Image

റിയോ ഗ്രാൻഡ് വാലി, ടെക്‌സസിലെ കോവിഡ്19ന്റെ പുതിയ പ്രഭവ കേന്ദ്രം: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 24 July, 2020
റിയോ ഗ്രാൻഡ് വാലി, ടെക്‌സസിലെ  കോവിഡ്19ന്റെ പുതിയ പ്രഭവ കേന്ദ്രം: ഏബ്രഹാം തോമസ്
സൗത്ത് ടെക്‌സസ് ആശുപത്രികള്‍ കോവിഡ്-19 രോഗികളെക്കൊണ്ട് നിറയുകയാണ്. ചില രോഗികളെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കു മാറ്റി. പ്രദേശത്തെ ഭരണാധികാരികള്‍ കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആബട്ട് വഴങ്ങിയിട്ടില്ല.

ചില കൗണ്ടി ജഡ്ജ്മാര്‍ റിയോ ഗ്രാന്‍ഡ്വാലി പ്രദേശത്ത് സ്റ്റേ അറ്റ് ഹോം ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇവ നടപ്പാക്കാന്‍ കഴിയുകയില്ലെന്ന് ആബട്ടിന്റെ ഓഫീസ് പറയുന്നു. ഇതാണ് ആബട്ടിന്റെ ഓഫീസും പ്രാദേശിക ഭരണകര്‍ത്താക്കളും തമ്മില്‍ കോവിഡ്-19ന് നേരിടാനുള്ള സമരത്തിലെ പുതിയ ഏറ്റുമുട്ടല്‍.

കഴിഞ്ഞ ദിവസം റിയോ ഗ്രാന്‍ഡ്വാലിയിലെ ആശുപത്രികളില്‍ 1,600 കൊറോണ വൈറസ് രോഗികള്‍ ഉണ്ടായിരുന്നു. നോര്‍ത്ത് ടെക്‌സസ് പ്രദേശത്തെ രോഗികളെക്കാള്‍ കേവലം 400 പേര്‍ കുറവ്. എന്നാല്‍ റിയോ ഗ്രാന്‍ഡ്വാലി പ്രദേശത്ത് ഉള്ളതിന്റെ ആറിരട്ടി ജനസംഖ്യ നോര്‍ത്ത് ടെക്‌സസിലുണ്ട്.

സ്റ്റാര്‍ കൗണ്ടിയിലെ ആശുപത്രികള്‍ക്ക് പ്രദേശത്തെ എല്ലാ രോഗികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. നോര്‍ത്ത് ടെക്‌സസ് നഗരങ്ങളായ ഡാലസ്, സാന്‍ആന്റോണിയോ, ആബലീന്‍ എന്നിവിടങ്ങളിലേയ്ക്കു ചികിത്സയ്ക്കായി അയച്ചുവെന്നും ഇവരില്‍ ആരെങ്കിലും മരിച്ചാല്‍ ബന്ധുമിത്രാദികള്‍ക്ക് ഇവരെ വീടുകളിലേയ്ക്കു കൊണ്ടുവരേണ്ടി വരുമെന്നും കൗണ്ടി ജഡ്ജ് എലോയ്വേര പറഞ്ഞു.

ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിക്കവെ ആബട്ട് പറഞ്ഞു: ഞാന്‍ പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്ക് ധാരാളം അധികാരം നല്‍കിയിട്ടുണ്ട്. ഓസ്റ്റിനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ പുറപ്പെടുവിച്ച സേഫ്ടി പ്രോട്ടോകോള്‍ പലയിടത്തും പാലിക്കുന്നില്ല. ഇന്‍സ്റ്റോര്‍ ഷോപ്പിങ്ങില്‍ പരിമിതപ്പെടുത്തിയ ആളുകളെക്കാള്‍ അനുവദിക്കുന്നു. ഡൈനിംഗ് റൂമുകളിലെ സ്ഥിതിയും ഇതു തന്നെയാണ്. അവരുടെ കൈവശമുള്ള സാധനങ്ങളും ആളുകളും ഉപയോഗിച്ച് നമ്മുടെ നയങ്ങള്‍ നടപ്പാക്കി എന്ന് ഉറപ്പു വരുത്തണം. ഇങ്ങനെ നമുക്ക് ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ തന്നെ കോവിഡ് -19 ന്റെ പടര്‍ന്നു പിടിക്കല്‍ നിയന്ത്രിക്കുവാന്‍ കഴിയും.

ബുധനാഴ്ച ടെക്‌സസ് സ്റ്റേറ്റ് ഹോസ്പിറ്റലൈസേഷനിലും മരണത്തിലും പുതിയ റിക്കാര്‍ഡിട്ടു. 10,900 പേര്‍ ആശുപത്രിയിലായി. 197 പേര്‍ മരിച്ചു. ഡാലസ് കൗണ്ടിയില്‍ മാത്രം 30 പേര്‍ മരിച്ചു. എന്നാല്‍  കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പുതിയ കേസുകള്‍ കുറഞ്ഞു.ആവശ്യമായ എല്ലാ ചികിത്സാ സഹായവും ഫെഡറല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന്റെ ഒരു ടീമും റിയോഗ്രാന്‍ഡ് വാലിയിലേയ്ക്കു അയക്കുമെന്ന് ആബട്ട് ഉറപ്പു നല്‍കി. വാലിയിലെ ഹിഡല്‍ഗോ, കാമറോണ്‍ കൗണ്ടികള്‍ക്ക് ആവശ്യമായതെല്ലാം നല്‍കുമെന്ന് പറഞ്ഞു.

ഹിഡല്‍ഗോ കൗണ്ടിയില്‍ ക്രെമറ്റോറിയങ്ങളില്‍ രണ്ടാഴ്ചത്തെ വെയിറ്റ് ലിസ്റ്റുണ്ട്. 50 ശരീരങ്ങള്‍ വീതം വഹിക്കാന്‍ കഴിയുള്ള ശീതികരിച്ച അഞ്ച് ട്രക്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.കൗണ്ടി ജഡ്ജ് റിച്ചാര്‍ഡ് കോര്‍ട്ടെസ് സ്റ്റേ അറ്റ് ഹോം, കര്‍ബ്‌സൈഡ്, ഡ്രൈവ് ത്രൂ ഓപ്ഷന്‍ ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു. കോര്‍ട്ടെസ് ഒരു ക്യാച്ച്-22 അവസ്ഥയിലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് റിയോ ഗ്രാന്‍ഡ്വാലി പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ഗൊണ്‍സാലസ് ഗോര്‍മന്‍ പറഞ്ഞു.

പകുതിയിലധികം വോട്ടര്‍മാരും ഗവര്‍ണര്‍ സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പുറപ്പെടുവിക്കരുതെന്നും തദ്ദേശ ഭരണകര്‍ത്താക്കള്‍ ഇത് ചെയ്യണമെന്നും അഭിപ്രായപ്പെടുന്നതായി ക്വിന്നി പിയാക് യൂണിവേഴ്‌സിറ്റി പോളില്‍ കണ്ടെത്തി. ആബട്ട് ഇതു ചെയ്യണമെന്ന് സൗത്ത് ടെക്‌സസില്‍ ഭൂരിപക്ഷം പേരും (78%) അഭിപ്രായപ്പെട്ടു. ഈയിടെ ആബട്ട് എല്ലാവരും ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്നും ബാറുകള്‍ പൂട്ടണമെന്നും റസ്റ്റോറന്റ് കപ്പാസി 50% ല്‍ കൂടരുതെന്നും ഓര്‍ഡറിട്ടിരുന്നു. ഹൂസ്റ്റണ്‍ പ്രദേശത്തു നിന്നുള്ള രണ്ട് സ്റ്റേറ്റ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആബട്ടിനോട് തദ്ദേശ ഭരണ കര്‍ത്താക്കള്‍ക്ക് സ്റ്റേ അറ്റ് ഹോം. ഓര്‍ഡര്‍ നല്‍കാന്‍ അധികാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക