Image

ജിമ്മി ജോര്‍ജ്‌ വോളിബോള്‍: ന്യൂയോര്‍ക്ക്‌ കേരള സ്‌പൈക്കേഴ്‌സിന്‌ ഉജ്വല വിജയം

Published on 01 June, 2012
ജിമ്മി ജോര്‍ജ്‌ വോളിബോള്‍: ന്യൂയോര്‍ക്ക്‌ കേരള സ്‌പൈക്കേഴ്‌സിന്‌ ഉജ്വല വിജയം
ഹാമില്‍ട്ടണ്‍: 24-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആറാം തവണയും കേരള സ്‌പൈക്കേഴ്‌സ്‌ ചാമ്പ്യന്‍മാരായി. വാശിയേറിയ ഫൈനലില്‍ ഡാളസ്‌ സ്‌ട്രൈക്കേഴ്‌സിനെ ഏകപക്ഷീയമായ മുന്നു സെറ്റുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ കേരള സ്‌പൈക്കേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിയത്‌. (സ്‌കോര്‍: 25-21, 25-22, 25-12).

ഹാമില്‍ട്ടണിലെ മാക്‌ മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ആതിഥേയത്വം വഹിച്ചത്‌ നയാഗ്ര സ്‌പാര്‍ട്ടിസ്‌ ആണ്‌. മെയ്‌ 26-ന്‌ ശനിയാഴ്‌ച രാവിലെ ടീമുകളുടെ മാര്‍ച്ച്‌ പാസ്റ്റും ചെണ്ടേമേളം, തൊലപ്പൊലി എന്നിവയോടും കൂടി ടൂര്‍ണമെന്റിന്‌ തുടക്കംകുറിച്ചു. കാനഡയുടെ മെമ്പര്‍ ഓഫ്‌ പാര്‍ലമെന്റ്‌ ആയ ജോ ദാനിയേല്‍ ആണ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌.

ശനിയാഴ്‌ച നടന്ന ബി ടീമിന്റെ പൂള്‍ മത്സരങ്ങളില്‍ നിന്ന്‌ ആറു ടീമുകള്‍ ഞായറാഴ്‌ച നടന്ന പ്ലേ ഓഫിലേക്ക്‌ പ്രവേശിച്ചു. ന്യൂയോര്‍ക്ക്‌, ഡാളസ്‌, ടൊറന്റോ, ചിക്കാഗോ, ഡിട്രോയിറ്റ്‌, ബഫല്ലോ എന്നീ ടീമുകളാണ്‌ പ്ലേ ഓഫിലേക്ക്‌ പ്രവേശിച്ച ടീമുകള്‍. ഞായറാഴ്‌ചത്തെ പ്ലേ ഓഫില്‍ ബഫല്ലോയെ തോല്‍പിച്ച്‌ ചിക്കാഗോയെ ന്യൂയോര്‍ക്ക്‌ തളച്ചു. ഡിട്രോയിറ്റില്‍ നിന്നു വന്ന ടൊറന്റോയെ ഡാളസ്‌ വാശിയേറി മത്സരത്തില്‍ തോല്‍പിച്ച്‌ ഫൈനലില്‍ പ്രവേശിച്ചു.

ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ ഫൈനല്‍ മത്സരം ആരംഭിച്ചു. കേരള സ്‌പൈക്കേഴ്‌സ്‌ ക്യാപ്‌റ്റന്‍ ജറിന്‍ കല്ലറയ്‌ക്കലിന്റെ മിന്നല്‍ സ്‌മാഷുകളുടെ മുന്നില്‍ ഡാളസ്‌ ടീമിന്‌ പിടിച്ചുനില്‍ക്കാനായില്ല. കേരള സ്‌പൈക്കേഴ്‌സ്‌ മൂന്നു സെറ്റുകളിലും വിജയിച്ചു.

കേരള സ്‌പൈക്കേഴ്‌സിന്റെ അവിനാഷ്‌ തോമസ്‌ ബെസ്റ്റ്‌ ഒഫന്‍സീവ്‌ പ്ലെയറും, റോണ്‍ ജേക്കബ്‌ ബെസ്റ്റ്‌ സെറ്ററായും, ജറിന്‍ കല്ലറയ്‌ക്കല്‍ മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയറായും തെരഞ്ഞെടുത്തു. ഷാജി (ഡാളസ്‌) ആണ്‌ ബെസ്റ്റ്‌ ഡിഫന്‍സീവ്‌ പ്ലെയര്‍.

നയാഗ്രാ സ്‌പാര്‍ട്ടസിനുവേണ്ടി ജോര്‍ജ്‌ വടക്കന്‍ (ഷിബു), സുഭാഷ്‌ കണ്ണപാടന്‍, ജോസഫ്‌ മാത്യു, ചെറിയാന്‍ തോമസ്‌, ക്യാപ്‌റ്റന്‍ ജോസഫ്‌ ഫ്രാന്‍സീസ്‌ എന്നിവര്‍ കളത്തിലിറങ്ങി.

അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ്‌ ഡാളസില്‍ നടക്കും.
ജിമ്മി ജോര്‍ജ്‌ വോളിബോള്‍: ന്യൂയോര്‍ക്ക്‌ കേരള സ്‌പൈക്കേഴ്‌സിന്‌ ഉജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക