Image

പാമ്പും കോണിയും ( നിർമ്മല - നോവൽ - 4 )

Published on 26 July, 2020
പാമ്പും കോണിയും ( നിർമ്മല - നോവൽ - 4 )
അന്ന് ഈനാശുവിനെ ബഹുമാനിച്ച് അനങ്ങാമ്പാറ കളിക്കുന്ന ശ്രദ്ധയോടെ തെയ്യാമ്മ പാത്രങ്ങൾ കഴുകി. ഈനാശു അടുക്കളയിലേക്കു വരാറില്ലെങ്കിലും തെയ്യാമ്മ തറ തുടച്ചു.അശരീരിയുടെ നിഴൽ വീഴുന്നതു കാത്ത് അടുക്കള ശാന്തവും സുന്ദരവുമായ മൂളിപ്പാട്ടായി.  
പാമ്പും കോണിയുംകളി തുടരുന്നു... 
 
അറുപതുകളിൽ അമേരിക്കയിൽ വന്നയാളാണ് ഈനാശു .യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ.ഈനാശു സംസാരിക്കുന്നത് പാതിയും ഇംഗ്ളീഷിലാണ്.മലയാളികളുടെ ആവശ്യങ്ങൾക്കു സഹായിക്കാൻ ഈനാശുവിന് മടിയില്ല. പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഈനാശുവിനെ ചുറ്റി ഒരു അധീശത്വം ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി അധ്യാപകനായതുകൊണ്ടാവും മലയാളികളുടെ ഇടയിൽ അയാൾ സാർ എന്നു വിളിക്കപ്പെട്ടത്. അമേരിക്കയിലെ സ്കൂളുകളിലോ യൂണിവേഴ്സിറ്റികളിലോ ആരും അദ്ധ്യാപകരെ സാർ എന്നു സംബോധന ചെയ്തിരുന്നില്ല. എന്നിട്ടും ഈനാശുവിന് മലയാളികളുടെ ഇടയിൽ സർ സ്ഥാനം കിട്ടി.
ഈനാശു സാറിന്റെ തൃശൂർ ഭാഷ മറ്റുള്ളവർക്കു കേൾക്കാനിഷ്ടമാണ് .മധ്യതിരുവിതാംകൂറിന്റെ മലയാളത്തിനു നടുക്ക് ആ നീട്ടലും കുറുക്കലും രസികത്തത്തോടെ ഒറ്റപ്പെട്ടു നിന്നു. മലയാളിക്കൂട്ടങ്ങളിൽ ഈനാശുവിന്റെ വാദത്തെ ആരും എതിർക്കാറില്ല.
എന്തുട്ടാ ഇപ്പറേണേ. ദാറ്റ്സ് നോട്ട് ദ് റീസൺ.... എന്നു തുടങ്ങി അഞ്ചു മിനിറ്റു നേരത്തേക്ക് ഈനാശു നിർത്താതെ സംസാരിക്കും. അപ്പോൾ മറ്റുള്ളവർ അയാളുടെ കണ്ണിനിരുവശവും ചുളിഞ്ഞു നിവരുന്ന വരകൾ നോക്കി മിണ്ടാതെയിരിക്കും. പാതി ഇംഗ്ളീഷിൽ, അത് നിറയെ അക്കാഡമിക് വിശദീകരണങ്ങളും. വിഷയം തുടങ്ങിയവർക്കു തന്നെ താൽപ്പര്യമില്ലാത്തത്. എന്നാലും സംസാരിക്കുന്നത് ഈനാശുവാണ്. പിന്നെയുള്ള പാതി മലയാളം കേൾക്കാൻ എന്തു ശേലാണ്; ചിലതൊന്നും മനസ്സിലായില്ലെങ്കിൽ കൂടി. അതു കൊണ്ട് കേൾവിക്കാർ നാവടക്കി അച്ചടക്കത്തോടെ ശ്രദ്ധ ഭാവിച്ച് ഇരുന്നു കൊടുത്തു.
ഈനാശുവിന്റെ ലോക പരിചയം, സംസാരിക്കാനുള്ള കഴിവ് പിന്നെ സാമ്പത്തിക നില.അതൊക്കെ അയാളെ മലയാളികൾക്കിടയിൽ ആവശ്യക്കാരനാക്കി. ഏതു കാര്യവും ഈനാശു അന്വേഷിച്ചു കണ്ടു പിടിക്കും.ഏതു സായ്വിനെയും ഫോണിൽ വിളിച്ചു ചങ്കൂറ്റത്തോടെ ആവശ്യങ്ങൾ പറയും .ഈനാശുവിന് പലതരത്തിലുള്ളവരെയും പരിചയമുണ്ട്. സിറ്റി ഹാളിലെ രാഷ്ട്രീയക്കാർ മാത്രമല്ല, എം.പി.മാരെയും എം.എൽഎമാരെയും ടി.വി റിപ്പോർട്ടേഴ്സിനെയും സ്കൂൾ ബോർഡിന്റെ തലപ്പത്തിരിക്കുന്നവരെയുംവരെ അറിയാം. സാധാരണ മലയാളികൾക്ക് പിടിപാടില്ലാത്ത ഇടങ്ങളിലൊക്കെ അനായാസമായി ഈനാശുവിനു പ്രവേശനം ഉണ്ടായിരുന്നു.
പിശുക്കാത്ത ഈനാശു സാർ, പലപ്പോഴും ഒറ്റയ്ക്കു നാട്ടിൽ പോകുന്ന ഈനാശു സാർ. നാട്ടിലും ധാരാളം സ്വത്തുള്ള ഈനാശു സാർ. എല്ലാവരും വർഷങ്ങൾ കാത്തിരിക്കും ഒന്നു നാട്ടിൽ പോവാൻ. അപ്പോൾ പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാതെ നാട്ടിൽ പോവുക എന്നു പറയുന്നത് ചില്ലറക്കാര്യമാണോ!
ഉച്ചനേരത്ത് ഈനാശു ഈപ്പന്റെയൊപ്പം വീട്ടിലേക്കു ചെല്ലുമ്പോൾ തെയ്യാമ്മ വീടിനു പിന്നിലെ പുല്ലിൽ നിന്നും കളകൾ പറിച്ചു മാറ്റുകയായിരുന്നു. വീടിനു ചുറ്റും തഴച്ചു നിൽക്കുന്ന പുല്ലാണ്. അതിൽ ഡാന്റലൈൻ വളരെ വേഗത്തിലാണു പടരുന്നത്. വേരോടെ പിഴുതാലും രണ്ടാഴ്ചയ്ക്കകം മറ്റു പലയിടത്തായി മഞ്ഞപ്പൂക്കൾ പൊങ്ങി വരും.
ഈപ്പന് കാനഡയിലെ എന്നല്ല, വടക്കേ അമേരിക്കയിലെ മലായാളികളെ പൊതുവെ വലിയ മതിപ്പില്ലായിരുന്നു.മലയാളികൾ അയാളെ ഈപ്പച്ചനെന്നു വിളിച്ചത് അയാൾക്കിഷ്ടപ്പെട്ടില്ല. മലയാളികളുടെ ഒരു പ്രവൃത്തിയും അയാൾക്കിഷ്ടപ്പെട്ടില്ല എന്നതായിരിക്കും ശരി. അവരുടെ മൽസരബുദ്ധി, പെരുമാറ്റ രീതികൾ, പിശുക്ക്, ഉടുപ്പ് ,നടപ്പ് എല്ലാം ഈപ്പനിൽ ഈർഷ്യയുണ്ടാക്കി.ഒരു ബിസിനസ്സുകാരന് എങ്ങനെ പിശുക്കരുടെ കൂട്ടത്തെ ഇഷ്ടപ്പെടാൻ പറ്റും?
ഈപ്പന് ബഹുമാനമുള്ള അപൂർവം മലയാളികളിൽ ഒരാളാണ് ഈനാശു .
ഈപ്പൻ പറയാതെ തന്നെ വലിയ ഊണുമേശപ്പുറത്ത് തെയ്യാമ്മ ചോറും കറികളും നിരത്തി അവരെ ഉണ്ണാൻ വിളിച്ചു.ഈനാശു ചോറുണ്ണുന്നത് തെയ്യാമ്മ കൗതുകത്തോടെ നോക്കിയിരിക്കാറുണ്ട്. അയാൾ പാത്രത്തിന്റെ ഒരറ്റം മുതലാണ് ഭക്ഷണം കഴിക്കുന്നത്.
ഈപ്പൻ ഭക്ഷണം കൈ കൊണ്ടു തൊടാറില്ല. ഫോർക്ക് കൊണ്ടേ അയാൾ ചോറുൾപ്പെടെയുള്ള എല്ലാ ഭക്ഷണവും കഴിക്കൂ. ചെറുപ്പത്തിലേ ബോർഡിങ്ങിൽ നിന്നും കൂടെച്ചേർന്നു പോയ ഒരു ശീലം. ഈപ്പൻ ഫോർക്കെടുക്കുമ്പോൾ ഈനാശുവും ഫോർക്കിൽ തുടങ്ങും.പിന്നെ ഇടയ്ക്ക് ഫോർക്ക് പാത്രത്തിനരികിൽ അച്ചടക്കത്തോടെ വെച്ച് അയാൾ കൈ കൊണ്ടു വാരിക്കഴിക്കും. എങ്കിലും അയാളുടെ വിരലുകളുടെ അറ്റത്തു മാത്രമേ ഭക്ഷണം പറ്റുകയുള്ളു.
ഈനാശുവിന്റെ ഉരുണ്ടു ചുവന്ന വിരലുകൾ കപ്പയിറച്ചിയിൽ കവാത്തു നടത്തുന്നതു കാണാൻ തന്നെ എന്തു ഭംഗിയാണ്! കഴിച്ചു കഴിഞ്ഞ പാത്രത്തിൽ എച്ചിലായി ഒന്നും ഉണ്ടാവില്ല എന്നു പറയാം. അങ്ങനെ വെടിപ്പായി ഭക്ഷണം കഴിക്കുന്നതിന് ഒരു പ്രത്യേക ചന്തം ഉണ്ടെന്ന് തെയ്യാമ്മയ്ക്കു തോന്നും. തേങ്ങയരച്ച മീൻ കറിയുടെ ചാറ് ഈനാശു നന്നായി ചോറിലോ കപ്പയിലോ ഒഴിച്ചു കഴിക്കുന്നതാണ് തെയ്യാമ്മയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനം.
ഈപ്പന്റെയും ഈനാശുവിന്റെയും സംസാരം തെയ്യാമ്മയുടെ ലോകത്തിനു പുറത്താണ്. അവർ തെയ്യാമ്മയ്ക്കു പരിചയമുള്ളവരെപ്പറ്റിയല്ല സംസാരിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയിൽ അടിയന്തരാവസ്ഥ വന്നു.വിയറ്റ്നാമിലെ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെപ്പറ്റി അവർ ദീർഘമായി ചർച്ച ചെയ്യും. ചിലപ്പോൾ ഗോഡ്ഫാദർ സിനിമയെപ്പറ്റി അവരുടെ സംസാരം പലപ്പോഴും മലയാളത്തിൽ നിന്നും പൂർണമായും ഇംഗ്ളീഷിലേക്കു മാറി.
അന്ന് അവർ ഇന്ത്യ, വേൾഡ് കപ്പ് ക്രിക്കറ്റിൽ ജയിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു.അവർ ക്രിക്കറ്റിനെപ്പറ്റി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.പ്രൂഡെൻഷ്യൽ കപ്പ്, വേൾഡ് കപ്പ്, കപിൽദേവ് ,സിംബാബ് വേ, വെസ്റ്റ് ഇൻഡീസ്, തെയ്യാമ്മയ്ക്കു കേട്ടുകേൾവി തന്നെ ഇല്ലാത്ത വാക്കുകൾ ഊണുമേശയ്ക്കു മുകളിലൂടെ മൂളിപ്പറന്നു പോയി. 
ഈനാശു ഇംഗ്ളണ്ടിനു പോവാൻ തയ്യാറെടുക്കുകയായിരുന്നു. അതിനു വേണ്ടി ആ വർഷം സമ്മർ ക്ളാസ്സ് പഠിപ്പിക്കുന്നില്ല എന്നു വെച്ചതാണ്. യൂണിവേഴ്സിറ്റിയിലെ ക്ളാസ്സുകൾ ഏപ്രിൽ അവസാനത്തോടെ തീരും പിന്നെയുള്ള നാല് മാസം പഠിപ്പിക്കണമെന്നു നിർബന്ധമില്ല. അപ്പോഴാണ് തെരേസയുടെ സഹോദരൻ എന്തോ ബിസിനസ്സ് ആവശ്യത്തിനു കാനഡയ്ക്കു വന്നത്. ഒരേയൊരു അളിയൻ ആദ്യമായി വരുമ്പോൾ ഈനാശു രാജ്യം വിട്ടു പോകുന്നതു മര്യാദയല്ലല്ലോ.
ആ നഷ്ടത്തെപ്പറ്റി അയാൾ വീണ്ടും വീണ്ടും പറഞ്ഞു. വേൾഡ് കപ്പ് കാണാനായി ഇംഗ്ളണ്ടിനു പോകാനൊരുങ്ങിയ ആ മലയാളിയോട് ഈപ്പന് കലവറയില്ലാത്ത ബഹുമാനം തോന്നി. അതൊക്കെ പറഞ്ഞാൽ മനസ്സിലാവുന്ന ഒരേയൊരു മലയാളി ആ നാട്ടിൽ ഈപ്പൻ മാത്രമേ ഉള്ളൂ എന്ന് ഈനാശുവിനും അറിയാം. ഈപ്പൻ പഠിച്ചിരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ക്രിക്കറ്റ് കോച്ചിങ്ങും ടീമും ഗെയിമുകളും ഉണ്ടായിരുന്നു.
ഇന്നിങ്സും ഓവറും ശ്രദ്ധിക്കാതെ തെയ്യാമ്മ തൃപ്തിയോടെ പാത്രങ്ങൾ കഴുകി വെച്ചു. അലമാരയിൽനിന്നും പ്ലേറ്റുകളും കപ്പുകളും എടുക്കുമ്പോൾ അത് എവിടെയെങ്കിലും തട്ടി ശബ്ദമുണ്ടാക്കുന്നത് ഈപ്പനെ ചൊടിപ്പിക്കും. വളരെ ശ്രദ്ധിച്ച് സൂക്ഷ്മതയോടെ പാത്രങ്ങളും കപ്പുകളും എടുക്കുകയും വെക്കുകയും ചെയ്യണമെന്നാണ് ഈപ്പന്റെ നിർദ്ദേശം.
അനങ്ങാംപാറയും ഈർക്കിലും കളിക്കുന്നത് അപ്പോൾ തെയ്യാമ്മ ഓർക്കും. ഒരേ വലിപ്പത്തിലുള്ള ഇരുപത് ഉരുളൻ കല്ലുകൾ കൊണ്ടാണ് തെയ്യാമ്മയും കൂട്ടുകാരും ചെറുപ്പത്തിൽ അനങ്ങാമ്പാറ കളിച്ചിരുന്നത്.കല്ലുകൾ രണ്ട് കൈയിലുമായി കൂട്ടിപ്പിടിച്ചിട്ട് നിരത്തിയിടും. രണ്ടു കല്ലുകൾക്കിടയിലൂടെ ചെറുവിരൽ കൊണ്ട് ഒരു വര വരയ്ക്കാൻ സാധിച്ചാൽ ആ കല്ലുകൾ എടുക്കാം.പിന്നെ അടുത്ത രണ്ടു കല്ലുകൾക്കിടയിലൂടെ വര വരച്ചു നോക്കും. കൈ അറിയാതെ ഏതെങ്കിലും കല്ലിൽ തട്ടി അനങ്ങിയാൽ അടുത്തയാളുടെ അവസരമായി. കൂടുതൽ കല്ലുകൾ കിട്ടുന്നയാൾ വിജയിക്കും. ഈർക്കിലി കളിക്കുന്നതിലും നിയമം ഏകദേശം ഒന്നു തന്നെ. കുറെയേറെ ഈർക്കിലികൾ ഒരേ വലിപ്പത്തിൽ മുറിച്ചിട്ട് നിലത്തേക്കിടും.മറ്റൊരു ഈർക്കിലിയും അനങ്ങാതെ ഒരെണ്ണം എടുക്കണം. പിന്നെ അതു കൊണ്ട് മറ്റ് ഈർക്കിലുകൾ തോണ്ടിയെടുക്കാം. പക്ഷേ, ഒന്നെങ്കിലും അനങ്ങിപ്പോയാൽ അവസരം നഷ്ടമാകും.
തെയ്യാമ്മ ജോലികളൊക്കെ വളരെ എളുപ്പത്തിലാണ് ചെയ്യുന്നത്. അപ്പോൾ പാത്രങ്ങൾ സിങ്കിന്റെ അരികിൽ താളം പിടിക്കും.നിലത്തേക്കു വീഴുന്ന അടപ്പ് ഉരുണ്ടുരുണ്ടുരുണ്ടു തിമിർത്തു ചിരിച്ച് നിലംപൊത്തിയിരിക്കും. സ്പൂണുകൾ പറ്റുന്നിടത്തൊക്കെ തൊട്ടു വിളിച്ച് കുന്നായ്മയും കിന്നാരവും പറഞ്ഞു കുണുങ്ങും. അടുക്കളയിൽ കയറിയാൽ എന്തിനാണു സാധനങ്ങൾ എടുത്തിയുന്നതെന്ന് ഈപ്പൻ പരാതിപ്പെടാറുണ്ട്. ചിലപ്പോൾ അടുക്കളയുടെ തറയിൽ വെള്ളം വീഴും. കുളിമുറിയിലെ സിങ്കിനു പുറത്ത് വെള്ളം വീഴുന്നതു തന്നെ ഈപ്പനു സഹിക്കാൻ വിഷമമാണ്. അയാൾ അറപ്പോടെ അടുക്കളയെ ഒഴിവാക്കി.
അന്ന് ഈനാശുവിനെ ബഹുമാനിച്ച് അനങ്ങാമ്പാറ കളിക്കുന്ന ശ്രദ്ധയോടെ തെയ്യാമ്മ പാത്രങ്ങൾ കഴുകി. ഈനാശു അടുക്കളയിലേക്കു വരാറില്ലെങ്കിലും തെയ്യാമ്മ തറ തുടച്ചു.അശരീരിയുടെ നിഴൽ വീഴുന്നതു കാത്ത് അടുക്കള ശാന്തവും സുന്ദരവുമായ മൂളിപ്പാട്ടായി.
                                                                                                           തുടരും..
 
read more
 
പാമ്പും കോണിയും ( നിർമ്മല - നോവൽ - 4 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക