Image

അയോധ്യാകാണ്ഡം 11 മുതൽ 26 വരെ സർഗം (ദുര്‍ഗ മനോജ്‌)

Published on 21 July, 2020
അയോധ്യാകാണ്ഡം 11 മുതൽ 26 വരെ സർഗം (ദുര്‍ഗ മനോജ്‌)
കൈകേയിയും ദശരഥനും തമ്മിലുള്ള സംഭാഷണവും, രാമൻ്റെ വനവാസത്തിനു മുന്നോടിയായുള്ള സംഭവങ്ങളുമാണിന്നു രാമായണത്തിൽ.

ഒരുക്കങ്ങളെക്കുറിച്ചെല്ലാം മന്ത്രിമാരുമായി ആലോചിച്ച് ഉറപ്പിച്ച്,
ദശരഥൻ ധൃതി പിടിച്ച് കൈകേയിയുടെ അന്ത:പുരത്തിലെത്തി. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നുവെന്ന വാർത്ത കൈകേയിയെ അറിയിക്കണം.മറ്റാരേക്കാളും ആ വാർത്ത കേട്ട് ആനന്ദിക്കുക തൻ്റെ പ്രിത.എന്നാൽ, അന്ത:പുരത്തിലേക്കു കടക്കുമ്പോൾ ഒരു അസാധാരണമൗനം അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ കാണുന്നിടത്തൊന്നും കൈകേയിയെ കാണുന്നുമില്ല. തൻ്റെ എഴുന്നള്ളത്തും പ്രതീക്ഷിച്ചു നിൽക്കാറുള്ള പ്രിയ പത്നിയെവിടെ എന്ന ചിന്തയിൽ ദശരഥൻ വേപഥുപൂണ്ടു. ഒടുവിൽ ദാസിമാർ കാട്ടിക്കൊടുത്തു ക്രോധാവേശയായ കൈകേയിയെ. പുഷ്പമാല്യങ്ങളില്ലാതെ, അഴിഞ്ഞ മുടിയുമായി കരഞ്ഞു തളർന്നു നിലത്തു കിടക്കുന്ന കൈകേയിയോട് ദശരഥൻ പരിഭ്രമത്തോടെ കാരണമന്വേഷിച്ചു. അവളുടെ ദുഃഖകാരണം എന്തു തന്നെയായാലും നിവർത്തിക്കാമെന്നു യാതൊരു ആലോചനയും കൂടാതെ വാക്കു കൊടുത്തു.

അതോടെ കൈകേയി  എഴുന്നേറ്റിരുന്നു. കണ്ണു തുടച്ചു. പിന്നെ, അദ്ദേഹത്തോട് പണ്ടു ദേവാസുര യുദ്ധവേളയിൽ ജീവൻ രക്ഷിച്ചപ്പോൾ തനിക്കു നൽകിയിരുന്ന ആ രണ്ടു വരങ്ങൾ ഇപ്പോൾ ആവശ്യമുണ്ടെന്നും അത് അനുവദിച്ചു തരണമെന്നും അപേക്ഷിച്ചു.  കൈകേയി എന്ന പ്രിയ പത്നിയുടെ അപേക്ഷ ആ നിമിഷം  മഹാരാജാവ് അംഗീകരിച്ചു.വരങ്ങൾ എന്തു തന്നെ ആയാലും അതു നൽകാമെന്നു സമ്മതിച്ചു.
അവൾ ആവശ്യപ്പെട്ട ഒന്നാം വരം ഭരതനെ യുവരാജാവായി വാഴിക്കണം എന്നതും. രണ്ടാമത്തേത് രാമൻ മരവുരി ധരിച്ച് അന്നു തന്നെ വനവാസത്തിനു പോകണം എന്നതുമായിരുന്നു.

കൈകേയിയുടെ വാക്കു കേട്ടു ദശരഥൻ ഒരു നിമിഷം ചിന്താക്രാന്തനായി. പിന്നെ സമനില വീണ്ടു കിട്ടി. എന്നാൽ വീണ്ടും കേട്ടതു വിശ്വസിക്കാനാകാതെ ഹാ കഷ്ടം! എന്നു പറഞ്ഞു ബോധം നശിച്ചവനായി. കൈകേയി പരുഷ വാക്കുകൾ ഉരുവിട്ട് അടുത്തു തന്നെ തുടർന്നു.  ഏറെ നേരം കഴിഞ്ഞ് ക്രുദ്ധനായി അദ്ദേഹം കൈകേയിയോടു രാമൻ അവളുടെ പ്രിയപുത്രനല്ലേ എന്നിട്ടും എന്തുകൊണ്ടാണിങ്ങനെ പെരുമാറുന്നത് എന്നും, ഈ വരങ്ങൾ നൽകാനാവില്ലെന്നും പറഞ്ഞു. എന്നാൽ കൈകേയി ഒരല്പം പോലും കനിവു കാട്ടാതെ, തൻ്റെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ടില്ല എന്നും അറിയിച്ചു. മാത്രവുമല്ല വാക്കുപാലിക്കാഞ്ഞാൽ ലോകം ദശരഥനെ അവഹേളിക്കുമെന്നും, താൻ ദശരഥനു മുന്നിൽ ജീവത്യാഗം ചെയ്യുമെന്നും അറിയിച്ചു. ഭാര്യക്കു നൽകിയ വാക്കു പാലിക്കാത്ത ലോകരുടെ മുന്നിൽ നിന്ദ്യനാകുമെന്നും പറഞ്ഞു ഭർത്താവിനെ അവൾ ക്രൂര വാക്കുക്കളാൽ ദണ്ഡിച്ചു.
ദശരഥൻ തീരുമാനമെടുക്കാനാകാതെ കുഴങ്ങി. എത്ര കരഞ്ഞിട്ടും ദശരഥനോട് ഒരു തരിമ്പും കരുണ കാട്ടിയതുമില്ല.

ഒരു പോള കണ്ണടയ്ക്കാതെ ദശരഥൻ ആ രാവു താണ്ടി. അന്ത:പുര നാടകങ്ങളറിയാതെ അയോധ്യ അഭിഷേകത്തിനൊരുങ്ങി.പ്രഭാതത്തിൽ സുമന്ത്രരെ വിളിച്ചു വരുത്തി വേഗം രാമനെ തൻ്റെ അടുത്തേക്കു കൊണ്ടുവരുവാൻ ദശരഥൻ ആവശ്യപ്പെട്ടു. എന്തു കൊണ്ടാവും തിടുക്കപ്പെട്ട് അച്ഛൻ വിളിച്ചു വരുത്തുന്നത് എന്നു ചിന്തിച്ച് രാമൻ, സീതയോടു വിട കൊണ്ടു  സുമന്ത്രർക്കൊപ്പം യാത്രയായി.രാമൻ പുറപ്പെട്ടതു കണ്ടു ജനങ്ങൾ ആ സൂര്യതേജസ്വിയെ കണ്ടു ഇതിൽപ്പരമെന്താനന്ദമെന്നു ചിന്തിച്ചാഹ്ലാദിച്ചു.

അന്തഃപുരത്തിലെത്തിയ രാമൻ അവിടം പതിവില്ലാത്ത വിധം ശോകമൂകമായതു കണ്ടു ചിന്താധീനനായി. ശോകത്തോടെ കട്ടിലിൽ ശയിക്കുന്ന അച്ഛനേയും  വ്യത്യസ്ത ഭാവത്തോടെയുള്ള കൈകേയിയമ്മയേയും കണ്ടു രാമൻ ചോദിച്ചു എന്താണു സംഭവിച്ചതെന്ന്. ദശരഥന് മിണ്ടാനാകുമായിരുന്നില്ല. തകർന്നു പോയ ആ വൃദ്ധൻ കണ്ണീരൊഴുക്കി വാക്കുകൾ കിട്ടാതെ ഹൃദയംനൊന്തു കിടന്നു. ഈ സമയം യാതൊരു കൂസലും കൂടാതെ കൈകേയി നടന്ന സംഗതികൾ വിവരിച്ചു.
കൂടാതെ അച്ഛൻ്റെ വാക്കുപാലിക്കുവാൻ താമസംവിനാ കാട്ടിലേക്കു പോകൂ രാമാ എന്നാവശ്യപ്പെട്ടു.

കൈകേയിയുടെ വാക്കുകൾ രാമൻ അക്ഷോഭ്യനായി കേട്ടു നിന്നു.പിന്നെ പറഞ്ഞു, ഒരിക്കലും അച്ഛൻ തന്ന വാക്ക് പാലിക്കപ്പെടാതിരിക്കില്ല.ഞാൻ ഇന്നുതന്നെ ദണ്ഡകാരണ്യത്തിലേക്കു യാത്ര തിരിക്കാം.ഭരതനെ കൂട്ടിക്കൊണ്ടുവരുവാൻ ആളു പോകട്ടെ.
ഇതു കേട്ട് കൈകേയി വീണ്ടും ധൃതികൂട്ടി, എത്രയും വേഗം പോകൂ രാമാ എന്നാണ് കൈകേയി പറഞ്ഞുകൊണ്ടിരുന്നത്.
അതു കേട്ടു ദശരഥനു വീണ്ടും ബോധം നഷ്ടമായി.

അച്ഛയേയും കൈകേയിയേയും വലം വച്ച്, അമ്മയോടും സീതയോടും വിവരം പറഞ്ഞ ശേഷം ഇപ്പോൾ തന്നെ വനവാസത്തിനു പോവുകയാണ് എന്നു പറഞ്ഞുരാമൻ പുറത്തേക്കിറങ്ങി. എല്ലാം കണ്ട് ക്രുദ്ധനായ ലക്ഷ്മണൻ രാമനെ പിന്തുടർന്നു. രാമലക്ഷ്മണന്മാർ കൗസല്യാമ്മയുടെ സമീപമെത്തി.അഭിഷേകത്തിനു തയ്യാറായി വന്ന മകനെ ആശീർവദിക്കുവാൻ വന്ന ആ അമ്മ, മകൻ വനവാസത്തിനു പോവുകയാണെന്ന വാർത്ത കേട്ടു വെട്ടിയിട്ട വാഴ പോലെ താഴേക്കു പതിക്കുവാൻ തുടങ്ങി. അതു കണ്ടു രാമൻ അമ്മയെ വേഗം താങ്ങിയെടുത്തു. താനും രാമനോടൊത്തു കാട്ടിലേക്കു വരുന്നുവെന്നു പറഞ്ഞ് അവർ കരഞ്ഞു തുടങ്ങി. ഇതു കണ്ട് ലക്ഷ്മണൻ ക്രോധത്തോടെ രാജാവ് അനീതി പ്രവർത്തിക്കുകയാണെന്നും, ഇതനുവദിക്കില്ലെന്നും രാമൻ എവിടേക്കും പോകേണ്ടതില്ലെന്നും പറഞ്ഞു. എന്നാൽ രാമൻ രണ്ടുപേരേയും ആശ്വസിപ്പിച്ചു. കൈകേയിയുടെ മന്ദിരത്തിൽ അച്ഛനിനി സന്തോഷത്തോടെ കഴിയില്ലെന്നും ആയതിനാൽ വൃദ്ധനായ അച്ഛനെ പരിപാലിക്കേണ്ട് അമ്മയും സുമിത്രാമ്മയും ചേർന്നാണെന്നും, ആയതിനാൽ വനത്തിലേക്ക് താൻ ഒറ്റക്കു പോവുന്നതാണു ശെരിയെന്നും അമ്മ അന്തപുരത്തിൽ കഴിയുകയാണു വേണ്ടതെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

മകൻ്റെ വന യാത്രക്കു മുൻപായി രാജമാതാവ് ബ്രാഹ്മണർക്ക് ഇഷ്ടമുള്ള വസ്തുക്കൾ ദക്ഷിണ നൽകി. പുത്രനെ കാത്തുരക്ഷിക്കുവാൻ ഈശ്വരന്മാരോടു പ്രാർത്ഥിച്ചു.പിന്നെ പുത്ര ശിരസ്സിൽ പ്രസാദം തൂകി.വിശല്യകരണിയായ ഔഷധം രക്ഷയായി ബന്ധിച്ചു മന്ത്രജപം നടത്തി. എന്നിട്ട്, സന്തുഷ്ടയെന്ന ഭാവത്തിൽ കണ്ണീർ തുടച്ച്, വനവാസകാലം കഴിഞ്ഞു നീ മടങ്ങി വന്നു അയോധ്യാപതിയാവുക എന്നനുഗ്രഹിച്ചു.

അമ്മയെ ആലിംഗനം ചെയ്ത്,  തൊഴുതു വലം വച്ചു രാമൻ സീതാ നിലയത്തിലേക്കു യാത്രയായി.

ഇന്നത്തെ കഥപറച്ചിലിൽ ഒരു മുഹൂർത്തവും ഒരു വ്യക്തിയേയും മുന്നിട്ടു നിൽക്കുന്നു. അത് രാമനാണ്. രാജ്യഭാരമേൽക്കുവാൻ തയ്യാറായി അച്ഛനു മുന്നിലെത്തുമ്പോൾ രാജ്യവും നഷ്ടമാകുന്നു, വനവാസവും വേണ്ടിവരുന്നു. ആ നിമിഷം രാമൻ ഒരല്പം പോലും അധീരനാകുന്നില്ല. മാത്രവുമല്ല തൻ്റെ വനയാത്രയെക്കുറിച്ചറിഞ്ഞു തളർന്ന അമ്മയേയും, അനീതിക്കു നേരെ ക്രുദ്ധനാകുന്ന ലക്ഷ്മണനേയും സമാധാനിപ്പിക്കുന്നു. ഒപ്പം അച്ഛൻ്റെ പുത്ര സ്നേഹത്തെ ഒരു തരിമ്പും സംശയിക്കുന്നുമില്ല.
ഒരു സാധാരണ മനുഷ്യന് അപ്രാപ്യമായ വിധത്തിലാണ് രാമൻ ഓരോ സന്ദർഭവും നേരിടുന്നത്. അതിനാലാണ് രാമകഥ നൂറ്റാണ്ടുകളും കടന്ന് ഇന്നും ജനഹൃദയത്തിൽ സ്പന്ദിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക