Image

ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ റോബിൻ വടക്കുംചേരി കോടതിയിൽ (കുര്യൻ പാമ്പാടി)

Published on 25 July, 2020
ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ റോബിൻ വടക്കുംചേരി  കോടതിയിൽ (കുര്യൻ പാമ്പാടി)
വൈദികനായിരിക്കെ പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയതിനു 20 വർഷം ജയിൽ ശിക്ഷ  അനുഭവിക്കുന്ന റോബിൻ വടക്കുംചേരി വീണ്ടും കോടതി കയറി.

മൂന്നു വയസുള്ള തന്റെ ആൺ കുഞ്ഞിനെ നോക്കി വളർത്താൻ വേണ്ടി ആ പെൺകുട്ടിയെ വിവാഹം ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന 52-കാരനായ  റോബിന്റെ അപേക്ഷയാണ്  കേരള ഹൈകോടതി മുമ്പാകെ എത്തിയിരിക്കുന്നത്.

ഈ വിവാഹം ഒരിക്കലും അനുവദിക്കരുതെന്നും വിവാഹത്തിന്റെ പേരിൽ തടവിൽ നിന്ന് രക്ഷ പ്പെടാനുള്ള അടവാണ് ഇതെന്നും സിസ്റ്റേഴ്സ് ഇൻ സോളിഡാരിറ്റി എന്ന സംഘടന പ്രസ്താവന ഇറക്കിയിട്ടുണ്ട്. അവർ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യക്കു നീണ്ട നിവേദനവും സമർപ്പിച്ചു.    

പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നീട്ടി വച്ചു. ബലാത്സംഗത്തിന് ശിക്ഷ ലഭിച്ച ഇന്ത്യയിലെ  ആദ്യത്തെ കത്തോലിക്കാ വൈദികൻ എന്ന നിലയിൽ റോബിൻ കേസ് അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

കേസിനെ തുടർന്ന് മാനന്തവാടി രൂപത റോബിനെ ചുമതലകളിൽ നിന്ന് പുറത്താക്കിയെങ്കിലും ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ട നിഷ്കാസന കല്പന 2019 ഡിസംബർ 5നാണു കൈമാറിയത്.

കുറ്റം നിഷേധിച്ച് കാനഡയിലേക്ക് ഒളിച്ചോടാൻ ശ്രമിക്കവേ അറസ്റ്റിലായ റോബിൻ,  ഗർഭത്തിന് ഉത്തരവാദി കുട്ടിയുടെ സ്വന്തം പിതാവ് തന്നെയാണെന്നു സ്ഥാപിക്കാനും ശ്രമം നടത്തിയിരുന്നു.  പക്ഷെ ഡിഎൻഎ പരിശോധന വഴി പ്രതി റോബിൻ തന്നെയെന്ന് പോലീസ് തെളിയിച്ചു.

തലശേരി പോസ്കോ കോടതിയിൽ വിചാരണ പൂർത്തിയാവുന്നതിനു തൊട്ടു മുമ്പ് പ്രോസിക്യൂഷൻ സാക്ഷികളായ പെൺകുട്ടിയും മാതാവും മറ്റും കൂറുമാറിയെങ്കിലും തെളിവുകളുടെ ബലത്തിൽ മൂന്ന് ഇനങ്ങളിലായി  20 വർഷം വീതം 60 വർഷത്തെ  തടവിന് ശിക്ഷിക്കുകയായിരുന്നു. ശിക്ഷ ഒന്നിച്ചു അനു ഭവിച്ചാൽ  മതിയെന്ന് നിഷ്കർഷിച്ചതിനാൽ തടവ് 20 വർഷമായി കുറഞ്ഞു.

വയനാട്ടിലെ മാനന്തവാടി രൂപതയിലെ പ്രബലനായ ഒരു വൈദികനായിരുന്നു റോബിൻ വടക്കുംചേരി.  രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപറേറ് മാനേജർ എന്ന നിലയിൽ വലിയ സ്വാധീനം കൈവരിച്ചു.

രൂപതയിലെ പെൺകുട്ടികളെ കർണാടകത്തിലെ നഴ്സിങ് കോളേജുകളിലേക്കു അയക്കുന്ന  ഒരു പരിപാടി റോബിൻ വിജയകരമായി നടപ്പിലാക്കി. കർണാടകത്തിൽ പ്രവർത്തനം നിലച്ചിരുന്നു ചില സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തത്രേ.

കാനഡയിലേക്ക് പഠിക്കാനും ജോലിക്കുമായി യുവജനങ്ങളെ അയക്കുന്നതായിരുന്നു മറ്റൊരു പരിപാടി. എങ്ങനെയായാലും ധാരാളം സ്വന്തം കീശയിൽ ഡോളർ കുമിഞ്ഞു കൂടിയ അദ്ദേഹത്തിന് കാനഡയിൽ പോയി വരുന്നതും നിഷ്പ്രയാസം ആയി. അവിടെ അദ്ദേഹത്തിനു സ്വത്തുക്കൾ ഉണ്ടെന്നും കേട്ടിരുന്നു.

ആദ്യത്തെ മലയാള പത്രമായ ദീപികയുടെ തലപ്പത്ത് ഫാരിസ് അബുബക്കർ എന്ന വിവാദ പുരുഷൻ കടന്നു കയറിയ കാലത്ത് രൂപതയുടെ പ്രതിനിധിയായി പത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ ആയി   ഫാ. റോബിൻ നിയമിതനായി. മാനേജിങ് എഡിറ്റർ ആയാണ് പിരിഞ്ഞത്.

കല്പറ്റയിൽ രൂപത നടത്തുന്ന ഡിപോൾ സ്‌കൂളിന്റെ അസ്സിസ്റ്റന്റ് മാനേജർ പദവിയായിരുന്നു അടുത്തത്. കല്പറ്റ ഇടവകയിലെ ഒരു വീട്ടമ്മയുടെ വിവാഹമോചനത്തിൽ കലാശിച്ച ഒരു  വിവാദത്തെ തുടർന്ന് ഫാ. റോബിനെ  സ്ഥലം മാറ്റി.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി എന്ന സ്ഥലത്ത് സെന്റ് സെബാസ്ട്യൻസ് ചർച്ചിൽ വികാരി ആയിരുന്ന കാലത്ത് ഇടവകയിലെ ഒരു പെൺകുട്ടിയ ഗർഭിണിയാക്കിയതാണ് വിനയായി തീർന്നത്. പെൺകുട്ടി പ്രസവിച്ചതിനെ തുടർന്ന് ചോരക്കുഞ്ഞിനെ രൂപതാധികൃതർ നേതൃത്വം കൊടുത്തു രായ്ക്കു രായ്മാനം  കന്യാസ്ത്രീകൾ നടത്തുന്ന ഒരു അനാഥാലയത്തിലേക്ക് മാറ്റി.

കൊട്ടിയൂർ സംഭവം  എന്ന പേരിൽ റോബിൻ കേസ് ആഗോള മലയാളി ശ്രധ്ധ പിടിച്ചു പറ്റിയപ്പോൾ  ക്രൈസ്തവ സഭാ നേതൃത്വത്തിന് പിടിച്ചു നില്ക്കാൻ ആവാതെയായി. പോലീസ് സ്വതന്ത്രമായി അന്വേഷണം നടത്തി. ഈ കേസിന്റെ പേരിൽ കേരള സമൂഹം രണ്ടായി പിളർന്നു. ആശയ സമരം കൊടുമ്പിരിക്കൊണ്ടു.

റോബിൻ ശിക്ഷിക്കപ്പെട്ടെങ്കിലും അമ്മയെ അറിയിക്കാതെ ശിശുവിനെ തട്ടിക്കൊണ്ടുപോയി അനാഥാലയത്തിൽ ഏൽപ്പിക്കാൻ കൂട്ടുനിന്ന കന്യാസ്ത്രീകൾ  ഉൾപ്പെടെ ആറു പ്രതികളെ കുറ്റം  സംശയാതീതമായി തെളിയിച്ചില്ല എന്ന് പറഞ്ഞു കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. പക്ഷെ സമൂഹ മധ്യത്തിൽ അവരെല്ലാം കുറ്റവാളി
കളായി നിലകൊള്ളുന്നു.

കുറ്റം തേച്ച് മായ്ക്കാൻ കൂട്ടു നിന്ന വയനാട് ജില്ലാ ശിശു‌ക്ഷേമ സമിതി അധ്യക്ഷൻ ഫാ. തോമസ് തേരകത്തെ സർക്കാർ പിരിച്ചു വിടുകയും ചയ്തു.

കേസിൽ നിന്ന് ഊരാൻ റോബിൻ സർവ  തന്ത്രങ്ങളും മെനഞ്ഞു. പെൺകുട്ടിയുടെ പിതാവിന് ലക്ഷങ്ങൾ  ഓഫർ ചെയ്തു കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തി.  സാക്ഷികളെ മുഴുവൻ  സ്വാധീനിച്ചു.  എന്നിട്ടു പോലും  കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

റോബിൻ കേസിനു ശേഷം കുറവിലങ്ങാടു മഠത്തിലെ  ഒരു കന്യാ സ്ത്രീയെ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുള ക്കൽ  മാനഭംഗം  ചെയ്തു എന്ന കേസ് വന്നപ്പോൾ കന്യാസ്‌ത്രീകൾക്കു വേണ്ടി കേരള സമൂഹം തന്നെ സമരത്തിനിറങ്ങിയ പശ്ചാത്തലം ഇതാണ്.

ഗവർമെന്റിന്റെ മേൽ കത്തോലിക്കാ സഭയുടെ സമ്മർദ്ദം വലുതായിരുന്നു. എങ്കിലും എറണാകുളത്ത് ഹൈക്കോടത്തി ക്കു മുമ്പിൽ കന്യാസ്ത്രീകൾ നടത്തിയ  സമരത്തിന് ക്രി സ് ത്യാനികൾ മാത്രമല്ല അന്യമതസ്ഥരും പിന്തുണ പ്രഖ്യാപിച്ചു. പർദയിട്ട മുസ്ലിം വനിതകൾ വരെ  സമരപന്തൽ സന്ദർശിച്ചു.

കത്തോലിക്കാ സഭയിൽ നടന്ന പുരോഹിത പീഡനങ്ങളുടെ ആഗോള  പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ടു സംഭവങ്ങളേ ഉൾപ്പെടുത്തിയിട്ടുള്ളു-- ഒന്ന് കൊട്ടിയൂരിലെ റോബിൻ വടക്കുംചേരി, രണ്ട്, ജലന്ധറിലെ  ഫ്രാങ്കോ മുളക്കൽ .  
ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ റോബിൻ വടക്കുംചേരി  കോടതിയിൽ (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക