Image

രൂപാന്തരം (കഥ: പുഷ്പമ്മ ചാണ്ടി)

Published on 20 July, 2020
രൂപാന്തരം (കഥ: പുഷ്പമ്മ ചാണ്ടി)
അടുത്തവീട്ടിലെ റോമിയോക്ക് റോഷനെ കണ്ടുകൂടാ. 
റോമിയോ എല്ലാവരുമായി നല്ല ചങ്ങാത്തത്തിലാണ്. പക്ഷേ, റോഷന്റെ തലവെട്ടം കണ്ടാൽ അവനപ്പോൾ തുടങ്ങും കുര. 
ചുമ്മാ കുരയല്ല,  കൂടിനുചുറ്റും വട്ടത്തിൽ കറങ്ങിനടന്ന്,  ഉറക്കെ ...ആ കോളനിയിലുള്ള സകല ജനത്തേയും വിളിച്ചുണർത്തനെന്നപോലെ.

വെളുപ്പിനെ, റോഷൻ ജോഗ്ഗിങ്ങിനു പോകാനിറങ്ങുമ്പോഴാണ് കൂടതൽ പ്രശ്‌നം.
അവൻ്റെ കളസവും, ടീ ഷർട്ടും കാണുമ്പോൾ കുര കൂടതലാവും.
റോമിയോയെ ചൊടിപ്പിക്കാൻ റോഷൻ അവിടെത്തന്നെ നിന്നു ജോഗ്ഗ് ചെയ്യും. കുരയുടെ ശക്തി കൂടുമ്പോൾ ആൻറി ഇറങ്ങിവരും.
" എൻ്റെ പൊന്നു റോഷാ, നിനക്കെന്തിന്റെ കേടാ.. എല്ലാവരും നല്ല ഉറക്കത്തിലാ...
അങ്കിൾ വളരെ താമസിച്ചാ ഇന്നലെ വന്നു കിടന്നത്. നീ രാവിലെതന്നെ അവനെ ചൊറിയിപ്പിക്കാതെ. "
" അല്ല ആന്റീ,.. ഞാൻ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ,  ഈ റോമിയോയ്ക്കു എന്നോടെന്താണ് ഇത്രയ്ക്കു വിരോധം ?"
" അവന്റെ പേരു റോമിയോ  എന്നാണെങ്കിലും, അവൻ നിന്നെപ്പോലെയല്ല,  ഇവർക്കൊക്കെ സിക്സ്ത് സെൻസുണ്ട്. ശരിയല്ലാത്തവരെ കണ്ടാൽ തിരിച്ചറിയും.
 കള്ളന്മാരെ മാത്രമല്ല കേട്ടോ ?"

"രാവിലെതന്നെ ആന്റി എന്നെ നൈസായിട്ട് ഒന്നു വാരി,  ഇല്ലേ ?"

ഓട്ടവും,  എക്സർസൈസുമൊക്കെ കഴിഞ്ഞ്, പതിവുളള  മുട്ടയും  പാലും അകത്താക്കുമ്പോൾ അവൻ അമ്മയോട് വീണ്ടും ചോദിച്ചു , 
" അമ്മേ.... ആ റോമിയോയ്ക്കെന്നോടെന്താ ഇത്ര വൈരാഗ്യം ?"
" നിന്നെ കുറെനാളായിട്ടു കാണുന്നതല്ലെയവൻ, നിന്റെ കൈയ്യിലിരിപ്പുകൾ അവനു നല്ലപോലെയറിയാം. കാലത്തെ കിന്നരിക്കാൻ നിക്കാതെ പോയിയിരുന്നു പഠിക്ക്. ആറു സപ്ലിയാണ്,  ഇപ്രാവശ്യം ജയിച്ചില്ലെങ്കിൽ അപ്പാ നിന്നെ ശരിപ്പെടുത്തും"

കൂടെ പഠിച്ചവന്മാർക്കൊക്കെ ജോലിയായി. 
സത്യം പറഞ്ഞാൽ എഞ്ചിനീയറിംഗ് തീരെ ഇഷ്‌ടമുണ്ടായിട്ടെടുത്തതല്ല. അങ്ങനെ പറ്റിപ്പോയി എന്ന് പറഞ്ഞാൽ മതി.
പക്ഷേ,  ഇനി അതു പറഞ്ഞിട്ട് കാര്യമില്ല, 
എങ്ങനെയും സപ്ലി എഴുതി യെടുക്കണം .
" അമ്മേ "
"എന്താടാ ?"
" 'അമ്മ ഒരു കാര്യം ശ്രദ്ധിച്ചോ ?"
"ഉം എന്താ ?"
"റോമിയോ കുരയ്ക്കുമ്പോൾ,  അപ്പാ എന്നെ വഴക്കു പറയുന്നതുപോലെ തോന്നും. സെയിം ടോൺ, രണ്ടു പേർക്കും "
സ്നേഹപൂർവ്വം അവനെ അടിക്കാൻ  കൈ ഓങ്ങിക്കോണ്ട് അമ്മ പറഞ്ഞു, 

" ഓരോ കണ്ടുപിടുത്തങ്ങൾ. എൻ്റെ കൈയിൽനിന്നും വാങ്ങാതെ പൊക്കോ.."
റോഷൻ ഓർത്തു;  റോമിയോയ്ക്ക്  എവിടെയൊക്കെയോ അപ്പയുടെ   മാനറിസമുണ്ട്. പ്രത്യകിച്ചു തന്നെ കാണുമ്പോൾ, 
വഴക്കു പറയുമ്പോൾ,  

കുറച്ചു ദിവസങ്ങൾക്കു ശേഷം  ആന്റിയുടെ ഫോൺ.
" റോഷാ നീ ഒന്നു വേഗം വന്നേ,  റോമിയോയ്ക്കു തീരെ വയ്യാ,  ഒന്നു വെറ്റിന്റെ അടുത്ത് കൊണ്ടുപോകണം. "
" അതിനു, അവനെന്നെ കണ്ടാൽ കുരയ്ക്കത്തില്ലേ ?
" നീ ഓരോന്ന് പറഞ്ഞു സമയം കളയാതെ ഒന്നു വേഗം വാ.  
അങ്കിളിവിടെയില്ല. ടെൻഷൻകാരണം ഞാൻ 
വണ്ടിയെടുത്താൽ ശരിയാവില്ല.
റോഷനെ കണ്ടതും റോമിയോ ദയനീയമായി നോക്കി. പിന്നെ പതുക്കെ ഒന്നു മുരണ്ടു. 
അവനു നല്ല വേദനയുണ്ടെന്നു ആ  കണ്ണുകൾ പറഞ്ഞു,  
ആന്റിയും റോമിയോയും കൂടി വണ്ടിയുടെ പുറകിൽ കയറി. ക്ലിനിക്കിൽ എത്തിയതും ഡോക്ടർ അവനെ അകത്തേക്ക് കൊണ്ടുപോയി. കൂടെ ആന്റിയും.
കുറച്ചു സമയം കഴിഞ്ഞ് ആന്റി പുറത്തേക്കു വന്നിട്ട് പറഞ്ഞു. 

" റോഷൻ വേണമെങ്കിൽ  പൊയ്ക്കോളൂ.  കുറച്ചു സമയമെടുക്കുമിവിടെ. റോമിയോയ്ക്ക് 
കിഡ്നിക്കെന്തോ കുഴപ്പമാണ് ." 
ആന്റിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
റോമിയോ എല്ലാവരുടെയും 
സ്നേഹഭാജനമാണ്. കുടുംബത്തിലെ ഒരംഗം തന്നെ.
അങ്കിളിനും,  ആന്റിക്കും മകനെപ്പോലെ..
ആന്റിയുടെ കരിച്ചിലിനിടയിൽ അമ്മയുടെ ഫോൺ ..
" റോഷാ നീ ആന്റിയോടു പറഞ്ഞിട്ടൊന്നു വേഗം വരൂ." അമ്മയും  കരയുകയാണ്. 
" എന്താ അമ്മാ "
"അപ്പയ്ക്കു പെട്ടെന്നൊരു നെഞ്ചുവേദന.  ഞാൻ ആംബുലൻസു വരാൻ  വിളിച്ചിട്ടുണ്ട്.. എന്നാലും നീ വേഗം വാ.."
ആന്റിയോടു  വിവരം പറഞ്ഞു
റോഷൻ ഇറങ്ങി.

എത്രപെട്ടെന്നാണ് എല്ലാം കീഴ്മേൽ മറിയുന്നത്. അപ്പക്ക് ഹാർട്ടറ്റാക്കായിരിന്നു.
മൂന്നുദിവസം ICU, പിന്നെ റൂമിലേക്ക് കൊണ്ടുവന്നു .

ഈ മൂന്നുദിവസത്തിനകം പലതും സംഭവിച്ചു . 
കിഡ്നി പ്രോബ്ലം കാരണം  റോമിയോ മരിച്ചു.
രണ്ടു വീടുകളിലും ശോകാകുലമായ അന്തരീക്ഷം. ആന്റിയുടെ വീടിനോടു ചേർന്നുളള സ്ഥലത്തുതന്നെയാണ് റോമിയോയെ അടക്കിയത്.
എല്ലാവരും അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു, അവൻ്റെ കാര്യം പറയുമ്പോൾ കണ്ണുനീരടക്കാൻ കഴിയുന്നില്ല.
ആന്റി അവൻ്റെയൊരു നല്ല  ഫോട്ടോ ഫ്രെയിം ചെയ്‌തു  മുറിയിൽ വെച്ചു.

ജോഗിങ്ങിനു പോകുമ്പോൾ റോഷൻ  പതിവുപോലെ ആ കൂട്ടിലേക്ക്‌ കുറച്ചുനേരം നോക്കിനില്ക്കും. 
തന്നെ കളിയാക്കുന്നതുപോലെയുളള റോമിയോയുടെ കുര അവനു മിസ് ചെയ്തു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തുവന്ന അപ്പയെ കണ്ടപ്പോൾ അവനു സങ്കടം അടക്കാൻ കഴിഞ്ഞില്ല. കണ്ണിൽ ഒരു നിസ്സഹായ ഭാവം. 
അന്ന് രോഗക്കിടക്കയിൽ റോമിയോയുടെ കണ്ണിൽ കണ്ട അതേ ഭാവം..
അപ്പ ചോദിച്ചു 
"  റോഷാ നീ ഇപ്രാവശ്യങ്കിലും എക്സാം ക്ലിയർ ചെയ്യുമോ ?"
അവൻ അപ്പയുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു, 
" ഉറപ്പായിട്ടും "

തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അവൻ വിചാരിച്ചു,
അപ്പ, എത്ര ശാന്തമായിട്ടാണ് 
തന്നോടു സംസാരിച്ചത്. ആ പഴയ കുരയ്ക്കുന്നതു  പോലെയുള്ള  
ശബ്ദം എവിടെപ്പോയി.?
റോമിയോയും അപ്പയും തമ്മിൽ എന്തായിരിക്കും ബന്ധം ?
ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതിനൊക്കെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുവെങ്കിൽ..അല്ലെ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക