Image

ശിശിരത്തിലെ ഒരു പ്രഭാതത്തിൽ കരിയിലക്കാറ്റുപോലെ സുധാകരൻ...: ജോൺ ടി വേക്കൻ

Published on 18 July, 2020
ശിശിരത്തിലെ ഒരു പ്രഭാതത്തിൽ കരിയിലക്കാറ്റുപോലെ സുധാകരൻ...: ജോൺ ടി വേക്കൻ

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് പഠനകാലത്ത് എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്ന് പി യു നാസർ എന്ന ചിത്രകാരനുമായുള്ള സൗഹൃദമാണ്. നാഷണൽ സർവ്വീസ് സ്കീമിൻറെ കൈയ്യെഴുത്തുമാസികയുടെ എഡിറ്ററായി എന്നെ അദ്ധ്യാപകർ തിരഞ്ഞെടുത്തപ്പോൾ മാസികയുടെ ആർട്ട് വർക്കുകൾ ചെയ്യാൻ ഞാൻ തിരഞ്ഞെടുത്തത് ബി എസ് സി ബോട്ടണി പഠിച്ചിരുന്ന നാസറിനെയായിരുന്നു. പിന്നീട് ആ ബന്ധം എത്രയോ വിപുലമായി... 

നാടകക്കളരിപ്രസ്ഥാനത്തിൻറെ റെപ്പർട്ടറിയായ വൈക്കം തിരുനാൾ നാടകവേദിയുടെ 1982-ൽ അവതരിപ്പിക്കാനുള്ള നാടകത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് മേവെള്ളൂരുള്ള ഒരു നാടകകൃത്തിനെക്കുറിച്ച് നാസർ എന്നോട് പറയുന്നത്. അക്കാലത്ത് "രാത്രി" എന്നൊരു നാടകമെഴുതി ചില സംഘടനകൾ അവതരിപ്പിച്ച്  ശ്രദ്ധേയനായിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം... ബോംബെയിലെ മലയാളിസമാജം സംഘടിപ്പിച്ച നാടകരചനാമത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചതും അദ്ദേഹത്തിനായിരുന്നു...     നാടകകൃത്തിൻറെ പേര് സുധ എന്ന് കണ്ടപ്പോൾ വിധികർത്താവായിരുന്ന ജി ശങ്കരപ്പിള്ളസാർ പറഞ്ഞതിങ്ങനെ - "നല്ല നാടകമാണിത്...വളരെ പക്വതയുള്ള ഒരു സ്ത്രീയാണിതെഴുതിയിരിക്കുന്നത്...". യൗവ്വനം പിന്നിട്ടിട്ടില്ലാത്ത ഒരു യുവാവിനെക്കുറിച്ചാണ് ശങ്കരപ്പിള്ളസാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്...

അക്കാലത്ത് വ്യക്തമായ ഉദ്ദേശ്യലക്ഷ്യത്തോടെ സാഹിത്യമേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സുധ എന്ന തൂലികാനാമത്തിൽ അറിയപ്പെടാനാണ്ആഗ്രഹിച്ചിരുന്നത്... നാസർ മുഖാന്തരം ഞാൻ സുധയെ പരിചയപ്പെട്ടു. അങ്ങനെ സുധയുടെ "ശിശിരത്തിലെ ഒരു പ്രഭാതത്തിൽ..." എന്ന നാടകം ഞാൻ സംവിധാനം ചെയ്ത്  അരങ്ങിലെത്തിച്ചു. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. ആ നാടകത്തിന്റെയും പിന്നീട് ഞങ്ങളുടെ പല നാടകങ്ങളുടേയും ഷോകാർഡുകളും ബ്രോഷറുകളും ഡിസൈൻ ചെയ്തതും  നാസറായിരുന്നു. വൈക്കം തിരുനാൾ നാടകവേദിയുടെ പ്രസിദ്ധീകരണ വിഭാഗമായ നാടകഗ്രന്ഥശാല പ്രസിദ്ധീകരിച്ച ഡോ. വയലാ വാസുദേവൻപിള്ളയുടെ വിവാദനാടകം "കുചേലഗാഥ"യുടെ മുഖചിത്രം രൂപകല്പന ചെയ്തതും നാസർ തന്നെ.

സുധയുടെ സൃഷ്ടികൾ മാതൃഭൂമി, കലാകൗമുദി തുടങ്ങിയ വാരികകൾ നിഷേധിക്കുകയും സുധ എന്ന പേര് തിരുത്തി സുധാകർ മംഗളോദയം എന്ന പുതിയ തൂലികാനാമം സ്വീകരിക്കുകയും മറ്റൊരു ശൈലിയിൽ എഴുതേണ്ടിവരുകയും ചെയ്തതിനെക്കുറിച്ചുമെല്ലാം മനോവിഷമത്തോടെ എന്നോട് പറഞ്ഞത് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. അത് സുധയുടെ മാത്രം ദുഃഖമായിരുന്നില്ല. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരുടെയും ദുഃഖമായിരുന്നു... 

"ശിശിരത്തിലെ ഒരു പ്രഭാതത്തിൽ..." എന്ന നാടകം ആകാശവാണിയുടെ തിരുവനന്തപുരം നിലയം മൂന്നുതവണ പ്രക്ഷേപണം ചെയ്തു. ആ നാടകം ശ്രവിച്ച കേരളത്തിലെ മൂന്നു പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കൾ സിനിമയാക്കാൻ സുധാകരനെ സമീപിച്ചു.

അക്കൂട്ടത്തിൽ അന്ന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനുമെല്ലാമായിരുന്ന  മധുവും ഉണ്ടായിരുന്നു. മധുവിന്റെ ക്ഷണമാണ് സുധാകരൻ സ്വീകരിച്ചത്. മധു കഥയുടെ ക്ലൈമാക്സിൽ ഒരു മാറ്റം സുധാകരനോട് ആവശ്യപ്പെട്ടു. സുധാകരൻ അതിന് വഴങ്ങാതെ ചർച്ച അവസാനിപ്പിച്ചു.

ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് പി പത്മരാജൻ ഈ നാടകം കേട്ടിരുന്നു. പത്മരാജൻ ആ നാടകം സിനിമയാക്കാൻ സുധാകരനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. മുറിയിലേയ്ക്ക് മറ്റാർക്കും പ്രവേശനം അനുവദിക്കാതെ, ലാന്റ് ഫോൺ ഡിസ്ക്കണക്ട് ചെയ്ത് ടേപ്പ് റെക്കോർഡറിൽ സുധാകരനെക്കൊണ്ട് കഥ പറയിച്ച് റെക്കോർഡ് ചെയ്തെടുത്തു.

അപ്പോൾത്തന്നെ കരാറെഴുതി അഡ്വാൻസ് കൊടുത്ത് സിനിമയാക്കാൻ തീരുമാനിച്ചു. സുധാകരന്റെ കഥയ്ക്ക് പത്മരാജൻ "അറം" എന്ന പേരു കൊടുത്തു. എന്നാൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വിധേയനായി പിന്നീട് "കരിയിലക്കാറ്റുപോലെ" എന്ന പേരിൽ ചലച്ചിത്രമാക്കുകയായിരുന്നു. ഒരുപക്ഷേ, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമകളിൽ ആദ്യത്തേതായിരുന്നിരിക്കാം അത്. പത്മരാജനിൽനിന്ന് സുധാകരന് ലഭിച്ച മറക്കാനാവാത്ത അനുഭവവും വേദനയോടെ എന്നോട് പങ്കുവെച്ചിരുന്നു...

സുധാകരനെ എനിക്ക് പരിചയപ്പെടുത്തിയ ഇപ്പോൾ ദുബായിയിലുള്ള നാസർ തന്നെയാണ് സുധാകരൻ ഞങ്ങൾക്ക് നഷ്ടപ്പെട്ട വിവരം മണിക്കൂറുകൾക്കു മുമ്പ് ഫോണിൽ വിളിച്ചറിയിച്ചത്... മേവെള്ളൂരിൽ എനിക്ക് സുഹൃത്തുക്കൾ ഇല്ലാഞ്ഞിട്ടല്ലാ... പക്ഷേ, ആ വാർത്ത ഞാനറിയേണ്ടത് നാസറിലൂടെ എന്നത് ഒരു നിയോഗമായിരുന്നു...

സുധാകരന് ആത്മാഞ്ജലി...

ജോൺ ടി വേക്കൻ


നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകക്കളരിയുടെ അദ്ധ്യക്ഷൻ, നാടക ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ലേഖകൻ 


1982-ൽ വൈക്കം തിരുനാൾ നാടകവേദി അവതരിപ്പിച്ച  "ശിശിരത്തിലെ ഒരു പ്രഭാതത്തിൽ..." എന്ന നാടകത്തിന്റെ പോസ്റ്റർ


ശിശിരത്തിലെ ഒരു പ്രഭാതത്തിൽ കരിയിലക്കാറ്റുപോലെ സുധാകരൻ...: ജോൺ ടി വേക്കൻ
Join WhatsApp News
nazar 2020-07-18 06:47:56
lovely
Meeraben PM 2020-07-19 06:20:02
നമ്മുടെ സർഗ്ഗാത്മകപ്രവർത്തനങ്ങളോട് ചേർന്നുനിൽക്കുന്ന സൗഹൃദത്തിൻ്റെ കൊടുക്കൽ വാങ്ങലുകൾ എത്ര മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്! സ്മരണാഞ്ജലി ഗംഭീരമായി.. ആദരം പ്രിയ എഴുത്തുകാരന്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക