Image

സ്വർണക്കടത്തും സ്വപ്നസുന്ദരിയും : വിവാദനിഴലില്‍ കേരള ഭരണം

സിൽജി ജെ ടോം Published on 20 July, 2020
     സ്വർണക്കടത്തും സ്വപ്നസുന്ദരിയും  : വിവാദനിഴലില്‍ കേരള ഭരണം
പിണറായി സര്‍ക്കാരിന്റെ പ്രതിച്ചായയെ കളങ്കപ്പെടുത്തും വിധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന,  നയതന്ത്ര വഴികളിലൂടെയുള്ള സ്വര്‍ണക്കടത്തു കേസ്‌ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചൂട്‌ പിടിച്ച ചര്‍ച്ചകള്‍ക്ക്‌ വഴിതെളിച്ചിരിക്കുന്നു. 

രാഷ്ട്രീയത്തിനുമപ്പുറം ദേശ ദ്രോഹം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളും ഒപ്പം സ്‌ത്രീയും സ്വര്‍ണവുമൊക്കെ മസാല ചേരുവകളായി എത്തിയിരിക്കുന്നത്‌ 'സ്വപ്‌ന' ഫെയിം വിവാദത്തെ ജനപ്രിയമാക്കുന്നു.

ഡിപ്ലോമാറ്റിക്‌ ബാഗേജില്‍ നിന്ന്‌ സ്വര്‍ണ്ണം പിടിച്ചെടുത്ത
താണ് ഈ കേസിനെ  ഏറെ വിവാദമാക്കിയത്. ഈ ഡിപ്ലോമാറ്റിക്‌ ബാഗേജ്‌ ലഭിക്കുന്നതില്‍ ഇടപെട്ട  സ്‌ത്രീയ്‌ക്ക്‌ കേരള ഗവണ്‍മെന്റുമായി അടുത്ത  ബന്ധമുണ്ടെന്ന്‌ കണ്ടെത്തപ്പെട്ടതോടെ അമ്പരപ്പായി . 

 കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ അവരെ ഇക്കാര്യത്തില്‍ സഹായിച്ചതെന്നും അദ്ദേഹത്തിന്‌ ആരോപിതയായ സ്‌ത്രീയുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം ചില അടുപ്പങ്ങള്‍ ഉണ്ടെന്നും ആരോപിക്കപ്പെട്ടതോടെ പൊന്നും പെണ്ണും ചേര്‍ന്നൊരുക്കിയ ഇക്കിളികഥകളില്‍ പതിവുപോലെ ജനം വീണു, മാധ്യമങ്ങള്‍ക്ക്‌ അത്‌ ആഘോഷമായി. 

നയതന്ത്ര വനിതയുടെ കുപ്പായമിട്ടെത്തിയ സ്വപ്‌ന സുരേഷ്‌ എന്ന വിവാദ നായികയുമായി ബന്ധപ്പെട്ടുള്ള കഥകള്‍ കൊഴുപ്പിച്ച കേസിനെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാനകാലത്തു ഇടതുമുന്നണി ആഘോഷിച്ച സരിത കേസിനോടുള്ള കാവ്യ നീതിയെന്ന നിലയിലാണ്‌ പ്രതിപക്ഷം കാണുന്നത്‌.
 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു സരിതയെന്ന വിവാദ നായികയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിച്ചവര്‍ക്കു മാനക്കേടും തിരിച്ചടിയുമായി ഇന്ന്‌ സ്വപ്‌നയെത്തുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പലതും ആവര്‍ത്തിക്കപ്പെടുകയാണ്‌.

മുന്‍പും വിവാദക്കാറ്റുയര്‍ത്തിയ സ്‌ത്രീകളും അതില്‍ ആടിയുലഞ്ഞ മന്ത്രിക്കസേരകളും കേരളരാഷ്ട്രീയത്തില്‍ ഏറെയുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

1995 ല്‍ കോണ്‍ഗ്രസിലെ കരുത്തുറ്റ നേതാവ്‌ കെ കരുണാകരന്റെ മുഖ്യ മന്ത്രിപദം തെറിപ്പിച്ച ചാരക്കേസ്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്‌. 

അന്ന്‌ കേസില്‍ നമ്പി നാരായണനൊപ്പം ഐ എസ്‌ ആര്‍ ഒ ഡെപ്യുട്ടി ഡയറെക്ടര്‍ ശശികുമാരനും മാലദ്വീപ്‌ സ്വദേശിനികളായ മറിയം റഷീദയും ഫൗസിയ ഹസനും അറസ്റ്റിലായി.

 കരുണാകരനെ രാജി വെപ്പിച്ച ചാരക്കേസ്‌ അന്വേഷിച്ച സി ബി ഐ 1996 ല്‍, പക്ഷെ പ്രസ്‌തുത കേസ്‌ കെട്ടിച്ചമച്ചതെന്നു കണ്ടെത്തുകയായിരുന്നു. 

മന്ത്രി പി ടി ചാക്കോയുടെ രാജിയില്‍ കലാശിച്ച 1964 ലെ സംഭവമടക്കം ഇതേപോലെ വിവാദവിഷയങ്ങള്‍ മുന്‌പുമേറെ.

ഇന്നിപ്പോള്‍ വീണ്ടും കൊറോണ രോഗഭീതി, ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്ക തുടങ്ങി എന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ജനം, സ്വര്‍ണ കടത്തു വിവാദങ്ങളും ആരോപണങ്ങളും പുറത്തു വന്നതോടെ കഥകളറിയാന്‍ ഉഷാറായി.
മാധ്യമങ്ങളും രാഷ്ടീയക്കാരും അവസരം മുതലാക്കി ഉണര്‍ന്നെണീറ്റു. 

തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലില്‍ പുതിയ വിഷയങ്ങള്‍ തേടി നടക്കുകയായിരുന്ന രാഷ്ട്രീയക്കാരെ സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്‌ പുറത്തു വന്ന സ്വര്‍ണ്ണ കള്ളക്കടത്ത്‌ കേസ്‌. 

വിവാദ സ്‌ത്രീയുമായി ബന്ധപ്പെട്ട്‌ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്റെ പേരിലാണ്‌ ശിവശങ്കറിനെ തന്റെ സെക്രട്ടറി പദത്തില്‍ നിന്ന്‌ നീക്കിയതെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. പ്രസ്‌തുത വനിത, സ്വര്‍ണക്കടത്തു കേസിലെ നായികയെന്ന വസ്‌തുതക്ക്‌ ബലം നല്‍കാതെ അവരെ ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കാണുകയായിരുന്നു മുഖ്യമന്ത്രി എന്നതും ശ്രദ്ധേയമാണ്‌.


സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിലാണ്‌ സിപിഐ എങ്കില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്‌ സിപിഎം. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ളൊരു ലോബി സര്‍ക്കാരിനു കളങ്കം ചാര്‍ത്തുന്ന ചില ഇടപാടുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതായി സിപിഐ കുറ്റപ്പെടുത്തുന്നുണ്ട്‌.


സംഭവമുണ്ടായ ഉടന്‍ സ്വപ്‌നയെ ഐ.ടി വകുപ്പില്‍ നിന്ന്‌ പുറത്താക്കിയതും പിന്നാലെ ശിവശങ്കറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതും സുതാര്യതയുടെ തെളിവായി സി പി എം വിലയിരുത്തുന്നുണ്ടെങ്കിലും സുതാര്യതക്കും പ്രബുദ്ധതക്കും മാതൃക എന്ന്‌ അവകാശവാദം മുഴക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിലവിലെ വിവാദങ്ങള്‍ കടുത്ത നാണക്കേട്‌ തന്നെയാണ്‌ വരുത്തി വച്ചിരിക്കുന്നത്‌ .


കോവിഡ്‌ പ്രതിരോധത്തില്‍ തരക്കേടില്ലാത്ത പ്രതിച്ഛയ സ്വന്തമാക്കിയ ഭരണകൂടത്തെ രാഷ്ടീയമായി ഉലച്ചെത്തിയ ആരോപണങ്ങള്‍  ഭരണത്തിന്റെ സ്വസ്ഥത കെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, അതും ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയുടെ വലംകൈയായ ഉദ്യോഗസ്ഥനാണ്‌ ആരോപണ വിധേയനായിട്ടുള്ളത്‌.

കേരള രാഷ്ടീയത്തില്‍ പതിവില്ലാത്ത വിധത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇങ്ങനെ നീക്കം ചെയ്യേണ്ടി വന്ന സാഹചര്യം ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌, അതും ഒരു ഇടതു മുഖ്യമന്ത്രിയുടെ. പാര്‍ട്ടിയുടെ ഒരു കരുതല്‍ നിരീക്ഷണം, ഭരണ സംവിധാനത്തില്‍ സര്‍ക്കാരിന്റെ മേലുണ്ടാവുന്നതാണ്‌ എല്‍ ഡി എഫ്‌ പാരമ്പര്യം. 

 സുപ്രധാന സ്ഥാനങ്ങളില്‍ നിയമിതരാവുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും പാര്‍ട്ടിക്ക്‌ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഇപ്പോഴത്തെ വിവാദത്തില്‍ പിണറായി സര്‍ക്കാരിന്‌ എവിടെയാണ്‌ പിഴച്ചത്‌ എന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഡാറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട സ്‌പ്രിംഗ്‌ളര്‍ വിവാദത്തിലാണ്‌ ഇപ്പോള്‍ ആരോപണ വിദേയനായ മു ഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യം പ്രതിക്കൂട്ടിലായത്‌ . 

 കൊവിഡ്‌ 19 നുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യഡാറ്റ ഒരു വിദേശ കമ്പനിക്ക്‌ കൈമാറുന്നതോടെ സംഭവിക്കുന്ന വ്യക്തികളുടെ വിവരങ്ങളുടെ പ്രൈവസിയെ ചൊല്ലി അന്ന്‌ നടന്ന വിവാദ ങ്ങള്‍ പ്രതിപക്ഷം  വലിയ വിവാദമാക്കി ഉയര്‍ത്തി. ആ വിവാദം ഒടുവില്‍ നിലപാട്‌ മാറ്റത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. 

സ്വര്‍ണക്കടത്ത്‌ കേസ്‌, സര്‍ക്കാര്‍ ഇതുവരെ നേടിയെടുത്ത പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നത്തില്‍ രണ്ടു പക്ഷമില്ല.



സ്വപ്‌നയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു കൊണ്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലയില്‍ നിന്നും മാറ്റിയും സര്‍ക്കാര്‍ പ്രതിസന്ധിയെ അതിജീവിച്ചെന്ന്‌ കരുതാമെങ്കിലും ഉയര്‍ന്നു വന്നിരിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍ക്കാന്‍ സര്‍ക്കാരിന്‌ ഇനിയും കഴിഞ്ഞിട്ടില്ല

സംസ്ഥാനത്തെ ഐ.എ.എസുകാര്‍ക്കിടയില്‍ കാര്യപ്രാപ്‌തിയുള്ള ഉദ്യോഗസ്ഥന്‍ എന്ന ഇമേജ്‌ ഉണ്ടായിരുന്ന എം.ശിവശങ്കറിനു പിഴച്ചതെവിടെയാണ്‌. മുഖ്യമന്ത്രിക്ക്‌ അദ്ദേഹത്തിന്‌ മേലുള്ള വിശ്വാസ്യതയാണ്‌ മറ്റ്‌ ഉദ്യോഗസ്ഥരെ മറികടന്ന്‌ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്ത്‌ എത്തിച്ചത്‌.

റിസര്‍വ്‌ ബാങ്കില്‍ നിന്ന്‌ ഔദ്യോഗിക ജീവിതം ആരംഭിച്ച ശിവശങ്കറിനെ ചുറ്റിപ്പറ്റി ഒരു വിവാദ നായകന്‍റെ പരിവേഷമൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. ശിവശങ്കറിന്‌ സ്വപ്‌നയുമായുള്ള അടുത്ത ബന്ധമാണ്‌ അദ്ദേഹത്തെ കെണിയില്‍ പെടുത്തിയതെന്നും പറയപ്പെടുന്നു.

എന്തായാലും സത്യാവസ്ഥ പുറത്ത്‌ വരുന്നതു വരെ സര്‍ക്കാരിന്‌ മേല്‍ തൂങ്ങുന്ന ഡമോക്ലീസിന്‍റെ വാളായി സ്വര്‍ണക്കടത്ത്‌ കേസ്‌ നിലനില്‍ക്കും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനെതിരായ വലിയ ആയുധമായി സ്വര്‍ണവേട്ടയും സ്വപ്‌ന സുരേഷും മാറുമെന്നതി ല്‍ സംശയമില്ല.


ആഡംബരങ്ങളെ പ്രണയിച്ച ജീവിതം സ്വപ്‌നയെ വീഴ്‌ത്തി

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പലരും സംശയിച്ചു കാണും ഇവര്‍ തന്നെയായിരുന്നോ സ്വര്‍ണക്കടത്ത്‌ നായികയും അധികാരവഴികളിലെ വിവാദ വനിതയുമായ സ്വപ്‌നയെന്ന്‌ . കാരണം അത്രയ്‌ക്കും ദയനീയമായൊരു ഭാവത്തിലാണ്‌ അവര്‍ പ്രത്യക്ഷപ്പെട്ടത്‌.

നാളിതുവരെ ഉന്നത ബന്ധങ്ങള്‍ സ്വന്തമാക്കാന്‍ മത്സരബുദ്ധിയോടെ മുന്നില്‍ നിന്ന സ്വപ്‌നയുടെ യാതൊരു ഭാവവുമുണ്ടായിരുന്നില്ല പുതിയ ചിത്രത്തിന്‌. 

സ്വപ്‌നയുടെ വാക്‌ചാതുരിയും വശ്യമായ പെരുമാറ്റവും ഉന്നതരെ പലരെയും വീഴ്‌ത്തിയെന്നതാണ്‌ ശരി. ഇങ്ങനെയൊരു പതനം സ്വപ്‌നയും അവരുടെ അടുപ്പക്കാരും തീരെ പ്രതീക്ഷിച്ചിരുന്നിരിക്കില്ല. 

ഉന്നത ബന്ധങ്ങള്‍ മുതലാക്കിയ സ്വപ്‌ന, തന്റേതായൊരു സാമ്രാജ്യം തന്നെ തീര്‍തിരുന്നു. സ്വര്‍ണക്കടത്ത്‌പോലുള്ള രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുമ്പോഴും പരിചയക്കാരായ ഉന്നതനേതാക്കളുമായി നയതന്ത്ര വഴികളിലെ ഇമേജ്‌ നിലനിറുത്താന്‍   ശ്രദ്ധിച്ചിരുന്നു സ്വപ്ന. അത് തന്നെയായിരുന്നു അവരുടെ  വിജയവും.

ആഡംബര ജീവിതത്തിലായിരുന്നു എന്നും സ്വപ്‌നക്കു കമ്പം. അതിനുള്ള വഴികളും  തുടക്കം മുതലേ ഉണ്ടായിരുന്നു.  കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസം. സമ്പന്നത നിറഞ്ഞതായിരുന്നു സ്വപ്‌നയുടെ ജീവിതവഴികൾ. 

അബുദബി സുല്‍ത്താന്റെ ചീഫ്‌ അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു സ്വപ്‌നയുടെ പിതാവിന്‌ ജോലി. 
അബുദബി ഇന്ത്യന്‍ സ്‌കൂളില്‍ പഠി ച്ച സ്വപ്‌നയ്‌ക്കു ഇഗ്‌ളീഷില്‍ നല്ല സംസാര ചാതുരിയുണ്ടായിരുന്നു. 

പ്ലസ്‌ ടു കഴിഞ്ഞ്‌ അബുദബി എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചതിനു പിന്നാലെയായിരുന്നു  തിരുവനന്തപുരം പേട്ട സ്വദേശിയുമായി വിവാഹം. ഭര്‍ത്താവിനെയും അബുദബിയിലെത്തിച്ചു സ്വപ്‌ന. പിതാവിന്റെ ബിസിനസില്‍ ഭര്‍ത്താവിനെയും കൂട്ടാന്‍ നടത്തിയ ശ്രമം ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിലാണ് എത്തിയത്,  ഈ വിവാഹത്തില്‍ സ്വപ്‌നയ്‌ക്കൊരു പെണ്‍കുട്ടിയുണ്ട്‌. 

കൊല്ലം സ്വദേശിയുമായി രണ്ടാം വിവാഹത്തോടെ  അബുദബി വിട്ട്‌ തിരുവനന്തപുരത്തായി സ്ഥിര താമസം. ഈ ബന്ധത്തില്‍ഒരു ആണ്‍കുട്ടിയുണ്ട്‌.  കേസിൽ പെടും വരെ ഭര്‍ത്താവും മക്കളുമായി അമ്പലമുക്കിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

പിതാവിന്‌ അബുദബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കുവാന്‍ പ്രയോജനപ്പെട്ടു എന്നും അതല്ല ജോലി കിട്ടാന്‍ ഉന്നത ശുപാര്‍ശ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്‌ . രണ്ടു സഹോദരങ്ങളുമുണ്ട്‌ സ്വപ്‌നക്ക്‌.  

എയര്‍ ഇന്ത്യ സാറ്റ്‌സിലും സ്വപ്‌ന ജോലി ചെയ്‌തിരുന്നു. ഐ.ടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിന്‌ കീഴിലെ സ്‌പേസ്‌ പാര്‍ക്കിലെ നിയമനം   വിവാദമായതിനെ തുടർന്ന്  സര്‍ക്കാര്‍ തല അന്വേഷണം നടക്കുന്നുണ്ട്‌. 

തിരുവനന്തപുരത്ത്‌ ജഗതിക്കടുത്ത്‌ കണ്ണേറ്റുമുക്കില്‍ കുടുംബ വിഹിതമായുള്ള സ്ഥലത്ത്‌  നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ സ്വപ്ന വീട്‌ നിര്‍മാണം തുടങ്ങിയിരുന്നു.
നേരത്തെ നെയ്യാറ്റിന്‍കരയ്‌ക്കടുത്ത്‌ സ്വപ്‌നയുടെ കുടുംബം   വീട്‌ പണിതിരുന്നു. എന്തായാലും സ്വപ്‌നയെ സംബന്ധിച്ച വിവാദങ്ങളും കഥകളും  തുടരുകയാണ്‌,  ദുരൂഹതകളും. 
     സ്വർണക്കടത്തും സ്വപ്നസുന്ദരിയും  : വിവാദനിഴലില്‍ കേരള ഭരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക