Image

മഹാശ്വേതാദേവി പിണറായിക്കെഴുതിയ കത്തിന്റെ തര്‍ജ്ജമ

Published on 01 June, 2012
മഹാശ്വേതാദേവി പിണറായിക്കെഴുതിയ കത്തിന്റെ തര്‍ജ്ജമ
തോപ്പുംപടിയില്‍ നിന്നൊരു മജീന്ദ്രന്‍ ഇന്നലെ (31-5-2012) എന്നെ ഫോണ്‍ ചെയ്തിരുന്നു. അയാള്‍ വളരെ വിഷണ്ണനായിരുന്നു. കേരളത്തില്‍ നിന്നുള്ളൊരു സി.പി.എം നേതാവ്, ഒരു മിസ്റ്റര്‍ മണി, ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകമുള്‍പ്പടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ സാധൂകരിക്കുന്നു എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ ഒരു പ്രാദേശിക സംഘടനയിലെ സാധാരണക്കാരനായ നേതാവാണ് ഈ മജീന്ദ്രന്‍.

ഈ സി.പി.എം നേതാവ് അശ്ലീല ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ഈ ലോകത്തുള്ള മുഴുവന്‍ ആള്‍ക്കാരില്‍ നിന്നും എന്നെയാണ് കണ്ടെത്തിയത് എന്നതാണ് മജീന്ദ്രനെ കൂടുതല്‍ വിഷമപ്പെടുത്തിയത്. ഞാന്‍ ചെയ്ത ഏത് അപരാധമാണ് എന്നെ ഇതിന് അര്‍ഹയാക്കിയത്?

ഞാന്‍ എന്റെ കൈപ്പടയില്‍ തന്നെയാണ് ഈ കത്തെഴുതുന്നത്. ഞാന്‍ നൂതന സാങ്കേതികവിദ്യകള്‍ ഇഷ്ടപ്പെടുന്ന ആളേയല്ല. കൊല്‍ക്കത്തയിലിരിക്കുമ്പോള്‍ ഞാന്‍ കാണുന്നത് അപരിഷ്‌കൃതനും അസാന്മാര്‍ഗിയുമായ ഒരാള്‍ എനിക്ക് നേരെ വിഷം തുപ്പുന്നതാണ്. എന്നാലും എനിക്ക് മണിയോട് ദേഷ്യമില്ല. അയാളെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ വളരെ തമാശയാണ്. എനിക്ക് മണിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല. കാരണം, വിചിത്രവും ആലങ്കാരികവുമായ മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അയാള്‍ പറഞ്ഞത് സത്യമാണ്. 87 എന്ന ഈ ഇളംപ്രായത്തിലും ജീവിതാസക്തി എന്നെ വലയ്ക്കുന്നുണ്ട്.

ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല- എക്കാലവും ജീവിച്ചിരിക്കാനാണ് എന്റെയാഗ്രഹം. ജോഷി ജോസഫിന് അതിനെക്കുറിച്ച് കൂടുതല്‍ നന്നായി അറിയാം. (ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തതിന് വിപരീതമായി അവന്റെ സിനിമകള്‍ നിങ്ങള്‍ കാണണം, ബുദ്ധദേബ് അവന്റെ സിനിമകള്‍ നിരോധിക്കുകയാണ് ചെയ്തത്. ജോഷിയുമായി എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞതിന് ഞാന്‍ ബുദ്ധദേബിനോട് നന്ദിപറയുന്നു).

ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ ഞാന്‍ കാണാന്‍ പോയ സമയത്ത് ചില യുവസഖാക്കള്‍ പറഞ്ഞത് 'ബസായി തുടു' എന്ന എന്റെ പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണം എന്നാണ്. ബസായി തുടുവില്‍ എന്റെ നായകന്‍ ഒരു കര്‍ഷകനായിരുന്നു, വിപ്ലവകാരിയായിരുന്നു. അക്കാലത്തുണ്ടായിരുന്ന സര്‍ക്കാര്‍ അയാളെ കൊല്ലാന്‍ ആഗ്രഹിച്ചു. അയാള്‍ കൊല്ലപ്പെട്ടു. അയാളുടെ ശവശരീരം തിരിച്ചറിഞ്ഞു. എന്നാലും വീണ്ടും മറ്റൊരു വിപ്ലവകാരി അയാളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ട് സ്വയം പ്രഖ്യാപിച്ചു താനാണ് ബസായി തുടുവെന്ന്. എന്റെ ബസായി ഒരിക്കലും മരിക്കില്ല, അയാള്‍ ശരിക്കും ഒരു ജനസമ്മതനായ നേതാവായിരുന്നു, ജനങ്ങളുടെ ഓര്‍മകളില്‍ അയാളിന്നും ജീവിക്കുന്നു. അതുപോലെ ടി.പി ചന്ദ്രശേഖരനും അമരനാണ്. അയാള്‍ ജനങ്ങളുടെ ഓര്‍മകളില്‍ എന്നും ജീവിക്കുകയും അവര്‍ക്ക് വഴികാട്ടിയാകുകയും ചെയ്യും. എന്റെ ബസായിയെപ്പോലെ.

എല്ലാ തുറയിലും പെട്ട ആള്‍ക്കാര്‍ എന്നെ വന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയ്ക്ക് അടുത്തേയ്ക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ല അത്രേ!

വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകള്‍ കൊണ്ടത് കാണുന്നത് വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല.

2012 മെയ് 4-ന് ടി.പി കൊല ചെയ്യപ്പെട്ട സ്ഥലത്തെ മതിലിനോട് ചേര്‍ന്നുള്ള പടികളിലെ രക്തക്കറ ഞാന്‍ കണ്ടു. കാലന്‍ തെക്കുഭാഗത്താണെന്നാണ് വിശ്വാസം. എന്നാലത് കേരളമാകുക സാദ്ധ്യമല്ല. കേരളം ഹരിതാഭമാണ്. എനിക്ക് പച്ചനിറം വളരെയിഷ്ടമാണ്.

കേരളത്തിലെ എഴുത്തുകാരും ചലച്ചിത്ര സംവിധായകരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്, ഒരേയൊരു ആയുധം മാത്രമേയുള്ളൂ. അതു പ്രതിഷേധിക്കാന്‍ കഴിയുമെന്നതാണ്. പശ്ചിമബംഗാളിലും ഞങ്ങള്‍ തുറന്നമനസ്സോടെ പ്രതിഷേധിക്കാറുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക