Image

മാപ്പപേക്ഷ നിരസിച്ചു; ധരുണ്‍ രവിയുടെ ശിക്ഷ ആരംഭിച്ചു;

Published on 01 June, 2012
 മാപ്പപേക്ഷ നിരസിച്ചു; ധരുണ്‍ രവിയുടെ ശിക്ഷ ആരംഭിച്ചു;
ന്യൂജേഴ്‌സി: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ ഒരു മാസം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവിയുടെ ശിക്ഷ ആരംഭിച്ചു. ഇന്നലെ ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് രവി മരിച്ച ടെയ്‌ലര്‍ ക്ലെമന്റിയുടെ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ രവിയുടെ മാപ്പപേക്ഷ ക്ലെമന്റിയുടെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞതോടെ രവിക്ക് ശിക്ഷായിളവ് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. വിചാരണക്കിടെ ഒരുതവണ പോലും ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാതിരുന്ന രവിയുടെ നടപടിയെ മിഡില്‍സെക്‌സ് കൗണ്ടി ജഡ്ജി ഗ്ലെന്‍ ബെര്‍മന്‍ വിമര്‍ശിച്ചിരുന്നു. ആ സാഹചര്യത്തിലായിരുന്നു രവിയുടെ മാപ്പപേക്ഷ. ഇന്നലെ മിഡില്‍സെക്‌സ് കൗണ്ടി ജയിലിലാണ് രവി ചെക്ക് ഇന്‍ ചെയ്തത്.

രവിയുടെ മാപ്പപേക്ഷയെ ആത്മാര്‍ഥതയുള്ളതായി കണക്കാക്കാനാവില്ലെന്നും ഉപദേശകരില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് തയാറാക്കിയ പബ്ലിക് റിലേഷന്‍ ജോലിയായി മാത്രമെ ഇതിനെ കാണാനാവൂ എന്നും ക്ലെമന്റിയുടെ മാതാപിതാക്കള്‍ ഇന്നലെ പുറത്തിറക്കിയ ലഘു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഒരിക്കല്‍ പോലും മാപ്പപേക്ഷിക്കാതിരുന്ന രവി ജഡ്ജിയുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ അതിന് തയാറാവുന്നതെന്നും ക്ലെമന്റിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

ബില്‍ ഗേറ്റ്‌സിന്റെ അടുത്ത ലക്ഷ്യം വെള്ളം വേണ്ടാത്ത കക്കൂസുകള്‍

ന്യൂഡല്‍ഹി: ലോകത്തിന് ഏറ്റവും പുതിയ ഐടി സാങ്കേതികവിദ്യ തയാറാക്കി നല്‍കിയ കംപ്യൂട്ടര്‍ ചക്രവര്‍ത്തിയുടെ അടുത്ത സ്വപ്നം ചെലവു കുറഞ്ഞ, വെള്ളം ഉപയോഗിക്കേണ്ടാത്ത കക്കൂസ്!. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് അതിനായുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും ചെലവു കുറഞ്ഞ ഡ്രൈ ടോയ്‌ലെറ്റുകള്‍ ഡിസൈന്‍ ചെയ്യാന്‍ ലോകത്തിലെ ഏറ്റവും കഴിവുറ്റ ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും അടുത്ത ഓഗസ്റ്റില്‍ അമേരിക്കയിലെ സീയാറ്റിലിലേക്കു ക്ഷണിച്ചിരിക്കുകയാണ് ഗേറ്റ്‌സ്. പൊതുജനാരോഗ്യ രംഗത്ത് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സിന്റെ ഇനിയുള്ള സ്വപ്നങ്ങളിലൊന്നാണ് ഈ പദ്ധതി. പണം ഇഷ്ടം പോലെ നല്‍കാം, ചെലവു കുറഞ്ഞ ഒരു ടോയ്‌ലറ്റ് ഡിസൈന്‍ ചെയ്തു തരണം. തന്റെ വെല്ലുവിളി ആരെങ്കിലും ഏറ്റെടുക്കുമെന്നാണു ബില്ലിന്റെ പ്രതീക്ഷ.

വെള്ളം ഉപയോഗിക്കേണ്ടാത്ത കക്കൂസ് നിര്‍മിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചെലവു വളരെ കുറവായിരിക്കണം. ഫ്‌ളഷ് ടോയ്‌ലറ്റിനേക്കാള്‍ വളരെ മെച്ചമായിരിക്കണം. ആദ്യഘട്ടത്തില്‍ ആരും ജയിക്കുന്നില്ലെങ്കില്‍ വീണ്ടും ബുദ്ധിമാന്‍മാരെ ക്ഷണിക്കും. ഫൗണേ്ടഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഇന്ത്യയിലെത്തിയ ഗേറ്റ്‌സ് നയം വ്യക്തമാക്കി. ചെലവു കുറഞ്ഞ കക്കൂസുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വികസ്വര രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന് വന്‍മുതല്‍ക്കൂട്ടാകും. വൃത്തിയില്ലായ്മ കാരണം വികസ്വര രാജ്യങ്ങളില്‍ രോഗങ്ങളും മറ്റും വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ 46.9% പേര്‍ക്കു മാത്രമാണു വീടുകളില്‍ ടോയ്‌ലറ്റ് സൗകര്യമുള്ളത്. 3.2% പേര്‍ പൊതുകക്കൂസുകള്‍ ഉപയോഗിക്കുന്നു. 49.8 ശതമാനം പേര്‍ തുറന്ന സ്ഥലത്താണ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. പോളിയോയും എയ്ഡ്‌സും മലമ്പനിയും ഇല്ലാത്ത ഒരു ലോകവും തന്റെ സ്വപ്നങ്ങളിലുണ്‌ടെന്ന് ഗേറ്റ്‌സ് പറയുന്നു.

യുഎസില്‍ സഹപാഠിയെ കൊന്ന് തലച്ചോറും ഹൃദയവും ഭക്ഷിച്ച യുവാവ് അറസ്റ്റില്‍

മെരിലാന്‍ഡ്: സഹപാഠിയെ കൊന്ന് തലച്ചോറും ഹൃദയവും ഭക്ഷിച്ച കോളജ് വിദ്യാര്‍ഥിയെ യു.എസ് ഫെഡറല്‍ പോലീസ് അറസ്റ്റു ചെയ്തു. മെരിലാന്‍ഡ് ബാള്‍ട്ടിമോര്‍ സ്വദേശിയായ അലക്‌സാണ്ടര്‍ കിന്യൂവ (21) ആണ് അറസ്റ്റിലായതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മോര്‍ഗാന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അലക്‌സാണ്ടര്‍ തന്റെ മുറിയില്‍ താമസക്കാരനായ കുജോ ബൊന്‍സഫോ അഗ്യെകോഡെ എന്നയാളെ കൊന്ന് ശരീരം വെട്ടിമുറിച്ച് ഹൃദയവും തലച്ചോറും ഭക്ഷിക്കുകയായിരുന്നു.

കുജോയെ സന്ദര്‍ശിക്കാന്‍ എത്തിയ സഹോദരനാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തന്റെ സഹോദരന്റെ തലയും കൈകാലുകളും വെട്ടിമുറിച്ചിട്ടിരിക്കുന്നത് കണ്ട ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തല്ല. കിന്യൂവയ്‌ക്കെതിരെ പോലീസ് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മാഡലിന്‍ മില്ലര്‍ക്ക് ഓറഞ്ച് പുരസ്‌കാരം

ലണ്ടന്‍: മികച്ച വനിത ഇംഗ്ലീഷ് എഴുത്തുകാരികള്‍ക്കുള്ള ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള ഓറഞ്ച് പുരസ്‌കാരം പ്രമുഖ യുഎസ് എഴുത്തുകാരി മാഡലിന്‍ മില്ലര്‍ക്ക്. 'ദ് സോംഗ്് ഒഫ് അക്കിലസ്' എന്ന കൃതിക്കാണു പുരസ്‌കാരം. ഓറഞ്ച് പുരസ്‌കാരം നേടുന്ന നാലാമത്തെ അമേരിക്കക്കാരിയാണു മില്ലര്‍. 1996 മുതലാണ് ഓറഞ്ച് പുരസ്‌കാരം നല്‍കി തുടങ്ങിയത്. 47,000 ഡോളറാണു പുരസ്‌കാരത്തുക. ട്രോയ് യുദ്ധവീരന്‍ അക്കിലസിന്റെ ജീവിതത്തിന്റെ മറ്റൊരുവശം കാണിക്കുന്ന നോവലാണ് 'ദ് സോംഗ് ഒഫ് അക്കിലസ്'.

ന്യൂയോര്‍ക്കില്‍ ഡ്രൈവര്‍മാര്‍ക്കുള്ള തലപ്പാവ് നിരോധനം നീക്കി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരിയിലെ ഗതാഗത മേഖലയില്‍ ജോലി ചെയ്യുന്ന മുസ്‌ലിം, സിഖ് ഡ്രൈവര്‍ക്കര്‍ക്ക് ജോലി സമയത്ത് തലപ്പാവ് ധരിക്കുന്നതിനുള്ള നിരോധനം നീക്കി. 9/11 ഭീകരാക്രമണത്തിനുശേഷമാണ് സിഖ്, മുസ്‌ലീം ഡ്രൈവര്‍മാരെ മതചിഹ്നമായ തലപ്പാവ് ധരിക്കുന്നതില്‍ വിലക്കിയത്. പുതിയ നിയമം പ്രാബല്യത്തിലായതോടെ സര്‍ക്കാര്‍ ഏജന്‍സികളുടെ മുദ്രകളൊന്നുമില്ലാതെതന്നെ ഇനി ഇരു മതസ്ഥര്‍ക്കും തൊപ്പിയോ തലപ്പാവോ ധരിക്കാനാകും. സിഖുകാരുടെ ടര്‍ബന്റെ കാര്യത്തില്‍ യുണിഫോമിന്റെ നിറം പാലിക്കണമെന്ന് നിബന്ധനയുണ്ട്.

അമേരിക്കന്‍ നീതിന്യായ വകുപ്പും ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായി. 2004 സെപ്റ്റംബറിലാണ് കിഴക്കന്‍ ന്യൂയോര്‍ക്കിലെ ജില്ലാകോടതി ഗതാഗതമേഖലയില്‍ ജീവനക്കാര്‍ക്കിടയില്‍ തലപ്പാവ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക