Image

ആത്മജ്ഞാനത്തിന്റെയും, വേദാന്തത്തിന്റേയും ആകെ തുകയാണ് രാമായണം (ഷക്കീല സൈനു കളരിക്കൽ)

Published on 18 July, 2020
ആത്മജ്ഞാനത്തിന്റെയും, വേദാന്തത്തിന്റേയും ആകെ തുകയാണ് രാമായണം (ഷക്കീല സൈനു കളരിക്കൽ)
രാമായണ ചിന്തകൾ -4

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.
മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും നിർണ്ണായകമായ ഒരു ഘട്ടത്തിൽ ,ധീരമായ നേതൃത്വം നൽകിയ മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.ദേശീയ കാവ്യധാരയ്ക്കനു യോജ്യമായി മലയാള കവിതയെ പുതിയ ഒരു പന്ഥാവിലൂടെ അദ്ദേഹം തിരിച്ചുവിട്ടു. അതായിരുന്നു രാമായണ രചനയ്ക്കു വഴിവെച്ചത്. അതു കൊണ്ടു തന്നെ അതിന്റെ രചനയ്ക്ക് കവി നൽകിയ സാഹി തീയ മനോഭാവം പഠനവിഷയമാകുന്നുണ്ട്. അദ്ദേഹത്തിന്റെ കാവ്യപരമായ ചിന്ത ആദി കാവ്യമായ രാമായണത്തിന്റെ തർജ്ജിമയിലെത്തി.

കേരളീയ ഹൈന്ദവ ഭവനങ്ങളിലാകെ ഭക്തിയുടെ അലമാലകൾ തൊടുത്തുവിടാൻ കഴിഞ്ഞത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലൂടെയാണ്. മൂലകൃതി അതേപോലെ സ്വീകരിക്കുകയായിരുന്നില്ല കവി.സന്ദർഭാനുസാരിയായി സംഗ്രഹിച്ചും വിപുലപ്പെടുത്തിയും ചിലപ്പോൾ സ്വന്തമായി ചില കല്പനകൾ ചേർത്തും തികച്ചും സ്വതന്ത്രമായ ഒരു സംഗ്രഹ തർജമയാണ് കവി നടത്തിയിരിക്കുന്നത്. അനുവാചക മനസ്സുകളുടെ ഒരു മനശ്ശാസ്ത്രം നന്നായി മനസ്സിലാക്കിയ കവി അവിടെ വിജയിക്കുകയും ചെയ്തു.

പുരാതന കാലത്ത് പാട്ട് മണി പ്രവാളം എന്ന് രണ്ടു ശാഖകളായി പിരിഞ്ഞാണ് മലയാള സാഹിത്യം വളർന്നുവന്നത്. ദ്രാവിഡ മാതൃകാക്ഷരങ്ങൾ മാത്രമായിട്ടുള്ളതും എതുക,മോനഎന്നീ പ്രാസ വിശേഷങ്ങളോടുകൂടിയതും ദ്രാവിഡ വൃത്തങ്ങളിൽ നിബദ്ധവുമായ കവിതയാണ് പാട്ട്. ഭാഷാ പദങ്ങളും സംസ്കൃതപദങ്ങളും മനോഹരമായി മേളിക്കുന്ന ഭാഷാ വിശേഷമാണ് മണിപ്രവാളം.

ശുദ്ധ സംസ്കൃത പദങ്ങളിൽ മലയാള വിഭക്തികൾ ചേർത്തുണ്ടാക്കുന്ന പദങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ശുദ്ധസംസ്കൃതവും ചിലപ്പോൾ സ്വീകരിച്ചിട്ടുണ്ട്.

മണിപ്രവാള രീതിയിലാണ് രാമായണം രചിച്ചിരിക്കുന്നത്. സംസ്കൃത വിഭക്ത്യ ങ്ങളായ സംസ്കൃതപദങ്ങളും മലയാള വിഭക്ത്യങ്ങളായ സംസ്കൃതപദങ്ങളും നീരക്ഷീര ന്യായേന യോജിച്ച ഒരു ഭാഷാരീതിയാണ് എഴുത്തച്ഛൻ സ്വീകരിച്ചത്.

ഒരു ഉത്തമനായ ഭരണാധികാരി എങ്ങനെയായിരിക്കണം എന്നു രാമനിലൂടെയും പതിവ്രതയായ പത്നിയുടെ മാതൃക സീതയിലൂടെയും ലളിത കോമള കാന്തപദാവലികളാൽ മാനവകുലത്തിന്റെ മനസ്സിലെത്തിക്കാൻ കവി കാണിച്ച രചനാ വൈദഗ്ധ്യം അനിതരസാധാരണം.

തന്റെ ഗ്രന്ഥങ്ങൾ അധ്യാത്മിക കാര്യങ്ങൾക്ക് കൂടുതൽ പ്രാമാണ്യം കൊടുക്കുന്നവ ആയിരിക്കണമെന്നും വായനക്കാർ ഈശ്വരഭക്തരും ധർമ്മാധിഷ്ഠിത ചിത്തരും
ആയിത്തീരണമെന്ന് എഴുത്തച്ഛന് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ അതിഭക്തനായ ഒരു കവിയായിട്ടാണ് ആരും കണക്കാക്കുന്നത്. എവിടെയെങ്കലും ഈശ്വരനാമങ്ങൾ പ്രകീർത്തിക്കേണ്ട സമയം വന്നാൽ അവിടെ ഭക്തി പാരവശ്യത്താൽ വീണുപൊങ്ങി വരവശനായിത്തീരാറുള്ള കവി ഈശ്വരാനുബന്ധികളായ നിരവധി പദങ്ങൾ പ്രയോഗിച്ച് സംതൃപ്തനായിത്തീരാറുള്ള കാഴ്ച ആരേയും പുളകമണിയിക്കും. രാമായണത്തിലെ ഓരോ കാണ്ഡത്തിലും മഹാഭാരതത്തിലെ ഓരോ പർവ്വത്തിലും ഭാഗവതത്തിലെ ഓരോ സ്കന്ദത്തിലും ഇതിന് ഉദാഹരണങ്ങൾ ധാരാളമുണ്ട്.

വേദോപനിഷത്തുകളുടെ ഈറ്റില്ലമായ ആർഷ ഭാരതത്തിന്റെ ആത്മാവിൽ കലർന്നു കിടക്കുന്ന ഭാവമാണ് ഭക്തി .അവ്യാജമായ ആത്മജ്ഞാനത്തിന്റെയും അവികലമായ വേദാന്തത്തിന്റേയും ആകെ തുകയാണ് രാമായണം.അത് ഒരിക്കലും പാരായണം ചെയ്യാതെ ഹിന്ദു എന്ന പേരു് അന്വർത്ഥമാകില്ല
ആത്മജ്ഞാനത്തിന്റെയും, വേദാന്തത്തിന്റേയും ആകെ തുകയാണ് രാമായണം (ഷക്കീല സൈനു കളരിക്കൽ)
Join WhatsApp News
josecheripuram 2020-07-18 21:02:13
Ramayanm is not a book of Hindus(There is no Hindu Religion)It's a BIBLE of" Bharatha".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക