Image

ശ്രീമദ് വാല്മീകി രാമായണം നാലാം ദിനം ബാലകാണ്ഡം 51 മുതൽ 69 വരെ സർഗം (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 19 July, 2020
ശ്രീമദ് വാല്മീകി രാമായണം നാലാം ദിനം ബാലകാണ്ഡം 51 മുതൽ 69 വരെ സർഗം (ദുര്‍ഗ മനോജ്)

(വിശ്വാമിത്ര മഹർഷിയുടെ കഥയും, ത്രിശങ്കു സ്വർഗവും ചാപഭംഗവുമാണ് ഇന്നത്തെ പ്രതിപാദ്യം)

മിഥിലാ പുരിയിലേക്കു വിശ്വാമിത്ര മുനിയും പരിവാരങ്ങളും എത്തിച്ചേർന്നിരിക്കുന്നുവെന്ന വാർത്ത  കേട്ട്, മിഥിലാധിപതിയായ ജനകൻ  രാജഗുരുവായ ശതാനന്ദനെ അദ്ദേഹത്തെ സ്വീകരിക്കുവാനായി അയച്ചു. ശതാനന്ദൻ, ഏവരേയും സ്വീകരിച്ചു കൊട്ടാരത്തിലേക്കു ആനയിച്ചു, മഹർഷി ആതിഥ്യം സ്വീകരിച്ചു.സംസാര മധ്യേ, ഗൗതമ മുനിയുടേയും അഹല്യയുടേയും പുത്രനായ ശതാനന്ദൻ അമ്മക്കു മോക്ഷം ലഭിച്ചുവോ, അമ്മയും അച്ഛനും ഒന്നിച്ചുവോ, അവർ വേണ്ട വിധം മുനിയേയും രാമലക്ഷമണന്മാരേയും പൂജിച്ചുവോ എന്നും അന്വേഷിച്ചു. എല്ലാം മംഗളമായി എന്ന വിശ്വാമിത്രവാക്യം കേട്ടു ശതാനന്ദൻ ആനന്ദവാനായി.

പിന്നീടു, ശതാനന്ദൻ രാമനോടായി വിശ്വാമിത്ര മഹർഷിയുടെയുടെ ചരിത്രം മഹത്തായ ഒന്നാണെന്നും ആ കഥ അറിയുമോ എന്നു ചോദിച്ചു. ശതാനന്ദൻ പറഞ്ഞു തുടങ്ങി.
പ്രജാപതിക്കു കുശൻ എന്നൊരു പുത്രനുണ്ടായിരുന്നു. കുശൻ്റെ പുത്രൻ കുശനാഭൻ, അദ്ദേഹത്തിൻ്റെ പുത്രൻ ഗാധി, ഗാധിയുടെ പുത്രൻ വിശ്വാമിത്രൻ. അദ്ദേഹം, അനേകായിരം വർഷം രാജ്യം ഭരിച്ചു. ഒരിക്കൽ  സ്വന്തം അക്ഷൗഹിണിയുമായി വിശ്വാമിത്രൻ ഭൂമി ചുറ്റി സഞ്ചരിക്കുമ്പോൾ വസിഷ്ഠാശ്രമപദത്തിൽ എത്തിച്ചേർന്നു. വസിഷ്ഠനെക്കണ്ട വിശ്വാമിത്രൻ അദ്ദേഹത്തെ പ്രണമിച്ചു. മഹർഷി രാജാവിനെ യഥോചിതം ആനയിച്ചു. ഉപചാരം സ്വീകരിച്ചു മടങ്ങുവാൻ തുടങ്ങിയ രാജാവിനെ തടഞ്ഞു.പാനോപചാരങ്ങൾ കൂടി സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചു. വസിഷ്ഠൻ്റെ നിർബന്ധത്തിനു വഴങ്ങി, വിശ്വാമിത്രനും പടയും അദ്ദേഹത്തിൻ്റെ ഉപചാരങ്ങൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
മഹർഷി വേഗം തൻ്റെ പുള്ളിപ്പശുവായ ശമ്പളയെ വിളിച്ചു പറഞ്ഞു, " ശബളേ, വരൂ വേഗം, എന്നിട്ട് സേനയോടൊത്ത രാജാവിന് വേണ്ട സത്ക്കാരം നടത്തുക. " നിമിഷം കൊണ്ട് എല്ലാ വിധ പാനോപചാരങ്ങളും അവർക്കു മുന്നിൽ പ്രത്യക്ഷമായി. അത്ര ഗംഭീരമായ വിരുന്നാസ്വദിച്ച് ഏവരും തുഷ്ടരായി.
വിരുന്നു കഴിഞ്ഞതോടെ വിശ്വാമിത്രൻ മുനിയോട് ശബളയെന്ന കാമധേനുവിനെ തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ടു.  മോഹന വാഗ്ദാനങ്ങളൊക്കെയും നിരാകരിക്കപ്പെട്ടു.അതോടെ ക്രുദ്ധനായ രാജാവ് ശബളയെ പിടിച്ചുകെട്ടുവാൻ നിശ്ചയിച്ചു. എന്നാൽ തന്നെ പിടികൂടാൻ വരുന്ന പടയാളികളിൽ നിന്നും രക്ഷപ്പെട്ടു മഹർഷിയുടെ അടുത്തേക്ക് ഓടിയെത്തി തന്നെ കയ്യൊഴിയരുതെന്നു കേണു.

മഹർഷി ശബളയോട് അവരെ ആക്രമിക്കുവാൻ പടയാളികളെ സൃഷ്ടിക്കുവാൻ ആവശ്യപ്പെട്ടു. ശബള നൂറുകണക്കിനു പല്ലവമാരെ സൃഷ്ടിച്ചു. അവർ വിശ്വാമിത്രൻ്റെ പടയെ ആക്രമിച്ചു. എന്നാൽ വിശ്വാമിത്രൻ പല്ലവപ്പടയെ തകർത്തു കളഞ്ഞു. പല്ലവന്മാർ വധിക്കപ്പെട്ടതു കണ്ട് ശബള, കൗശിക സേനയെ ചുട്ടെരിക്കുവാൻ ശകന്മാരേയും, യവനൻമാരേയും സൃഷ്ടിച്ചു. അവരും വിശ്വാമിത്രനാൽ വധിക്കപ്പെട്ടു. ഇതോടെ യോഗശക്തിയാൽ പടയാളികളെ സൃഷ്ടിക്കാൻ ശമ്പളയോടു മഹർഷി ആവശ്യപ്പെട്ടു. അങ്ങനെ യോഗ ശക്തി കൊണ്ടു സൃഷ്ടിച്ച സേന വിശ്വാമിത്ര സേനയെ മുച്ചൂടും നശിപ്പിച്ചു. കൂടാതെ പാഞ്ഞടുത്ത വിശ്വാമിത്രൻ്റെ നൂറു പുത്രന്മാരും അതിൽ വസിഷ്ഠസേനയാൽ വധിക്കപ്പെട്ടു.

അതോടെ ലജ്ജിതനായ വിശ്വാമിത്രൻ, ഒരു പുത്രനെ രാജ്യഭാരം ഏൽപ്പിച്ച് വസിഷ്ഠനെ പരാജയപ്പെടുത്താനുള്ള അസ്ത്രശസ്ത്രങ്ങൾക്കായി തപസ്സിനായി പുറപ്പെട്ടു. തപസ്സിനൊടുവിൽ പരമശിവൻ പ്രത്യക്ഷനായി. അദ്ദേഹം നൽകിയ അസ്ത്രങ്ങളുമായി വിശ്വാമിത്രൻ കൊടുങ്കാറ്റുപോലെ വസിഷ്ഠനു നേരെ പാഞ്ഞടുത്തു. ആശ്രമം പൊടി മൂടി.സർവ്വരും ഭയന്നോടി അകന്നു. വസിഷ്ഠൻ മാത്രം അക്ഷോഭ്യനായി തൻ്റെ ബഹ്മദണ്ഡ് കൈയ്യിലെടുത്തു നിന്നു. വിശ്വാമിത്രനെയ്ത അസ്ത്രങ്ങളൊക്കെയും നിഷ്ഫലം. ഒടുവിൽ ബ്രഹ്മാസ്ത്രവും പ്രയോഗിച്ചു.അതും ബ്രഹ്മദണ്ഡുപയോഗിച്ചു തടഞ്ഞതോടെ വസിഷ്ഠ തേജസ്സിനാൽ ലോകം ചുട്ടുപൊള്ളുവാൻ തുടങ്ങി. ദേവകൾ യുദ്ധത്തിൽ വസിഷ്ഠൻ വിശ്വാമിത്രനെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്നു വാഴ്ത്തി,  അതോടെ ലജ്ജിതനായ വിശ്വാമിത്രന ക്ഷത്രിയ ബലത്തേക്കാൾ ബ്രഹ്മ ബലമാണ് മികച്ചതെന്നു  ബോധ്യമായി.

വസിഷ്ഠനോടുള്ള പകയിൽ ബ്രഹ്മർഷിപദത്തിനായി തപസ്സനുഷ്ഠിക്കുവാൻ വിശ്വാമിത്രൻ നിശ്ചയിച്ചു. അങ്ങന ദക്ഷിണ ദിക്കിൽ പത്നിയോടൊപ്പമെത്തി തപസ്സുതുടങ്ങി. ആയിരം വർഷം നീണ്ട തപസിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷനായി അങ്ങു രാജർഷിയായെന്ന് അറിയിച്ചു.അതിൽ തൃപ്തനാകാതെ വിശ്വാമിത്രൻ തപസു തുടർന്നു.
ഇക്കാലത്ത് ഇക്ഷ്വാകുവംശത്തിൽ ത്രിശങ്കു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിനു ഉടലോടെ ദേവലോകത്തേക്കു പോകണമെന്നു ആശയായി. രാജഗുരു വസിഷ്ഠനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അത് അസാധ്യമെന്നു ഗുരു ഉപദേശിച്ചു മടങ്ങി.എന്നാൽ തൃപ്തനാകാത്ത ത്രിശങ്കു വസിഷ്ഠ പുത്രന്മാരോട് ഇതേ കാര്യം ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ സാധിക്കില്ലെന്നു പറഞ്ഞ കാര്യത്തിനു വീണ്ടും വന്ന ത്രിശങ്കുവിനെ അവർ ശാസിച്ചു മടക്കി അയക്കാൻ ശ്രമിച്ചു. എന്നാൽ ഗുരുവിനേയും ഗുരു പുത്രന്മാരേയും തള്ളി മറ്റെന്തെങ്കിലും മാർഗമുണ്ടോ എന്നു നോക്കട്ടെ എന്നായിരുന്നു ത്രിശങ്കുവിൻ്റെ മറുപടി. അതോടെ വസിഷ്ഠ പുത്രന്മാർ ത്രിശങ്കുവിനെ ഗുരുനിന്ദ നടത്തിയതിനാൽ ചണ്ഡാളനാകട്ടെ എന്നു ശപിച്ചു

ചണ്ഡാളനായ ത്രിശങ്കു, വിശ്വാമിത്രനെ ശരണം പ്രാപിച്ചു. അദ്ദേഹം ത്രിശങ്കുവിനെ സഹായിക്കാമെന്നു വാക്കു നൽകി.സ്വപുത്രന്മാരോടു വേണ്ടതു ചെയ്യാൻ ആജ്ഞാപിച്ചു.ശിഷ്യരോട് വസിഷ്ഠ പുത്രന്മാരുൾപ്പെടെ ഏവരേയും ക്ഷണിക്കുവാൻ ആവശ്യപ്പെട്ടു. ഒപ്പം അവർ പറയുന്ന മറുപടി അറിയിക്കുവാനും ആവശ്യപ്പെട്ടു. 
എന്നാൽ വസിഷ്ഠ പുത്രന്മാർ അപമാനിച്ചുവെന്ന വാർത്ത കേട്ട് തന്നെ അപമാനിച്ചവർ ശവഭോജികളായി എഴുന്നൂറു ജന്മം അലയട്ടെ എന്നു ശപിച്ചു.

പിന്നെ യജ്ഞം ആരംഭിച്ചു. വിശ്വാമിത്രനെ ഭയന്നു മറ്റു ഋഷിമാർ ത്രിശങ്കുവിനെ ദേഹത്തോടെ സ്വർഗത്തിലേക്കു അയക്കുവാൻ വേണ്ട യജ്ഞമാരംഭിച്ചു. എന്നാൽ ചണ്ഡാലനായ ത്രിശങ്കുവിനു വേണ്ടിയുള്ള യജ്ഞ ത്തിൻ്റെ ഹവിർഭാഗം സ്വീകരിക്കുവാൻ ദേവകൾ വന്നില്ല. അതിൽ കോപം കൊണ്ട വിശ്വാമിത്രൻ സ്വന്തം ശക്തിയാൽ ത്രിശങ്കുവിനെ ഉടലോടെ ദേവലോകത്തേക്ക് ഉയർത്തി.എന്നാൽ ത്രിശങ്കു വരുന്നതു കണ്ട് അതു തടയാൻ ദേവേന്ദ്രൻ വേഗം നീ തലകുത്തി ഭൂമിയിൽ പതിക്കട്ടെ എന്നു ശപിച്ചു .താഴേക്കു പതിക്കാൻ തുടങ്ങിയ ത്രിശങ്കുവിനെ നില്ല് എന്നു പറഞ്ഞു കൊണ്ട് വിശ്വാമിത്രൻ മറ്റൊരു സ്വർഗം സൃഷ്ടിക്കാനൊരുങ്ങി.സപ്തർഷികളേയും നക്ഷത്ര സമൂഹത്തേയും സൃഷ്ടിച്ചു. പുതിയ ഇന്ദ്രനേയും സൃഷ്ടിക്കും എന്നു പറഞ്ഞതോടെ പരിഭ്രാന്തരായ ദേവന്മാരും അസുരന്മാരും വിശ്വാമിത്രനു മുന്നിലെത്തി.ഗുരു ശാപമുള്ള ത്രിശങ്കുവിനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാനാകില്ല എന്നറിയിച്ചു. എന്നാൽ വിശ്വാമിത്രൻ സമ്മതിച്ചില്ല.ഒടുവിൽ വിശ്വാമിത്രൻ സൃഷ്ടിച്ച ലോകം ശാശ്വതമായി നിലകൊള്ളട്ടെ എന്നും ത്രിശങ്കു ആ ലോകത്തു കഴിയട്ടെ എന്നും അനുഗ്രഹിച്ചു.

തപസ്സു തുടരുവാൻ നിശ്ചയിച്ച വിശ്വാമിത്രൻ പടിഞ്ഞാറുദിക്കിലേക്കു സഞ്ചരിച്ചു. ഈ സമയത്ത് അയോധ്യാപതിയായ അംബരീക്ഷൻ ഒരു യജ്ഞം നടത്തുകയായിരുന്നു. എന്നാൽ ഇന്ദ്രൻ അശ്വത്തെ മോഷ്ടിച്ചു. ഒടുവിൽ ഒന്നുകിൽ അശ്വത്തെ അല്ലങ്കിൽ ബലിക്കായി ഒരു മനുഷ്യനെ വേണമെന്നു വന്നു.അംബരീക്ഷൻ കുതിരയെ കിട്ടാതെ ഋചീകനെന്ന മുനിയെ സമീപിച്ച് ഒരു പുത്രനെ നൽകുവാൻ ആവശ്യപ്പെട്ടു. മൂത്ത പുത്രനെ നൽകാനാവില്ലെന്നു ഋഷിയും, ഇളയവനെ നൽകില്ലെന്നു പത്നിയും പറഞ്ഞതോടെ നടുവിലെ പുത്രൻ ശുന:ശേപൻ രാജാവിനൊപ്പം യാത്രയായി.

വഴിയിൽ വച്ചു വിശ്വാമിത്രനെ കണ്ട ശുന:ശേപൻ അദ്ദേഹത്തോട് തന്നെ രക്ഷിക്കുവാൻ അഭയം പ്രാപിച്ചു. മറ്റാരും ശുന:ശേപനു പകരം പോകാൻ കൂട്ടാക്കിയില്ല. അപ്പോൾ രണ്ടു രഹസ്യ മന്ത്രങ്ങൾ അവനു പദേശിച്ചു കൊടുത്തു.
യജ്ഞം തുടർന്നു ബലിക്കായി ബന്ധിച്ചപ്പോൾ ഇന്ദ്രനേയും അഗ്നിയേയും ശുന:ശേപൻ സ്തുതിച്ചു. അവർ ശുന:ശേപനെ അനുഗ്രഹിച്ച് ദീർഘായുസ് നൽകി.യജ്ഞവും മംഗളമായി നടന്നു.
 
അതോടെ വിശ്വാമിത്രൻ വടക്കു ദിക്കിലേക്കു യാത്രയായി. അവിടെ തപസു തുടർന്നു. മുനി  പദം നേടി.അതിൽ തൃപ്തിവരാതെ വീണ്ടും തപസു തുടർന്നു.അതു മുടക്കുവാൻ മേനക നിയോഗിക്കപ്പെട്ടു, ഏതാണ്ടു പത്തു വർഷക്കാലം ആ ബന്ധം നീണ്ടു. തപസു മുടങ്ങി,  പക്ഷേ, അധികകാലം കടക്കും മുമ്പ് പറ്റിയ അബദ്ധം മനസിലാക്കി. അദ്ദേഹം തപസു തുടർന്നു മഹർഷി പദത്തിലെത്തി.എന്നാൽ അതും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. വീണ്ടും തപസ്സു തുടർന്ന അദ്ദേഹത്തെ തടയുവാൻ ഇന്ദ്രൻ അയച്ച രംഭക്കു സാധിച്ചില്ല.ഇന്ദ്രനേയും രംഭയേയും ശപിച്ച അദ്ദേഹം കോപം തപസിനു വിഘനമാണെന്നറിഞ്ഞു.

ഒടുവിൽ വടക്കു ദിക്കിൽ നന്നും കിഴക്കുദിക്കിലെത്തി ശ്വാസം നിരോധിച്ചു തപസിലേർപ്പെട്ടു.ആ കൊടും തപസിനൊടുവിൽ ബ്രഹ്മർഷിപദത്തിനു അർഹനായി. വസിഷ്ഠ മുനി നേരിട്ടു പ്രത്യക്ഷപ്പെട്ട് അവർ തമ്മിൽ സന്ധി ചെയ്തു.

ഇങ്ങനെ വിശ്വാമിത്രകഥ കേട്ട ഏവർക്കും സന്തോഷമായി.
ഈ സമയം ജനകൻ, തനിക്കു ദേവകൾ,  ന്യാസമായി നൽകിയ ശൈവ ചാപത്തെക്കുറിച്ചു പറഞ്ഞു. ഒപ്പം നിലം ഉഴുമ്പോൾ തനിക്കൊരു പെൺകുഞ്ഞിനെ ലഭിച്ചെന്നും സീതയെന്ന തൻ്റെ ആ പ്രിയപുത്രിക്കുള്ള വീര്യ ശുല്ക്കമാണ് ആ വില്ല് എന്നുറിയിച്ചു.

രാമൻ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അയ്യായിരം പേർ എട്ടു ചക്രമുള്ള പേടകത്തിൽ എത്തിച്ച വില്ലു കണ്ട്, അതു വന്ദിച്ചു നടുവിൽ പൊക്കി എടുത്തു ഞാൺകെട്ടവേ അതു രണ്ടായി ഒടിഞ്ഞു.ആ ശബ്ദത്തിൽ ഭൂമി നടുങ്ങി.

സീതയെ രാമനു നൽകുവാൻ തീരുമാനമായി.ദൂതന്മാരെ അയോധ്യയിലേക്കു അയച്ചു. ശുഭവാർത്ത കേട്ടു ദശരഥനും മന്ത്രിമാരും ഗുരു വസിഷ്ഠനും മറ്റു പരിവാരങ്ങളും മിഥിലയിലേക്കു വന്നു.

ഇത്രയുമാണ് നാലാം ദിവസത്തെ കഥകൾ.

നാലാം ദിവസം വിശ്വാമിത്ര മഹർഷിയുടെ ദിവസമായി കാണാം.ഒരു വില്ലാളിയായ രാജാവിൽ നിന്നും ബ്രഹ്മർഷിപദത്തിലേക്കുള്ള യാത്രയാണ് ഇവിടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്.  വിശ്വാമിത്രൻ്റെ കഥ വളരെ വിശദമായി മനുഷ്യൻ്റെ അഹംബോധത്തെ കാണിക്കുന്നു.
'ഞാൻ ചക്രവർത്തിയാണ് എനിക്കാണ് ശമ്പള അനുയോജ്യ എന്ന തുടക്കം മുതൽ എനിക്ക് എന്ന ചിന്ത മുന്നിട്ടു നിൽക്കുന്നു. 

ഇവിടെ ശബളയുണ്ട് തൻ്റെ ഒപ്പം എന്നത് എല്ലാവരേയും കാണിക്കുവാനുള്ള വസിഷ്ഠൻ്റെ ശ്രമവും ശ്രദ്ധിക്കേണ്ടതാണ്.
ശമ്പള എന്നത് ഭൂമിയിൽ മറ്റെവിടെയെങ്കിലും കണ്ടെത്താവുന്ന ഒന്നല്ല എന്ന അറിവാണ് നല്ലത് എല്ലാം തനിക്ക് എന്ന ശാഠ്യത്തിലേക്കു വിശ്വാമിത്രെനെ നയിക്കുന്നത്.
ത്രിശങ്കുവിൻ്റെ കാര്യത്തിലും യോഗ്യതയില്ലാത്ത ഒരാൾക്ക് സ്വന്തം അപ്രമാദിത്വം ഉറപ്പിക്കുവാനായി വിശ്വാമിത്രൻ ഇടപെടുകയാണ്. ത്രിശങ്കുവിനു വാക്കു കൊടുക്കുമ്പോൾ അന്നുവരെയുള്ള ധർമ്മാചാരങ്ങളെ തള്ളിക്കളയുന്നുമുണ്ട്. അതിൻ്റെ ഫലമായി
  ത്രിശങ്കു യഥാർത്ഥത്തിൽ ദേവലോകത്തിൽ എത്തുന്നില്ല. ഒരു മായാ ദേവലോകത്താണ്. ഒരു അനുരജ്ഞനത്തിൻ്റെ ഫലമായാണ് ത്രിശങ്കു സ്വർഗം എന്ന മായാദേവലോകം രൂപപ്പെടാൻ ഇടയാകുന്നത് . അതിനു ശേഷം ഘട്ടങ്ങളായാണ് വിശ്വാമിത്രൻ ബ്രഹ്മർഷിപദത്തിലേക്കുയരുന്നത്.ഈ പാതയിൽ  ആദ്യം കാമവും പിന്നീടു കോപവുമാണ് തൻ്റെ ഏറ്റവും വലിയ തടസമെന്നു അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഏറ്റവും ഒടുവിലാണ് മനസിലെ എല്ലാ അഹന്തകളും അവസാനിക്കുമ്പോഴാണ് അദ്ദേഹം ബ്രഹ്മർഷിയായി മാറുന്നത്.

ഇപ്രകാരം നാലാം ദിനം അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക