Image

അമേരിക്കൻ സ്വപ്നവും ഭാവി ചിന്തകളും....(ബ്ലെസ്സൻജി ഹ്യൂസ്റ്റൻ)

Published on 21 July, 2020
അമേരിക്കൻ സ്വപ്നവും ഭാവി ചിന്തകളും....(ബ്ലെസ്സൻജി ഹ്യൂസ്റ്റൻ)
അമേരിക്ക എന്ന സ്വപ്ന രാജ്യത്തേക്ക് കുടിയേറുവാൻ ഭാഗ്യം ലഭിച്ചത് വളരെ കുറച്ചുപേർക്കു  മാത്രം. തൻറെ രാജ്യത്ത് ഉണ്ടാവുന്ന രാഷ്ട്രീയ-സാമുദായിക മതപരമായ അസമത്വങ്ങളിൽ നിന്നും, തങ്ങളുടെ രാജ്യത്ത് ഉണ്ടാകുന്ന  കിരാത പട്ടാള  വാഴ്ച കൾക്കും, ഏകാധിപതികളുടെ മനുഷ്യത്വ ധ്വംസനങ്ങൾക്കും, പോലീസിൻറെ അനീതികളിൽ നിന്നും രക്ഷപ്പെട്ടു വന്നവർ മുതൽ, തനിക്കും കുടുംബത്തി നും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും എത്തിയാൽ പിടിക്കാൻ പറ്റുന്ന അമേരിക്കൻ ഡ്രീമും കൊണ്ട് ചേക്കേറിയവരാൽ പടുത്തുയർത്തിയതാണ് ഈ ഒരു മനോഹര രാജ്യം. അമേരിക്കൻ ഡ്രീം എന്ന സുന്ദര സ്വപ്നം കഠിനാധ്വാനത്തിലൂടെയും സമത്വവും തുല്യനീതിയും എന്ന് മനോഹര ആശയവും പ്രാവർത്തികമാക്കിയ അമേരിക്ക എന്ന രാജ്യം.

ധനികരായവർ മെച്ചപ്പെട്ട  ജീവിതസാഹചര്യങ്ങളും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങളും മുതലെടുത്തുകൊണ്ട് ചേക്കേറിയ വരും ഉണ്ട്. കഴിവുള്ളവർക്ക് അവരവരുടെ കഴിവു തെളിയിക്കുവാൻ അമേരിക്ക അവരുടെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടു.

എന്നാൽ ഇനി വരുന്ന സമയങ്ങൾ വളരെ ആകാംക്ഷയോടെയാണ് ലോകം അമേരിക്കയെ ഉറ്റുനോക്കുന്നത്. അമേരിക്കയെ ശിഥിലമാക്കുവാൻ പല രാജ്യങ്ങളും പല പണികളും നടത്തിയിട്ടും ലോകത്തിനുമുന്നിൽ അജയ്യരായി നിന്നുകൊണ്ട് തനിക്കെതിരെ വന്ന ഏത് ഭീഷണികളും തച്ചുടച്ച ചരിത്രമാണ് അമേരിക്കയ്ക്ക് ഉള്ളത്. എന്നാൽ ഇന്ന് ഈ ചിദ്ര ശക്തികൾ ഇവിടെ വർണ്ണവിവേചനം ഇളക്കി വിട്ടാൽ കാര്യങ്ങൾ എളുപ്പമാകും എന്ന് കരുതുന്നു. സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യമനസ്സുകളിൽ വിഷ വിത്തുകൾ വാരി എറിഞ്ഞാൽ അതു വളർന്ന് രാജ്യത്തിനുതന്നെ ഭീഷണിയാകുമെന്ന ഈ ഇത്തരം ബാഹ്യശക്തികൾ ചിന്തിക്കുന്നു. അതിനു കൂട്ടായി ധനികരായ ചിലർ ജോർജ് സോറോസിനെപ്പോലെയുള്ളവർ പണം വാരിക്കോരി ഒഴുകുകയാണ്. സോഷ്യലിസമാണ് ഏറ്റവും നല്ലത് എന്ന്, ലോകത്ത് ഒരിക്കലും ഒരിടത്തും ഒരു വിജയകരമായ മോഡൽ ഇല്ലാതിരിക്കെ തന്നെ എന്നു മാത്രമല്ല പല രാജ്യങ്ങളും ദാരിദ്ര്യത്തിന്റെ പടു കുഴിയിൽ വീണിട്ടും വിദ്യാലയങ്ങളിൽ, വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പ്രൊഫസർമാരും, ഓപ്പൺ ബോർഡർ പോലെയുള്ള രാജ്യവിരുദ്ധ ചിന്തകളും ലിബറലിസം പോലെയുള്ള ഒരു സമൂഹത്തിൻറെ മൂല്യങ്ങളെ തകർക്കുന്ന ചിന്തകളും കൂടാതെ ഇപ്പോൾ ഏറ്റവും പുതിയതായി, പോലീസിനെ നിർവീര്യമാക്കാനുള്ള ആലോചനയും എല്ലാം കൂടിയാകുമ്പോൾ ഇന്നലെകളിൽ നമ്മൾ കണ്ട അമേരിക്ക ആണോ നാളെ നമ്മളുടെ കുഞ്ഞുങ്ങളെയും അടുത്ത തലമുറയെയും കാത്തിരിക്കുന്നത് എന്ന് സ്ന്നേഹത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് വളർന്നു വരുന്ന പല അരാജകത്വ ചിന്തകളിലും തീവ്രവാദ സ്വഭാവമുള്ള ചില മതസംഘടനകൾ നുഴഞ്ഞു കയറി ഇരിക്കുന്നു എന്നു വേണം കരുതുവാൻ. കാരണം ക്രിസ്തീയ ആരാധനാലയങ്ങൾ പോലും തീവച്ചു നശിപ്പിക്കപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടും ചിലരുടെയൊക്കെ മൗനം ഭയപ്പെടുത്തുന്നതാണ്.

മിതമായ ഗവൺമെൻറ് നിയന്ത്രണങ്ങൾ,  കുറഞ്ഞ നികുതി,  നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള കുടിയേറ്റം, ഭരണഘടനയിൽ ഊന്നിയുള്ള ഭരണം, ഭ്രൂണഹത്യ തെറ്റാണ്, കുടുംബബന്ധങ്ങൾക്ക് ഊന്നൽ കൊടുക്കുക, നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുക, മതപരമായ സ്വാതന്ത്ര്യവും അവയുടെ മൂല്യങ്ങളും നിലനിർത്തുക എന്നിവയൊക്കെയാണ് പ്രധാനമായും  റിപ്പബ്ലിക്കൻ പാർട്ടി പ്രധാനം ചെയ്യുന്നത്. ...... അതേസമയം ഡെമോക്രാറ്റിക് പാർട്ടി വിശ്വസിക്കുന്നത് കൂടുതൽ ഗവൺമെൻറ് നിയന്ത്രണങ്ങളും ടാക്സ് വർധിപ്പിക്കൽ,  ഭ്രൂണഹത്യ നിയമവിധേയമാക്കുക, നുഴഞ്ഞുകയറ്റക്കാരെ നിയമ വിധേയമാക്കുക, കൂടുതൽ വ്യക്തിസ്വാതന്ത്ര്യവും സോഷ്യലിസവും പ്രാവർത്തികമാക്കുക .മതത്തിന്റെ പ്രസക്തി കുറച്ച് സയൻസിന്റെ പ്രസക്തി കൂട്ടുക മുതലായവയും ആണ്.

പോലീസിൻറെ കിരാതമായ നടപടിയിൽ മരണപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ വാർത്ത വേഗത്തിൽ ഒരു വംശഹത്യ ആക്കി മാറ്റുവാനും, അമേരിക്കയിൽ അങ്ങോളമിങ്ങോളം കൊള്ളയും കൊള്ളിവെപ്പും കലാപവും അഴിച്ചു വിടുവാനും തക്കം പാർത്തിരുന്ന വിദ്വംസക പ്രവർത്തകർക്ക് വളരെ വേഗത്തിൽ സാധിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് താൻ പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളും പൂർത്തീകരിക്കാൻ ശ്രമിച്ചുകൊണ്ട് അജയ്യമായ യാത്ര തുടർന്ന പ്രസിഡണ്ട് ട്രംപിൻറെ ഭരണത്തോടുള്ള അമർഷം വേഗത്തിൽ ഒരു കലാപം ആക്കി തീർക്കുവാൻ ചിദ്ര ശക്തികൾക്ക് സാധിച്ചു എന്നുള്ളതാണ് സത്യം. ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് ഇത്തരം ലഹളകൾ അടിച്ചമർത്താതെ ഡെമോക്രാറ്റുകൾ ഭരിക്കുന്ന എല്ലാ സിറ്റികളിലും പോലീസിനെ നിഷ്ക്രിയം ആക്കികൊണ്ട് ഭരണാധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്തത്. സമാധാനപരമായ പ്രതിഷേധങ്ങളെ ചിലർ ഹൈജാക്ക് ചെയ്തതായാണ് അറിവ്. അനേകം പോലീസ് വാഹനങ്ങളും പോലീസ് സ്റ്റേഷനുകൾ ഒക്കെയും അഗ്നിക്കിരയായി അങ്ങനെ സാധാരണ ജനങ്ങളുടെ ഇടയിൽ ഒരു വലിയ അരാജഗത്വം സൃഷ്ടിക്കുവാൻ കഴിഞ്ഞു എന്നുള്ളത് സത്യമായ കാര്യമാണ്.

 ന്യൂയോർക്ക് സിറ്റി മാത്രം ഒരു ബില്യൺ ഡോളർ ആണ് പോലീസ് ഫണ്ടിൽ കുറവ് വരുത്തിയിരിക്കുന്നത്. എന്നുവെച്ചാൽ നിങ്ങളുടെ ഒരു അത്യാവശ്യ സമയത്ത് പോലീസിൻറെ സേവനം ആവശ്യപ്പെട്ടാൽ തക്കസമയത്ത് കിട്ടിയില്ല എന്ന് വരാം. അപ്പോൾ നിങ്ങളുടെ സ്വത്തിനും ജീവനും യാതൊരു സുരക്ഷയും ഇല്ല എന്ന് ചുരുക്കം. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതി സങ്കീർണമാകുന്ന വിഷയങ്ങളിലേക്ക് ജീവിതത്തെ തള്ളി വിടേണ്ടിവരും. ഒരുവശത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിലേക്ക് മയക്കുമരുന്ന് കടത്തിവിട്ട് ഗവൺമെൻറ് റിസോഴ്സ് കളുടെ ചാറ് ഊറ്റി കുടിക്കുന്നു. ഈ ക്യാപിറ്റലിസ്റ്റ് രാജ്യത്ത്, സോഷ്യലിസം നല്ലത് എന്ന് വിദ്യാർഥികളെ പറഞ്ഞ് പഠിപ്പിക്കുന്നു. പല സാമൂഹിക സംഘടനകളും ചിദ്ര ശക്തികളുമായി കൈ ചേർത്ത് പിടിച്ച് അസ്വസ്ഥത ഉണ്ടാക്കുവാൻ ശ്രമിക്കുന്നു. ചില ഭരണാധികാരികൾ ഇവയൊക്കെയും കണ്ടില്ല എന്ന് നടിക്കുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്ന ഒരു തെരഞ്ഞെടുപ്പ് അമേരിക്കയുടെ ഭാവിയിൽ നിർണായകമായ വ്യതിയാനങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല. അതുകൊണ്ട് അമേരിക്കൻ ഡ്രീം എന്ന വലിയ സ്വപ്നത്തിനു വേണ്ടി കാത്തിരിക്കുന്ന എല്ലാവരും കാര്യങ്ങളെ അപഗ്രഥിച്ച് ചിന്തിച്ച് മുന്നോട്ടുപോയാൽ നന്ന്........!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക