Image

ശ്രീരാമൻ : മര്യാദാപുരുഷോത്തമൻ (രാമായണ ചിന്തകൾ -10- അനിതാ നരേൻ)

Published on 24 July, 2020
ശ്രീരാമൻ : മര്യാദാപുരുഷോത്തമൻ (രാമായണ ചിന്തകൾ -10- അനിതാ നരേൻ)
ആർഷ ഭാരത സംസ്കാരത്തിന്റെ നെടും തൂണായ മഹാകാവ്യങ്ങളിൽ ഒന്നാണ് രാമായണം.  ഭക്തിസാന്ദ്രമായ ആദികാവ്യം,    മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശം നമുക്ക്  നൽകുന്നു. 

സൂര്യവംശരാജാവായ ശ്രീരാമന്റെ കഥ പറയുന്ന രാമായണം ജീവിതത്തിലുടെനീളം അദ്ദേഹം പിന്തുടർന്ന ധാർമിക മൂല്യങ്ങളെ പറ്റി വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ജീവിതത്തിലെ  വലിയ പ്രതിസന്ധികളിലും  തന്റെ ധാർമികമൂല്യം  മുറുകെ പിടിച്ച ഒരാളാണ് ശ്രീരാമൻ.  ഈ ധർമാസക്തി കൊണ്ട് തന്നെ അദ്ദേഹത്തിന്  വലിയ നഷ്ടങ്ങളും  ഉണ്ടായി.  

പിതാവിന്റെ വാക്ക് അനുസരിച് 14 കൊല്ലം വനവാസം സ്വീകരിച്ചദ്ദേഹം  കാട്ടിൽ പോയി. പുത്രവിയോഗത്തിൽ മനംനൊന്ത് മരണമടഞ്ഞ താതന്റെ വിയോഗം രാമൻ  അറിയുന്നതു  പരിവാരസമേതം കാട്ടിലെത്തി അദ്ദേഹത്തോട് തിരികെ വന്ന് രാജ്യഭാരം ഏൽക്കാൻ കേണപേക്ഷിക്കുന്ന ഭരതനിൽ  നിന്നാണ്. പിതാവിന്റെ വിയോഗത്തിൽ ദുഃഖത്തോടെ അദ്ദേഹത്തിന് ശേഷക്രിയകൾ  ചെയ്യുന്ന രാമൻ അദ്ദേഹത്തിന് കൊടുത്ത വാക്ക് തെറ്റിച്‌  രാജ്യഭാരം ഏൽക്കാൻ തയ്യാറാകുന്നില്ല. തന്റെ പുത്രധർമ്മത്തെ മറക്കാൻ അദ്ദേഹത്തിന് കഴിയില്ല.    കൂട്ടുകാരനായ സുഗ്രീവന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി അദ്ദേഹത്തിന് ബാലിയെ മറഞ്ഞു നിന്ന്  അമ്പെയ്തു കൊല്ലേണ്ടി വന്നു. അവിടെ സുഹൃത്തിന് കൊടുത്ത വാക്ക് പാലിക്കുക എന്ന ധർമ്മമാണ്  രാമൻ ചെയ്തത്. 

രാവണനാൽ അപഹരിക്കപ്പെട്ടു  അശോകവനിയിൽ തന്നെ ഓർത്ത് കാലം കഴിച്ച് കൂട്ടിയ  സീതയെ വിധിപ്രകാരം അഗ്നിശുദ്ധി വരുത്തിയതും എല്ലാം ആ ധാർമികതയുടെ പേരിൽ ആയിരുന്നു.   രാവണനെ വധിച്ചു  സീതയെ മോചിപ്പിച്ച് തിരികെ വന്ന്  അയോധ്യയുടെ  രാജ്യഭാരം വഹിച്ച അദ്ദേഹം ഉത്തമനായ ഭരണാധികാരിയായി. പ്രജകളിൽ ചിലർ ദോഷൈകദൃക്കുകളായി സീതയുടെ പാതിവൃത്യത്തിൽ സംശയം ആരോപിച്ചപ്പോൾ തന്റെ  പത്നി പരിശുദ്ധയെന്ന പൂർണ്ണബോധ്യത്തിൽ തന്നെയാണ്   വേദനയോടെ അദ്ദേഹം സീതയെ  ഉപേക്ഷിച്ചത്. അവിടെ കുടുംബത്തോടും പത്നിയോടും ഉള്ള സ്നേഹത്തിലുപരി രാജധർമ്മത്തിനും പ്രജകളുടെ ഇച്ഛക്കും അദ്ദേഹം പ്രാധാന്യം നൽകി. ഏകപത്നി വ്രതനായി ശിഷ്ടകാലം കഴിച്ചു. യജ്ഞശാലയിൽ പോലും അദ്ദേഹത്തിന്റെ വാമഭാഗം അലങ്കരിച്ചത് കാഞ്ചനസീതയാണ്. 

രാജാവെന്ന നിലയിൽ പ്രജകളുടെ ഏതൊരു സംശയത്തിനും പരിഹാരം കാണാൻ ബാധ്യസ്ഥനെന്ന നിലയിൽ തന്നെയായിരുന്നു  പ്രാണപ്രേയസിയെ കാട്ടിൽ ഉപേക്ഷിച്ചത്. തന്റെ  ധർമാസക്തി മൂലമദ്ദേഹത്തിന് ജീവിതത്തിൽ പല ദുഃഖങ്ങളും സഹിക്കേണ്ടി വന്നു.. പത്നിയോടും മക്കളോടുമൊത്ത് സന്തോഷകരമായ കുടുംബജീവിതം ലഭിച്ചില്ല.. 

വായനക്കാരായ വിമർശകർ രാമന്റെ പ്രവർത്തികളെ പല വിധത്തിൽ വ്യാഖ്യാനിക്കുന്നു. എല്ലാ വിമർശനങ്ങൾക്കു നടുവിലും കാലം അതിന്റെ യാത്ര തുടരുമ്പോഴും "മര്യാദാ പുരുഷോത്തമൻ "എന്ന പേരിനർഹൻ ശ്രീരാമൻ തന്നെ...
രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാളമുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ പോലും  ഈ കാലഘട്ടത്തിനു ഏറ്റവും അനുയോജ്യമായ അത്യുജ്ജ്വല സന്ദേശങ്ങൾ അനവധി ലഭിക്കുന്ന അമൂല്യഗ്രന്ഥമാണ് രാമായണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക