Image

രാമായണം ആശ്ചര്യമിദമാഖ്യാനം ( രാമായണ ചിന്തകൾ -14: സ്വപ്ന കെ.സുധാകരൻ))

Published on 28 July, 2020
 രാമായണം ആശ്ചര്യമിദമാഖ്യാനം ( രാമായണ ചിന്തകൾ -14: സ്വപ്ന കെ.സുധാകരൻ))

ചില രചനകൾ  അബോധതലങ്ങളില്‍ മയങ്ങിക്കിടക്കും, പക്ഷേ, ചിലത് നിറംമങ്ങാതെ, ജാഗ്രത്തിലും സുഷുപ്തിയിലും നമ്മളോടൊപ്പം ജീവിക്കുന്നു. നമുക്കവ വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നുന്നു.  ഒരു പുസ്തകം നമ്മെ സ്വാധീനിച്ചു എന്നു പറയുമ്പോള്‍, അതിൽ പ്രതിപാദിക്കുന്ന ആദർശതത്വങ്ങൾ, ജീവിതത്തിന് ഒരു വഴിത്തിരിവായിരിക്കണം! 

ശ്രീ. രവീന്ദ്രനാഥടാഗോര്‍ ഒരിക്കൽ പറഞ്ഞത്; ഈശ്വരന്‍ നമ്മെ സൃഷ്ടിച്ചപ്പോള്‍ തന്നെ, സവിശേഷമായ ഒരു രൂപവും ഭാവവും തന്നുകഴിഞ്ഞിരിക്കുന്നു എന്നാണ്! അതുകൊണ്ടുതന്നെ, അതിൽനിന്ന് വലിയ വ്യതിയാനങ്ങൾ  നമ്മളിൽ ചിലപ്പോൾ ഉണ്ടാവില്ല! എങ്കിലും, ചില ഗ്രന്ഥങ്ങൾ ജീവിതത്തിന്റെ കൂരിരുളിലേക്ക്, ഒരു നെയ്ത്തിരി നാളമാകാറുണ്ട്! അവ, ദുഖങ്ങൾക്കും ക്ലേശങ്ങൾക്കും, ഒരു  മൃതസഞ്ജീവനിയാകാറുണ്ട്! "രാമായണം" അത്തരത്തിലൊന്നാണ്! ഒറ്റവാക്കിൽ പറഞ്ഞാൽ ആശ്ചര്യമിദമാഖ്യാനം! 

ഭാരതീയ സംസ്‌കാരത്തിന്റെ പ്രഥമകാവ്യമായ രാമായണത്തിന്, അനേകം രാമായണം പതിപ്പുകൾ ഉണ്ട് !  . വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു!  രാംചരിതമാനസ് (അവധ്) , കമ്പ രാമായണം (തമിഴ്), രംഗനാഥരാമായണം (തെലുങ്കു), തൊറവെ രാമായണം( കന്നഡ), കുമുദേന്ദു രാമായണം (ജൈനരുടെ) ,കൃത്തിവാസ രാമായണം (ബംഗാളി), രാമായണം (മറാത്തി) ,  സപ്തകാണ്ഡ രാമായണം (അസമിയയിൽ ) തുടങ്ങി പല പ്രാദേശിക ഭാഷകളിലായി ഒട്ടനവധി കൃതിയുണ്ട്!

മലയാളത്തിൽ ; എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണംകൂടാതെ, കണ്ണശ്ശരാമായണവും (കണ്ണശ്ശപ്പണിക്കർ), രാമായണം ആട്ടക്കഥ ( കൊട്ടാരക്കരത്തമ്പുരാൻ ), രാമായണം ചമ്പു ( പുനം നമ്പൂതിരിയുടെ  മണിപ്രവാളശൈലിയിൽ ), രാമചരിതം (ചീരാമകവി) ,മാപ്പിള രാമായണം (വായ്മൊഴിയായി പ്രചരിച്ചതിനാൽ രചയിതാവിന്റെ പേര് അജ്ഞാതം ) എന്നിങ്ങനെ അറിയപ്പെടുന്നു!  പ്രശസ്തനായ സാംസ്‌കാരിക ഗവേഷകന്‍ എ.കെ. രാമാനുജൻ തന്റെ പുസ്തകത്തിൽ, ഏകദേശം മുന്നൂറ് രാമായണങ്ങളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്  ( 2004-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച  "The Collected Essays of A. K. Ramanujan"  എന്ന പഠനത്തിൽ ഈ ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നു )!

അദ്ധ്യാത്മരാമായണത്തിൽ ആറുകാണ്ഡങ്ങളാണ് :
*ബാലകാണ്ഡം
*അയോദ്ധ്യാകാണ്ഡം
*ആരണ്യകാണ്ഡം
*കിഷ്കിന്ധാകാണ്ഡം
*സുന്ദരകാണ്ഡം
*യുദ്ധകാണ്ഡം
കർക്കടകമാസം രാമായണമാസമാണ് ..വിളക്കുകൊളുത്തി നിത്യവും കുടുംബങ്ങളിൽ അദ്ധ്യാത്മരാമായണം
വായിക്കുന്ന മാസം.
 ചോദ്യം ഇതാണ്,
രാമായണം വായിച്ചുതീരുമ്പോൾ എന്തു സംഭവിക്കുന്നു?? ഒരു സംശയവുമില്ല, ശരീരക്ഷേത്രത്തിൽ ശുദ്ധികലശംതന്നെ! ചിന്തകൾ പുതിയമാനങ്ങൾ കൈവരിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനശക്തിയോട് അടുപ്പവും ഭക്തിയും തോന്നുന്നു. രാമായണത്തിലെ സംഭവങ്ങളും  തത്ത്വോപദേശങ്ങളും, ദൈനംദിനജീവിതത്തിലേക്ക് ചേർത്തുവായിക്കാനുള്ള പ്രചോദനമാകുന്നു! ജീവിതം നശ്വരവും, നിസ്സാരവുമെങ്കിലും അതിന്, ഒരു ഉദ്ദേശ്യവും ലക്ഷ്യബോധവും ഉണ്ടാകുന്നു, അത് എത്ര സൗഭാഗ്യകരമാണെന്ന് ബോധ്യമാകുന്നു! തന്റെ ചിന്തകളെ നേർവഴിക്കു നടത്തേണ്ടത് ഒരു രാജാവോ, നീതിപീഠമോ അല്ല! മറിച്ചു  തന്റെയുള്ളിലെ ഈശാനുസാരിയായ ബുദ്ധിയാണെന്നും, അതിനുള്ള പ്രാപ്തി തനിക്കുമുണ്ടെന്നുമുള്ള വിശ്വാസം ഉണ്ടാകുന്നു! എല്ലാ, പുരാണങ്ങളും, ഇതിഹാസങ്ങളും ഈ ലക്ഷ്യത്തോടെയാണ് രചിക്കപ്പെട്ടത്!
അതോടൊപ്പം ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകാവുന്ന എല്ലാ ദുഖദുരിതങ്ങൾക്കും കാരണം മനസ്സ് തന്നെ.അതോടൊപ്പം ത്യാഗത്തിന്റെ മഹത്തായ സന്ദേശവും രാമായണത്തിലുണ്ട്. തനിക്കവകാശപ്പെട്ട രാജ്യംപോലും തന്റെ പിതാവിന്റെ ആജ്ഞയ്ക്കായി (പിതാവിന്റെ ഋണങ്ങൾ വീട്ടാൻ പുത്രൻ സദാ ബാദ്ധ്യസ്ഥനാണ്)  ഉപേക്ഷിച്ച ത്യാഗം. ഇക്കാലത്ത് മാതാപിതാക്കളെ ഭാരമായി കരുതി വഴിയിലും വൃദ്ധസദനത്തിലുപേക്ഷിക്കുന്നവർക്കുള്ള ചുട്ടമറുപടികൂടിയാണ് രാമായണം.

കഴിഞ്ഞ സംഭവങ്ങളെല്ലാം നമ്മുടെ വരുംകാലജീവിതത്തിന് എന്നെന്നും തുണയായി ഭവിക്കാനും തെറ്റുകളിലേക്ക് നീങ്ങാതിരിക്കാനും സമസ്ത ജീവജാലങ്ങളും തനിക്ക് സമമാണെന്ന് കാണിക്കാനും രാമായണം മാർഗ്ഗദർശിയാകുന്നു. സ്വന്തം സഹോദരങ്ങൾ പോലും തമ്മിൽത്തമ്മിൽ സ്വത്തിനും അധികാരത്തിനുമായി പടവെട്ടി മരിക്കുന്ന ഇന്നത്തെ കാഴ്ചകളിൽ സഹോദരസ്നേഹത്തിന്റെ ഏറ്റവും വലിയതും ഉദാത്തവുമായ മാതൃകകളാണ് രാമനും സഹോദരരും.
അതുപോലെ കുടിലായാലും കൊട്ടാരമായാലും തനിക്കൊരേ പോലെയായിരിക്കണം എന്ന സന്ദേശവും തരുന്നു.ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നും ഓരോ വ്യക്തിയിലൂടെയാണ് രാഷ്ട്രത്തിന്റെ പുരോഗതി എന്നും അടിവരയിട്ടുറപ്പിക്കുന്നതാണ് രാമായണം. ഈശ്വരനാമങ്ങളും സങ്കല്പങ്ങളും ജനനന്മയ്ക്കുതകും വിധം രചിച്ചവയാണ്.എക്കാലത്തും അതുകൊണ്ട് തന്നെ അവയ്ക്ക് പ്രസക്തിയും കൂടിവരുന്നു.

വാനരകുലവും, സമ്പാതി ജടായുവും, ജാംബവാനുമെല്ലാം ചരാചരങ്ങൾ തമ്മിലുള്ള മേളനത്തിന്റെ ദൃഷ്ടാന്തങ്ങളാണ് . സഹജീവികളെ എപ്രകരം ബഹുമാനിക്കണം എന്ന്‌ മനസ്സിലാക്കാനുള്ള വേദികൂടെയാണ് രാമായണപാരായണം!  ഉച്ചനീചത്വമോ, വർണ്ണഭേദങ്ങളോ ഇല്ലാത്ത ഉദാരമനഃസ്ഥിതിയുടെ  ഉദാഹരണങ്ങളാണ്  ഗുഹനും ശബരിയും! ഗണമല്ല, ഗുണമാണ് പ്രധാനമെന്നതിന്റെ ആപ്തചിന്തകരായിരുന്നു വിഭീഷണനും, മന്ത്രിയായ മാല്യവാനും, രാക്ഷസിയായ ത്രിജടയും !
എല്ലാത്തിനെയും സ്നേഹിക്കാനുള്ള കരുത്ത്, മഹാസമ്പത്ത് തന്നെയാണ്! തമോഗുണത്തിന്റെ പരിണിതഫലം എന്താണ് എന്നതിന്റെ ഉദാഹരണമാണ് രാവണവധം. അതിനാൽ, രാമായണപാരായണം അവസാനിക്കുമ്പോൾ നമ്മളുടെയുള്ളിലുള്ള അഹങ്കാരത്തിന്റെ, തിന്മയുടെ ദുർമേദസ് നീങ്ങുകയും, മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുകയും, ആയുസ്സ് സ്വാഭാവികമായി വർദ്ധിക്കുകയും ചെയ്യും! അന്യായമായ ആഗ്രഹങ്ങൾ അകലുന്നതോടെ ന്യായമായ ആവശ്യങ്ങൾ അനായാസം നിറവേറ്റാനുള്ള സാഹചര്യവും സമയവും ജനിക്കുന്നു! വിദ്യയും വിജ്ഞാനവും ആർജ്ജിക്കുന്നതോടെ, ഭയങ്ങൾ അകലുന്നു! ചരാചരങ്ങളും, പ്രകൃതിലെ ശക്തിയും കൂട്ടാകുന്നു (സേതുബന്ധനം)!

രാവണാദികളാകുന്ന ഇരുട്ടിൽ നിന്ന് അയനംചെയ്ത് അവനവന്റെത്തന്നെ ഹൃദയത്തിൽ കുടികൊള്ളുന്ന ഈശ്വരനിലേക്ക് അഥവാ അവനവനിലേക്കുതന്നെയുള്ള പ്രയാണമാണ് രാമായണം. താനാരെന്നു തിരിച്ചറിയുക എന്നതാണ് ഏതൊരുവന്റെയും മുന്നിലുള്ള ഏകചോദ്യം.  ഹനുമാനാകുന്ന പ്രാണനെ ചേർത്തുനിർത്തി രാക്ഷസാദികളാകുന്ന ഇന്ദ്രിയങ്ങളപഹരിച്ച സീതയെ അഥവാ തിതിക്ഷയെ മടക്കിക്കൊണ്ടുവരിക എന്നതാണ് രാമായണത്തിന്റെ ഫലസാരം !
( ഏത്, വിശ്വാസത്തിനുപിന്നിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഗുണങ്ങളുണ്ട്. ഒരുമാസത്തെ  റംസാൻ നോമ്പും, രാമായണ പാരായണവും, ഈസ്റ്റർ നോമ്പും, മറ്റെല്ലാവ്രതങ്ങളും ഇത്തരത്തിൽ പെട്ടവയാണ്!)


Join WhatsApp News
UnniKt 2020-07-29 19:43:49
അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക