Image

ഒളിമ്പിക്‌സ്‌: ബാഡ്‌മിന്റണില്‍ ബ്രിട്ടനു വേണ്‌ടിയിറങ്ങുന്നത്‌ മലയാളിയായ രാജീവ്‌

ഷൈമോന്‍ തോട്ടുങ്കല്‍ Published on 01 June, 2012
ഒളിമ്പിക്‌സ്‌: ബാഡ്‌മിന്റണില്‍ ബ്രിട്ടനു വേണ്‌ടിയിറങ്ങുന്നത്‌ മലയാളിയായ രാജീവ്‌
ലണ്‌ടന്‍: ലണ്‌ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്‌മിന്റണില്‍ ബ്രിട്ടനുവേണ്‌ടി മലയാളിയായ രാജീവ്‌ ഔസേഫ്‌ കളത്തിലിറങ്ങും. തൃശൂരില്‍ നിന്ന്‌ യുകെയിലേക്ക്‌ കുടിയേറിയ ജോ ഔസേഫ്‌ - ആശ ദമ്പതികളുടെ മകനാണ്‌ 25 -കാരനായ രാജീവ്‌.

ലോകറാങ്കിംഗില്‍ മുന്‍പ്‌ പതിനൊന്നാം സ്ഥാനം വരെ എത്തിയിരുന്ന രാജീവ്‌ ഇപ്പോള്‍ 25-ാം സ്ഥാനത്താണ്‌. പത്തൊമ്പതാം വയസില്‍ തോമസ്‌ കപ്പ്‌ നേടിയാണ്‌ ഈ ആറടി മൂന്നിഞ്ചുകാരന്‍ ബ്രിട്ടന്റെ ശ്രദ്ധയാകര്‍ഷിച്ചത്‌. അന്നുമുതലിങ്ങോട്ട്‌ തുടര്‍ച്ചയായ വിജയം കൈവരിച്ച്‌ രാജീവ്‌ രാജ്യാന്തര തലത്തില്‍ത്തന്നെ ശ്രദ്ധേയനാവുകയായിരുന്നു. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയ രാജീവ്‌ മലയാളികള്‍ക്കും സുപരിചിതനാണ്‌.

പുരുഷ സിംഗിള്‍സിലാണ്‌ രാജീവ്‌ ബ്രിട്ടണ്‍ ടീമിലിടം പിടിച്ചത്‌. ടീമില്‍ രാജീവിന്റെ സ്ഥാനം നേരത്തെ ഉറപ്പായിരുന്നു. ലോകറാങ്കിംഗിലെ സ്ഥാനം മാനദണ്ഡമാക്കിയാണ്‌ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരെ തെരഞ്ഞെടുത്തതെന്നു ബ്രിട്ടീഷ്‌ ഒളിമ്പിക്‌ അസോസിയേഷന്‍ വ്യക്തമാക്കി. അഞ്ചുവട്ടം ഇംഗ്ലീഷ്‌ ദേശീയ ചാമ്പ്യനായ രാജീവ്‌ ലോകറാംങ്കിംഗില്‍ ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന താരമാണ്‌. വനിതാ സിംഗിള്‍സില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള സൂസന്‍ എംഗല്‍സ്റ്റാഫാണ്‌ മത്സരിക്കുന്നത്‌.

പിതാവ്‌ ജോ ഔസേഫിന്റെ പാത പിന്തുടര്‍ന്നാണ്‌ രാജീവ്‌ ബാഡ്‌മിന്റണിലെത്തിയത്‌. മികച്ചൊരു ക്ലബ്‌ ലെവല്‍ താരമായിരുന്നു ജോ. രാജീവിന്റെ മൂത്ത സഹോദരങ്ങളായ രശ്‌മിയും രജനിയും ബാഡ്‌മിന്റണ്‍ താരങ്ങളായിരുന്നു. ഹൗണ്‍സ്‌ളോയിലെ ലോക്കല്‍ ക്ലബുകളിലാണ്‌ രാജീവ്‌ കളിച്ചുവളര്‍ന്നത്‌. പിന്നീട്‌ പടിപടിയായുര്‍ന്നാണ്‌ തോമസ്‌ കപ്പും ബ്രിട്ടീഷ്‌ ദേശീയ ചാമ്പ്യന്‍പട്ടവും കോമണ്‍വെല്‍ത്ത്‌ വെങ്കലമെഡലുമടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയത്‌.
ഒളിമ്പിക്‌സ്‌: ബാഡ്‌മിന്റണില്‍ ബ്രിട്ടനു വേണ്‌ടിയിറങ്ങുന്നത്‌ മലയാളിയായ രാജീവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക