Image

തത്വമറിഞ്ഞവന്റെ നിറവാണ് ലക്ഷ്മണ ജന്മം ( രാമായണ ചിന്തകൾ-6: പി.എ. ശാന്തകുമാരി അമ്മ)

Published on 20 July, 2020
തത്വമറിഞ്ഞവന്റെ നിറവാണ് ലക്ഷ്മണ ജന്മം ( രാമായണ ചിന്തകൾ-6: പി.എ. ശാന്തകുമാരി അമ്മ)
രാമായണ കാവ്യത്തിൽ രാമനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് ലക്ഷ്മണൻ. മനസ്സും, വാക്കും, കർമ്മവും ജ്യേഷ്ഠനിൽ ഉറപ്പിച്ചു , സുഖ ദു:ഖങ്ങളിൽ ഉൾച്ചേർന്ന് നിഴലു പോലെ രാമനൊപ്പം ജീവിച്ചു. തന്റെ വ്യക്തി ബന്ധങ്ങൾക്ക് രാമസേവനത്തിടക്ക് യാതൊരു പ്രാധാന്യവും കല്പിച്ചില്ല.

ശ്രീരാമനും ലക്ഷ്മണൻ അതുപോലെ തന്നെയായിരുന്നു , "താതാർത്ഥമായിട്ടു ജീവനെത്തന്നെയും, മാതാവു തന്നെയും , സീതയെത്തന്നെയും ഞാനുപേക്ഷിപ്പതിനില്ല സംശയം", എന്നതിനു ശേഷം "ലക്ഷ്മണൻ തന്നെ ത്യജിക്കെന്ന് ചൊൽകിലും തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ എന്ന കൈകേകിയോടുള്ള വാക്കുകളിൽ നിന്ന് തന്റെ ജീവന് തുല്യമായ സ്ഥാനം ലക്ഷ്മണനും രാമൻ നല്കിയിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

ശ്രീരാമാഭിഷേകവിഘ്നമറിഞ്ഞയുടൻ കോപാക്രാന്തനായ ലക്ഷ്മണൻ, താതനെയും പരികർമ്മികളെയും ബന്ധിച്ച് ശ്രീരാമന്റെ അഭിഷേകം നടത്താമെന്ന് പറയുന്നതു കേട്ടാണ് ലക്ഷ്മണസ്വാന്തന രൂപത്തിൽ രാമായണത്തിലെ തത്വചിന്തകൾ  പുറത്ത് വരുന്നുണ്ട്. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമായുസ്സുമോർക്ക നീ " എന്ന് മർത്ത്യ ജന്മത്തിന്റെ ക്ഷണഭംഗുരത വ്യക്തമാക്കി, ലക്ഷ്മണനെ സാഹസത്തിൽ നിന്ന് പിൻതിരിപ്പിക്കുന്നു.

തത്വാർത്ഥങ്ങളെല്ലാം തിരിച്ചറിഞ്ഞതിനു ശേഷം അനുസരണയുള്ള സഹോദരനായി
രാമനെ അനുഗമിക്കുകയാണ് , വില്ലാളിവീരനും, കുശാഗ്രബുദ്ധിയുമായ ലക്ഷ്മണൻ . രാമനൊപ്പം വനവാസത്തിന് പുറപ്പെടുമ്പോൾ അംഗരക്ഷകനായി മുന്നിൽ സ്ഥാനം പിടിച്ചു. ലക്ഷ്മണനൊപ്പം കാട്ടിലേക്ക് പോവാൻ സന്നദ്ധയായ സ്വപത്നിയായ ഊർമ്മിളയെ അന്ത:പുരത്തിൽ താത്കാലികമായി ഉപേക്ഷിക്കുമ്പോൾ രാമസേവ എന്ന തന്റെ ധർമ്മം മാത്രമായിരുന്നു ലക്ഷ്മണന്റെ മനസ്സിലുണ്ടായിരുന്നത്.

സീതാദേവിക്ക് മുന്നിൽ കാവൽഭടനായി ലക്ഷ്മണനും, പിന്നിൽ രാമനുമാണ് വനപ്രവേശനം നടത്തുന്നത്. സീതാദേവിയെ സംരക്ഷിക്കാനുള്ള കടമ സ്വയം ഏറ്റെടുക്കുമ്പോൾ ഭാതൃപത്‌നിക്ക്
മാതാവിന്റെ സ്ഥാനമായിരുന്നു മനസ്സിൽ കല്പിച്ചത്. സ്വർണ്ണമാനിന്റെ മായാവിലാസങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിലും  സീതാദേവിയുടെ ആജ്ഞ ലംഘിക്കാൻ ലക്ഷ്മണന് സാധിക്കുമായിരുന്നില്ല. രാക്ഷസനിൽ നിന്ന് സീതയെ രക്ഷിക്കാനായി വരച്ച ലക്ഷ്മണ രേഖ സീത ലംഘിക്കാനിടയായതാണല്ലോ രാമായണ കഥയുടെ കാരണം തന്നെ.

സീതാദേവി അടയാളത്തിനായി വലിച്ചെറിഞ്ഞ ആഭരണങ്ങൾ കണ്ടെടുത്ത  സുഗ്രീവനെ ഏല്പിച്ചപ്പോൾ കാൽത്തളകളല്ലാതെ മറ്റൊന്നും ലക്ഷ്മണൻ തിരിച്ചറിയുന്നത് പോലുമില്ല. സഹോദരപത്നിയുടെ മുഖവും കാലുകളുമല്ലാതെ മറ്റ് ശരീരഭാഗങ്ങളിലെ ആഭരണങ്ങൾ പോലും ലക്ഷ്മണന്റെ ദൃഷ്ടിയിൽ പോലും പെട്ടിരുന്നില്ല.

രാമരാവണ യുദ്ധത്തിനു ശേഷം ലങ്കയിലെ രാജാവായി ലക്ഷ്മണനെ അവരോധിക്കണമെന്നായിരുന്നു വിഭീഷണൻ ആഗ്രഹിച്ചത്. രാജ്യമോഹം കൊണ്ടായിരുന്നില്ല, ധർമ്മയുദ്ധമായത് കൊണ്ടു മാത്രമാണ് വിഭീഷണൻ രാമപക്ഷം ചേർന്നത്. വിഭീഷണനെ ശ്രീരാമന്റെ നിർദ്ദേശപ്രകാരം  ലക്ഷ്മണനാണ് ലങ്കാധിപതിയാക്കി വാഴിക്കുന്നത്.

"ലക്ഷ്മണനോടരുൾ ചെയ്തിതു രാമനും
രക്ഷോവരനാം വിഭീഷണനായ് മയാ
ദത്തമായോരു ലങ്കാരാജ്യമുൾപുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ"

ജ്യേഷ്ടന്റെ ദുഃഖം തന്റെയും ദുഃഖമാക്കി സന്തോഷപൂർവ്വം പതിനാല് വർഷം വനവാസം പൂർത്തിയാക്കി അയോദ്ധ്യയിൽ മടങ്ങിയെത്തി. ഭക്തിയും സമർപ്പണവും സ്‌ഥൈര്യവും ഉണ്ടെങ്കിൽ ഏത് പ്രതിബന്ധവും നിഷ്പ്രയാസം തരണം ചെയ്യാനാവുമെന്ന് ലക്ഷ്മണൻ നമുക്ക് കാണിച്ചു തരുന്നു. തന്നിൽ നിന്ന് വിഭിന്നനല്ല നീയെന്ന രാമവാക്യം സരയൂ നദിയിൽ ശ്രീരാമനൊപ്പമുള്ള ആത്മത്യാഗത്തോടെ പൂർത്തിയാവുന്നു.
ജീവിതത്തിന്റെ തത്വം ആരണ്യകാണ്ഡത്തിൽ ലക്ഷ്മണോപദേശത്തിൽ ലക്ഷ്മണന്റെ ആവശ്യപ്രകാരം തന്നെ  രാമൻ വിശദമാക്കിക്കൊടുത്തിട്ടുണ്ട്.

"മായാകല്പിതം പരമാത്മനി വിശ്വമെടോ !
മായ കൊണ്ടല്ലോ വിശ്വമുണ്ടെന്ന് തോന്നിക്കുന്നു.
രജ്ജുഖണ്ഡത്തിങ്കലെ പന്നഗ ബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ ".

തത്വമറിഞ്ഞവന്റെ നിറവാണ് ലക്ഷ്മണ ജന്മം.
തത്വമറിഞ്ഞവന്റെ നിറവാണ് ലക്ഷ്മണ ജന്മം ( രാമായണ ചിന്തകൾ-6: പി.എ. ശാന്തകുമാരി അമ്മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക