Image

കോവിഡ്-19 പുതിയ പ്രഭവ കേന്ദ്രങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 28 July, 2020
കോവിഡ്-19 പുതിയ പ്രഭവ കേന്ദ്രങ്ങള്‍ (ഏബ്രഹാം തോമസ്)
രോഗം സ്ഥിരീകരിച്ചവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും മുന്‍ കരുതലും ഉണ്ടായപ്പോള്‍ കോവിഡ്-19 പടരുന്നതിന് തെല്ലൊരു ശമനം ഉണ്ടായി. ഇതിനകം ഫ്‌ലോറിഡ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രഭവ കേന്ദ്രങ്ങളായി. ലോക്ഡൗണില്‍ വന്ന ഇളവുകളും ജനങ്ങള്‍ ആഹ്‌ളാദതിമിര്‍പ്പോടെ ബീച്ചിലും ഹോട്ടലുകളും സമ്മേളിച്ച് മുന്‍ കരുതല്‍ പാലിക്കാതെ പാര്‍ട്ടികളില്‍ സംബന്ധിച്ചതും രോഗം പടരാന്‍ കാരണമായി.
 
അടുത്ത ഊഴം ടെക്‌സസിന്റേതായിരുന്നു. ചിക്കനും മറ്റ് മാംസങ്ങളും പ്രോസസ് ചെയ്യുന്ന മേഖലകളിലും ഡാലസ് - ഫോര്‍ട്ട്വര്‍ത്ത് നഗര സമൂഹത്തിലും രോഗം വളരെ വേഗം പടര്‍ന്നു പിടിച്ചു. ഡാലസില്‍ കൗണ്ടി ജഡ്ജ് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് സലൂണ്‍ തുറന്ന ഉടമയ്ക്കു ഒരു ചെറിയ ജയില്‍ വാസം വേണ്ടി വന്നു.
 
പിന്നീട് ഗവര്‍ണറും തദ്ദേശ ഭരണകര്‍ത്താക്കളും കൊറോണ മുന്‍ കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് താല്കാലികമായി നിറുത്തി വച്ചു. മാര്‍ച്ച് 22 നാണ് ഡാലസ് കൗണ്ടി വാസികളോട് ഷെല്‍ട്ടര്‍ ഇന്‍ പ്ലെയിസ് പാലിക്കുവാന്‍ ആവശ്യപ്പെട്ടത്. ഇതിനുശേഷം വിവിധ വിലക്കുകള്‍ നടപ്പിലായി. കൊറോണ വ്യാപനം കുറയുമെന്ന് കരുതി പലതരം ഇളവുകള്‍ പ്രഖ്യാപിച്ചത് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ്. റെസ്റ്റോറന്റുകളിലും സിനിമ ശാലകളും സാമൂഹിക അകലം പാലിക്കുക, സ്‌കൂളുകള്‍ ഒരു നിശ്ചിത സമയം മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക എന്നീ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. റസ്റ്റോറന്റുകളില്‍ പലതും ഇപ്പോഴും ടുഗോ, ഡെലിവറി ഓര്‍ഡറുകളില്‍ മാത്രം ഒതുങ്ങിയിരിക്കുക. പതുക്കെ ഇവയില്‍ ചിലത് സാമൂഹിക അകലം പാലിച്ച് ഡൈന്‍ ഇന്നിന് ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ വളരെ കരുതലോടെയാണ് ഈ സൗകര്യം ഉപയോഗിക്കുവാന്‍ തയാറാകുന്നത്.
 
സിനിമശാലകള്‍ വീണ്ടും തുറക്കുന്നത് മാറ്റി വച്ചിരിക്കുകയാണ്. ഡ്രൈവ് ഇന്‍ തിയേറ്ററുകളില്‍ പഴയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ആരാധകര്‍ വലിയ മുന്‍ വിധിയില്ലാതെ ഇവ പ്രോത്സാഹിപ്പിക്കുന്നു. സാമൂഹിക അകലം പാലിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലിരുന്ന്, കൂടെ കരുതി കൊണ്ടു വരുന്ന ഭക്ഷണ പാനീയങ്ങളും കഴിച്ച് ഇവര്‍ പഴയ ചിത്രങ്ങള്‍ ആസ്വദിക്കുന്നു.
 
നാല് ദിവസങ്ങളില്‍ 750 ല്‍ താഴെ പുതിയ കോവിഡ് 19 കേസുകളില്‍ ഒതുങ്ങി നിന്ന ഡാലസ് കൗണ്ടി ഞായറാഴ്ച 1,267 പുതിയ കേസുകളുടെ റിക്കോര്‍ഡിട്ടെങ്കിലും തിങ്കളാഴ്ച കേസുകള്‍ കുറഞ്ഞത് ആശാവഹമായി. ശനിയാഴ്ച മരണം 18 ആയതോടെ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തി. ഡാലസ് കൗണ്ടിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 46,103 കേസുകളാണ് അഥവാ ആയിരം പേര്‍ക്ക് 17.5 കേസുകള്‍ വീതം. 606 മരണങ്ങള്‍ സംഭവിച്ചു. ടെക്‌സസ് സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 6020 കേസുകളാണ്. 168 മരണവും ഹോസ്പിറ്റലൈസേഷനിലും കഴിഞ്ഞയാഴ്ച കുറവുണ്ടായി. 9,827. ഹൂസ്റ്റണ്‍ നഗരം ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലാണ് ഇപ്പോള്‍ വര്‍ധനവ് ഉണ്ടാക്കുന്നത്.
 
സ്‌കൂളുകള്‍ തുറക്കുന്നതില്‍ ആദ്യം ആശങ്ക രേഖപ്പെടുത്തിയത് അധ്യാപകരാണ്. ഇപ്പോള്‍ രക്ഷിതാക്കളും പ്രതിഷേധത്തില്‍ ചേരുന്നു. രണ്ടു മാസം മുന്‍പ് അധ്യാപകര്‍ സ്‌കൂളുകള്‍ തുറക്കണം എന്നാവശ്യപ്പെട്ടിരുന്നു. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ബേബി സിറ്റിങ്ങി നല്‍കേണ്ട തുക തങ്ങള്‍ക്ക് താങ്ങാനാവില്ല. ഇത് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കണം എന്നൊരു ആവശ്യവും മുന്നോട്ടുവച്ചിരുന്നു. കാത്തലിക് സ്‌കൂളുകള്‍ ഓഗസ്റ്റ് 19 മുതല്‍ സ്റ്റേറ്റ് തീരുമാനിച്ചിരിക്കുന്നതിനെക്കാള്‍ രണ്ടാഴ്ച മുന്‍പ് തുറന്ന് അധ്യായനം ആരംഭിക്കുമെന്ന് ഡാലസ് ഡയോസിസ് അറിയിച്ചു. മതസ്ഥാപനങ്ങളുടെ സ്‌കൂളുകള്‍ ലോക്കല്‍, കൗണ്ടി നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍ പാക്‌സ്ടണും പ്രതികരിച്ചു.
 
കോവിഡ്-19 ഏല്‍പിച്ച സാമ്പത്തികാഘാതം വളരെ വലുതാണ്. വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരും മോര്‍ട്ട്ഗേജ് അടയ്ക്കുന്നവരും തല്ക്കാലം ഇവ മാസാമാസം നല്‍കിയില്ലെങ്കില്‍ കുടിശ്ശികയായി കണക്കാക്കുകയില്ല എന്നൊരു ഇളവ് ജൂലൈ 31 വരെ നല്‍കിയിരുന്നു. ഇളവിന്റെ കാലാവധി നീട്ടി നല്‍കിയിട്ടില്ല.  ഇപ്പോള്‍ കുടിശ്ശികയും ചേര്‍ത്ത് നല്‍കേണ്ട അവസ്ഥയിലാണ് പലരും. ഇവരുടെ ജോലി നഷ്ടമായി. വേതനം വെട്ടിക്കുറച്ചു. വരുമാനം വല്ലാതെ കുറഞ്ഞു. രണ്ടാമതൊരു ഉത്തേജന പാക്കേജിന്റെ പ്രതീക്ഷയിലാണ് പലരും. കാത്തിരിപ്പ് നീളുകയാണ്. വ്യവസായങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം തീരെ പര്യാപ്തമല്ല എന്ന് വ്യവസായികള്‍, പ്രത്യേകിച്ച് ചെറുകിട വ്യവസായികള്‍ പരാതിപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക