Image

ആൾക്കൂട്ടത്തിൽ തനിയെ (ഒരു നഴ്സിന്റെ ഡയറിക്കുറിപ്പുകൾ -2-ബിന്ദു ഫെർണാണ്ടസ്)

Published on 19 July, 2020
ആൾക്കൂട്ടത്തിൽ തനിയെ (ഒരു നഴ്സിന്റെ ഡയറിക്കുറിപ്പുകൾ -2-ബിന്ദു ഫെർണാണ്ടസ്)

ആൾക്കൂട്ടത്തിനേക്കാൾ ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നത് ഏകാന്തതയെ തന്നെയാണ്. വല്ലാത്തൊരു വിമ്മിഷ്ടമാണ് ആൾക്കൂട്ടങ്ങൾ എനിക്ക് എന്നും സമ്മാനിച്ച് കൊണ്ടിരുന്നത്.പലപ്പോഴും എതിക്കെന്നെ അവിടെ നഷ്ടപ്പെട്ട് പോകുമോ എന്ന ഭയം കൊണ്ടാകും ആൾക്കൂട്ടത്തിൻ്റെ ഭാഗമാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. തേച്ച് മിനുക്കി ഉരച്ച് ചതച്ച് പൊടിച്ച് എടുത്ത എൻ്റേത് മാത്രമായ ചിന്തകൾ ഒരു ആൾക്കൂട്ടത്തിൻ്റെ ആരവത്തിൽ ഇല്ലാതായ് പോകുന്നത് എൻ്റെ പ്രാണൻ നഷ്ടപ്പെടും പോലെ വേദന എന്നിൽ ജനിപ്പിക്കാറുണ്ട്. ആൾക്കൂട്ടങ്ങൾ ഉയർത്തുന്ന ശബ്ദാരവങ്ങൾ വളരെ വലിയതാണെങ്കിലും അവ മുക്കി കളയുന്നത് പലരുടെയും ജീവനിൽ നിന്ന് അടർന്ന് വീണ രക്ത തുള്ളികളാണ് .ആ രക്തത്തിൽ ചവിട്ടി നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കി രസിക്കയല്ലേ അവർ പലപ്പോഴും ചെയ്യുന്നത്.

ആൾക്കൂട്ടങ്ങൾ എന്നെ വിട്ട് അകന്നപ്പോഴൊക്കെ ഞാൻ ഒറ്റപ്പെടലിൻ്റെ വേദന അനുഭവിച്ചിട്ടുണ്ട്. ആരും കൂടെയില്ലല്ലോ എന്നോർത്ത് ഒറ്റക്കിരുന്ന് കരഞ്ഞ എത്രയെത്ര  ഏകാന്തതയുടെ തുരുത്തുകൾ ഇന്നും ഓർമ്മയിൽ കണ്ണീർപ്പാടുകൾ വീഴ്ത്തി നിൽപ്പുണ്ട്. ആൾക്കൂട്ടങ്ങൾ പറയുന്നത് എല്ലാം ശരിയാണെന്ന് വെച്ച് കൊടുക്കാൻ പറ്റാത്തത് എൻ്റെ തെറ്റല്ല.. തെറ്റിനെ തെറ്റ് എന്നും ശരിയെ ശരിയെ എന്നും പറയാൻ എന്നെ പഠിപ്പിച്ചത് പ്രാപ്തയാക്കിയത് എൻ്റെ അറിവുകളാണ്.. ബോധ്യങ്ങളാണ്.. അത് അനുഭവത്തിലൂടെ എനിക്ക് വെളിപ്പെട്ട് കിട്ടിയതാണ്... പിന്നെങ്ങനെ ആൾക്കൂട്ടം തെറ്റായ കാര്യങ്ങൾ ശരിയെന്ന് സ്ഥാപിക്കുമ്പോൾ അവരുടെ നിഴലായി എനിക്ക് നിൽക്കാൻ പറ്റും..?
ഒറ്റപ്പെടലുകൾ തുടക്കത്തിലേ വേദനകൾ തരൂ .പിന്നീട് അത്തരം ഏകാന്ത നിമിഷങ്ങളെ സ്നേഹിക്കാൻ നമ്മൾ പഠിക്കും .പ്രണയിക്കാൻ യത്നിക്കും .. സ്വപ്നങ്ങൾ കാണാൻ തുടങ്ങും. സ്വന്തം കഴിവുകൾ ഉരച്ച് മിനുക്കി എടുക്കാൻ നോക്കും. അവ പുതിയ പാതകൾ വെട്ടിതുറക്കാൻ വാളായ് ഉപയോഗിക്കാൻ പഠിക്കും.ആൾക്കൂട്ടത്തിൽ ഒരാളായ് നിന്ന കാലത്തല്ല ഞാൻ ഞാനായിരുന്നത്.അവരിൽ നിന്ന് വഴി മാറി നടക്കാൻ തുടങ്ങിയപ്പോഴാണ് .അങ്ങനെ നടന്നില്ലായിരുന്നു എങ്കിൽ എന്നേ ഞാൻ എന്നെ നഷ്ടപ്പെടുത്തിയേനെ.

എങ്കിലും ആൾക്കൂട്ടങ്ങൾ ആവശ്യമാണ്. ഏററവും നന്നായി നമ്മളെ വിമർശിക്കാൻ കഴിയുന്ന വിലയിരുത്താൻ കഴിയുന്ന ഒരു കൂട്ടം ജനങ്ങൾ നമ്മൾക്ക് ചുറ്റിലും ഉണ്ടാകുക എന്നത് നല്ല കാര്യമാണ് ... കൃത്യമായ അകലം അവരിൽ നിന്ന് പാലിച്ച് നിൽക്കാൻ നമ്മൾ പഠിക്കണം എന്ന് മാത്രം .അവർ തുഴയുന്നിടത്തേക്ക് നമ്മൾ എത്താതിരിക്കാൻ തുഴക്കോൽ നമ്മുടെ കൈവശം ഭദ്രമാക്കി എപ്പഴും വെക്കണം .പിന്നീടുള്ള യാത്ര സുഖകരമാണ് .. ഞാനിപ്പോൾ സഞ്ചരിക്കും പോലെ .ആൾക്കൂട്ടത്തിന് നടുവിൽ ആണെങ്കിലും തനിയെ ഉള്ള ഈ യാത്ര പോലെ മനോഹരമായി മറ്റെന്തുണ്ട്...?
ആൾക്കൂട്ടത്തിൽ തനിയെ (ഒരു നഴ്സിന്റെ ഡയറിക്കുറിപ്പുകൾ -2-ബിന്ദു ഫെർണാണ്ടസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക