത ചെറുപ്പക്കാരിലും കൊറോണ വൈറസ് ബാധിച്ച ശേഷം ഈ പ്രശ്‌നങ്ങള്‍ ഭയാനകമാകും വിധം ഉയര്‍ന്നിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും അതില്‍ നിന്നു ലഭിക്കുന്ന ഫലങ്ങളും സമാനമാണെങ്കില്‍ കോവിഡ് എന്ന മഹാമാരി ഹൃദയപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കിയേക്കുമെന്ന നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും പ്രമുഖ ഹൃദ്രോഗ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മദ്യം കോവിഡിനെ തടയുമെന്ന് വ്യാജപ്രചാരണം!  കൊതുകും വെളുത്തുള്ളിയും വ്യാജപ്രചാരണങ്ങളുടെ ‘ഇരകള്‍’



കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ സമൂഹമാധ്യമങ്ങള്‍ വഴി ‘വ്യാജ പോംവഴി’ പടരുന്നു. വെളുത്തുള്ളി കഴിച്ചാല്‍ കോവിഡ് തടയാമെന്നും കൊതുക് കടിച്ചാല്‍ കോവിഡ് പകരുമെന്നും തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കൊതുകുകള്‍ ഒരിക്കലും കോവിഡ് രോഗം പരത്തില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗികളുടെ ശരീരസ്രവങ്ങളിലൂടെയാണു കൊറോണ വൈറസ് പടരുന്നത്.

വെളിത്തുള്ളി കോവിഡ് തടയുമെന്നതും വ്യാജപ്രചാരണമാണ്. വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് കോവിഡ് തടയില്ല. ഇതിനു പുറമേ മദ്യം കഴിക്കുന്നവര്‍ക്ക് കോവിഡ് പകരില്ലെന്നും പ്രചാരണം നടത്തുന്നുണ്ട്.

എന്നാല്‍ മദ്യം വൈറസിനെ തടയില്ലെന്നും രോഗം ഗുരുതരമാക്കാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. ഭക്ഷണത്തില്‍ കുരുമുളക് ചേര്‍ത്താല്‍ കോവിഡിനെ തടയാനാകില്ല. 5 ജി നെറ്റ്‌വര്‍ക്ക് വഴി കോവിഡ് പടരില്ല. റേഡിയോ തരംഗങ്ങള്‍ക്കൊപ്പം വൈറസ് സഞ്ചരിക്കില്ല. 25 ഡിഗ്രി സെല്‍ഷ്യസിലേറെയുള്ള താപനില കോവിഡ് വ്യാപനം തടയുമെന്ന് പ്രചാരണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വ്യാപനം തടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദീര്‍ഘനേരം ശ്വാസം പിടിച്ചുവയ്ക്കാന്‍ കഴിയുന്നവര്‍ക്കു കോവിഡ് ബാധയില്ലെന്ന പ്രചാരണം തെറ്റാണ്. നേരിയ രോഗബാധയുള്ളവര്‍ക്കും അതിനാകും. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കോവിഡിനെ തടയാനാകില്ല. ചൂടുവെള്ളത്തില്‍ കുളിച്ചാലും ശരീര താപനില 36.5- 37 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും. അള്‍ട്രാവയലറ്റ് രശ്മികള്‍ കോവിഡ് തടയില്ല. ചര്‍മത്തിനും കണ്ണിനും ഇത് ഹാനികരമാണ്. ശാരീരിക അകലം ഉറപ്പാക്കി വ്യായാമം ചെയ്യുക. മാസ്‌ക് ഉപയോഗിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

നനഞ്ഞ മാസ്‌കുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പാദരക്ഷകള്‍ വഴി വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും കുട്ടികള്‍ പാദരക്ഷകളില്‍ തൊടാനുള്ള സാഹചര്യം കുറയ്ക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ ചികിത്സാരീതികളുടെയും തെറ്റായ പ്രചാരണങ്ങളുടെയും പിന്നിലെ വാസ്തവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അവരുടെ വെബ്സൈറ്റിലൂടെയും വിശദീകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക