Image

ശ്രീമദ് വാല്മീകി രാമായണം പത്താംദിനം (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 25 July, 2020
ശ്രീമദ് വാല്മീകി രാമായണം പത്താംദിനം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
എൺപതാം സർഗം മുതൽ തൊണ്ണൂറ്റി അഞ്ചുവരെ

ചിത്രകൂടത്തിലേക്കുള്ള ഭരതയാത്രയാണിന്നത്തെ പ്രതിപാദ്യം.

രാമനെ തിരികെ കൊണ്ടുവരുവാൻ സർവ്വ സന്നാഹങ്ങളുമായാണ് ഭരതൻ യാത്ര തിരിക്കുന്നത്. പൗരപ്രമുഖർ, വിവിധ പണികൾ ചെയ്യുന്നവർ, ആന അമ്പാരിമേളങ്ങൾ, കച്ചവടക്കാർ എന്നിങ്ങനെ ഒരു ചെറിയ അയോധ്യ അപ്പാടെ കാട്ടിലേക്ക് ഒഴുകുന്ന മട്ടിലാണ് ആ യാത്ര തുടങ്ങിയത്.അമ്മമാർ, ഗുരു ജനങ്ങൾ, തോഴിമാർ ,പടയാളികൾ അങ്ങനെ കണ്ണെത്താ ദൂരം പരന്നു കിടന്നു ആ പട. അവർ ഗംഗാ തീരത്തു ശൃംഗവേര പുരത്തിലെത്തി.അതായതു രാമസഖാവ് ഗുഹൻ്റെ രാജ്യത്തെത്തി. അവിടെ തമ്പടിച്ചു ക്ഷീണം തീർത്തു പിറ്റേ ദിവസം ഗംഗ തരണം ചെയ്യാമെന്നു നിശ്ചയിച്ചു.

ഗംഗാ തീരത്തു താവളമടിച്ച കടൽ പോലെയുള്ള പട കണ്ട ഗുഹൻ,
 രാമനെ മുച്ചൂടും നശിപ്പിക്കുവാൻ വേണ്ടി ഭരതൻ യുദ്ധത്തിനിറങ്ങിയതാണെന്നു തെറ്റിദ്ധരിച്ചു.അതിനാൽ തന്നാലാവും വിധം ഭരതനെ തടയണമെന്നു ഗുഹൻ നിശ്ചയിച്ചു സ്വന്തം പടയാളികൾക്കു നിർദ്ദേശം നൽകി. ഒപ്പം ഭരതൻ, രാമനിൽ പ്രീതിയുക്ത നെങ്കിൽ മാത്രമേ ഈ സേന നിരപായം പുഴ കടക്കുകയുള്ളൂ എന്നു നിശ്ചയിച്ചു.
എന്നിട്ട്, ഉപഹാരങ്ങളുമെടുത്ത് ഭരതൻ്റെ മനസറിയുവാൻ ഗുഹൻ അദ്ദേഹത്തിനടുത്തേക്കു ചെന്നു. ഗുഹൻ വരുന്നതു കണ്ട്, സുമന്ത്രർ ഗുഹനെ ഭരതനു പരിചയപ്പെടുത്തി.
ഗുഹൻ ഭരതനെ വന്ദിച്ചു ഉപഹാരങ്ങൾ നൽകി. അതിനു ശേഷം യാത്രയുടെ ഉദ്ദേശം രാമനെ ഹനിക്കുവാനല്ലെന്ന് ഉറപ്പു വരുത്തി. അതോടെ ഭയം മാറിയ ഗുഹൻ എല്ലാ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തു. പിന്നെ, രാവു നീളെ, കൊട്ടാരത്തിലെ സുഖശയനത്തിൽ നിന്നും കാട്ടിലെ പൊടിമണ്ണിലും ഇലമെത്തയിലും ഉറങ്ങേണ്ടി വന്ന രാമനേയും സീതയേയും അവർക്കു രാവു പുലരുവോളം കാത്തിരുന്ന ലക്ഷ്മണനെക്കുറിച്ചും സംസാരിച്ചിരുന്നു. രാമൻ്റെ ആ അവസ്ഥ കേട്ട ഭരതൻ വാവിച്ചു നിലവിളിച്ചു. അതു കണ്ടു ശത്രുഘ്നൻ ഭരതനെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.


അന്നു രാത്രി രാമകഥകൾ പറഞ്ഞു സമയം പോക്കി. പിറ്റേന്നു ഗുഹൻ അഞ്ഞൂറുതോണികളിലായി സർവ്വ പടയേയും നദി കടത്തി.പിന്നെ, ദേവ പുരോഹിതനായ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി.

ഒരു വിളിപ്പാടകലെ പടയെ നിർത്തി, ഗുരു വസിഷ്ഠനൊപ്പം മഹർഷിയുടെ മുൻപാകെ എത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം മുനി ഭരതനോട്, പതിനാലു വർഷത്തേക്കു വനവാസം വിധിക്കപ്പെട്ട രാമനേയോ, ഒപ്പം പുറപ്പെട്ട ലക്ഷ്മണനേയോ ഏതെങ്കിലും വിധത്തിൽ അപായപ്പെടുത്തുവാനുള്ള ഉദ്ദേശത്താലാണോ ഇത്ര വലിയ പടയൊരുക്കം എന്നന്വേഷിച്ചു. എന്നാൽ അതു കേട്ടു കണ്ണീർ വാർത്തുകൊണ്ടു രാമനെ സ്വീകരിച്ചു കൊണ്ടുവരുവാനാണീ യാത്രയെന്നു ഭരതൻ വിശദീകരിച്ചു.അമ്മയുടെ വാക്കുകൾ എനിക്കു സമ്മതമല്ല എന്നു ഭരതൻ മുനിയെ അറിയിച്ചു.
സന്തോഷവാനായ മുനി. അന്നേ ദിവസം പടയോടൊന്നിച്ചു അവിടെ പാർക്കണമെന്ന് അപേക്ഷിച്ചു.

ആദ്യം മടിച്ചുവെങ്കിലും ആതിഥ്യം ഭരതൻ പടയോടൊന്നിച്ചു സ്വീകരിച്ചു. മഹർഷിയുടെ തപഃശക്തിയാൽ അന്നേ വരെ ആരും കണ്ടിട്ടില്ലാത്ത വിധത്തിലെ ആ വിരുന്നിൽ പടയാകെ ഉന്മത്തരായി.
പിറ്റേന്നു ഭരതൻ ഗുരുവൊന്നിച്ചു അമ്മമാരുമൊന്നിച്ചു ഭരദ്വാജനു മുന്നിലെത്തി.
ചിത്രകൂടത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കവേ ദശരഥ പത്നിമാരെ ഓരോരുത്തരേയും പരിചയപ്പെടുത്തുവാ മുനി ആവശ്യപ്പെട്ടു .അങ്ങനെ, ആദ്യം കൗസല്യയേയും സുമിത്രയേയും പിന്നീട് ഏറെ സങ്കടത്തോടെ കൈകേയിയേയും പരിചയപ്പെടുത്തി.മുനി ഭരതനോട്, അമ്മയുടെ മേൽകോപം പാടില്ലെന്നും രാമൻ്റെ വനവാസത്തിന് ഉദ്ദേശ്യങ്ങൾ ഉണ്ടെന്നും പറഞ്ഞു കൊടുത്തു. പിന്നെ ആ പെരുംപട, ചിത്രകൂടത്തിലേക്കു യാത്രയായി.


മനുഷ്യജീവിതത്തിൽ എത്ര വട്ടം നാം നിരാകരിക്കപ്പെടുന്നുണ്ട്, എത്ര വട്ടം നാം, നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രവർത്തിയാൽ ലജ്ജിതരാകുന്നുണ്ട്. അതുതന്നെയാണിവിടെ ഭരതനും നേരിടുന്നത്.ആദ്യം സ്വന്തം ജനങ്ങൾ, ഭരതൻ രാജ്യഭാരമേൽക്കുമെന്നു കരുതുന്നു.എന്നാൽ ഭരത പ്രതിജ്ഞക്കു ശേഷം, അവർ രാമൻ വരുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പടയോടൊത്തു ഗംഗാ തീരത്തേക്കു വരുന്ന ഭരതനെ ഗുഹനും തെറ്റിദ്ധരിക്കുന്നു. രാമനെതിരായ നീക്കമെങ്കിൽ, ഭരതനെതിരെ സ്വന്തം പടയെ സജ്ജമാക്കി ഗുഹൻ. എന്നാൽ ഭരധ്വാജാശ്രമത്തിലും ഭരതനു നേരെ സംശയത്തിൻ്റെ മുന നീളുന്നു. എൻ്റെ അമ്മയുടെ തീരുമാനമല്ല എൻ്റേത് എന്നു വ്യക്തമാക്കേണ്ടി വരുന്നു പലവട്ടം.

ജീവിതയാത്രയിൽ പലപ്പോഴും നാം നിസ്സഹായരാകുന്നത് നമ്മളെ സ്നേഹിക്കുന്നവരുടെ പ്രവർത്തികളാലാണ്. അവർ ചിന്തിച്ചതല്ല നമ്മുടെ ശെരി എന്നു മറ്റുള്ളർ തിരിച്ചറിയുവാൻ സമയമേറെ വേണ്ടി വരും. അപ്പോഴേക്കും ജീവിതം അതിൻ്റെ വഴിക്കു യാത്ര തുടരുന്നുണ്ടാവും.
Join WhatsApp News
AravindanRajasekaran 2020-07-25 05:35:29
കൊറച്ചു കാലമായിട്ട് വ്യാകുല മാതാവും, അന്തോണീസ് പുണ്യവാളനും, ഭഗവാൻ പരമശിവനും ഒക്കെ നമ്മളെ പോലെ ഫുൾ ടൈം ഫേസൂക്കിലും വാട്സാപ്പിലും ഒക്കെയാണെന്നു തോന്നുന്നു. അല്ലേൽ ഇക്കണ്ട ഫോർവേഡ് ഒക്കെ ആരൊക്കെ പത്തു പേർക്ക് അയയ്ക്കുന്നൊണ്ടെന്നു ചെക്ക് ചെയ്ത് ചെയ്തവർക്കെല്ലാം ഒരു ലോഡ് അനുഗ്രഹോം കൊടുത്ത്, ചെയ്യാത്തവന്മാരുടെയെല്ലാം തലയിൽ ഇടിത്തീയും പെയ്യിക്കാൻ ഇവർക്കൊക്കെ എവിടുന്നാ ഇത്രേം സമയം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക