Image

ശ്രീമദ് വാല്മീകി രാമായണം ബാലകാണ്ഡം മൂന്നാം ദിനം (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 18 July, 2020
ശ്രീമദ് വാല്മീകി രാമായണം ബാലകാണ്ഡം മൂന്നാം ദിനം (ദുര്‍ഗ മനോജ്)

മുപ്പത്തി അഞ്ചു മുതൽ അമ്പതു വരെ സർഗം

രാമായണ കഥ മൂന്നാം ദിനത്തിൽ പ്രവേശിക്കുകയാണിന്ന്.
കൗശികനും, ദശരഥ പുത്രന്മാരും മറ്റു മുനി ജനങ്ങളും സിദ്ധാശ്രമത്തിൽ നിന്നും മിഥിലാ പുരിയിലേക്കുള്ള യാത്രയിലാണവർ. ഈ യാത്രയിൽ വിശ്വാമിത്ര മഹർഷി, ദശരഥ പുത്രന്മാർക്ക് അവരുടെ സംശയങ്ങൾ തീർത്തു നൽകുന്നുമുണ്ട്. ഗംഗോത്പപത്തി, സ്ക്കന്ദ ജനനം, സഗര രാജാവിൻ്റേയും, ഭഗീരഥൻ്റെയും കഥ, ഗംഗ എങ്ങനെ ത്രിപഥഗയായി എന്നതിനുത്തരം,  അഹല്യാമോക്ഷം എന്നിവയാണ് ഇവിടെ പ്രതിപാദ്യം.

ആദ്യം രാമൻ വിശ്വാമിത്ര മഹർഷിയോട് ഗംഗയുടെ ഉത്പത്തിയെക്കുറിച്ച് ചോദിച്ചു.
കൗശികൻ ഇപ്രകാരം മറുപടി പറഞ്ഞു:
ഹിമവാനു മേരു പുത്രിയായ മേനയിൽ രണ്ടു പുത്രിമാരുണ്ടായി ഗംഗയും ഉമയും.ഗംഗയെ ദേവന്മാർ ദേവലോകത്തേക്കു ഹിമവാൻ്റെ അനുവാദത്തോടെ കൊണ്ടുപോയി.അങ്ങനെ ദേവ ഗംഗയായി. ഉമ, കഠിന തപസ്സിലൂടെ രുദ്രൻ്റെ ഭാര്യയുമായി.
ഉമക്കും പരമശിവനും കാലങ്ങൾ ചെന്നിട്ടും സന്താനഭാഗ്യമുണ്ടായില്ല.അതിൻ്റെ കാരണം, ശിവൻ്റെ തേജസ്സ് ഏറ്റുവാങ്ങുവാനുള്ള ശക്തി  പ്രപഞ്ചത്തിനില്ല എന്നതായിരുന്നു.എന്നാൽ ദേവന്മാർ അതിനൊരു ഉപായം കണ്ടെത്തി, അവർ ആ തേജസ് ഏറ്റെടുക്കുവാൻ വായുവിനേയും അഗ്നിയേയും നിയോഗിച്ചു.
എന്നാൽ തന്നെ അമ്മയാകുന്നതിൽ നിന്നും തടഞ്ഞ ദേവന്മാരെ ഉമ ശപിച്ചു.ദേവപത്നിമാർക്കു മക്കളെ പ്രസവിക്കാനാകാതെ പോകട്ടെ എന്നു ശപിച്ചു.അനന്തരം ഉമയും ശിവനും ദീർഘകാല തപസ്സിനായി മറയുകയും ചെയ്തു.ദേവസേനാപതിയായ പരമശിവൻ നിഷ്ക്രമിച്ചതോടെ ദേവന്മാർ അങ്കലാപ്പിലായി. അസുരന്മാരുടെ നിരന്തര ആക്രമണത്തിൽ അവർ വിഹ്വലരായി. പുതിയ സേനാപതിയ
വേണം. അങ്ങനെ, ശിവൻ്റെ തേജസ്സ് ദേവ ഗംഗ ഏറ്റുവാങ്ങട്ടെ എന്നു തീരുമാനിച്ചു. ദിവ്യരൂപം ധരിച്ച ഗംഗയിൽ അഗ്നി, തേജസ്സു നിക്ഷേപിച്ചു.എന്നാൽ ആ തേജസ്സു ഗംഗയെ ചുട്ടുപൊള്ളിച്ചു.. ഗംഗയോട് അഗ്നി ആ തേജസ്സ് ഹിമവാനു സമീപം മോചിപ്പിക്കുവാൻ ആവശ്യപ്പെട്ടു.അതിൽ നിന്നും പിറന്ന കുമാരനാണ് സ്കന്ദൻ.ആറുമുഖങ്ങളുള്ള കുഞ്ഞിനെ കൃത്തികകൾ മുലയൂട്ടി. അതിനാൽ ഷൺമുഖനെന്നു പേരും വന്നു. അവൻ നൊടിയിടയിൽ വളർന്നു.കാർത്തികേയൻ ദേവസേനാപതിയായി.

അടുത്തതായി മുനി പറഞ്ഞത് ഇക്ഷ്വാകുവംശത്തിൻ്റെ കഥയാണ്.പണ്ട് അയോധ്യ ഭരിച്ച സഗരന് രണ്ടു ഭാര്യമാരുണ്ടായിരുന്നു.കേശിനിയും സുമതിയും. കാലമേറെക്കഴിഞ്ഞിട്ടും സന്താന ലാഭം ഉണ്ടാകാതെ വിഷമിച്ച രാജാവും പത്നിമാരും നീണ്ട തപസ്സിലേർപ്പെട്ടു. ഒടുവിൽ സന്താനങ്ങൾ ജനാക്കുമെന്ന അനുഗ്രഹം ലഭിച്ചു.അങ്ങനെ കേശിനി ലക്ഷണമൊത്ത ഒരു മകനു ജന്മം നൽകി. സുമതി ഒരു ഗർഭ പിണ്ഡത്തിനും. അതിനെ അറുപതിനായിരമായി നുറുക്കി നെയ്ക്കുടങ്ങളിൽ നിക്ഷേപിച്ചു ധാത്രിമാർ പരിപാലിക്കുക വഴി അറുപതിനായിരം പുത്രന്മാർ സഗരനു വേറെ ജനിച്ചു. എന്നാൽ കേശിനിയുടെ പുത്രൻ അസമജ്ഞൻ, സുമതിയുടെ കുട്ടികളെ പിടിച്ച് സരയുവിൽ എറിഞ്ഞു രസിക്കുമായിരുന്നു. ഈ ദുഷ്ടത കണ്ട് സഗരൻ മകനെ നാടുകടത്തി. അനന്തരം ഒരു വലിയ യാഗം ചെയ്യുവാനൊരുങ്ങി. ഹിമവാനും വിന്ധ്യനുമിടയിലെ ഭൂമിയാണ് യജ്ഞ ഭൂമി. യാഗംമാരംഭിച്ചു. എന്നാൽ ആരോ യാഗാശ്വത്തെ മോഷ്ടിച്ചു കടന്നു കളഞ്ഞു. സഗര പുത്രന്മാർ അശ്വത്തെത്തേടി ഭൂമിയാകെ നടന്നു. കണ്ടില്ല.പിന്നെ ഭൂമി കുഴിക്കുവാൻ തുടങ്ങി. ഭൂമി അരുതെന്നു വിലപിച്ചിട്ടും അവർ കൂട്ടാക്കാതെ രസാ തലവും കടന്നു മുന്നേറി. ഒടുവിൽ ഭൂമിയെ താങ്ങി നിൽക്കുന്ന നാലു ദിക്കിലേയും ദിഗ്ഗ്ജങ്ങളേയും അവർ കണ്ടു. ഇത്രയുമായപ്പോൾ ഭൂമിയുടെ അപേക്ഷ മാനിച്ച് മഹാവിഷ്ണു സഗര പുത്രന്മാരുടെ അഹന്ത അവസാനിപ്പിക്കുവാൻ നിശ്ചയിച്ചു. സഗര പുത്രന്മാർ പിന്മാറാതെ പിന്നേയും താഴേക്കു കുഴിച്ചു ചെല്ലുമ്പോൾ ധ്യാന നിരതനായ  കപില മഹർഷിയെ കണ്ടു. അദ്ദേഹത്തിനു സമീപമായി യാഗാശ്വത്തേയും കണ്ട സഗര പുത്രന്മാർ മുനിയെ കള്ളനെന്ന്  അധിക്ഷേപിച്ചു. ക്രുദ്ധനായ മുനി ഒന്നു മൂളി.ആ ഹുംങ്കാരത്തിൽ അറുപതിനായിരം പേരും ചാമ്പലായി. ഒടുവിൽ അശ്വത്തെ കണ്ടെത്താൻ സഗരൻ പൗത്രനായ അംശുമാനെ നിയോഗിച്ചു. അയാൾക്കു കപില മുനിയുടെ മുന്നിൽ വച്ചു അശ്വത്തെ കണ്ടെത്താനായി. അംശുമാൻ മഹർഷിയെ വന്ദിച്ച് തൻ്റെ അറുപതിനായിരം വരുന്ന പിതാക്കന്മാർക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചു. മഹർഷി കാര്യങ്ങൾ വിശദീകരിച്ചു.ഒപ്പം, ഗംഗാസ്പർശനത്താൽ മാത്രമേ സഗര പുത്രന്മാർക്ക് മോക്ഷം കിട്ടുകയുള്ളൂ എന്നും അറിയിച്ചു.അശ്വവുമായി മടങ്ങിയ അംശുമാൻ കാര്യങ്ങൾ സഗരനെ ധരിപ്പിച്ചു.യാഗം പൂർത്തിയാക്കി, ഗംഗയെ ദേവലോകത്തു നിന്നും ഭൂമിയിലേക്കു കൊണ്ടുവരുവാനായി ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു, അംശുമാനും, മകൻ വിക്രമനായ ദിലീപനും പരാജയപ്പെട്ടു, ഒടുവിൽ ദിലീപ പുത്രൻ ഭഗീരഥൻ രാജ്യഭാരം  മന്ത്രിമാരെ ഏൽപ്പിച്ചു തപസ്സിന്നു പോയി. അനേകായിരം വർഷം നീണ്ട ഘോര തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ഭഗീരഥൻ, ദേവ ഗംഗയെ ഭൂമിയിലേക്ക് ഒഴുക്കുവാൻ വരം ചോദിച്ചു. എന്നാൽ ഗംഗയുടെ പ്രവാഹം ഭൂമിക്കു താങ്ങാനാകില്ലെന്നും ആ പ്രവാഹം താങ്ങുവാൻ ശിവനു മാത്രമേ സാധിക്കൂവെന്നും ശിവനെ ഭജിക്കുവാനും ആവശ്യപ്പെട്ടു. വീണ്ടും നീണ്ട തപസ്.ഒടുവിൽ ശിവൻ പ്രസാദിച്ചു.ഗംഗ, ശിവനെക്കൂടി ഒഴുക്കിക്കൊണ്ടു പോകണമെന്ന ചിന്തയിൽ ശക്തിയായി താഴേക്കു പതിച്ചു. എന്നാൽ ശിവൻ ഗംഗയെ തൻ്റെ ജടയിൽ കുരുക്കി. ഭഗീരഥൻ വീണ്ടും തപസു ചെയ്തു ഗംഗയെ ജടയിൽ നിന്നും മോചിപ്പിച്ചു. ഗംഗ ഏഴായി പിരിഞ്ഞു. മൂന്നെണ്ണം കിഴക്കോട്ടും മൂന്നെണ്ണം പടിഞ്ഞാട്ടും. ഒരു ശാഖ ഭഗീരഥനു പിന്നാലെ ഒഴുകി. അതു പാതാള ലോകത്തു കൂടി ഒഴുകി അവിടെ കരിഞ്ഞു വീണ പ്രപിതാമഹന്മാരുടെ ചാരത്തിലൂടെ ഒഴുകി ഏവർക്കും മോക്ഷം നൽകി. ഗംഗയിൽ പൂർവ്വികർക്കു വേണ്ട വിധം തർപ്പണം ചെയ്തു ഭഗീരഥൻ തൻ്റെ കടമ നിർവ്വഹിച്ചു.
മുനിയും രാമലക്ഷ്മണന്മാരും യാത്ര തുടർന്നു. അവർ വൈകാതെ വളരെ പ്രത്യേകത തോന്നിക്കുന്ന ഒരാശ്രമത്തിനരികിലെത്തി. അത് ഗൗതമ മുനിയുടേയും പത്നി അഹല്യയുടേയും ആശ്രമമായിരുന്നു. മുനി അഹല്യയുടെ കഥ പറഞ്ഞു,
ഒരിക്കൽ ഗൗതമ മുനി വളരെ നാൾ നീണ്ട തപസ്സിലേക്കു കടന്നു. ആ തപസു പൂർത്തിയാകുവാൻ പാടില്ല എന്നു ചിന്തിച്ച്, ഇന്ദ്രൻ അതു മുടക്കുവാൻ, മുനി കുളിക്കുവാനും സന്ധ്യാവന്ദനത്തിനുമായി പോയ നേരത്തു മുനി രൂപം ധരിച്ച് അഹല്യയുടെ മുന്നിലെത്തി. അതു ഇന്ദ്രനാണെന്നു മനസിലാക്കിയിട്ടും അഹല്യ ഇന്ദ്രനെ എതിർത്തില്ല. എന്നാൽ മടങ്ങുവാൻ സമയത്തു മുനി കടന്നു വരികയും ഇന്ദ്രനെ വൃഷ്ണഹീനനാകട്ടെ എന്നു ശപിച്ചു. അറിഞ്ഞു കൊണ്ടു ഇന്ദ്രനെ സ്വീകരിച്ച അഹല്യയോടു നീ അനേകായിരം വർഷം നീ വായു മാത്രം ഭക്ഷിച്ച്, ചാരത്തിൽ കിടക്കുവാനിടയാകുമെന്നും മറ്റൊരു ജീവിക്കും കാണാനാകില്ല എന്നും ശപിച്ചു.ദശരഥ പുത്രനായ രാമൻ്റെ പാദസ്പപർശത്താൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞ് മുനി ആശ്രമം വെടിഞ്ഞു ഹിമവച്ഛിഖരത്തിൽ തപസിനായി യാത്രയായി.
വിശ്വാമിത്രനു പിറകേ രാമലക്ഷമണന്മാൻ ആശ്രമത്തിൽ പ്രവേശിച്ചു. രാമൻ്റെ പാദസ്പർശത്തോടെ അഹല്യയെ ഏവർക്കും കാണാൻ കഴിഞ്ഞു. ഈ സമയം അവിടെ വന്നെത്തിയ ഗൗതമ മുനിയും അഹല്യയും ചേർന്നു രാമനെ സ്വീകരിക്കുകയും പൂജിക്കുകയും ചെയ്തു.
അവിടെ നിന്നു വിട കൊണ്ട മുനിയും ദശരഥ പുത്രന്മാരും മിഥിലാ പുരിയിലേക്കു പ്രവേശിച്ചു.

ഇത്രയുമാണ് മൂന്നാം ദിവസത്തെ കഥാസംഗ്രഹം.

മൂന്നാം ദിവസം രാമായണം നമുക്കു നൽകുന്നത് ഒരു പിടി കഥകളാണ്. അവയിൽ ആധുനിക ജീവിതവുമായി നമുക്കു ബന്ധപ്പെടുത്താവുന്നതും ഏറ്റവും ശ്രദ്ധേയവുമായ ഒരു വ്യക്തിയേയും, ഒരു സ്വഭാവ ഗുണത്തേയും പരിചയപ്പെടുന്നുണ്ട്.
ഭഗീരഥൻ എന്നാണാ കഥാപാത്രത്തിൻ്റെ പേര്. അയാളിൽ വിളങ്ങി നിന്ന ഗുണം സ്ഥിരോത്സാഹമാണ്.ഒന്നോർക്കണം, സഗരൻ, അദ്ദേഹത്തിൻ്റെ പുത്രന്മാർ, അംശുമാൻ, ദിലീപൻ എന്നിങ്ങനെ നാലു തലമുറകളിലുള്ളവരുടെ മോക്ഷത്തിനു വേണ്ടിയാണ് ഭഗീരഥൻ നിലകൊള്ളുന്നത്. കൊടും തപസ്സു മൂന്നു പ്രാവശ്യം ചെയ്യേണ്ടി വരുന്നുമുണ്ട് ഗംഗ, ത്രിപഥഗയാകുന്നതും ഭഗീരഥൻ കാരണമാണ്. അതുകൊണ്ടാണല്ലോ ഭഗീരഥപ്രയത്നം എന്ന പ്രയോഗം പോലുമുണ്ടായതും. ഒപ്പം നേടിയ തപശക്തി ഗൗതമ മുനിക്കു നഷ്ടമാകുവാൻ കാരണം അദ്ദേഹത്തിനുണ്ടായ ക്രോധമാണെന്നു കാണാം. അതായത് ഒന്നാം ദിനം മുതൽ രാമായണത്തിൽ അന്തർലീനമായ ഒരു സന്ദേശമാണ് മഹത്തുക്കളേ, ക്രോധമരുതേ എന്നാണ്.

മൂന്നാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക