Image

ശ്രീമദ് വാല്മീകി രാമായണം ദിനം 5 ബാലകാണ്ഡം 71 മുതൽ 76 വരെ സർഗം അയോധ്യാകാണ്ഡം 1 മുതൽ 10 വരേയും

ദുര്‍ഗ മനോജ്‌ Published on 20 July, 2020
ശ്രീമദ് വാല്മീകി രാമായണം ദിനം 5 ബാലകാണ്ഡം 71 മുതൽ 76 വരെ സർഗം അയോധ്യാകാണ്ഡം 1 മുതൽ 10 വരേയും
സീതാ കല്യാണവും, രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാനുള്ള തീരുമാനവും, മന്ഥരയുടെ പ്രവേശവും ഒക്കെയാണ് ഇന്നത്തെ പ്രതിപാദ്യം.

ദശരഥനും പരിവാരങ്ങളും മിഥിലാ പുരിയിൽ എത്തിച്ചേർന്നു. ജനകൻ അവരെ വേണ്ട വിധം സ്വീകരിച്ചാനയിച്ചു. കുശലപ്രശ്നങ്ങൾക്കു ശേഷം, വിവാഹ ചടങ്ങിനു മുന്നോടിയായി ജനകൻ സ്വന്തം വംശത്തെക്കുറിച്ചു അയോധ്യാപതിയുടേയും പരിവാരങ്ങളുടേയും അറിവിലേക്കായി പറഞ്ഞു തുടങ്ങി . 
" നിമി എന്ന പരമധർമ്മാത്മാവായ ഒരു രാജാവിൽ നിന്നാണ് വംശം ആരംഭിക്കുന്നത്. നിമിയുടെ പുത്രൻ മിഥി, മിഥിയുടെ പുത്രൻ ഒന്നാം ജനകൻ അങ്ങനെ തുടങ്ങി സ്വർണരോമാവിൻ്റെ മകൻ ഹ്രസ്വരോമാവിൻ്റെ രണ്ടു പുത്രന്മാരി മൂത്ത പുത്രനാണു ഞാൻ ജനകൻ, എൻ്റെ സഹോദരൻ കുശധ്വജൻ. അച്ഛൻ്റെ മരണശേഷം രാജ്യഭാരവും അനുജൻ കുശ ധ്വജൻ്റെ പരിപാലനവും എന്നിലായി.എന്നാൽ കാലം കുറേ ചെന്നപ്പോൾ സുധന്വാൻ എന്ന രാജാവ് സാങ്കാശ്യപുരത്തു നിന്നു മിഥിലയിൽ വന്ന്, നിമിയുടെ കാലം മുതൽ തലമുറകൾ കൈമാറി, പവിത്രമായി കാത്തു സൂക്ഷിക്കുന്ന, ദേവകൾ ന്യാസമായി ഏൽപ്പിച്ച ശൈവചാപം അവനു നൽകണമെന്നും, സീതയെ അവനു വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതു വിസമ്മതിച്ചപ്പോൾ  അയാൾ മിഥില ആക്രമിച്ചു. യുദ്ധത്തിൽ ഞാൻ അവനെ വധിച്ചു, ആ രാജ്യത്തിൻ കുശധ്വജനെ രാജാവായി വാഴിച്ചു. ഇപ്പോൾ വിശ്വാമിത്ര മഹർഷിക്കൊപ്പം മിഥിലാ പുരിയിലെത്തിയ രാമൻ ശൈവ ചാപം എടുത്തുയർത്തുകയെന്ന അത്ഭുത കൃത്യം ഏവർക്കും മുൻപാകെ പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ വീര്യശുൽക്കയായി സീതയെ രാമനു നൽകുവാൻ ആഗ്രഹിക്കുന്നു. ഒപ്പം ഊർമ്മിളയെ ലക്ഷമണനും നൽകുവാൻ ആഗ്രഹിക്കുന്നു."
ഇതു കേട്ട്, ദശരഥൻ വളരെ സന്തോഷത്തോടെ വിവാഹത്തിനു സമ്മതം നൽകുന്നു. ഈ സമയം വിശ്വാമിത്രൻ വസിഷ്ഠ മുനിയുടെ അനുവാദത്തോടെ, ഭരത ശത്രുഘന്മാർക്കായി കുശധ്വജപുത്രിമാരായ മാണ്ഡവിയേയും ശ്രുതകീർത്തിയേയും നൽകുക എന്നറിയിച്ചു.
ഏവർക്കും അതു സമ്മതമായി. തുടർന്നു വിവാഹത്തിനു മുന്നോടിയായി ദശരഥൻ ദാനധർമ്മങ്ങൾക്കായി സ്വന്തം കൂടാരത്തിലേക്കു മടങ്ങി. അന്നോളം ആരും കണ്ടിട്ടില്ലാത്ത വിധം   കൊമ്പിൽ സ്വർണ്ണം കെട്ടിയ നാലു ലക്ഷം പശുക്കളെ അവയെ കറക്കുവാനുള്ള ഓട്ടുപാത്രത്തോടെ ബ്രാഹ്മണർക്കു ദാനം ചെയ്തു. ആ മഹത് കർമ്മത്തിനു ശേഷം, വിവാഹത്തിന് ഏറെ അനുയോജ്യമായ ഉത്രം നാളിൽ വിവാഹം നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഈ സമയം കേകയ രാജ്യത്തു നിന്നും  അയോധ്യയിലെത്തിയ കൈകേയിയുടെ സഹോദരൻ യുധാജിത് അനന്തരവൻ്റെ വിവാഹ വാർത്തയറിഞ്ഞ് മിഥിലയിൽ എത്തിച്ചേർന്നു. ഏവർക്കും ഏറെ സന്തോഷമായി. അങ്ങനെ സീതാ കല്യാണമായി. ഉത്രം നാളിൽ ഒരുക്കങ്ങൾ പൂർത്തിയായതോടെ നാലു കന്യകമാരുടേയും കന്യാദാനം വിധിപ്രകാരം നടന്നു. തുടർന്ന് വധൂവരന്മാർ അയോധ്യയിലേക്കു യാത്ര പുറപ്പെട്ടു.
കന്യാധനമായി വളരെയധികം രത്നങ്ങളും അമൂല്യ വസ്തുക്കളും നൽകി,യാത്രയയച്ച ശേഷം ജനകൻ കൊട്ടാരത്തിലേക്കു മടങ്ങി.

ആനന്ദത്തോടെ ആരംഭിച്ച 
മടക്കയാത്രയിൽ പൊടുന്നനെ ചില അപശകുനങ്ങൾ കണ്ടു ദശരഥൻ പരിഭ്രമിച്ചു. എന്നാൽ വസിഷ്ഠൻ ഭയക്കേണ്ടതില്ലെന്ന് ഉപദേശിച്ചു. പൊടുന്നനെ, കാടുംപടലും ഒടിഞ്ഞമരുന്ന ശബ്ദവും പൊടിക്കാറ്റും കൊണ്ടു ഭൂമി വിറച്ചു. വൈകാതെ പരശുരാമൻ അവർക്കു മുന്നിൽ പ്രത്യക്ഷനായി. കോപത്തോടെ പാഞ്ഞു വന്ന പരശുരാമനെ  ശാന്തനാകൂ എന്ന പ്രാർത്ഥനയോടെ സ്വീകരിച്ചു. ഒട്ടൊന്നടങ്ങിയെങ്കിലും തൻ്റെ ഗുരുവായ പരമശിവൻ നൽകിയ വില്ല് ഒടിച്ച രാമനെ വൈഷ്ണവ ചാപം എടുത്തു കുലയ്ക്കുവാൻ വെല്ലുവിളിച്ചു. ഇതൊക്കെ കണ്ട് ദശരഥൻ  രാമൻ കുട്ടിയാണെന്നും കരുണ വേണമെന്നും പറഞ്ഞു വിലപിച്ചു. എന്നാൽ ഭാർഗവരാമൻ അതു കേൾക്കാൻ കൂട്ടാക്കിയില്ല.ഒടുവിൽ രാമൻ, പരശുരാമൻ നീട്ടിയ വില്ലു വാങ്ങി കുലച്ചു. അസ്ത്രം തൊടുത്ത ശേഷം പറഞ്ഞു, ഞാൻ അസ്ത്രം തൊടുത്തു കഴിഞ്ഞു. ഒന്നുകിൽ അങ്ങ് അല്ലെങ്കിൽ അങ്ങു തപശക്തിയിൽ നേടിയ ലോകങ്ങൾ ഇവയിലേതെങ്കിലും ഒന്നു ഹനിക്കാതെ അസ്ത്രങ്ങൾ തിരിച്ചു വരില്ല. ഏതു വേണമെന്ന് അങ്ങ് തീരുമാനിക്കുക. മനുഷ്യരാൽ ഒന്നു തൊടുവാൻ പോലും സാധ്യമല്ലാത്ത വൈഷ്ണവ ചാപം എടുത്തു കുലച്ച രാമൻ നിസാരക്കാരനല്ല എന്നും അതു വിഷ്ണുതന്നെയെന്നും തിരിച്ചറിഞ്ഞ ഭാർഗവവൻ താൻ തപശക്തി കൊണ്ടു നേടിയ ലോകങ്ങൾ ഹനിക്കുവാൻ അനുവദിച്ച് ഏവരേയും അനുഗ്രഹിച്ച് അവിടെ നിന്നും നിഷ്ക്രമിച്ചു. ഭീതി ഒഴിഞ്ഞ്
ഏവരും ആനന്ദത്തോടെ അയോധ്യയിലെത്തി. പുത്രവധുക്കളെ അമ്മമാർ ഉപചാരപൂർവ്വം എതിരേറ്റു.
കുറേ ദിവസങ്ങൾ പാർത്തു കഴിഞ്ഞതോടെ യുധാജിത് ഭരതനെ കേകയത്തേക്കു കൂട്ടിക്കൊണ്ടു പോകുവാൻ വന്നതാണെന്നു കണ്ട് അവർക്കു പോകുവാൻ ദശരഥൻ അനുമതി നൽകി.ഭരതനൊപ്പം ശത്രുഘ്നനും പുറപ്പെട്ടു.

ബാലകാണ്ഡം സമാപിച്ചു.

ഇനി അയോധ്യാകാണ്ഡം

ഭരത ശത്രുഘൻമാർ മാതുല ഗൃഹത്തിലേക്കു പോയിക്കഴിഞ്ഞു രാജ്യത്തു സാധാരണ പോലെ ഏവരും ആനന്ദത്തോടെ ജീവിച്ചു വന്നു. എന്നാൽ ദശരഥൻ്റ മനസിൽ ചില അപശകുനങ്ങൾ വന്നു തുടങ്ങി. എന്തോ ആപത്തു വരുന്നുവെന്നും മറ്റും അദ്ദേഹത്തിനു ചിന്ത തുടങ്ങി. രാമനെ ഏവർക്കും പ്രിയമാണ്.രാമനാണു ദശരഥൻ്റെ പ്രാണനും. അദ്ദേഹത്തിനു പെട്ടന്നു തന്നെ രാമൻ്റെ അഭിഷേകം നടത്തണമെന്ന ആഗ്രഹമുദിച്ചു. നിലവിൽ ഭരതൻ അയോധ്യയിൽ ഇല്ല എന്നതും അദ്ദേഹം കണക്കിലെടുത്തു.
അടുത്ത ദിവസം തന്നെ സഭ വിളിച്ചു കൂട്ടി. സാമന്ത രാജക്കന്മാരും സഭയിൽ പങ്കെടുത്തു. എന്നാൽ കേകയ രാജ്യത്തും, മിഥിലാ പുരിയിലേക്കും സന്ദേശം പോയില്ല. എല്ലാം മംഗളമായി അവസാനിച്ച ശേഷം അവിടെ അറിയിക്കാം എന്ന നിലപാടായിരുന്നു ദശരഥന്. വന്നു ചേർന്നവർക്കെല്ലാം യുവരാജാവായി രാമനെ അഭിഷേകം ചെയ്യാൻ സമ്മതം മാത്രം. അതിനായി ഒരു ദിവസം പോലും കൂടുതൽ കാത്തുനിൽക്കാൻ ദശരഥൻ തയ്യാറായില്ല. പിറ്റേന്നു പൂയം നക്ഷത്രത്തിൽ തന്നെ അഭിഷേകമെന്നു നിശ്ചയമായി. ഒരുക്കങ്ങൾ ആരംഭിക്കുവാൻ ഏവരോടും ആജ്ഞാപിച്ചു. പിന്നെ രാമനെ വരുത്തി  ശുഭകാര്യം അറിയിച്ചു.രാമൻ അമ്മയുടെ അന്തഃപുരത്തിൽ ചെന്നു അമ്മ കൗസല്യയോടും സീതയോടും ലക്ഷ്മണനോടും സദ് വാർത്ത പറഞ്ഞു. പിന്നീട് അച്ഛൻ്റെയും ഗുരുവിൻ്റേയും നിർദ്ദേശത്തിൽ സീതയോടൊപ്പം ഉപവാസത്തിൽ പ്രവേശിച്ചു. 
രാജ്യമെങ്ങും സന്നാഹങ്ങൾ ഒരുങ്ങി.

ഈ സമയം ഭരത മാതാവ് കൈകേയിയുടെ ദാസി കൂനിയായ മഥര അയോധ്യയുടെ തെരുവുകളിലെ അസാധാരണമായ തിരക്കും ഒരുക്കവും കണ്ട് കാര്യമെന്തെന്ന് അന്വേഷിച്ചു. രാമാഭിഷേകത്തെക്കുറിച്ചു കേട്ട അവൾ ക്രുദ്ധയായി കൈകേയിയുടെ സമീപത്തേക്കോടി. കൈകേയിയോടു വിവരം പറഞ്ഞു.ആ വാർത്ത കേട്ട കൈകേയി തൻ്റെ കഴുത്തിൽ കിടന്ന വിലയേറിയ ഹാരം മന്ഥരക്കു ഉപഹാരമായി നൽകി. എന്നാലവളതു തട്ടിത്തെറിപ്പിച്ചു.  പിന്നെ കൈകേയിയെ ഉപദേശിച്ചു.
മണ്ടത്തരമാണ് നീ കാണിക്കുന്നത്.രാമൻ യുവരാജാവായാൽ നിനക്കു ദോഷം വരും. ഒരു കാരണവശാലും അതു നടക്കരുത്. ഭരതൻ യുവരാജാവാകണം.രാമൻ വനവാസത്തിനു പോകണം.
ഇതു കേട്ടു കൈകേയി, രാമൻ തനിക്കു പ്രിയപ്പെട്ടവൻ തന്നെയെന്നും രാമനു പട്ടാഭിഷേകമെന്നാൽ സ്വന്തം മകനു പട്ടാഭിഷേകമെന്ന പോലെയെന്നും പ്രതികരിച്ചു. എന്നാൽ മന്ഥര അടങ്ങിയില്ല. അവളുടെ കൂർത്ത വാക്കുകൾ കൈകേയിയുടെ മനസു അല്പസമയം കൊണ്ടു  വിഷമാക്കി മാറ്റി. കൈകേയി  പണ്ടു ദേവാസുര യുദ്ധത്തിൽ പരിക്കേറ്റു വീണ ദശരഥൻ്റെ ജീവൻ യുദ്ധഭൂമിയിൽ നിന്നും  മാറ്റിക്കിടത്തി പരിചരിച്ചു രക്ഷിച്ചതും അതിൽ തുഷ്ടനായ ദശരഥൻ നൽകിയ രണ്ടു വരങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്താനും നിശ്ചയിച്ചു.
അങ്ങനെ ആഭരണങ്ങൾ ഉപേക്ഷിച്ച് മുടി അഴിച്ചിട്ട് കരഞ്ഞു നിലവിളിച്ച് അവൾ ദശരഥൻ്റെ വരവും കാത്തു കിടന്നു.

അഞ്ചാം ദിവസത്തിൽ വാല്മീകി മനുഷ്യ മനസിൻ്റെ അനാവശ്യ തിടുക്കങ്ങളും അതുണ്ടാക്കുന്ന സംശയങ്ങളും, ഒപ്പം ചില വിഷലിപ്ത മനസുകൾ എത്ര വേഗത്തിലാണ് ഒരു വിഷയത്തെ കീഴ്മേൽ മറിക്കുന്നതെന്നും നമുക്കു കാട്ടിത്തരുന്നു.

രാമായണ കഥയിൽ വലിയ മാറ്റം സംഭവിക്കുവാൻ ആരംഭിക്കുന്ന ഭാഗമാണ് ആരണ്യകാണ്ഡത്തിൻ്റെ ആരംഭസർഗങ്ങൾ.
ഇവിടെ, ദശരഥൻ്റെ നീക്കങ്ങളിൽ ഒരു പരിഭ്രമവും അനാവശ്യ തിടുക്കവും, നല്ലതല്ലാത്ത ചിന്തകളുടെ സ്വാധീനവും പ്രകടമാണ്.ഭരതനും ശത്രുഘ്നനും അയോധ്യയിൽ ഇല്ലാത്ത സമയത്ത്, ഭരതനു മേൽ അത്ര പ്രിയമുണ്ട് എന്നു പറയുമ്പോഴും യാതൊരു കാമ്പുമില്ലാത്ത ഒരാശങ്കയും അച്ഛനായ ദശരഥൻ്റെ ഉള്ളിൽ മറഞ്ഞിരിക്കുന്നതു വ്യക്തമാണ്. അതുകൊണ്ടാണ് അനർത്ഥങ്ങൾ ഞാൻ കാണുന്നു എന്നു പറഞ്ഞു കൊണ്ടു ധൃതിയിൽ സഭ വിളിച്ചു കൂട്ടുന്നതും സഭയുടെ അനുവാദത്തോടെ രാമനെ യുവരാജാവായി വാഴിക്കാമെന്നു തീരുമാനിക്കുന്നതും. അവിടെയും കേകയത്തേക്കു ദൂതരെ അയക്കുന്നില്ല. ഒപ്പം മിഥിലയിലേക്കും.കാരണം, പറയുന്നതാകട്ടെ അവർ പിന്നീട് അറിയട്ടെ എന്നും.
മനുഷ്യ മനസിൻ്റെ സ്വഭാവമാണ് ദശരഥനിലൂടെ പുറത്തു വരുന്നത്. അനാവശ്യ ഭയം, വ്യക്തികളെ സംശയിക്കൽ ഇവയൊക്കെയല്ലേ ഇന്നും പ്രശ്നങ്ങൾക്കു മൂലാധാരം? അടുത്തത് ഏറെ ചർച്ച ചെയ്തിട്ടുള്ള കൈകേയിയുടേയും മന്ഥരയുടേയും സ്വഭാവസവിശേഷതകൾ. ഇവിടെ കൈകേയിയുടെ മനസിലേക്കു വിഷം കയറ്റി വിടുന്ന മന്ഥരക്കു യഥാർത്ഥത്തിൽ ഭരതനോടുമില്ല പ്രതിപത്തി.അവൾ കാണാനാഗ്രഹിക്കുന്നത് ദുഷ്ചിന്ത കൊണ്ടുണ്ടാകുന്ന കലഹങ്ങളാണ്. ഇങ്ങനെയും ചിലരുണ്ട് ഒരു കാര്യവുമില്ലാതെ മറ്റുള്ളവരുടെ ജീവിതം നരകമാക്കി തീർക്കുന്നവർ
രാമായണ വായന ഭക്തി വളർത്തുക എന്ന ഘട്ടവും മറികടന്നു മനുഷ്യ മനസുകളെ മനസിലാക്കുവാനുള്ള ഒരു പഠന പദ്ധതി കൂടിയായി സ്വീകരിക്കാം. അന്നുമിന്നും മനുഷ്യർ വലുതായൊന്നും മാറിയിട്ടില്ലെന്നു തിരിച്ചറിയാം.

അഞ്ചാം ദിവസം സമാപ്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക