Image

അമ്മവീട് (ചെറുകഥ: ദീപ ബിബീഷ് നായര്‍)

Published on 18 July, 2020
അമ്മവീട് (ചെറുകഥ: ദീപ ബിബീഷ് നായര്‍)
ഓർമ്മകൾ ചുറ്റിക്കളിക്കുന്നൊരു പഴയ ഓലമേഞ്ഞ വീട്.  ആ വീടിനോട് ചേർന്ന് ഒരു ' തിണ്ണ' യുണ്ട്. അതിലാണ് സന്ധ്യ കഴിയുമ്പോ ഞാനും അനിയത്തിയും ഇരുന്ന് വാ തോരാതെ വർത്തമാനം പറഞ്ഞിരുന്നത്. മാനത്തെ ചന്തിരൻ്റെ ചന്തവും, താരകറാണിമാരുടെ സൗന്ദര്യവും, പേടിപ്പെടുത്തുന്ന നിലാവുള്ള രാത്രികളിലൊഴുകി വരുന്ന പാലപ്പൂഗന്ധത്തിൽ മുടിയഴിച്ചിട്ട് വരുന്ന യക്ഷിയുടെ കഥകളും, അമാവാസി രാത്രിയിൽ ദൂരെയെവിടെയോ മറഞ്ഞിരുന്നു നമ്മളെ കാണുന്ന പിശാചും  ഒക്കെ ഞങ്ങളുടെ സംസാരത്തിലെ കഥാപാത്രങ്ങൾ ആയിരുന്നു.

അമ്മവീടിന് മുന്നിലായിചതുരാകൃതിയിലുള്ള ഒരു നടുമുറ്റമുണ്ട്. അതിൻ്റെ വശങ്ങളിലായി ചെമ്പരത്തിപ്പൂക്കൾ, നല്ല അടുക്കുകളുള്ള ചുവപ്പും, റോസും നിറത്തിലുള്ളവ. ഒരു ഭാഗത്തായി തെച്ചിപ്പൂക്കൾ, ആശത്തെറ്റി എന്നു പേരുള്ളവയുമുണ്ട്,പല നിറങ്ങളിൽ.
അതു കഴിഞ്ഞ് കിണറാണ്. വെട്ടുകല്ലുകൾ കൊണ്ട് കെട്ടിയ 29 തൊടികളുള്ള നല്ല വിസ്താരമുള്ളത്, ചേർന്ന് കുളിമുറിയും.
കിണറിന് പുറകിലായി 'കൊടങ്ങൽ' എന്ന ചെടി കൂട്ടമായി പിടിച്ചു കിടക്കുന്നു. അതു പറിക്കാനായി ഒരു ആശാരിയമ്മുമ്മ വരാറുണ്ട് ചില ദിവസങ്ങളിൽ.

കിണറിന് കിഴക്കുഭാഗത്തായി ഒരു കിളിമരം, അതിനെ വാരിപ്പുണർന്നുകൊണ്ട് പടർന്നു നിൽക്കുന്ന മുല്ലവള്ളികൾ.ഏപ്രിൽ - മെയ് മാസങ്ങളിൽ ഒരു കുട്ട മുല്ലപ്പൂവ് കിട്ടാറുണ്ട്.
അതിൻ്റെ വലതു ഭാഗത്തായി മൈലാഞ്ചിച്ചെടി. അതിൻ്റെ ഇല അരച്ചാണ് ഞാനും അനിയത്തിയും കൈയ്യിൽ മൈലാഞ്ചിയിട്ടിരുന്നത്. അതിനും കിഴക്കുഭാഗത്തായി ഒരു കൊന്നമരം. അതിൽ കൂടുകൂട്ടിയ കരയിലക്കിളികൾ.അവയുടെ മനോഹരമായ കിളി നാദങ്ങൾ. വിഷുക്കണിക്കായി പൂ പറിക്കാനെത്തുന്ന കുട്ടിപ്പട്ടാളങ്ങൾ, എവിടെയോ ചെമ്പോത്ത് ചിലക്കുന്ന ശബ്ദം, കാക്കകൾ കരയുന്നുണ്ട്, കുയിലിൻ്റെ കൂജനവും അകലെയായി കേൾക്കാം.പറമ്പുകൾ നിറയെ കശുമാവും, അടയ്ക്കയും, പുന്നമരവും, പേരമരവും, ഇലന്തക്ക, ബ്ലാത്തിച്ചക്ക മരവും ( മുള്ളൻചക്ക ), പല തരത്തിലുള്ള മാവുകളും, ചെമ്പരത്തി ചക്കയും, വരിക്കയും, കൂഴയും, തെങ്ങുകളുമൊക്കെ.

മുത്തശ്ശി പഴമയുടെയും പ്രതാപത്തിൻ്റെയും കഥകൾ പറഞ്ഞ് നെടുവീർപ്പെടാറുണ്ട് ഇടയ്ക്കൊക്കെ.
വീടിൻ്റെ വഴിയിൽ നിന്ന് റോഡിലിറങ്ങിയാൽ കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാൻ കഴിയുന്ന ഇടവഴി, അതുവഴി പോയാൽ പഞ്ചായത്ത് കുളത്തിലെത്താം. അതിൽ 
നീന്തിക്കുളിച്ചിരുന്നതൊക്കെ ഒരു കാലം. കുളത്തിന്റെ ഇളകിയ
കൽപ്പടവുകളിൽ തട്ടി കാൽ മുറിഞ്ഞിട്ടുണ്ട്. കുളത്തിനോട് ചേർന്ന് ഒരു തോട്. അതിൽ കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളം. കുളത്തിൻ്റെ പടികൾക്ക് മുകളിലായി നിന്നാൽ കണ്ണെത്താ ദൂരത്തോളം പാടശേഖരങ്ങൾ ഒരു പച്ചപ്പട്ട് പുതച്ചതു പോലെ, ദൂരെയായി ദേവിയുടെ കോവിലും കാണാം.
ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നവരും, വരുന്നവരും, ഒരു വല്ലവുമായി പുല്ല് പറിക്കാനിറങ്ങുന്ന കൂട്ടരും, രണ്ട് കന്നുകാലികളുമായി നടന്നു നീങ്ങുന്ന നാണുവമ്മാവനുമൊക്കെ ഇന്നലെ കണ്ടതുപോലെ ഓർമ്മകളിൽ മിന്നി മറയുന്നു. എൻ്റെ സ്വകാര്യതയിലേക്ക് ചേക്കേറിയാൽ
പടിയിറങ്ങിയപ്പോയ കാലത്തിൻ്റെ കാലടികൾ
വീണ്ടും കാണാം......

മധുരമായ ഓർമ്മകളുറങ്ങുന്ന ആ വീട് ഇന്നില്ല, ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ശൂന്യം.
ഇന്ന് അവിടെയെത്തുമ്പോൾ കൈ നീട്ടി സ്വീകരിക്കാനായി മുല്ലവള്ളികളോ, മരങ്ങളോ ഇല്ല. പക്ഷേ അമ്മവീട് എന്നു കേൾക്കുമ്പോൾ ഇന്നും ആ പഴയ ഓർമ്മകളാണ് കണ്ണിലും, മനസ്സിലും.....
അമ്മവീട് (ചെറുകഥ: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക