Image

സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)

Published on 21 July, 2020
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)
ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22-ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍' എന്ന തലക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ എഴുതിയ ഒന്നാം ഭാഗത്തിന്റെ ബാക്കി പൂര്‍ത്തീകരിക്കാന്‍ സാഹിത്യലോകത്ത് അറിയപ്പെടുന്ന സാഹിത്യകാരന്മാരായ ശ്രീ സുധീര്‍ പണിക്കവീട്ടില്‍, തോമസ് ഫിലിപ്പ് റാന്നി തുടങ്ങിയവര്‍ ഒരു സാഹിത്യകാരനെന്ന പദവിയിലെത്താത്ത എന്നെ പലപ്പോഴും ഫോണില്‍ വിളിച്ച് നിര്‍ബദ്ധിക്കുകയുണ്ടായി. അവരുടെ നിര്‍ബന്ധത്തെ മാനിക്കുന്നതോടൊപ്പം തന്നെ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സ്വാമി ഭുവ എന്ന ദിവ്യപുരുഷനെ സ്മരിക്കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു.

കൊറോണ വൈറസ് (കോവിഡ് 19) ലോകമാസകലമുള്ള മനുഷ്യരാശിയെ മുഴുവന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കു
ന്ന ഈ അവസരത്തില്‍ ശാസ്ത്രലോകം വരെ അതിനെ പ്രതിരോധിക്കാന്‍ പരാജയപ്പെട്ടു എന്നുവേണം പറയാന്‍. കാരണം തുടക്കത്തില്‍ ഒറ്റമാസംകൊണ്ട് ന്യൂയോര്‍ക്കില്‍ തന്നെ പതിനായിരങ്ങള്‍ കോവിഡ് -19-ന്റെ പടിയില്‍പ്പെട്ട് അകാല മൃത്യുവിന് ഇരയായതായി എന്നു നാം കണ്ടുകഴിഞ്ഞു. ന്യൂക്ലിയര്‍ ആക്രമണത്തെ വരെ നേരിടാന്‍ കഴിവുണ്ടെന്ന് അഭിമാനിക്കുന്നവരാണല്ലോ ന്യൂയോര്‍ക്കിലെ ഭരണവര്‍ഗ്ഗം. പക്ഷെ, ചെറിയൊരു കോവിഡ് വന്നിട്ട് അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നും, ഈ അവസരത്തില്‍ യോഗയിലൂടെ കോവിഡിനേക്കാള്‍ മാരകമായിരുന്ന നിരവധി മഹാമാരികളെ അതിജീവിച്ച് 122 വയസ്സുവരെ ജീവിച്ച് യോഗ വിധിപ്രകാരം സമാധിയടഞ്ഞ സ്വാമി ഭുവയെപ്പറ്റി എഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി എനിക്കു തോന്നുന്നു.

സ്വാമി ഭുവയ്ക്ക് ഇത്രമാത്രം പ്രാധാന്യം കൊടുക്കാന്‍ എന്താണ് കാരണമെന്ന് ആദ്യമായി സൂചിപ്പിച്ചുകൊള്ളട്ടെ. 2014 നവംബര്‍ മാസത്തില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടത്തിയ യോഗാ റിസര്‍ച്ച് സൊസൈറ്റിയുടെ (വൈ.ആര്‍.എസ്) നാല്‍പ്പതാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. സ്വാമി ഭുവയുടെ ആദ്യകാല ഗുരു ആയിരുന്ന പൂനെയിലെ ലോണാവാലയിലുള്ള കൈവല്യധാമിന്റെ സ്ഥാപകനായ സ്വാമി കൂവളായാനന്ദ സ്ഥാപിച്ച സ്വാമി കൂവളയാനന്ദ യോഗാ ഫൗണ്ടേഷന്റെ (എസ്.കെ.വൈ) ഡയറക്ടറും എസ്.കെ (സ്വാമിയുടെ ചുരുക്കപേര്) യുടെ ശിഷ്യനും, യോഗാ റിസേര്‍ച്ച് സൊസൈറ്റിയുടെ പ്രസിഡന്റുമായ ഡോ. വിജയേന്ദ്ര പ്രതാപ് പ്രസ്തുത കോണ്‍ഫറന്‍സില്‍ പരമ്പരാഗത യോഗാ പോസുകളെപ്പറ്റിയും, ബ്രീത്തിംഗ് ടെക്‌നിക്കുകളെപ്പറ്റിയും, റിലാക്‌സേഷന്‍, മെഡിറ്റേഷന്‍ എന്നിവയെപ്പറ്റിയും വിദഗ്ധമായ രീതിയില്‍ അന്നു ക്ലാസുകള്‍ എടുക്കുകയുണ്ടായി.

കോണ്‍ഫറന്‍സിന്റെ തുടക്കത്തില്‍ ഡോ. വിജയേന്ദ്രപ്രതാപ് എന്നെ അഭിസംബോധന ചെയ്യുകയും എങ്ങനെയാണ് ഞാന്‍ സ്വാമി ഭുവയുടെ സ്‌നേഹിതനായിത്തീര്‍ന്നതെന്ന് ആരായുകയും ചെയ്തു. സ്വാമി ഭുവ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ അപൂര്‍വ്വം ചില യോഗാ പോസുകള്‍ ശാസ്ത്രജ്ഞന്മാരുടേയും മെഡിക്കല്‍ ഡോക്ടര്‍മാരുടേയും മുന്നില്‍ കാണിക്കുന്നതിനുവേണ്ടി ഡോ. വിജയേന്ദ്രപ്രതാപിന്റെ ക്ഷണപ്രകാരം വൈ.ആര്‍.എസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നുള്ള വിവരം അപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. ഡോ. വിജയേന്ദ്രപ്രതാപ് ഇന്നു ജീവിച്ചിരിക്കുന്ന അറിയപ്പെടുന്ന ഒരു യോഗാ ശാസ്ത്രജ്ഞന്‍ കൂടിയാണ്. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിയും.

ഹഠയോഗയുടെ പ്രധാന്യം ശാസ്ത്രലോകത്തിനും മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കും വെളിപ്പെടുത്തിക്കൊടുത്ത ഐതിഹാസിക യോഗാഭ്യാസി ആയിരുന്നു സ്വാമി ഭുവ എന്നുള്ള കാര്യം വിജയേന്ദ്ര പറഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് ശരിക്കും ബോധ്യമായത്. ഡോ. വിജയേന്ദ്രപ്രതാപ് പോലും സ്വാമി ഭുവയെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഹഠയോഗിയായി കരുതുന്നു. അത്രയും പ്രസിദ്ധനായ ഒരു ഹഠയോഗിയോടൊപ്പം ഏതാനും ദിനങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് ഒരു വലിയ നിമിത്തമായി ഞാന്‍ കരുതുന്നു.

അടുത്തതായി സ്വാമി ഭുവയോടൊപ്പമുള്ള എന്റെ കനേഡിയന്‍ യാത്രയുടെ രണ്ടാം ഭാഗത്തിലേക്ക് കടക്കട്ടെ. അദ്ദേഹത്തോടൊപ്പം ഏതാനും ദിനങ്ങള്‍ മാത്രമേ ഞാന്‍ ചിലവഴിച്ചിട്ടുള്ളുവെങ്കിലും ആദിനങ്ങള്‍ ഏതാനും .യുഗങ്ങളില്‍ അനേക വര്‍ഷം ജീവിച്ചതുപോലുള്ള ഒരു പ്രതീതി എനിക്കുണ്ടായി. സ്വാമി ഭുവയുടെ ഏറ്റവും ഇളയ പുത്രി പ്രേമലതയും അവരുടെ ഭര്‍ത്താവ് രാജാറാമുമാണ് മിക്ക കാര്യങ്ങളും എന്നോട് പങ്കുവച്ചത്.

അന്നത്തെ യാത്രയില്‍ സ്വാമി ഭുവയുടെ ജനനം മുതലുള്ള കാര്യങ്ങളെല്ലാം രാജാറാമും പ്രേമലതയും എന്നോടു പങ്കുവച്ചു. ജനിച്ചപ്പോള്‍തന്നെ പോളിയോ ബാധിച്ച കുട്ടി ജീവിച്ചിരിക്കില്ലെന്ന് ആ നാട്ടിലെ ഭിഷഗ്വരന്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ കുട്ടിയെ ചിതയില്‍ വച്ചതും, ഒരു സന്യാസി കുട്ടിയെ ചിതയില്‍ നിന്നും എടുത്തുകൊണ്ടുപോയി രക്ഷപെടുത്തിയതുമെല്ലാം ഇന്നും ഞാനോര്‍ക്കുന്നു. യോഗവിദ്യയിലൂടെയായിരുന്നു ചെറുപ്പം മുതല്‍ക്കെ സ്വാമി ഭുവയുടെ പ്രയാണം.

ശാസ്ത്രീയ യോഗയുടെ പിതാവ് എന്നറിയപ്പെടുന്ന കൂവളായാനന്ദ സ്വമിയുടെ അടുക്കല്‍ സ്വാമി എത്തുന്നത് 17 വയസുള്ളപ്പോഴാണ്. ചരിത്ര രേഖകള്‍ അനുസരിച്ച് സ്വാമി കൂവളായാനന്ദ 1883-ല്‍ ജനിച്ച് 1966-ല്‍ 83-മത്തെ വയസില്‍ സമാധിയായി. സ്വാമി ഭുവയുടെ ജനനം 1888 -ല്‍ ആണെന്നു കരുതപ്പെടുന്നു.

എസ്.കെ വിദ്യാസമ്പന്നനും, യോഗയെപ്പറ്റി ശാസ്ത്രീയമായി റിസര്‍ച്ച് നടത്തി ഇന്ത്യാ ഗവണ്‍മെന്റിന്റേയും മറ്റു ലോക ഗവണ്‍മെന്റുകളുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ആളുമായിരുന്നു. ഗാന്ധിജിയുടേയും ജവഹര്‍ലാന്‍ നെഹ്‌റുവിന്റേയും വളരെ അടുത്ത സുഹൃത്തായിരുന്നു എസ്. കെ. എന്ന് അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ അക്കാലത്ത് ഇന്ത്യയിലെ അസാമാന്യ കഴിവുകളുണ്ടായിരുന്ന കായികാഭ്യാസികളേയും, യോഗാഭ്യാസികളേയും എസ്.കെ പരീക്ഷണവിധേയരാക്കിയിരുന്നതായും സ്വാമി ഭുവ എന്നോടു പറഞ്ഞു. എസ്.കെ.യുടെ പരീക്ഷണങ്ങള്‍ നേരിട്ടുകാണാന്‍ നെഹ്‌റു പലപ്പോഴും എത്തിയിരുന്നതായും സ്വാമി ഭുവ എന്നോടു പറഞ്ഞു.

യോഗ പഠിപ്പിക്കുന്നതിനേക്കാള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനാണ് എസ്.കെ കൂടുതല്‍ ശ്രദ്ധ വച്ചിരുന്നതെന്നും സ്വാമി ഭുവ സൂചിപ്പിച്ചു. എസ്.കെ ഗുസ്തി, കളരിപ്പയറ്റ് എന്നീ ആയോധന കലകള്‍ക്കും മുന്‍തൂക്കം നല്‍കിയിരുന്നുവത്രേ. ഒടുവില്‍ സ്വാമി ഭുവ അറിയപ്പെടുന്ന ഒരു ഗുസ്തിക്കാരനായിത്തീര്‍ന്നു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും അറിയപ്പെട്ടിരുന്ന സമകാലികരായ രണ്ട് ഗുസ്തി ചാമ്പ്യന്‍മാരെ സ്വാമി ഭുവ പരാജയപ്പെടുത്തിയ കാര്യം സ്വാമിയുടെ ഇളയ പുത്രി പ്രേമലത പറഞ്ഞപ്പോള്‍ സമാധിയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്ന ആ വന്ദ്യ വയോധികന്‍ ഒരിക്കല്‍ക്കൂടി താന്‍ ശക്തനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുവാനെന്നോണം താന്‍ ഇരുന്ന കസേരയില്‍ ഇരുന്നുകൊണ്ട് തന്റെ ഇരു മുഷ്ടികളും ചുരുട്ടിപ്പിടിച്ച് തന്റെ കായികശക്തി പ്രകടിപ്പിക്കുകയുണ്ടായി. ആ അവസരത്തില്‍ ഞങ്ങള്‍ താമസിച്ചിരുന്ന കാനഡയിലെ ദി ആല്‍ബര്‍ട്ട് ഓഫ് ബേ സ്യൂട്ട് ഹോട്ടലില്‍ വച്ചെടുത്ത ഒരു അപൂര്‍വ്വ ചിത്രം സ്വാമി ഭുവയുടെ അനുസ്മരണാര്‍ത്ഥം ഞാന്‍ ഈ ലേഖനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.

സ്വാമി ഭുവയുടെ കൈവിരലില്‍ ശ്രദ്ധിച്ചാല്‍ ഒരു മോതിരം കാണാന്‍ കഴിയും. പ്രസ്തുത മോതിരം അദ്ദേഹത്തിന് പുട്ടവര്‍ത്തിയിലെ സത്യസായി ബാബ നല്‍കിയതാണെന്നും, 1956-ല്‍ സത്യസായി ബാബയുടെ യോഗാ പരിശീലകനായും കുറെക്കാലം അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അതിഥിയായി കഴിഞ്ഞ കാര്യവും പ്രേമലത എന്നോടു പറഞ്ഞു.

1919 ഏപ്രിലില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി അമൃത് സറിലെ ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല നടത്തുകയുണ്ടായി. അതിനു കാരണക്കാരായ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി നെഹ്‌റുവും ഗാന്ധിജിയും സഹകരിച്ചു പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ സ്വാമി ഭുവ അവരുമായി ബന്ധമുണ്ടായിരുന്ന കൂവളായനന്ദ സ്വാമിയുമായുള്ള ബന്ധം വിഛേദിച്ചുവത്രേ. പിന്നീട് പരമോന്നത സ്ഥാനീയനായ സ്വാമി ശിവാനന്ദയുടെ ഹിമാലയത്തിലുള്ള ഋഷികേശിലേക്ക് താമസം മാറ്റുകയും സ്വാമി ശിവാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച് ഹഠയോഗയിലെ ഏറ്റവും വലിയ പദവിയായ "യോഗീരാജ്' എന്ന പദവി സ്വാമി ശിവാനന്ദയില്‍ നിന്നു നേരിട്ടു വാങ്ങുകയും ചെയ്തുവത്രേ. സ്വാമി ശിവാനന്ദയുടെ നിര്‍ദേശപ്രകാരമാണ് വാസ്തവത്തില്‍ സമുദ്രങ്ങള്‍ കടന്ന് യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമെല്ലാം എത്തി ഹഠയോഗയുടെ വിത്തുകള്‍ പാകിയത്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുന്ന കാലത്ത് ലോകമെമ്പാടുമുള്ള കരുത്തുറ്റ യുവാക്കള്‍ വിപ്ലവ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയപ്പോള്‍ സ്വാമി ഭുവ ഹഠയോഗയിലൂടെ ശരീരത്തേയും മനസിനേയും നിയന്ത്രിച്ച് ലോകത്താകമാനം സമാധാനവും ശാന്തിയും കൈവരിക്കാന്‍ കഴിയുമെന്നും, അതോടൊപ്പം ആരോഗ്യം പരിപാലിക്കാന്‍ കഴിയുമെന്നും മനസിലാക്കിയിരുന്നു. വാസ്തവത്തില്‍ ആ ദൗത്യമാണ് സ്വാമി ഭുവ ശിവാനന്ദ സ്വാമിയില്‍ നിന്നും ഏറ്റെടുത്തത്. തന്റെ ദൗത്യം പരമാവധി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നുതന്നെ പറയാം.

ഹിന്ദു സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു പുണ്യജീവിതം നയിച്ച് തന്റെ ഇഹലോകവാസത്തിലെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്നും, താമസിയാതെ 2010 ഏപ്രില്‍ മാസം തന്റെ ശിഷ്യ ഗണങ്ങളുടേയും, ബന്ധുമിത്രാദികളുടേയും ഇഷ്ടപ്രകാരം ഹിന്ദുമാതാചാര പ്രകാരമുള്ള പാദപൂജയും കഴിച്ച് സ്വന്തം ജന്മഭൂമിയായ ഇന്ത്യയില്‍ പോയി സമാധിയടയുകയാണ് തന്റെ ലക്ഷ്യമെന്നും സ്വാമിജി വെളിപ്പെടുത്തി.

സ്വാമി ഭുവയില്‍ നിന്നും നിരവധി കാര്യങ്ങള്‍ എനിക്ക് മനസിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. ഹഠയോഗയുടെ കാര്യത്തില്‍ സ്വാമി ഭുവയോളം അനുഭവജ്ഞാനമുള്ള മറ്റൊരാള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അനുഭവ ജ്ഞാനമാണല്ലോ ജീവിതത്തില്‍ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ജ്ഞാനം.

പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനു ഉണ്ടായിരുന്നുള്ളൂ എങ്കില്‍ കൂടി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക് എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു.

തന്റെ ഇളയ മകളേയും അവരുടെ മകളേയും അദ്ദേഹം വളരെയധികം സ്‌നേഹിച്ചിരുന്നു എന്നു മനസിലാക്കാന്‍ കഴിഞ്ഞു. സ്വാമിക്ക് കുതിര സവാരിയില്‍ വലിയ ഹരം ആയിരുന്നുവെന്നും, ഒരുകാലത്ത് ഹിമാലയസാനുക്കളില്‍ കൂടി കുതിര സവാരി നടത്തിയ കാര്യവും, പില്‍ക്കാലത്ത് മന്‍ഹാട്ടനില്‍ താമസിക്കുന്ന കാലത്ത് കുറെക്കാലം സ്വന്തമായി വാങ്ങിയ കുതിര വണ്ടിയില്‍ യാത്രക്കാരെ കയറ്റി ഉപജീവനം നടത്തിയിരുന്ന കാര്യവും പ്രേമലത പറഞ്ഞു. സ്വാമിജിയെ പോലെ തന്നെ പ്രേമലതയും കുതിര സവാരിയില്‍ അഗ്രഗണ്യയായിരുന്നുവത്രേ. സാധാരണ ഇന്ത്യന്‍ സ്ത്രീകളില്‍ കാണാന്‍ കഴിയാത്ത ഒരു പ്രത്യേക കഴിവാണല്ലോ കുതിര സവാരി എന്നും ഞാനോര്‍ത്തു. സംഗീതത്തിലും അവര്‍ മിടുക്കിയായിരുന്നുവെന്നും, സംഗീതത്തിന് തന്റെ കുട്ടിക്കാലത്ത് നെഹ്‌റുവില്‍ നിന്നും പലപ്പോഴും അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള കാര്യവും അവര്‍ പറഞ്ഞു.

ആത്മീയാചാര്യന്മാരായ രമണ മഹര്‍ഷി, ശ്രീ അരബിന്ദോഘോഷ്, ഹവായിയിലെ കവായ് അധീനം ടെമ്പിളിലെ ശ്രീ ശ്രീ ശിവായ സുബ്രമുനിയ സ്വാമി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, ഇറാനിലെ ഷാ എന്നിവരുമായെല്ലാം വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു സ്വാമി ഭുവ എന്നോര്‍ക്കുമ്പോള്‍ പലര്‍ക്കും അതിശയോക്തി തോന്നിയേക്കാം. ഇറാനിലെ ഷായുടെ ക്ഷണപ്രകാരം ഏതാനും വര്‍ഷങ്ങള്‍ ഇറാനിലും സ്വാമിജി ചെലവഴിച്ചതായും, ഇറാനിലെ ഷാ അമേരിക്കയിലേക്ക് താമസം മാറ്റിയപ്പോള്‍ അക്കൂടെ സ്വാമിജിയേയും കൊണ്ടുവരുകയാണുണ്ടായത്.

1971-ല്‍ സ്വാമി ഭുവ തന്റെ ശിഷ്യഗണങ്ങളുടെ സഹായത്തോടെ ഇന്‍ഡോ - അമേരിക്കന്‍ യോഗ വേദാന്ത സൊസൈറ്റി എന്ന പേരില്‍ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കി യോഗയില്‍ താത്പര്യമുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങി. തന്റെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പഠിക്കാന്‍ വരുന്നവര്‍ ദക്ഷിണയായി കൊടുക്കുന്ന പണം കൊണ്ടാണ് അദ്ദേഹം ഉപജീവനം കഴിച്ചിരുന്നത്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വരുന്നവര്‍ക്ക് അദ്ദേഹം തയാറാക്കിയ ഭക്ഷണം നല്‍കി സത്കരിക്കുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നുവത്രേ. ഇന്ന് അമേരിക്കയില്‍ അറിയപ്പെടുന്ന പല യോഗാ പ്രസ്ഥാനങ്ങളുടേയും സ്വാപകര്‍ സ്വാമി ഭുവയുടെ ശിഷ്യഗണത്തില്‍പ്പെട്ടവരാണെന്ന് കാണാം.

2007-ല്‍ അദ്ദേഹത്തിന് ഏറെക്കുറെ 120 വയസ്സോടടുത്തപ്പോള്‍ അപ്രതീക്ഷിതമായി രണ്ട് അക്രമികള്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കടന്നുകയറി അദ്ദേഹത്തെ ആക്രമിക്കുകയുണ്ടായി. പ്രസ്തുത ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുന്‍നിരയിലെ മൂന്നു പല്ലുകള്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവില്‍ അക്രമികളെ അദ്ദേഹം ശാന്തരാക്കി മാറ്റി താന്‍ പാകം ചെയ്ത് ഭക്ഷണം നല്‍കി സത്കരിച്ചുവിട്ട കാര്യവും മകള്‍ പ്രേമലത പറഞ്ഞുകേള്‍പ്പിച്ചു.

നിരവധി കാര്യങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ എന്നോട് ഒരു ക്യാമറ കിട്ടിയിരുന്നുവെങ്കില്‍ സ്വാമിജിയുടെ വീഡിയോ എടുക്കാമായിരുന്നു എന്നു പറഞ്ഞു. ഇതുകേട്ട സ്വാമിജി കുമണന്‍ എന്ന രാജാവ് കാട്ടില്‍ അഭയംതേടിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വന്ന കവിയോട് പറഞ്ഞ ഒരു പാട്ട് തമിഴില്‍ ചൊല്ലി മകളെ ശകാരിച്ചു. മകള്‍ സ്വാമിജിയുടെ അവസാനകാലത്ത് അദ്ദേഹത്തിന്റെ പാജപൂജ നടത്തിയശേഷം സ്വാമിജിയുടെ പ്ലാന്‍ അനുസരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെ വന്നതായിരുന്നു. തമിഴ് അറിഞ്ഞുകൂടാത്ത ഞാന്‍ രാജാറാമിനോട് പാട്ടിന്റെ സാരം എന്താണെന്ന് ചോദിച്ചു മനസിലാക്കി. "എന്റെ തലയെടുത്ത് തമ്പിക്ക് കൊണ്ടുപോയി കൊടുത്ത് പ്രതിഫലം വാങ്ങുക' എന്നതായിരുന്നു പാട്ടിന്റെ സാരം. ചുരുക്കത്തില്‍ മക്കളായാലും അന്യരോട് ഒന്നും ഇരന്നുവാങ്ങരുതെന്ന് ചുരുക്കം. കുമണന്‍ എന്ന രാജാവിനെപ്പറ്റി അറിയണമെങ്കില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയും എന്നതിനാല്‍ ഞാനാഭാഗത്തേക്ക് കടക്കുന്നില്ല.

ഇതിനിടെ പ്രേമലത എന്തു ജോലിയാണ് ചെയ്തിരുന്നതെന്ന് ഞാന്‍ അന്വേഷിച്ചു. തന്നെ പഠിപ്പിക്കാന്‍ അപ്പാ എന്നു വിളിക്കുന്ന സ്വാമി പരമാവധി സഹായിച്ചതായും ഇന്ത്യയില്‍ നിന്നും എം.എ ലിറ്ററേച്ചര്‍ ഇംഗ്ലീഷ് ഐശ്ചികവിഷയമായെടുത്തശേഷം ഫ്രാന്‍സില്‍ ഉപരിപഠനത്തിനു വിട്ടുവെന്നും, ഫ്രഞ്ച് ഭാഷ പഠിച്ച് ഫ്രാന്‍സിലെ എംബസിയില്‍ ഫ്രഞ്ച് ട്രാന്‍സലേറ്റര്‍ ആയി ജോലി നോക്കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രേമലതയുടെ ഭര്‍ത്താവ് രാജാറാമിന്റേയും വിവരങ്ങള്‍ ഞാന്‍ തിരക്കി. രാജാറാം ജനിച്ചത് തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത ഒരു ഗ്രാമത്തില്‍ ആയിരുന്നുവെന്നും, അദ്ദേഹത്തിന്റെ പിതാവ് ഒരു സ്കൂള്‍ അദ്ധ്യാപകനായിരുന്നുവെന്നും പേര് മഹാദേവന്‍ എന്നും, മാതാവിന്റെ പേര് കാന്തിമതി എന്നുമായിരുന്നു. രാജാറാമിനു 3 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. സ്കൂള്‍ വിദ്യാഭ്യാസം മദ്രാസില്‍ പൂര്‍ത്തിയാക്കിയശേഷം ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത് ബാംഗ്ലൂരില്‍ ഭാരത് ഇലക്‌ട്രോണിക്‌സില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ച് ഡപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു.

രാജാറാമിന്റെ പിതാവ് മലയാളത്തില്‍ പാണ്ഡിത്യമുള്ള ആളായിരുന്നുവെങ്കിലും രാജാറാം മലയാളം സ്കൂളില്‍ പോകാതെ തനിയെ പഠിച്ചതായും നിരവധി ബുക്കുകള്‍ മലയാളത്തില്‍ നിന്നും തമിഴിലേക്കും ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്തുവെന്നും, ആ ബുക്കുകള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ പബ്ലിഷ് ചെയ്തതായും പറഞ്ഞു.

പ്രേമലത സ്വാമി ഭുവയുടെ നാലു മക്കളില്‍ ഏറ്റവും ഇളയവള്‍ ആയിരുന്നു. മൂത്ത മകളുടെ പേര് സ്‌നേഹലത, രണ്ടാമത്തേത് സ്വര്‍ണ്ണലത, മൂന്നാമന്‍ രാമനാഥ സ്വാമി. പ്രേമലതയുടെ ഏക മകള്‍ മധുവന്തി കാനഡയില്‍ ബയോമെഡിസിന് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവളെ കാണുന്നതിനു വേണ്ടിയായിരുന്നു ഞങ്ങളുടെ കനേഡിയന്‍ യാത്ര എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

സ്വാമിജി അപ്പോഴും ജീവിച്ചിരുന്നത് അദ്ദേഹത്തിന്റെ കുണ്ഡലിനി ശക്തി ഒന്നുകൊണ്ടു മാത്രമാണെന്നു രാജാറാമും, പ്രേമലതയും പറഞ്ഞു. സ്വാമിജിയെപ്പറ്റി എനിക്ക് പറയുവാനുള്ളത് 2010 ജനുവരി മാസത്തില്‍ 122 വയസ്സിനോടടുത്ത് പ്രായമുള്ള  സ്വാമി പ്രായത്തിന്റേതായ യാതൊരു ഭാവപകര്‍ച്ചകളും കാണിച്ചില്ല എന്നുള്ളതാണ്. 122-ാം വയസ്സിലും വടി കുത്താത്ത, കണ്ണട വയ്ക്കാത്ത ഒരു വ്യക്തിയെ സങ്കല്‍പിച്ചു നോക്കുക.

സ്വാമി ഭുവ ഒരു കര്‍മ്മസന്യാസി ആയിരുന്നു. സമൂഹത്തിനുവേണ്ടി സേവ ചെയ്യുകയും, സമൂഹത്തെ നേരായ പാതയിലേക്ക് നയിക്കുകയും, സമൂഹത്തിന്റെ വളര്‍ച്ചയും ക്ഷേമവും ലാക്കാക്കി നിഷ്കാമനായി സേവനം ചെയ്ത ധന്യനായ ആ മഹദ് വ്യക്തിക്ക് ആയിരമായിരം പ്രണാമങ്ങള്‍.

സ്വാമി ഭുവ പഠിപ്പിച്ച ഏതാനും ചില കാര്യങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി പങ്കുവെയ്ക്കുന്നു:

1). നമ്മള്‍ ഈശ്വരനെ തിരിച്ചറിഞ്ഞ് എല്ലാവരിലും ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയുകയും, പഠിച്ച നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുക.

2). സഹജീവികളോട് കരുണയുണ്ടായിരിക്കുക.

3). നാം നമ്മെത്തന്നെ കണ്ടെത്തുക. നിഷ്കളങ്കരും നിഷ്കാമ കര്‍മ്മം ചെയ്യുന്നവരും ആയിത്തീര്‍ന്നാല്‍  നാം ദൈവത്തിന്റെ പ്രതിരൂപമായിട്ടുള്ളവരായിത്തീരും
.

സ്വാമി പഠിപ്പിച്ച ഹഠയോഗ പരിശീലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹഠയോഗയോടൊപ്പം അല്‍പം പ്രാര്‍ത്ഥനയും മന്ത്രോച്ചാരണങ്ങളും, ഈശ്വര ദര്‍ശവും, സഹജീവികളില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള കഴിവും, സമസൃഷ്ടികളെ ബഹുമാനിക്കുകയും, കഴിവതും അര്‍ഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്താല്‍ നമ്മുടെ ഈ ലോകം എത്രയോ സമാധാനപൂര്‍ണ്ണമായിരിക്കും. മനസ്സിലുള്ള അധമ വികാരങ്ങളെ മാറ്റി മനസ്സിനെ നിര്‍മ്മലമാക്കുക.

ഓം ശാന്തി, ശാന്തി, ശാന്തി.
ലോകാ സമസ്തു സുഖിനോഭവന്തു!

സാധിക്കുമെങ്കില്‍ നമുക്ക് കിട്ടിയിട്ടുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുക. പണത്തെക്കാള്‍ പ്രാധാന്യം സഹജീവികളോടുള്ള കരുണയും സ്‌നേഹവുമാണെന്നു ഈ കോവിഡ് ലോക്ഡൗണ്‍ കാലത്തെങ്കിലും മനസിലാക്കി. കഴിവതും നല്ലവരായി ജീവിച്ച് മരിക്കാന്‍ ശ്രമിക്കുക.

സ്വാമി ഭുവയെപ്പറ്റി അറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയും.

സ്വാമി ഭുവ സമാധിയായശേഷം 2 വര്‍ഷങ്ങള്‍ക്കുശേഷം പ്രേമലതയും സമാധിയായി. രണ്ടു പേര്‍ക്കും ഒരിക്കല്‍കൂടി പ്രണാമം!
ശുഭം.

-തോമസ് കൂവള്ളൂര്‍


https://www.emalayalee.com/varthaFull.php?newsId=193488

https://nam12.safelinks.protection.outlook.com/?url=https%3A%2F%2Fyoutu.be%2FhZlNLkUia0M&data=02%7C01%7C%7Cd023156bae3046319e9c08d82b62488d%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C637307048399870519&sdata=j9PVbORSqgAkZUt9A2Z70XXaR76Tg4i9GosmZeqNGeY%3D&reserved=0
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)
Join WhatsApp News
Sudhir Panikkaveetil 2020-07-22 06:59:06
വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ അവരെയും അവർ ജീവിച്ചിരുന്ന കാലഘട്ടത്തെയും വായനക്കാരിലെത്തിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് (ഇത് ശരിയോ എന്നറിയില്ല) ഭാരതത്തിൽ പിറന്ന യോഗ മനുഷ്യരയിലെ ആത്മീയ ഉണർവിനും ആരോഗ്യത്തിനും സഹായം നൽകുന്നു. ശ്രീ കൂവള്ളൂർ എഴുതുമ്പോൾ ആനുകാലിക സംഭവങ്ങളെ ഭൂതകാലവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ശ്വാസോച്ഛാസ നിയന്ത്രണത്തിലൂടെയുള്ള ആസനങ്ങൾ പല വ്യാധികൾക്കും ഫലപ്രദമെന്ന് കണ്ടിട്ടുണ്ട്. ഇന്ന് കൊറോണയുടെ പിടിയിൽ ശ്വാസം കിട്ടാതെ പിടയുന്നവർക്ക് സ്വാമി ഭുവ സഹായിയാകുമായിരുന്നു എന്ന് ലേഖകൻ ആശിക്കുന്നു. സ്വാമി പഠിപ്പിച്ച പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ശ്രീ കൂവള്ളൂർ ഓര്മിച്ചെഴുതിയിട്ടുണ്ട്. കാണാത്തവർക്ക് പരിചയപ്പെടാത്തവർക്ക് സ്വാമി യുടെ സാമീപ്യം അനുഭവപ്പെടുത്തുന്ന വിധം ശ്രീ കൂവള്ളൂർ എഴുതി. ശ്രീ കൂവള്ളൂരിന്‌ എല്ലാ നന്മകളും നേരുന്നു.
Thomas Koovalloor 2020-07-22 12:27:28
Thank you Sudhir Panikkaveetil Sir for writing a good comment by reading my article. As a student in the field of Malayalam Writing your comments are very valuable for me. My plan is to become a Writer like you. Once again thank you. Thomas Koovalloor Email: tjkoovalloor@live.com Cell Phone: 914-409-5772
francis Thadathil 2020-07-23 13:34:54
വളരെ നല്ല ലേഖനം! അങ്ങനെയൊരാൾ അമേരിക്കയിൽ ജീവിച്ചിരുന്നുവെന്നു അറിയുന്നതുതന്നെ ഒരു വലിയ അറിവാണ്. അദ്ദേഹം വെറുമൊരു ആൾ ദൈവമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് വായിച്ചപ്പോൾ വളരെ രസകരമായി തോന്നി. അദ്ദേഹം വെറുമൊരു യോഗാചാര്യൻ മാത്രമല്ല. തന്റെ ചിട്ടയായ ജീവിതശൈലികൊണ്ട് ആയുസിനെ കീഴടക്കിയ പുണ്യവ്യക്തിയാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. നമ്മുടെ പൂർവികർ ഇരുനൂറും മുന്നൊരുമൊക്കെ വര്ഷക്കാലം ജീവിച്ചിരുന്നുവെന്നതിനു തെളിവാണ് സ്വാമി ഭുവയുടെ ജീവിതം സൂചിപ്പിക്കുന്നത്. ആധുനിക ജീവിതത്തിലെ വിഷം പുരണ്ട ഭക്ഷണരീതിയും മലിമസമായ അന്തരീക്ഷവും ശീതീകരിച്ച മുറിയിൽ  കമ്പ്യൂട്ടറുകൾക്ക് മുന്പിലിരുന്ന് മേൽ അനങ്ങാതെ അധ്വാനിക്കുന്ന ആധുനിക മനുഷ്യനെങ്ങനെ ദീഘായുസ് ലഭിക്കും? വളരെ നല്ലൊരു ലേഖനത്തിനു തോമസ് കൂവള്ളൂരിന്‌ അഭിനന്ദനങ്ങൾ!!!
ThomasKoovalloor 2020-07-27 15:18:50
Dear Journalist Mr. Francis Thadathil, I read your comment about my article . I am so happy that you read my article carefully, and wrote a good comment about Swami Bua. Like you mentioned, Swami Bua’s life help the entire humanity how to survive in this COVID-19 pandemic. Even the modern Scientists are researching how Swami Bua survived three centuries through Yogic techniques. His HATHA Yoga teachings, Kriya Yoga techniques, pranayama , etc. are very helpful to overcome any diseases. He was a Vegetarian for his entire life. He never liked to go to any hotels where alcohol is served. May be that is the reason his mind was so clean and he could lead a Saintly life. If you want to know more about Swami Bua there are a lots of stories about him that you could watch if you google his name. Once again, thanks for your positive comment. Sincerely, Thomas Koovalloor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക