Image

മണ്ടേലയെ ഓർമിക്കുമ്പോൾ (ജോബി ബേബി,കുവൈറ്റ്)

Published on 18 July, 2020
മണ്ടേലയെ ഓർമിക്കുമ്പോൾ (ജോബി ബേബി,കുവൈറ്റ്)
ഇന്ന് നെൽസൺ മണ്ടേല ജന്മ വാർഷിക ദിനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില് കോളനി രാജ്യങ്ങളിലെമ്പാടും നടന്ന വിമോചനസമരങ്ങളുടെയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെയും ചിത്രങ്ങള് മങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പല രാജ്യങ്ങളെ സംബന്ധിച്ചും അവിടത്തെ പുതിയ തലമുറയെ സംബന്ധിച്ച് വിശേഷിച്ചും ഈ ഓര്മകള് വിദൂരമായിക്കൊണ്ടിരിക്കയാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കാര്യത്തില് മോചനമെന്ന ആ പ്രക്രിയ പൂര്ത്തിയായിട്ട് രണ്ടു ദശകങ്ങള് ആവുന്നതേയുള്ളൂ. ചൂടാറാത്ത ആ ചരിത്രസന്ദര്ഭത്തിന്റെ സാമീപ്യം നമുക്ക് അനുഭവപ്പെടുന്നതുകൊണ്ടാവണം, വിമോചന സമരങ്ങളുടെ ജീവിക്കുന്ന ചിത്രമായാണ് നെല്സണ് മണ്ടേല നമുക്കിടയില് കഴിഞ്ഞത്. തന്റെ രാഷ്ട്രീയവിശ്വാസത്തിന്റെ പേരില് 27 വര്ഷം ഒരാള് ജയിലില് കിടക്കുകയോ എന്ന് നമ്മള് അദ്ഭുതം കൂറുന്നു. മാറിയ കാലത്തിന്റെ സവിശേഷതകള് കൊണ്ടുതന്നെയാണ് നമുക്ക് ഇങ്ങനെ അനുഭവപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയിലെ വര്ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്സണ് മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോര്ട്ട് ഹെയര് സര്വ്വകലാശാലയിലും, വിറ്റവാട്ടര്സ്രാന്റ് സര്വ്വകലാശാലയിലുമായി നിയമപഠനം പൂര്ത്തിയാക്കി. ജോഹന്നസ്ബര്ഗില് താമസിക്കുന്ന കാലഘട്ടത്തില്ത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില് തല്പ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കന് നാഷണല് കോണ്ഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കന് നാഷണല് കോണ്ഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരില് പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വര്ണ്ണവിവേചനത്തിന്റെ കാലഘട്ടത്തില് മണ്ടേല, പാര്ട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേര്ന്നു. തുടക്കത്തില് മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള ഒരു സമരമാര്ഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള് ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവര്ത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വര്ഷത്തോളമാണ് മണ്ടേല ജയില്വാസം അനുഭവിച്ചത്.

മറ്റ് ആഫ്രിക്കന് രാജ്യങ്ങളിലെ ജനങ്ങള് നേരിട്ട പ്രശ്നങ്ങളില് നിന്ന് വ്യത്യസ്തമായി ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷമായ കറുത്തവര്ക്ക് നേരിടാനുണ്ടായിരുന്നത് കറുത്തവരായിപ്പോയതുകൊണ്ടു മാത്രമുള്ള വിവേചനമായിരുന്നു. ഭൂരിപക്ഷജനത ഈ ദുര്യോഗം അനുഭവിച്ചത് അവര് ജനിച്ചു വളര്ന്ന, അവരുടെ തന്നെ നാട്ടിലാണെന്നോര്ക്കണം. പ്രകൃതം കൊണ്ടും ശീലങ്ങള് കൊണ്ടും കറുത്തവര് 'ശിശു'ക്കളാണെന്നും അതുകൊണ്ട് അവരുടെ കാര്യങ്ങള് കൂടി 'അച്ഛന്'മാരെപ്പോലെ നോക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നുമാണ് വെളുത്തവര് വിശ്വസിക്കുകയും അവരവരെത്തന്നെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്. ഈ തത്ത്വത്തിലാണ് അവര് അധികാരം ഉറപ്പിച്ചിരുന്നത്. ഗോത്രമുഖ്യന്മാരുടെ നേതൃത്വത്തില് സുലുക്കളും ഖോസകളും മറ്റും നടത്തിയ ചെറുത്തുനില്പുകളുടെ ബലം അപ്പോഴും ആന്തരികമായി സൂക്ഷിച്ചതുകൊണ്ടാണ് കറുത്തവര്, അമേരിക്കന് വന്കരയിലും മറ്റും നടന്നതു പോലെ, ഉന്മൂലനം ചെയ്യപ്പെടാതിരുന്നതും ദക്ഷിണാഫ്രിക്ക പരിപൂര്ണമായി വെള്ളക്കാരുടെ രാജ്യമായി മാറാതിരുന്നതും.

കറുത്തവരുടെ സംഘടനയായആഫ്രിക്കന് നാഷണല് കോണ്ഗ്രസ്സിനെ (എ.എന്.സി.) തികഞ്ഞ സമരസംഘടനയായി മാറ്റിയെടുക്കുന്നതില് മണ്ടേല വഹിച്ച പങ്ക് വലുതാണ്. എന്നാല്, സംഘടനയിലെ ഏക സ്വരമായി മാറിയില്ല മണ്ടേലയുടേത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വാള്ട്ടര് സിസുലുവും ഒലിവര് ടാംബോയും ആല്ബര്ട്ട് ലുട്ടുലിയും അദ്ദേഹത്തിന് സമശീര്ഷരായിരുന്നു. സമാധാനപരമായ സമരങ്ങളുടെ എല്ലാ വഴികളും അടഞ്ഞപ്പോള് സായുധസമരത്തിന്റെ വഴിയും എ.എന്.സി. തേടിയിരുന്നു. അക്രമരാഹിത്യത്തെ ജീവിത തത്ത്വശാസ്ത്രമായല്ല,പ്രക്ഷോഭ പാതയിലെ അടവുനയമായാണ് സത്യസന്ധമായി മണ്ടേല കണ്ടിരുന്നത്. തികഞ്ഞ ശാന്തിവാദിയായ ലുട്ടുലിയുടെ നിലപാടില് നിന്ന് വ്യത്യസ്തമായിരുന്നു ഇത്.
രണ്ടാം ലോകയുദ്ധത്തിന്റെ ഒടുവില് കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛ അംഗീകരിക്കേണ്ടതുണ്ടെന്ന ചിന്താഗതി യുദ്ധത്തില് ജയിച്ച പാശ്ചാത്യരാജ്യങ്ങള്ക്കിടയില് പ്രചരിക്കുകയുണ്ടായി.പല രാജ്യങ്ങളിലും അതിന്റെ പ്രതിഫലനം ദൃശ്യമായെങ്കിലും ദക്ഷിണാഫ്രിക്കയിലെ കറുത്തവര് പിന്നെയും അവഗണിക്കപ്പെട്ടു. ഈയൊരു ഘട്ടത്തില്, പില്ക്കാല ചരിത്രഗതിയെ സ്വാധീനിച്ച സുപ്രധാനമായ നയങ്ങള് രൂപവത്കരിക്കുന്നതില് മണ്ടേല പ്രധാന പങ്കാണ് വഹിച്ചത്. 'ആഫ്രിക്ക ആഫ്രിക്കക്കാര്ക്ക്' എന്ന ഒരു ചിന്താഗതിയും അന്ന് എ.എന്.സി.യില് നിലനിന്നിരുന്നു. എന്നാല്, എല്ലാവംശക്കാര്ക്കും അവകാശപ്പെട്ടതായിരിക്കണം പുതിയ ദക്ഷിണാഫ്രിക്ക എന്ന നിലപാടിനൊപ്പമാണ് മണ്ടേല നിലകൊണ്ടത്. കമ്യൂണിസ്റ്റ് പാതയോ ദേശീയതയോ ഏതാണ് സ്വീകരിക്കേണ്ടതെന്ന സംവാദവും അന്ന് സംഘടനയ്ക്കുള്ളില് കൈകാര്യം ചെയ്തിരുന്നു. സൗത്താഫ്രിക്കന് കമ്യൂണിസ്റ്റ് പാര്ട്ടിയും എ.എന്.സി.യും ഒന്നിച്ചാണ് പ്രവര്ത്തിച്ചിരുന്നതെങ്കിലും വര്ഗസമരത്തേക്കാള് വംശീയമായ പ്രശ്നമാണ് പ്രധാനമെന്ന നിലപാടിലാണ് സംഘടന എത്തിച്ചേര്ന്നത്. ക്യൂബന് വിപ്ലവത്തിന്റെ പാഠങ്ങള് മണ്ടേലയെ ആകര്ഷിച്ചിരുന്നു. എന്നാല്, സായുധ സമരത്തിന്റെ വഴി ദക്ഷിണാഫ്രിക്കയില് ചരിത്രഗതി നിര്ണയിച്ച ഒരു സംരംഭമായി മാറുകയുണ്ടായില്ല.

വെള്ളക്കാരുടെ ഭരണത്തില് നിന്ന് എല്ലാവര്ക്കും വോട്ടവകാശമുള്ള ഭൂരിപക്ഷഭരണത്തിലേക്കുള്ള പരിവര്ത്തനത്തിന് രാജ്യത്തെ സജ്ജമാക്കിയതും അതിലേക്ക് ജനങ്ങളെ രക്തച്ചൊരിച്ചില് കൂടാതെ നയിച്ചതുമാണ് മണ്ടേലയുടെ ഏറ്റവും വലിയ സംഭാവന. വംശ സങ്കരത്തിലൂടെ തങ്ങളുടെ സംസ്കാരം ഇല്ലാതായിപ്പോകുമെന്നും തങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാകുമെന്നും ആശങ്കിച്ചിരുന്ന വെള്ളക്കാരുടെ ഭീതി അകറ്റുന്നതില് മണ്ടേല ശ്രദ്ധിച്ചു. ജയില് മോചിതനായ ശേഷം,അന്തരാളഘട്ടത്തില്, സുലു വംശജരുടെ ഇങ്കാത്താ ഫ്രീഡം പാര്ട്ടി തങ്ങള് വേറിട്ടുപോകുകയാണെന്ന് പ്രഖ്യാപിച്ചപ്പോള് അവരെ പൊതുധാരയിലേക്ക് കൊണ്ടുവന്ന സന്ദര്ഭത്തിലാകട്ടെ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും കാട്ടുകയുണ്ടായില്ല. എ.എന്.സി.യുടെയും ഇങ്കാത്തയുടെയും പ്രവര്ത്തകര് അന്ന് പരസ്പരം കൊല്ലിലും കൊലയിലും ഏര്പ്പെടുകയായിരുന്നു. അതുവരെ പ്രസിഡന്റായിരുന്ന ഡിക്ലെര്ക്കിനെയും ഇങ്കാത്തയുടെ ബുത്തലേസിയെയും വൈസ് പ്രസിഡന്റുമാരായി ദേശീയ ഐക്യഗവണ്മെന്റില് പിന്നീട് നിയോഗിക്കാനും മണ്ടേല മുന്കൈയെടുത്തു.

ഭരണമേറ്റെടുത്തശേഷവും മറക്കുക, പൊറുക്കുക എന്ന വഴി തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അപ്പാര്ട്ടെയ്റ്റ് കാലത്തെ നൃശംസതകള് പരിശോധിക്കാന് ബിഷപ്പ് ഡസ്മണ്ട് ടുട്ടുവിന്റെ നേതൃത്വത്തില് ട്രൂത്ത് ആന്ഡ് റിക്കണ്സിലിയേഷന് കമ്മീഷന് രൂപവത്കരിച്ചപ്പോള് കുറ്റപ്പെടുത്തലിനായിരുന്നില്ല, കമ്മീഷന്റെ പേരുപോലെ അനുരഞ്ജനത്തിനായിരുന്നു മുന്തൂക്കം. ശിക്ഷ വിധിക്കാന് കമ്മീഷന് അധികാരവുമുണ്ടായിരുന്നില്ല. അപ്പാര്ട്ടെയ്റ്റിന്റെ ഇരകളെ സങ്കടപ്പെടുത്തിയ കാര്യമായിരുന്നു ഇതെങ്കിലും ഭാവിയെക്കുറിച്ചാണ് അപ്പോള് മണ്ടേല ചിന്തിച്ചിട്ടുണ്ടാവുക. തനിക്ക് വധശിക്ഷ തന്നെ നല്കണമെന്ന് വാദിച്ച പഴയ പ്രോസിക്യൂട്ടര് പെഴ്സി യുട്ടാറിനെ അദ്ദേഹം ഭക്ഷണത്തിന് ക്ഷണിച്ചുകൊണ്ട് ഞെട്ടിക്കുകയുണ്ടായല്ലോ. സുസജ്ജമായ ഒരു ഭരണസംവിധാനമാണ് മണ്ടേല ഏറ്റെടുത്തതെങ്കിലും അത് വെളുത്തവര്ക്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതായിരുന്നു. കറുത്തവരുടെ അഭിലാഷങ്ങളുടെ ഒരു കുന്നാണ് ഭരണാധികാരിയായ മണ്ടേലയ്ക്ക് മുന്നില് ഉണ്ടായിരുന്നത്. അത് സാക്ഷാത്കരിക്കുന്നതില് അദ്ദേഹം പൂര്ണമായി വിജയിച്ചിട്ടുണ്ടാവില്ല. എന്നാല്, തന്റെ ആത്മകഥയില് അദ്ദേഹം പറയുന്നതുപോലെ മര്ദിതനെ അവന്റെ ചങ്ങലകളില് നിന്നും മര്ദകനെ അവന്റെ ദുഷ്ചെയ്തികളുടെ ഭാരത്തില് നിന്നും ഒരേസമയം അദ്ദേഹം മോചിപ്പിക്കുകയായിരുന്നു.

വര്ണ്ണവംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉള്പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പില് വിജയിച്ച മണ്ടേല 1994 മുതല് 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993ല് സമാധാനത്തിനുള്ള നോബല് സമ്മാനം ഫ്രഡറിക് ഡിക്ലര്ക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയര്ന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്കി 1990 ല് ഭാരതസര്ക്കാര് മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബല് സമ്മാനം ലഭിക്കുന്നതിനു മുന്പ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.

മണ്ടേലയുടെ ജീവിതത്തില് മഹാത്മാഗാന്ധിയുടെ ആശയങ്ങള് വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കന് നാഷനല് കോണ്ഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്വേയുടെയും നേതാവായിരുന്ന മണ്ടേലയെ വര്ണ്ണവിവേചനത്തെ എതിര്ത്തവര് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോള്, വര്ണ്ണവിവേചനത്തെ അനുകൂലിച്ചവര് അദ്ദേഹത്തെയും എ എന് സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്. 2008 ജൂലൈ വരെ അമേരിക്കന് ഗവണ്മെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയില് ഉള്പ്പെടുത്തിയിരുന്നു.

മണ്ടേലയുടെ വംശക്കാര് പ്രായത്തില് മുതിര്ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര് കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാര് മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്സണ് മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറില് യു. എന്. പൊതുസഭ പ്രഖ്യാപിച്ചു. 2013 ഡിസംബര് 5 നു ജോഹന്നാസ് ബര്ഗിലെ സ്വവസതിയില് വെച്ച് മണ്ടേല അന്തരിച്ചു.
മണ്ടേലയെ ഓർമിക്കുമ്പോൾ (ജോബി ബേബി,കുവൈറ്റ്)
Join WhatsApp News
Sarasu.NY 2020-07-19 13:27:20
അമേരിക്കന്‍ മലയാളികള്‍ക്ക് മണ്ടേല എന്ന് കേട്ടാല്‍ മണ്ടയില്‍ ഒന്നും ഇല്ലാത്ത മണ്ടന്‍ എന്നേ മനസ്സില്‍ ആക്കു. എന്നാല്‍ ട്രാഷ് എന്ന് കേട്ടാല്‍ ട്രമ്പ്‌ എന്നാണ് കേട്ടത് എന്ന് കരുതി ചുരുണ്ടുകൂടി കിടക്കുന്ന കൌച്ചില്‍ നിന്നും ചാടി എഴുന്നേറ്റ് കീജെ വിളിക്കും. ഇവര്‍ക്ക് വിവരം ഉള്ളവരെ പിടിക്കില്ല വിവരം കിട്ടുന്ന അര്ടികില്സ്സ് വായിക്കയും ഇല്ല. നല്ല ഒരു ലേഘനം!, നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക