Image

ശ്രീമദ് വാൽമകി രാമായണം ഏഴാം ദിനം (ദുര്‍ഗ മനോജ്)

Published on 22 July, 2020
ശ്രീമദ് വാൽമകി രാമായണം ഏഴാം ദിനം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം ഇരുപത്തി ഏഴു മുതൽ നാൽപ്പത്തിമൂന്നു  സർഗം വരെ.
രാമലക്ഷ്മണന്മാരും സീതയും വനത്തിലേക്കു പുറപ്പെടുന്നതാണിന്നത്തെ പ്രതിപാദ്യം.

ഭർത്താവിനെ അച്ഛനെ കാണാൻ പോയ  കാത്തു നിന്ന സീതയുടെ അരികിലേക്കു രാമനെത്തി.ആ മുഖത്തെ ഭാവമാറ്റം കണ്ട സീത ചോദിച്ചു, എന്തു പറ്റി അങ്ങേക്ക്? മുഖം വാടിയിരിക്കുന്നു. അഭിഷേകം നടക്കുന്നതിൻ്റെ യാതൊരു സന്തോഷവും ഇപ്പോഴാ കണ്ണുകളിൽ കാണാനാകുന്നില്ല. എന്തോ അനർത്ഥം സംഭവിച്ചിരിക്കുന്നു. അങ്ങ് പറയൂ, എന്താണ് അച്ഛൻ പറഞ്ഞത്?

രാമൻ കാര്യങ്ങൾ വിശദീകരിച്ചു. കൈകേയിയുടെ ആവശ്യവും, അച്ഛൻ പണ്ടു നൽകിയ വരവും ഒക്കെ വിശദമായി പറഞ്ഞു. അച്ഛൻ്റെ വാക്ക് വെറുംവാക്കാകുവാൻ പാടില്ല. അതിൻ പ്രകാരം പ്രിയേ താനിന്നു തന്നെ ഭണ്ഡകാരണ്യത്തിലേക്കു യാത്രയാവുകയാണ്. പതിനാലു വർഷം വനവാസമാണ് എനിക്കു വിധിച്ചിരിക്കുന്നത്. നീ തളർന്നു പോകരുത്.
ഭരതൻ യുവരാജാവാകും. എൻ്റെ അഭാവത്തിൽ ഭരതനു മുന്നിൽ വെച്ച് എൻ്റെ ഹിതം പറയരുത്. അച്ഛനോടും അമ്മ കൗസല്യയോടും സ്നേഹത്തോടെ പെരുമാറണം.ഭരത ശത്രുഘ്നനന്മാരെ സോദരന്മാരെപ്പോലെയും പുത്രന്മാരെപ്പോലെയും കാണണം.ഭരതന് അപ്രിയം പ്രവർത്തിക്കരുത്.

ഇതൊക്കെ കേട്ടു സീത പറഞ്ഞു, സ്ത്രീകൾക്കു ഭർത്താവാണ് എല്ലാം. അങ്ങു വനത്തിലേക്കു പോവുകയാണെങ്കിൽ ഞാനും വരികയാണ് ഒപ്പം. ഭർത്താവിനൊപ്പമെങ്കിൽ നരകവും സ്വർഗമാണ്. ഇനി ഭർത്താവ് കൂടെ ഇല്ലെങ്കിൽ സ്വർഗവും നരക സമാനമാകും. അതിനാൽ അങ്ങയോടൊപ്പം പോരാൻ എന്നേയും അനുവദിക്കുക.

ഇതു കേട്ടു രാമൻ, വനവാസമെന്നാൽ ഒട്ടും എളുപ്പമുള്ള സംഗതിയല്ല എന്നു പറഞ്ഞു സീതയെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു.. സ്വയം ശേഖരിക്കുന്ന പൂക്കൾ കൊണ്ടു വേണം പൂജകൾ ചെയ്യുവാൻ. ആഹാരം കിട്ടുവാൻ പ്രയാസം. പാമ്പുകളും, ക്ഷുദ്രജീവികളും, വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിൽ നീ കഷ്ടത നേരിടേണ്ടി വരും. അതിനാൽ നീ ഇവിടെ തുടരുക. എന്നാൽ രാമൻ്റെ ആ വാക്കുകൾക്കു സീതയെ സമാധാനിപ്പിക്കുവാനായില്ല. സീത, കരഞ്ഞുകൊണ്ട് പറഞ്ഞു, അങ്ങു വേർപിരിഞ്ഞാൽ സീത പ്രാണൻ വെടിയും.അല്ലെങ്കിൽ അങ്ങയോടൊപ്പം ഞാനും വരും. അതിനനുവദിക്കുക. ഒടുവിൽ ഒന്നിനു മുന്നിലും സീത അഭിപ്രായം മാറ്റില്ലെന്നു കണ്ടു രാമൻ സീതയെ ഒപ്പം പോരാൻ അനുവദിച്ചു.

ഇതു കണ്ട ലക്ഷ്മണൻ, പൊടുന്നനെ രാമപാദത്തിൽ വീണ് താനും ഒപ്പം വരികയാണെന്നും തടയരുതെന്നും കേണു.
രാമൻ ലക്ഷ്മണനോട് തൻ്റെ അഭാവത്തിൽ കൗസല്യ അമ്മയും സുമിത്ര അമ്മയും തനിച്ചാകും.മറ്റാരുണ്ടവർക്ക് എന്നും ചോദിച്ചു.അതിനാൽ ലക്ഷ്മണൻ അവർക്കു താങ്ങായി നാട്ടിൽ തുടരേണ്ടതുണ്ടെന്നറിയിച്ചു.
എന്നാൽ ലക്ഷ്മണൻ കൂട്ടാക്കിയില്ല. ഒടുവിൽ ലക്ഷ്മണനും കാട്ടിൽ തന്നോടൊപ്പം പോരുവാൻ രാമൻ അനുവാദം നൽകി. പിന്നെ യാത്രക്കു മുൻപായി ദാനധർമ്മങ്ങൾ നടത്തുവാൻ സീതയോടും ലക്ഷ്മണനോടും പറഞ്ഞു. സീത തൻ്റെ ആഭരണങ്ങളപ്പാടെയും  സുയജ്ഞൻ എന്ന വിപ്രനു, അയാളുടെ ഭാര്യക്കണിയുവാൻ നൽകി.രാമനും ലക്ഷ്മണനും സ്വർണ്ണവും ഗോക്കളും ദാനമായി നൽകി.

സീതാസമേതം ദാനം ചെയ്ത ശേഷം, രാമലക്ഷ്മണന്മാർ അച്ഛനെ കാണുവാൻ പുറപ്പെട്ടു. രാമൻ്റെ വനയാത്രാ വാർത്തയറിഞ്ഞ ജനങ്ങൾ ദുഃഖാർത്തരായി മാളികമുകളിലും പാതയോരങ്ങളിലും തിങ്ങിനിറഞ്ഞു. ചിലർ പറഞ്ഞു രാമനില്ലാത്ത അയോധ്യയാണു ആരണ്യകം. നമുക്കു രാമനെ പിന്തുടരാം.
ജനങ്ങളുടെ ഇത്തരം വാക്കുകൾ കേട്ടിട്ടും, കേൾക്കാത്ത മട്ടിൽ രാമൻ നടന്നു.

താൻ വന്നിരിക്കുന്നതായി പിതാവിനെ അറിയിക്കുവാൻ ആവശ്യപ്പെട്ടു . അവിടെ രാഹു ഗ്രസിച്ച സൂര്യനെപ്പോലെ, ചാരം മൂടിയ കനൽ പോലെ, നീർ വറ്റിയ പൊയ്ക പോലെ ദശരഥൻ കിടക്കുന്നു. അദ്ദേഹത്തോട് രാമൻ, അനുവാദത്തിനായി കാത്തു നിൽക്കുന്നുവെന്നറിയിച്ചു.

രാജാവ് പറഞ്ഞു, സുമന്ത്രാ, എൻ്റെ  മുന്നൂറ്റി അമ്പതു ഭാര്യമാരേയും ഇവിടേക്കു വിളിക്കുക എല്ലാ ഭാര്യമാരുമൊരുമിച്ചു രാമനെക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ധന്യ വ്രതകളായ എല്ലാ ഭാര്യമാരും കരഞ്ഞു കലങ്ങിയ കണ്ണുമായി എത്തിച്ചേർന്നു.എല്ലാവരും എത്തിയതോടെ രാമനു അകത്തേക്കു വരുവാൻ അനുമതി നൽകി.

രാമൻ, സീതയോടും ലക്ഷ്മണനോടുമൊപ്പം കാട്ടിലേക്കു പോവുകയാണന്നു ദശരഥനെ അറിയിച്ചു. അതു കേട്ട്, ആർത്തു കരഞ്ഞ  ദശരഥൻ, രാമനോട് തന്നെ കൊന്നിട്ടോ തുറുങ്കിലടച്ചിട്ടോ രാജ്യഭാരം ഏൽക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ രാമൻ തെല്ലും കുലുങ്ങിയില്ല. അച്ഛൻ്റെ വാക്കുപാലിക്കാതിരിക്കില്ല എന്നു നിശ്ചയിച്ച രാമനെ പിന്തിരിപ്പിക്കാൻ ഒന്നിനുമായില്ല.


ഇത്രയുമായപ്പോൾ തേരാളി സുമന്ത്രർ, ഇതിനൊക്കെ കാരണക്കാരിയായ കൈകേയിയോടു പൊട്ടിത്തെറിച്ചു. നീ തള്ളക്കൊത്ത പിള്ള തന്നെയെന്നാണ് സുമന്ത്രർ പറഞ്ഞത്.കാരണം, കൈകേയിയുടെ അമ്മയും ദുർവാശിക്കാരി ആയിരുന്നു. ആ കഥ സുമന്ത്രർ ഏവരും കേൾക്കേ വിശദീകരിച്ചു. പണ്ട് കേകയ രാജാവിന് ഒരു വരദനായ ആൾ സർവ്വപ്രാണികളുടേയും ഭാഷ പറഞ്ഞു കൊടുത്തു. ഒരിക്കൽ രണ്ടു കിളികൾ തമ്മിൽ സംസാരിക്കുന്നതു കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. കൈകേയിയുടെ അമ്മ, ആ ചിരിയുടെ കാരണമറിയാൻ വാശി പിടിച്ചു.അപ്പോൾ രാജാവു പറഞ്ഞു, ആ രഹസ്യം പറഞ്ഞാൽ ഞാൻ മരിക്കും ഈ നിമിഷം. അതു കൊണ്ടു നീ വാശി പിടിക്കരുത്. എന്നാൽ  പത്നി അതു കേട്ടു തെല്ലും കുലുങ്ങാതെ കാരണം പറയണമെന്ന് വീണ്ടും വാശി പിടിച്ചു.. എന്നാൽ അദ്ദേഹം അവളുടെ വാക്കുകൾ പരിഗണിച്ചതേ ഇല്ല. അതിനാൽ അദ്ദേഹം നീണ്ട നാൾ ഭരണത്തിൽ തുടരുന്നു. ആ അമ്മയുടെ മകളാണ് കൈകേയി. അതിനാൽ വാശിക്കാരിയായ കൈകേയിയുടെ വാക്കുകൾ തള്ളിക്കളഞ്ഞ്, രാമൻ യുവരാജാവാകണം.
എന്നാലതൊന്നും കൈകേയിയെ തളർത്തിയില്ല. അവൾ രാമനെ പണ്ടു ?സഗരൻ, കുഞ്ഞുങ്ങളെ പുഴയിൽ എറിഞ്ഞു തള്ളിയതിന് നാടുകടത്തിയ പുത്രൻ അസമഞ്ജനെപ്പോലെ രാമനേയും നാടുകടത്തുക എന്നാണ് പറഞ്ഞത്. അതുകേട്ടു സിദ്ധാർത്ഥനെന്ന വിപ്രൻ പറഞ്ഞു, നീ എന്ത് അബദ്ധമാണു പറയുന്നത്? രാമൻ എന്തു തെറ്റു ചെയ്തു? അസമഞ്ജൻ പാപിയായിരുന്നു.രാമനോ?
അതു കേട്ടു ദശരഥനും കൈകേയിയോട് ഈ ആവശ്യത്തിൽ നിന്നു പിന്തിരിയാൻ അപേക്ഷിച്ചു. അവൾ തെല്ലും കുലുങ്ങിയില്ല.

ഇതൊക്കെ കേട്ടു രാമൻ പറഞ്ഞു, കാട്ടിലേക്കു പോകുമ്പോൾ പട്ടുവസ്ത്രങ്ങൾ ആവശ്യമില്ല. ഞങ്ങൾക്കു വത്ക്കലം തരൂ എന്ന്. അതു കേട്ടതും കൈകേയി മൂവർക്കുമുള്ള വത്ക്കലവുമായി എത്തി.
രാമൻ വത്ക്കലം ധരിച്ചു. സീത അത് എങ്ങനെ ധരിക്കണമെന്നുഴറിയപ്പോൾ രാമൻ വസ്ത്രത്തിനു മേൽ വത്ക്കലം ചുറ്റി നൽകി.എന്നാൽ വസിഷ്ഠൻ ഇടപെട്ട്, സീത അത് ധരിക്കേണ്ടതില്ലെന്ന് അറിയിച്ചു.

പോകാൻ തയ്യാറായ സീതയോടു കൗസല്യ അരികെ വിളിച്ച് സദുപദേശം നൽകി. സീത അതൊക്കെ പാലിച്ച്, ഭർത്താവിനൊപ്പം കഴിഞ്ഞു കൊള്ളാമെന്ന് വാക്കു നൽകി.

അങ്ങനെ മൂവരും കൊട്ടാര മുപേക്ഷിച്ചു.തേരിൽ നഗരാതിർത്തി കടത്തിത്തരുവാൻ സുമന്ത്രരോട് ആവശ്യപ്പെട്ടു.രാമനു പിന്നാലെ ജനങ്ങളും കാട്ടിലേക്ക് ഇറങ്ങിത്തിരിച്ചു.രഥത്തിനു വേഗം കൂട്ടുവാൻ രാമൻ ആവശ്യപ്പെട്ടു.

രാമനില്ലാത്ത അയോധ്യയിൽ വീടുകളിൽ ആരും ഭക്ഷണം വച്ചില്ല, മൃഗങ്ങൾപോലും ഭക്ഷണം സ്വീകരിച്ചില്ല. നക്ഷത്രങ്ങളുടെ തിളക്കം പോയി.ദിക്കുകളൊക്കെ അഴലിലാണ്ടു. അയോധ്യ ശോകമൂകമായി.
രാമൻ പോയതോടെ കുടില ബുദ്ധിയായ
കൈകേയിയുടെ മുഖമിനിയും കാണാനാകില്ലെന്നു പറഞ്ഞ ദശരഥനെ പരിചാരകർ കൗസല്യാദേവിയുടെ അന്തഃപുരത്തിലെത്തിച്ചു.

ഇത്രയും വായിച്ചവസാനിപ്പിക്കുമ്പോൾ ഒരു നോവും ചിത്രമായി മാറുന്നു ദശരഥൻ. കാമത്തിൻ്റെ ഇരയാണ് അദ്ദേഹം. ഭാര്യമാരിൽ കൗസല്യയെ കൈകേയിയുടെ പ്രീതിക്കുവേണ്ടി അവഗണിച്ചതും, അതുമൂലം കൗസല്യ അനുഭവിച്ച വിഷമങ്ങളെക്കുറിച്ചും ദശരഥൻ ബോധവാനാകുന്നത് ഈ ഘട്ടത്തിലാണ്.

അച്ഛൻ്റെ വാക്കുപാലിക്കുവാൻ ഇറങ്ങിത്തിരിക്കുന്ന രാമനൊപ്പം രണ്ടു പേർ, സീതയും ലക്ഷ്മണനും, രാമനോടുള്ള സ്നേഹമൊന്നുമാത്രം മുൻനിർത്തി വനയാത്രക്കൊരുങ്ങുന്നു. ഭർത്താവെന്നും, ജേഷ്ഠനെന്നുമുള്ള അവരുടെ ചിന്ത എത്ര മഹത്വമായെതെന്നു നിസ്സംശയം പറയാം.
അങ്ങനെ
രാമായണം ഏഴാം ദിനം സമാപിച്ചു.
Join WhatsApp News
രാജു തോമസ് 2020-07-22 11:23:29
വളരെ നന്ദിയുണ്ട്. അദ്ധ്യാത്മരാമായണത്തിലെപ്പോലായിരുന്നു ഇതുവരെ. എന്നാൽ, ലക്ഷമണൻ ശ്രീരാമൻറെകൂടെപ്പോകുന്നത് തന്റെ ഇച്ഛപ്രകാരമല്ലല്ലൊ, വിശ്വാമിത്രൻ അങ്ങനെ ആവശ്യപ്പെട്ടതുകൊണ്ടല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക