Image

കേട്ടറിഞ്ഞ രാമായണം (രാമായണ ചിന്തകൾ-8-ഉമാ പട്ടേരി)

Published on 22 July, 2020
കേട്ടറിഞ്ഞ രാമായണം (രാമായണ ചിന്തകൾ-8-ഉമാ പട്ടേരി)
കുഞ്ഞുന്നാളുമുതൽ കേട്ടറിവുള്ള കഥകൾ മാത്രമാണ് എനിക്ക് രാമായണം... മലയാളിയാണ്.എന്നിട്ടും രാമായണം പൂർണ്ണമായും വായിക്കാൻ ഇതുവരെ ആയിട്ടില്ല.സമയവും സാഹചര്യവും ഒത്തുവരികയാണെങ്കിൽ ഇനിയും ജീവിതത്തിൽ സർവ്വേശ്വരൻ സമയം അനുവദിച്ചു തരികയാണെങ്കിൽ ഒരിക്കലെങ്കിലും രാമായണമെന്ന മഹാ ഗ്രന്ഥത്തെ അറിയണം . 

എന്നെ പോലെ ഇങ്ങനെ  ഒരുപാടു പേർ ഉണ്ടാവാം.ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറിയവർ.ജീവിതത്തിന്റെ തിരക്കുകളിൽ പെട്ടു ജീവിക്കാൻ തന്നെ മറന്നു പോയവർ.കർക്കിടകമെന്ന പഞ്ഞമാസത്തിലെ കഷ്ടതകളും ദുരിതങ്ങളുംമകറ്റി മനുഷ്യ മനസ്സ് ഭക്തി നിര്ഭരമാക്കാനായിരിക്കാം  ഈ ഒരു മാസം തന്നെ രാമായണ വായനയ്ക്ക് തിരഞ്ഞെടുത്തത്.

വീടുകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞു കത്തുന്ന നിലവിളക്കും ചന്ദത്തിരിയുടെയും കർപ്പൂരത്തിന്റെയും മനം കുളിർപ്പിക്കുന്ന സുഗന്ധവും ഒരിക്കൽ കൂടി ആ കുട്ടിക്കാലത്തേക്ക് ഞാൻ പൊയ്ക്കോട്ടേ.കുളിച്ചു കുറി തൊട്ടു കഴുകിയ വസ്ത്രവും ധരിച്ചു ഉമ്മറക്കോലായിൽ വന്നിരിക്കുന്ന അച്ഛമ്മ.ചുറ്റുവട്ടത്തുമുള്ള വീടുകളിലെ മുത്തശ്ശിമാരും മുത്തശ്ശന്മാരും മുതിർന്നവരും അവിടവിടെ ഓരോ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. 

മുറ്റത്തു ഒരു കുഞ്ഞു പന്തലും... വീടിനടുത്തു തന്നെയുള്ള പെരുമലയാനാണ് രാമായണം വായിക്കാൻ രാവിലെ വീട്ടിലെത്തുന്നത്... അദ്ദേഹത്തിന്റെ രാമായണ വായനയിൽ ഭക്തിയോടെ എല്ലാവരും കേട്ടിരിക്കുമ്പോൾ ഇടയ്ക്ക് വരുന്ന സാരാംശങ്ങൾ മാത്രമേ മനസ്സിൽ പതിഞ്ഞിട്ടുള്ളു.അയോധ്യയിലെ ദശരഥ രാമൻ ജനക പുത്രി സീതയെ വേൾക്കുന്ന കഥയാണ് ആദ്യം മനസ്സിൽ പതിഞ്ഞത്.വില്ലെടുത്തു കുലച്ചു സീതയെ സ്വന്തമാക്കുന്ന രാമനോട് എന്നും ആരാധന മാത്രം... 

വനവാസത്തിനു പോകാൻ കൈകേയി നിമിത്തമായെങ്കിലും കൂടേ പോകാൻ തയ്യാറായി നിൽക്കുന്ന സീതയെ പോലൊരു ഭാര്യ ആവണം എനിക്കും എന്നു ഞാനും മോഹിച്ചിരുന്നു. ജ്യേഷ്ഠനെ അനുഗമിക്കുന്ന സ്നേഹ സമ്പന്നനായ ഒരനിയന്റെ മുഖവും മനസ്സിൽ വന്നിട്ടുണ്ടാവണം ആ പിഞ്ചു ബാല്യത്തിൽ തന്നെ.ജ്യേഷ്ഠന്റെ സിംഹാസനത്തിൽ അഭിനിവേശമില്ലാത്ത വേറൊരു സഹോദരൻ കൂടി ഭരതൻ.രാജ്യം നഷ്ടപ്പെട്ടെങ്കിലും രാമൻ ഭാഗ്യവാൻ തന്നെ.രാമലക്ഷ്മണൻമാർക്ക് വനവാസകാലത്തു നേരിടേണ്ടിവന്ന കഷ്ടതകൾ കേട്ടപ്പോൾ കുഞ്ഞു മനസ്സ് തെല്ലൊന്ന് വേദനിച്ചു. ലക്ഷ്മണരേഖ മറികടന്ന സീത ദേവിയെ ശരിക്കും മനസ്സിൽ കണ്ടു. സ്വർണ്ണമാനിന്റെ ചന്ദത്തിൽ സീതാദേവിയെ പോലെ ഞാനും അന്ന് അതിനു പിറകെ പോയിരുന്നുവോ... പോയിട്ടുണ്ടാവണം... 

കുഞ്ഞു മനസ്സല്ലേ... രാവണ സ്പര്ശമേറ്റ സീതയുടെ ജ്വലിക്കുന്ന മുഖം... രാമപത്നിയെ രക്ഷിക്കാനാവാതെ ചിറകറ്റു വീണ ജടായു... താൻ പോകുന്ന വഴികൾ രാമലക്ഷ്മണന്മാർക്കു പിന്തുടരാൻ സ്വർണ്ണ വളകൾ അഴിച്ചെറിയുന്ന സീത ദേവിയുടെ കൂർമ്മ ബുദ്ധി... (ഇന്നു ആർക്കും ഇല്ലാത്തത് ) അറിയാതെ ഞാനും ഒരു കുഞ്ഞു സീതയാവുകയായിരുന്നോ ... 

ലങ്കയിലെത്തിയിട്ടും താൻ മോഹിച്ച പെണ്ണിനെ അവളുടെ അനുമതി ഇല്ലാതെ അവളുടെ ഉടലിൽ സ്പർശിക്കില്ലെന്ന രാവണമൊഴിയും നിശ്ചയദാർഢ്യവും കാത്തിരിപ്പും... അന്ന് രാവണനോട് ദേഷ്യം തോന്നിയെങ്കിലും ഇന്നു ബഹുമാനമാണ് ലങ്കേശ്വനോട്... അശോക വനത്തിലെത്തി സീത ദേവിയെ ആശ്വസിപ്പിക്കുകയും ലങ്കയെ ജ്വലിപ്പിക്കുകയും ചെയ്യുന്ന ഹനുമാന്റെ വികൃതികൾ... നല്ല രസം... സത്യം വിജയിക്കാൻ സ്വന്തം സഹോദരനെ ഒറ്റുകൊടുക്കുന്ന വിഭീഷണൻ... ഒടുവിൽ രാമ രാവണ യുദ്ധം വിജയിച്ചു. 

രാമൻ സീതയെ സ്വന്തമാക്കി കൊട്ടാരത്തിലെത്തി... പരീക്ഷണങ്ങൾ അവസാനിക്കാതെ പ്രജകൾക്ക് വേണ്ടി പത്നിയെ ഉപേക്ഷിക്കേണ്ടി വന്ന രാമനോട് ദേഷ്യവും ഒറ്റപ്പെട്ടുപോയ ഗർഭിണിയായ സീതയോടു സഹതാപവും തോന്നി കണ്ണ് നിറഞ്ഞിട്ടുണ്ടാവണം കുഞ്ഞു മനസ്സിൽ അന്ന്... പിൽക്കാലത്താണ് രാമന്റെ മനോവ്യഥ എന്തായിരിക്കുമെന്ന് ഓർക്കാനായത്... തന്റെ പത്നി പതിവ്രതയാണെന്നറിഞ്ഞു കൊണ്ടു പ്രജാക്ഷേമത്തിനു വേണ്ടി സ്വന്തം സുഖങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന രാമനോട് സീത ദേവിയെക്കാൾ പ്രിയം... 

രാമായണ വായന കഴിഞ്ഞു. എല്ലാവർക്കും വീട്ടിൽ സദ്യ.. വയറു നിറയെ ഭക്ഷണവും കഴിച്ചു നിറഞ്ഞ മനസ്സോടെ പെരുമലയന് ദക്ഷിണയും പുതു വസ്ത്രവും നൽകി സന്തോഷത്തോടെ എല്ലാവരും വീട്ടിലേക്കു മടങ്ങി.അടുത്ത രാമായണക്കാലം വരെ അയവിറക്കാനുള്ള രാമായണ ചിന്തകളുമായ്... ഇന്നും പഴയ ഓർമ്മകൾ മാത്രമായ് ഞാനും എന്റെ രാമായണ മാസവും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക