Image

രാമായണ ശീലുകൾ പുനർവായനയുടെ ശ്രുതിക്ക് കാതോർക്കുന്നു ( രാമായണ ചിന്തകൾ -5: ഡോ.എസ്.രമ)

Published on 19 July, 2020
രാമായണ ശീലുകൾ പുനർവായനയുടെ ശ്രുതിക്ക് കാതോർക്കുന്നു ( രാമായണ ചിന്തകൾ -5: ഡോ.എസ്.രമ)
ആദികാവ്യമായ രാമായണത്തിന് ഭാരതീയ ഇതിഹാസങ്ങളിൽ പ്രഥമ സ്ഥാനമാണ് .  മൂലകൃതിയുടെ രചയിതാവ് വാൽമീകിയാണ്. ആദികവി എന്ന്  അറിയപ്പെടുന്ന അദ്ദേഹവും ശ്രീരാമനും ഏതാണ്ട് സമകാലീനർ ആയിരുന്നു. സീത പരിത്യക്തയായി വസിച്ച് ലവകുശൻമാർക്ക് ജന്മം നൽകിയതു വാത്മീകി ആശ്രമത്തിൽ വച്ചാണ്. ഒരിക്കൽ തമസാ നദിയിൽ സ്നാനം ചെയ്തു കൊണ്ടിരുന്ന വാൽമീകി ഒരു വേടൻ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ എയ്ത്  വീഴ്ത്തുന്നത് കണ്ടു. അതിൽ നിന്നുണ്ടായ ഉൽക്കടമായ വികാരം ശ്ലോക രൂപത്തിൽ പുറത്തുവന്നു.
ആ ശ്ലോകത്തിന് ചുവടുപിടിച്ച് പിന്നീട് 24000 ശ്ലോകങ്ങൾ ഉള്ള രാമായണം രചിക്കുകയാണ് ഉണ്ടായത്. ഒരിക്കൽ നാരദനോട് മാതൃകാപുരുഷൻ ആരെന്ന വാത്മീകിയുടെ   ചോദ്യത്തിന് ശ്രീരാമൻ എന്ന മറുപടി ലഭിക്കുകയും അങ്ങനെ രാമായണം എഴുതുകയും ചെയ്തു എന്നും പറയുന്നുണ്ട്. വാത്മീകി രാമായണത്തിലെ ചുവടുപിടിച്ചാണ് വിവിധ ഭാഷകളിൽ രാമായണം രചിക്കപ്പെട്ടിട്ടുള്ളത്.

കേരളത്തിൽ പ്രചാരത്തിലുള്ളത്  തുഞ്ചത്തു എഴുത്തച്ഛൻ രചിച്ച  അദ്ധ്യാത്മരാമായണമാണ്. എഴുത്തച്ഛന്റെ  രാമായണം വാത്മീകി രാമായണത്തെ അപേക്ഷിച്ച് ഭക്തിസാന്ദ്രമാണെന്ന്  പറയാം . ശ്രീരാമനെ വിഷ്ണു സങ്കല്പത്തിൽ ആരാധിക്കുന്നതാണ് അധ്യാത്മരാമായണത്തിൽ മിക്ക ഭാഗത്തും നമ്മൾ കാണുന്നത്. എഴുത്തച്ഛന്റെ ധാർമിക ഉൽക്കർഷ ത്തോടൊപ്പം തത്വചിന്താ ശകലങ്ങൾ  രാമായണത്തിൽ മിക്ക ഭാഗത്തുമുണ്ട്.. സാരോപദേശങ്ങളായി കഥാസന്ദർഭങ്ങളോട് മനോഹരമായി കോർത്തിണക്കിയിരിക്കുന്നത് കൊണ്ട് തന്നെ വായനക്കാരന്റെ മനസ്സിൽ മായാതെ ഇടം പിടിക്കുന്നു.

 "ഭോഗങ്ങളെല്ലാംക്ഷണ പ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക  നീ."
എന്ന തരത്തിൽ ദാർശനിക വചനങ്ങൾ രാമായണത്തിൽ ഉടനീളം കാണാം..
 കൗസല്യാസ്തുതി അഹല്യാസ്തുതി, ജഡായു സ്തുതി, വിരാധ സ്തുതി, അഗസ്ത്യ സ്തുതി, വരുണ സ്തുതി  എന്നിങ്ങനെ പല ഭാഗങ്ങളിലും ഭക്തിസാന്ദ്രമായ ഭഗവതി സ്തുതികളുണ്ട്.  രാമായണം മനുഷ്യരുടെ അധ്യാത്മിക ജീവിതത്തിനു മാത്രമല്ല ഭൗതിക ജീവിതത്തിനും  വഴികാട്ടി ആകുന്നുണ്ട്. പിതാവ്,  മാതാവ്, പുത്രന്മാർ,  പുത്ര ഭാര്യമാർ എന്നിവരടങ്ങിയ ഒരു മാതൃക കുടുംബത്തെ ആണ് രാമായണം നമ്മുടെ മുമ്പിൽ വരച്ചു വെക്കുന്നത്. രാമായണത്തിലെ  കഥാപാത്രങ്ങൾ  അവരുടെ ജീവിതം കൊണ്ട് നമുക്ക് ഓരോ സന്ദേശം തരുന്നുണ്ട്.എല്ലാ മനുഷ്യരിലും ഈശ്വരാംശം ഉണ്ട്. ധർമത്തിന് മൂർത്തിമദ്ഭാവമായ ശ്രീരാമചന്ദ്രനിലത്  ഒരു പടി മുന്നിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ദൈവീക പരിവേഷം നൽകി ആരാധിക്കുന്നത്. ഹൈന്ദവ സംസ്കാരം അനുസരിച്ച് ഈശ്വരാരാധന സങ്കല്പം രൂപങ്ങളിൽ അധിഷ്ഠിതമാണ്. അത് കൊണ്ട് തന്നെയാണ്  ശ്രീരാമചന്ദ്രനെ  മഹാവിഷ്ണുവിന്റെ അവതാരമാണെന്ന സങ്കല്പത്തിൽ   ആരാധിക്കുന്നത്.

ബാല്യത്തിൽ മാലി രാമായണം പലവട്ടം വായിച്ചിട്ടുണ്ട്. രാമ രാവണ യുദ്ധത്തെയും സീതാപഹരണത്തെയും അങ്ങനെയങ്ങിനെ  രാമായണത്തിലെ ഓരോ കഥാസന്ദർഭത്തെയും മനസ്സിൽ സങ്കല്പിച്ചു  നോക്കിയിട്ടുണ്ട്. പിന്നീട് എത്രയോ നാൾ കഴിഞ്ഞിട്ടാണ് അദ്ധ്യാത്മ രാമായണം വായിക്കാൻ തുടങ്ങിയത്. ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകൾ  ഗർഭാവസ്ഥയിൽ രാമായണം പാരായണം ചെയ്യുമ്പോൾ  സദ്സന്താനങ്ങൾ  പിറക്കുമെന്ന്   കരുതപ്പെടുന്നു. കർക്കിടക മാസത്തെ രാമായണ മാസമായി കൂടുതൽ പ്രാധാന്യം കല്പിച്ച്  ആചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. കോരിച്ചൊരിയുന്ന മഴയുടെ തണുത്ത അന്തരീക്ഷത്തിൽ രാമായണ ഭക്തിയിൽ സ്വയം സമർപ്പിക്കുന്നത് മനസ്സിന് വല്ലാത്ത ഒരു അനുഭൂതി തന്നെയാണ്. കുട്ടികളുടെ മനസ്സിൽ ഭക്തി വളർത്താനും അതുപകരിക്കുന്നു.ക്ഷേത്രങ്ങളിലും രാവിലെ മുതൽ വൈകിട്ട് വരെ യുള്ള രാമായണ പാരായണവും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും നടക്കുന്നു.

 സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു രാമായണമാസാചരണം ആണ് നമുക്ക് ഈ വർഷം ഉള്ളത്. ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ  നിന്ന് രാമായണ ശീലുകൾ ഇത്തവണ കേൾക്കാനില്ല. കൊറോണ  രോഗഭീതിയിൽ  നാലമ്പലദർശനം ഉൾപ്പെടെയുള്ള ക്ഷേത്ര ദർശനങ്ങൾ എല്ലാം നിർത്തി വച്ചിരിക്കുന്നു. നമുക്ക് വീടുകളിൽ ഇരുന്ന് രാമായണം വായിക്കാം. ഉത്തമനും ധർമ്മിഷ്ടനുമായ, സ്വന്തം ജീവിതത്തിലുപരി പ്രജകളുടെ ആഗ്രഹങ്ങളും ക്ഷേമവും ലക്ഷ്യമാക്കിയ ശ്രീരാമചന്ദ്രന്റെ   നന്മകൾ ഉൾക്കൊള്ളാം. കാലം പഴയതുപോലെ ആകും എന്ന പ്രതീക്ഷയിൽ..


രാമായണ ശീലുകൾ പുനർവായനയുടെ ശ്രുതിക്ക് കാതോർക്കുന്നു ( രാമായണ ചിന്തകൾ -5: ഡോ.എസ്.രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക