Image

ഓ.വി. വിജയൻറെ നവതി: പുനർ വായനയുടെ കാലം: (സുരേന്ദ്രൻ നായർ)

Published on 24 July, 2020
ഓ.വി. വിജയൻറെ നവതി:  പുനർ വായനയുടെ കാലം: (സുരേന്ദ്രൻ നായർ)
           
ആധുനിക മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്നു ഓ.വി. വിജയന്റെ തൊണ്ണൂറാമതു ജന്മദിനം ഈ ജൂലായ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് കടന്നുപോയത്. നോവലിസ്റ്റ്, ചെറുകഥാകൃത്തു, കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഓ.വി. വിജയൻ.
                            
കാല്പനികതയിൽ അഭിരമിച്ചിരുന്ന മലയാള കഥാലോകത്തെ, മനുഷ്യന്റെ അസ്തിത്വ ദുഃഖവും ജീവിതനിരാസവുമൊക്കെ ഇതിവൃത്തമാക്കിയ കാമുവിന്റെയും കാഫെയുടെയും ചുവടുപറ്റി ആധുനികതയിലേക്കു നയിച്ചതിൽ ഓ.വി. വിജയനും അദ്ദേഹത്തിന്റെ ആദ്യനോവലായ ഖസാക്കിന്റെ ഇതിഹാസവുമുണ്ടായിരുന്നു.
                                                
നോബൽ ജേതാവായ മാർക്കേസിന്റെ ഇന്ദ്രജാലം തീർക്കുന്ന ശൈലിയുടെ അതേ മാതൃകയെന്ന് വിമർശക ലോകം വിലയിരുത്തിയ ആ നോവൽ വായനക്കാരെ വിസ്മയിപ്പിക്കുകയും അവരെ സാഹിത്യത്തിന്റെ നവഭാവുകത്വത്തിലേക്കു പരിവർത്തിപ്പിക്കുകയുണ്ടായി. അമ്പതുവർഷം പിന്നിട്ടിട്ടും  മലയാളത്തിലെ  ബെസ്റ്റ്‌ സെല്ലർ വിഭാഗത്തിൽ  ഖസാക്ക് ഇന്നും തുടരുന്നു.
                             
 മൂന്നുദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിന്റെയും പ്രത്യശാസ്ത്രത്തിന്റെയും ജാതിമത മുന്നണി താത്പര്യങ്ങളുടെയും ബന്ധനങ്ങൾ ഇല്ലാതെ അതിന്റെ എല്ലാ സങ്കിർണ്ണതകളോടും കൂടി വായനക്കാരിലെത്തിച്ച പത്ര പ്രവർത്തകനായ വിജയൻ കൊളോണിയൽ കൊള്ളക്കും വംശീയ ഭ്രാന്തിനും യുദ്ധവെറികൾക്കുമെതിരെ എന്നും വാളെടുത്തിരുന്നു.  
                                   
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടായ അടിയന്തിരാവസ്ഥയെ മാജിക്കൽ റിയലിസത്തിന്റെ മാസ്മരികതയോടെ അനുവാചകരിലെത്തിച്ച രണ്ടാം നോവലായ ധർമ്മപുരാണം വിവാദങ്ങളുടെ വൻ വേലിയേറ്റങ്ങളാണ് സൃഷ്ടിച്ചത്. ആക്ഷേപ ഹാസ്യത്തിന്റെ മകുടോദാഹരണമായ ധർമ്മപുരാണം ധർമ്മപുരിയെന്ന സങ്കൽപ്പ രാജ്യത്തിലെ ഏകഛത്രാധിപതിയായ പ്രജാപതിയെയും അധികാരത്തിന്റെ പങ്കുപറ്റി നിർലജ്ജം സ്തുതിപാടുന്ന അനുചരന്മാരെയും വ്യംഗ്യാർത്ഥങ്ങളിലൂടെ സമർത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ന്യായരഹിതമായ ന്യായാസന ങ്ങളെയും നീതി നിഷേധിക്കുന്ന നിയമ വ്യവസ്ഥയെയും നിശിതമായി ആക്ഷേപിക്കുന്ന ആ നോവൽ കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങൾ ഉൾപ്പെടെ പ്രകീർത്തിക്കുകയും, ഇംഗ്ലീഷ് മൊഴിമാറ്റത്തിലൂടെ വിശ്വ സാഹിത്യത്തിൽ ഇടംപിടിക്കുകയും ചെയ്തു. 
                 
ഇന്ദ്രപ്രസ്ഥത്തിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ കാർട്ടൂൺ വരക്കുകയും ദേശിയ അന്തർദേശിയ വിഷയങ്ങളിൽ നിരൂപണം നടത്തുകയും തന്റേതായ സാഹിത്യ രചനകൾക്കായി ഉൾവലിയുകയും ചെയ്യുമ്പോളും, പരന്ന വായനയും കൂർമ്മമായ ചിന്തയും അദ്ദേഹത്തെ അന്തർമുഖനും ആത്മാന്വേഷിയുമാക്കുകയായിരുന്നു. ആ അന്തർമുഖത്തു നിന്നും  പുറംലോകത്തേക്കു വരുന്നത് പ്രവചന സ്വഭാവമുള്ള പല കണ്ടെത്തലുകളുമായിട്ടായിരുന്നു. ബാഹ്യമായ പ്രേരണകളിൽ നിന്നും ക്രമേണ അകലുകയും അതീന്ദ്രിയമായ സമസ്യകൾക്കു ഉത്തരം കണ്ടെത്താനുള്ള വഴികൾ തേടുകയുമായിരുന്നു. ആ സഞ്ചാരത്തിനിടയിലാണ് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവുമായി സംഗമിക്കുന്നത്. കാലം കരുതിവച്ച നിയോഗം പോലെ നടന്ന ആ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ തന്നെ മാറ്റിമറിക്കുകയാണുണ്ടായത്. ആ മാറ്റത്തിന്റെ ഫലമായിരുന്നു 1987 ൽ പുറത്തുവന്ന മൂന്നാമത്തെ നോവലായ ഗുരുസാഗരം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും നേടിയ കൃതി. 
              
അസ്തിത്വ ദുഃഖംപേറി ജീവിതനിരാസം പ്രമേയമാക്കിയ കാമുവിൽ നിന്നും വേദാന്തത്തിന്റെ പൊരുളറിഞ്ഞ കരുണാകര ഗുരുവിലെത്തിയപ്പോൾ എഴുത്തുകാരന്റെ ഗുരുവെന്ന സങ്കൽപ്പത്തിനുണ്ടായ പരിണാമം അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കുള്ള ഉണർച്ചയായിരുന്നു.
                                  
ഭാരതത്തിന്റെ പൗരാണികമായ ആധ്യാത്മിക സത്തയെ ഒരു പരിവ്രാജകന്റെ പരിശുദ്ധിയോടെ ഗുരുസമക്ഷം സാക്ഷാത്കരിക്കുകയാണ് ഗുരുസാഗരത്തിലെ നായകനായ കുഞ്ഞുണ്ണി. വിപ്ലവം തലക്കുപിടിച്ചു പാരമ്പര്യത്തെ വലിച്ചെറിഞ്ഞു സ്വയം എരിഞ്ഞടങ്ങിയ വിപ്ലവകാരിയായ ഒരു ജ്യേഷ്ഠന്റെയും ശിഥിലമായ ഒരു പാലക്കാടൻ തറവാടിന്റെയും പിന്ബലത്തോടെയാണ് കുഞ്ഞുണ്ണി കഥയിൽ കടന്നുവരുന്നത്. പത്രപ്രവർത്തന ജീവിതത്തിൽ കുഞ്ഞുണ്ണി കണ്ടുമുട്ടുന്ന മനുഷ്യരുടെ വേദനകളും നൈരാശ്യങ്ങളും നൈമിഷിക രതിഭാവങ്ങളും അവസാനിക്കാത്ത അനിശ്ചിതത്വങ്ങളും തന്റെ തന്നെ ജീവിതത്തിലെ അസംതൃപ്തമായ ദാമ്പത്യവും ഒളിഞ്ഞിരുന്ന ചതികളും ജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നു. ഒരിക്കലും ദൈവത്തിനോട് പ്രാർഥിച്ചിട്ടില്ലാത്ത കുഞ്ഞുണ്ണി തന്റെ പഴയ സഹപാഠിയും സന്യാസിയുമായ സുഹൃത്തിനോട് തനിക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ ആശ്രമ പരിസരത്തു ശാന്തി കണ്ടെത്തുകയും ചെയ്യുന്നു.ശാന്തിയുടെ സഹജമായ ഭാവം ഗുരുവിന്റെ കരുണയിൽ തെളിയുന്നതാണെന്നു തിരിച്ചറിഞ്ഞു അതിനായുള്ള അന്വേഷണം തുടങ്ങുന്നു. അകാലത്തിൽ പൊലിഞ്ഞ കല്യാണിയെന്ന പെൺകുട്ടിയിൽ ആ അന്വേഷണം അവസാനിക്കുന്നിടത്താണ് ഓ. വി .വിജയന്റെ ഗുരുസമർപ്പണം സഫലമാകുന്നത്.
                              
ക്ലാസിക്കൽ പാരമ്പര്യവുമായി ബന്ധമറ്റുപോയ നമ്മുടെ ഭാഷകൾക്ക് സ്വന്തമായ അസ്തിത്വ ഭദ്രതയില്ലെന്ന പുരോഗമന സാഹിത്യ പ്രസ്ഥാനക്കാരുടെ മൂഢ വിശ്വാസത്തെയാണ് വിജയൻ ഇവിടെ ചോദ്യം ചെയ്യുന്നത്. സാഹിത്യത്തിലെ വിശാലമായ ഭാവനയും സർഗാത്മകതയും, യാന്ത്രികവും ഉപകരണപരവുമായ സങ്കുചിത രാഷ്ട്രീയ സങ്കല്പങ്ങളായി തരംതാണപ്പോൾ ഗുരുസാഗരത്തിന്റെ പ്രകാശത്തെയും മേഘാവൃതമാക്കാൻ ചിലർ നടത്തിയ ശ്രമങ്ങളെയും ഇത്തരുണത്തിൽ കാണാതിരിക്കാൻ കഴിയില്ല.
                                  
ഇന്ത്യയുടെ പൊതുബോധത്തിന്റെയോ സംസൃതിയുടെയോ ഭാഗമാകാനോ പകരമായി മറ്റൊരു സംസ്‌കൃതി സൃഷ്ടിക്കാനോ കഴിയാത്ത ഇത്തരം വൈദേശിക രാഷ്ട്രീയ ദല്ലാളന്മാർ ആ പോരായ്മ ചൂണ്ടിക്കാണിച്ച എം.ഗോവിന്ദനെയും ഓ.വി. വിജയനെയും ആനന്ദിനെയുമൊക്കെ സി. ഐ. എ. ചാരന്മാരെന്നു മുദ്രകുത്തി ആക്ഷേപിക്കുകയും അടുത്തകാലത്തായി അത്തരക്കാരെ ഹിന്ദു വർഗീയവാദികളാക്കി പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു.
                        
 സ്വന്തം ഭാവനകളെ സായിപ്പിന്റെ സാഹിത്യവുമായി താരതമ്യപ്പെടുത്തി മാത്രം വിലയിരുത്തുന്ന എഴുത്തുകാർ തങ്ങളുടെ അധമമായ അപകര്ഷതാബോധവും വെളുപ്പിനോടുള്ള ഭയഭക്തിയുമാണ് കാണിക്കുന്നത്. ഇവിടെയാണ് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അവഗാഹമായ അറിവുമുണ്ടായിരുന്ന ഓ. വി. വിജയൻ സമാനതകളില്ലാത്ത സവിശേഷ സാന്നിധ്യമാകുന്നത്.

 മലയാള സാഹിത്യ തറവാട്ടിലെ ആ മഹാ മനീഷിയുടെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുന്നു.കടന്നുപോയ കർമ്മയോഗിയുടെ നവതിയെ നമിച്ചുകൊണ്ടു അവസാനിപ്പിക്കാം.
Join WhatsApp News
observer 2020-07-24 17:44:26
സായിപ്പിന്റെ നാട്ടിൽ ജീവിച്ച് സായിപ്പിനെ കുറ്റപ്പെടുത്തുക. അമേരിക്കയിൽ ജീവിക്കുന്ന മിക്ക ഹിന്ദുത്വവാദികളും ചെയ്യുന്നത്. ഇന്ത്യൻ സംസ്കാരം അഥവാ ചിന്താലോകം മികവുറ്റത് തന്നെ. അത് കൊണ്ട് മറ്റു സംസ്കാരങ്ങൾ മോശമല്ല. ഇന്ത്യ ഭയങ്കരമാണെന്നു നാല് നേരവും പറഞ്ഞു നടക്കേണ്ടതുമില്ല. വിജയൻ ചെറുപ്പത്തിൽ കമ്യുണിസ്റ്റായിരുന്നു. പിന്നെ വലിയ വിശ്വസമൊന്നും കാണിച്ചതായി അറിവില്ല. വിവാഹം ചെയ്തത് ക്രൈസ്തവ സ്ത്രീയെ ഇഗ്‌ളീഷിലും വിജയൻ എഴുതിയിരുന്നു. ജീവിതാന്ത്യ കാലത് ഗുരുവായൂർ ഭക്തി ഒക്കെ പറഞ്ഞിരുന്നു എന്നല്ലാതെ വലിയ ഭക്തിയൊന്നും കാണിച്ചിട്ടില്ല.
Drknow 2020-07-24 23:26:54
സായിപ്പിന്റെ നാടാണെന്ന് അടിമകൾക്കെ തോന്നുകയുള്ളൂ . എന്ന് മനുഷ്യൻ അടിമത്വത്തിൽ നിന്ന് മോചനം പ്രാപിക്കുന്നോ അന്നവൻ ജനാതിപത്യ വ്യവസ്ഥക്ക് വേണ്ടി യുദ്ധം ചെയ്യും . ട്രംപിനെ കാണുമ്പോൾ മുട്ട് വിറക്കുന്ന മലായാളിനിന്റെ നിരീക്ഷണം വളഞ്ഞതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക