Image

മയിൽപ്പീലിയമ്മ (എന്റെ വൈക്കം: ജയലക്ഷ്‌മി)

Published on 28 July, 2020
മയിൽപ്പീലിയമ്മ (എന്റെ  വൈക്കം: ജയലക്ഷ്‌മി)
നാട് തരുന്ന സുരക്ഷിതത്വം വേറെ തന്നെയാണ് അതെ പോലെയാണ് നമ്മളെ സ്നേഹിക്കുന്നവർ അവിടെ ഉണ്ടാകുന്നതും  ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന അത്തരം മുഖങ്ങൾ പലതും  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.അത്തരത്തിൽ ഒരാളായിരുന്നു മയിൽപ്പീലിയമ്മ
ഈ അടുത്ത ദിവസം ആണ് മയിപ്പീലിയമ്മ ഓർമ്മയായത്.അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്ന അവർ    നിറഞ്ഞ ചിരിയോടെ വീട്ടിലേക്ക് ഒരു ദിവസം പല പ്രാവശ്യം വന്നെത്തുമായിരുന്നു അവർ. മയിൽപ്പീലിയമ്മ (മൈഥിലി ചേച്ചി) എന്നാണ് പേര് എങ്കിലും അവരുടെ കൊച്ചു  മകൾ  വിളിക്കുന്നത് കേട്ട് പിന്നീടിങ്ങോട്ട് എല്ലാവർക്കും  മയിപ്പീലിയമ്മ ആയി.എല്ലായ്പ്പോഴും തിരക്ക് നിറഞ്ഞ ജോലികൾക്കിടയിൽ അവർ അമ്മയെ തേടി എത്തിയിരുന്നു.
വിതക്കുവാനുള്ള നെൽ വിത്തുകൾ വീട്ടിലെ കുളത്തിലെ വെള്ളത്തിൽ താഴ്ത്തിയിട്ടിരുന്നു ആ കാലത്ത്.ചാക്കിനു മുകളിൽ ധാരാളം വാൽ മാക്രി കുഞ്ഞുങ്ങൾ പറ്റിപ്പിടിച്ചിരുന്നിരുന്നു.നെല്ലുണങ്ങുന്നതും വീട്ടിലെ മുറ്റത്തായിരുന്നു. അമ്മമ്മയും ഉഷായിലെ പാറുവമ്മയും,ഗൗരി അമ്മൂമ്മയും  വർത്തമാനം പറഞ്ഞു കൊണ്ട് നീണ്ട തിണ്ണയിൽ ഇരിക്കും.പാറുവമ്മ അല്പം പൊക്കം കുറഞ്ഞു മിഴിഞ്ഞ കണ്ണുകൾ ഉള്ള ആളായിരുന്നു, എല്ലായ്പ്പോഴും കുഴമ്പിൻറെയോ  തൈലത്തിൻറെയോ ഗന്ധം ആയിരുന്നു പാറു  അമ്മുമ്മയ്ക്ക്.  അവധി ദിവസങ്ങളിൽ ഞങ്ങൾക്ക് ധാരാളം കഥകൾ പറഞ്ഞു തരും.  ഇടയ്ക്കിടയ്ക്ക് മൂളുകയും ചെയ്തു കൊണ്ടിരിക്കും.
ഉച്ചക്ക് ഉണ്ണാൻ  പോകുമ്പോൾ ഞങ്ങൾ കുട്ടികളെ നെല്ല് ഏൽപ്പിക്കും, ചിലപ്പോൾ അവിടുത്തെ ഗീത ചേച്ചിയോ ഷൈല ചേച്ചിയോ വന്നിരിക്കും.ഗീത ചേച്ചി ഒരുപാട്‌  തമാശകൾ പറയുമായിരുന്നു.വട്ട മുഖവും നിറയെ മുടിയുമുള്ള  അവരെ ഞങ്ങൾക്കെല്ലാം  ഒരുപാട്  ഇഷ്ടവുമായിരുന്നു. ആ കാലത്തു ഷൈല ചേച്ചിയുടെ കാതിൽ  ഒരു ചെറിയ ജിമിക്കി കമ്മൽ ഉണ്ടായിരുന്നു അതിനുള്ളിലെ കമ്മലിലെ ചുമന്ന കല്ലിനുള്ളിൽ വേറെയും നിറങ്ങൾ പ്രതിഫലിച്ചിരുന്നു. ഇടയ്ക്കിടക്ക് ഞാൻ ആ കല്ല് എനിക്ക് തരണേന്നു പറയുമായിരുന്നു. ഷൈല ചേച്ചി നന്നേ ഉയരം ഉള്ള ആളായിരുന്നു.വളരെ ഉറക്കെയുള്ള ചിരിയും സംസാരവും    ഞങ്ങൾ കുട്ടികൾ അനുകരിച്ചു നോക്കിയുന്നു.
എൻറെ  ഓർമ്മയിൽ കൂടുതൽ അംഗങ്ങൾ ഉള്ള വീട് "ഉഷായിൽ"  എന്ന്  ഞങ്ങൾ വിളിക്കുന്ന ആ വീടായിരുന്നു.അവിടുത്തെ ചേച്ചിമാർക്കും ചേട്ടന്മാർക്കും ഒപ്പം അവരുടെ അച്ഛൻ പെങ്ങമ്മാരുടെ മക്കളും അവിടുണ്ടായിരുന്നു. ഇടയ്ക്കിടക്ക് അവിടുത്തെ വലിയ ഹാളിനുള്ളിൽ സുഹൃത്തുക്കളും ഇവരെല്ലാം ഒത്തു ചേർന്ന് പാട്ടുകൾ  പാടിയിരുന്നു, സ്ത്രീ ശബ്ദത്തിൽ പാട്ടു പാടിയുന്ന  അവരുടെ ഒരു സുഹൃത്ത് ആ കാലത്ത് ഉണ്ടായിരുന്നു എനിക്ക് തോന്നുന്നു സുദർശൻ ചേട്ടൻ ആണ് ഇതിനെല്ലാം മുൻകൈ എടുത്തിരുന്നത്, നാടിനെയാകെ കണ്ണീരിൽ ആഴ്ത്തി അദ്ദേഹം പോയി മറഞ്ഞു. എങ്കിലും  ആ വീടിനു മുന്നിൽ  എവിടെയോ നിന്ന് "സ്കൂളിലേക്കാണില്ലേ" എന്ന് ചോദിക്കുന്ന ആ ഉയരമുള്ള ആളെ ഇന്നും ഓർക്കുന്നു.
അവരുടെ വീട്ടിലെ ആഘോഷങ്ങൾ എല്ലാം സന്തോഷം നിറഞ്ഞതായിരുന്നു. മയിൽപ്പീലിയമ്മയുടെ  ഭർത്താവിനെ പാപ്പ  എന്ന് എല്ലാവരും വിളിച്ചു  പോന്നു.വളരെ ഉച്ചത്തിൽ കുരയ്ക്കുന്ന ജിമ്മി എന്നൊരു നായ അവിടെയുണ്ടായിരുന്നു.
ഇരുളാണ്ടു പോയ ഞങ്ങളുടെ  ജീവിതത്തിൽ പലപ്പോഴും നുറുങ്ങു വെട്ടവുമായി വന്നിട്ടുവരാണ് മയിൽപ്പീലിയമ്മയും  അവരുടെ ഭർത്താവ് പപ്പയും.മഴയുള്ള കാലങ്ങളിൽ എന്നെ കാത്തു നിൽക്കുന്ന അമ്മയോട് കാര്യം തിരക്കി ബസ്സ്റ്റോപ്പിൽ നിന്ന് എത്രയോ വട്ടം പപ്പാ കൂട്ടികൊണ്ടു വന്നിരിക്കുന്നു,ബന്ധുക്കളാരും പകരാത്ത സ്നേഹവും ധൈര്യവും അവർ ഞങ്ങൾക്ക് തന്നിട്ടുണ്ട്. ചിലർ അങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് ധാരാളം വെളിച്ചം പകർന്നു തരുന്നവർ ആയിരിക്കും ഉപാധികളില്ലാത്ത അത്തരം സ്നേഹങ്ങൾ ഇനി ഉണ്ടാവില്ല ഓർമ്മകളിൽ സൂക്ഷിച്ചുവയ്ക്കാൻ മാത്രമുള്ള പൊന്മുത്തുകളായി അവ അവശേഷിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക