Image

രാമായണത്തിലെ പെൺചാരുത (രാമായണ ചിന്തകൾ -12- ജിഷ രാജു)

Published on 26 July, 2020
രാമായണത്തിലെ പെൺചാരുത (രാമായണ ചിന്തകൾ -12- ജിഷ രാജു)

ആദികാവ്യമായ രാമായണം രാമന്റെ അയനമാവുകയും കഥാപാത്രങ്ങളുടെ ധർമ്മാധർമ്മങ്ങൾകൊണ്ടും, സമ്പൂര്‍ണതകൊണ്ടും പുതിയ മാനങ്ങൾ നൽകുകയും വിസ്‌മയം കൊള്ളിക്കുകയും ചെയ്ത കാവ്യം.

സഹനത്തിന്റെയും പാതിവ്രത്യത്തിന്റേയും മൂർത്തീഭാവമായി ആദികവി സീതയെ ആവോളം വർണ്ണിച്ചപ്പോൾ നിഴലിലായിപ്പോയ അനവധി സ്‌ത്രീ കഥാപാത്രങ്ങള്‍ ഇന്നും മനസ്സില്‍ ഒരു നോവായി ശേഷിക്കുന്നുണ്ട്. അവരില്‍ ഏറ്റവും പ്രധാന കഥാപാത്രം ഊര്‍മ്മിളയായിരുന്നു. രാമായണം ഏറ്റവും കൂടുതൽ നൊന്തതും കരഞ്ഞതും സീതയ്ക്ക് വേണ്ടിയായിരുന്നു. മനോബലത്തിലും കർമ്മത്തിലും ഏറ്റവും ശക്തയായ ഒരു സ്ത്രീത്വത്തിന്റെ ഇച്ഛാശക്തിയുള്ളവളായി സീതയെ മാറ്റിനായിരിക്കാം അങ്ങിനെ ചെയ്തുട്ടുണ്ടാവുക.

എന്നാൽ, രാമായണത്തിൽ ഒളിപ്പിച്ചുവെച്ച പെൺചാരുതയായിരുന്നു ഊർമിള .

മിഥിലപുരിയിലെ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. ജാനകി എന്നും ജനക പുത്രി എന്നും സീത അറിയപ്പെടുമ്പോൾതന്നെയും വാസ്‌തവത്തില്‍ ജനകമഹാരാജാവിനു ജനിച്ച ഒരേ ഒരു മകളാണ് ഊമ്മിളയെന്ന്  എത്ര പേർക്കറിയാം. സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്ന വിശേഷണത്താലല്ലാതെ  ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?.  
സീതാരാമന്മാരുടെ വിവാഹത്തോടൊപ്പം തന്നെ ജനകൻ  മറ്റു പെണ്‍മക്കളെയും ദശരഥന്റെ കൊട്ടാരത്തിലേക്കുതന്നെ വിവാഹം ചെയ്‌തയക്കുകയായിരുന്നു.

സീതാരാമൻമാരുടെ കൂടെ വനവാസകാലത്തിനു പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു.  
ആ സമയത്ത്‌  ഊര്‍മ്മിള പ്രതീക്ഷയോടെ ലക്ഷ്‌മണനോട്‌ ചോദിച്ചു കൂടെ വരട്ടെയെന്ന്.. പക്ഷേ ലക്ഷ്‌മണന്‍ പറഞ്ഞത്‌ "കാട്ടില്‍ രാമനെയും സീതയേയും പരിചരിക്കാൻ ഞാനുണ്ട്‌. ഇവിടെ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ തന്നെ നില്‍ക്കൂയെന്നാണ്.

ഊര്‍മ്മിള ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌  ശാഢ്യം പിടിച്ചില്ല.. യാത്ര പറയുന്ന വേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു.  കരയരുത്‌.... അതും ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി പരിണമിക്കുകയായിരുന്നു അവൾ.

പിന്നീട്, ചിത്രത്തിൽനിന്നും അശേഷം തിരസ്കരിക്കപ്പെട്ടു അവൾ. തമ്മിൽ തമ്മിൽ കാണാതെ പതിനാലു വർഷവും ഒരുപക്ഷേ ഭർത്താവിനാൽ ഓർക്കപ്പെടുകപോലും ചെയ്യാതെ ദൂരങ്ങളിൽ ഇരുന്ന് പ്രണയിച്ചവൾ.

വനവാസക്കാലം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു.  സ്വപതിയുടെ നിയോഗത്തിന് ഭംഗം വരാതിരിക്കുവാൻ തന്റെ ഓർമ്മകളെ പോലും അവനിൽനിന്ന് മറയ്ക്കാൻ നിദ്രാ ദേവിയിൽ നിന്ന് വരം ചോദിച്ചു വാങ്ങിയ അവൾ സീതയ്ക്ക് ഒപ്പമോ ? അതോ മുകളിലോ ?

ഊർമ്മിളയുടെ മനശക്‌തിയെ വർണ്ണിക്കാൻ പദാവലി ഇല്ലാത്തതുകൊണ്ടാവാം കവി അവളെപ്പറ്റി മൗനം അവലംബിച്ചത്.

സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍... ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണ വലുപ്പമാര്‍ജ്ജിക്കുന്നു.
മാംസനിബിഡമായ പ്രേമത്തിലുപരി, ത്യാഗത്തിലും വിരഹത്തിലും കാത്തിരിപ്പിലും മോഹഭoഗത്തിലും, എന്തിനു, മൃതിയിൽ പോലും പ്രേമമുണ്ടെന്ന് നമ്മെ ആദികവി ഊർമ്മിളയിലൂടെ നമ്മെ പഠിപ്പിക്കുന്നു.

വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയെ ആണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള. എന്നിട്ടും എന്തേ നമ്മള്‍ ഊർമ്മിളയെ കാണാതെ പോയി?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക