Image

കൊറോണ പാര്‍ട്ടി: ജര്‍മനിയില്‍ 39 പേര്‍ കസ്റ്റഡിയില്‍

Published on 23 July, 2020
കൊറോണ പാര്‍ട്ടി: ജര്‍മനിയില്‍ 39 പേര്‍ കസ്റ്റഡിയില്‍

ഫ്രാങ്ക്ഫര്‍ട്ട്: നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തുകയും തടയാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും ചെയ്തതിന് 39 യുവാക്കളെ കസ്റ്റഡിയിലെടുത്തു. മധ്യ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയ ഓപ്പണ്‍ എയര്‍ പാര്‍ട്ടിയില്‍ ആയിരക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്.

ഇവരുടെ ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. പുലര്‍ച്ചെ മൂന്നോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ചരിത്രപ്രസിദ്ധമായ ഒപ്പേറ സ്‌ക്വയറിലായിരുന്നു സംഭവം.

രാജ്യത്തെ ബാറുകളും ക്ലബുകളും അടച്ചിട്ടിരിക്കുന്നതിനാല്‍ ഒപ്പേറ സ്‌ക്വയറില്‍ ഇത്തരം പാര്‍ട്ടികള്‍ പതിവാണ്. കൊറോണ പാര്‍ട്ടി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇത്തരം കൂട്ടായ്മകളെ വിശേഷിപ്പിക്കുന്നത്.

മൂവായിരത്തോളം പേര്‍ പങ്കെടുത്ത പാര്‍ട്ടി അക്രമാസക്തമായ സമയത്ത് എണ്ണൂറില്‍ താഴെ ആളുകള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ക്കിടയില്‍ തന്നെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ പോലീസ് സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരേ അക്രമം തുടങ്ങിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക