Image

കാമം, ക്രോധം, മോഹം (ചില രാമായണ ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 17 July, 2020
കാമം, ക്രോധം, മോഹം (ചില രാമായണ ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)
മക്കളെ സിംഹാസനത്തിലിരുത്താനാഗ്രഹിച്ച അച്ഛന്‍ മഹാരാജാവിന്റേയും അമ്മ മഹാറാണിയുടേയും പ്രതീക്ഷകള്‍ സഫലമായില്ല. രാമനെ യുവരാജാവായി അഭിഷേകം കഴിക്കാന്‍ ദശരഥ മഹാരാജാവ് നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രാണേശ്വരിയും, രണ്ടാം റാണിയുമായ കൈകേയിക്ക് അവരുടെ മകന്‍ ഭരതന്‍ യുവരാജാവാകാന്‍ മോഹമുണ്ടായി. രാമന്‍ പതിന്നാലു് വര്‍ഷം വല്‍ക്കലം ധരിച്ച് മുനിവേഷത്തില്‍ ഭാര്യയോടും അനിയനോടും കൂടി കാട്ടിലലഞ്ഞു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ഒരു രാക്ഷസന്‍ അപഹരിച്ചു. പിന്നെ യുദ്ധമുണ്ടായി.  ഭരതന്‍ രാജ്യഭരണം നടത്തിയെന്നല്ലാതെ സിംഹാസനത്തില്‍ ഇരുന്നില്ല. അയോദ്ധ്യയുടെ സിംഹാസനത്തില്‍ ശ്രീരാമചന്ദ്രന്റെ മെതിയടികള്‍ ഇരുന്നു. നോക്കണേ, വിധിയുടെ കളിവിളയാട്ടം. കാമ-ക്രോധ-മോഹങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ ഇളക്കി മറിച്ചുവെന്ന് നമ്മള്‍ രാമായണ കഥയില്‍ നിന്നുമറിയുന്നു,

വേദങ്ങളുടെ സാരം സാധാരണ മനുഷ്യനു മനസ്സിലാക്കാന്‍ പ്രയാസമായത്‌കൊണ്ടാണു് ഇതിഹാസങ്ങള്‍ ഉണ്ടായത്. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരമാണു വാത്മീകി രാമായണം എഴുതിയത് എന്നു വിശ്വസിച്ചു വരുന്നു.നിഷാദനില്‍ നിന്നു വാത്മീകിയായപ്പോള്‍ ഉത്തമപുരുഷന്മാരുണ്ടൊ എന്ന സംശയം തോന്നുകയും അതു നാരദനോട്  ചോദിച്ചപ്പോള്‍ അങ്ങനെയൊരാള്‍ ഉണ്ടു അതു ശ്രീരാമചന്ദ്രനാണെന്നു പറയുകയും ചെയ്ത സംഭാഷണത്തില്‍ നിന്നാണു രാമായണം രചിച്ചതെന്നും നമ്മള്‍ വായിക്കുന്നു. എന്തായാലും കലിയുഗവാസികളില്‍ പലരും അദേഹം ഉത്തമപുരുഷനാണെന്ന കാര്യത്തില്‍ തര്‍ക്കത്തിലാണ്. ഒരു പക്ഷെ ത്രേതായുഗത്തിലെ ഉത്തമപുരുഷ സങ്കല്‍പ്പം ഇന്നത്തെ മാതിരിയാകാന്‍ വഴിയില്ലെന്നു അനുമാനിക്കാം.   എഴുത്തഛന്റെ അദ്ധ്യാത്മരാമായണം വായിക്കുന്നവര്‍ക്ക് രാമന്‍ ദേവനാണെന്നു തോന്നുമെങ്കിലും വാത്മീകി രാമായണത്തില്‍ അങ്ങനെ സൂചനയില്ല. സാധാരണ മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും, പരിമിതികളുമൊക്കെ രാമന്‍ അനുഭവിക്കുന്നതായി വാത്മീകി വിവരിക്കുന്നുണ്ട്. ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ജീവിതം സത്കര്‍മ്മങ്ങളിലൂടെ നയിക്കുകയെന്ന ശ്രേഷ്ഠമായ സിദ്ധാന്തമാണു ഇതിഹാസത്തില്‍ കാണുക. അല്ലാതെ മനുഷ്യന്‍ ഈശ്വരനാകാന്‍ ശ്രമിക്കണമെന്നല്ല. ഓരോ മനുഷ്യനും ഈശ്വരനാകാന്‍ ശ്രമിക്കുകയും, ആ ശ്രമത്തില്‍ ഉണ്ടാകുന്ന  പരാജയങ്ങളും, ക്ലേശങ്ങളും, മോഹഭംഗങ്ങളും അവനെ പിശാചാക്കുന്നുവെന്നതുമാണു സത്യം. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന, നരകതുല്യമാക്കുന്ന മൂന്ന് വികാരങ്ങളാണു കാമം, ക്രോധം, മോഹം.

കാമം, ക്രോധം, ലോഭം, മോഹം, ഭയം, അഹങ്കാരം എന്നീ ശത്രുക്കളാണു മനുഷ്യരുടെ  ആത്മസാക്ഷാത്ക്കാരത്തിനു തടസ്സമായി നില്‍ക്കുന്നതെന്ന്് ഭഗവ്ത് ഗീതയില്‍ അര്‍ജുനനെ ക്രുഷ്ണന്‍ ഉപദേശിക്കുന്നുണ്ട്. മനുഷ്യന്‍ ആഗ്രഹിക്കാതിരുന്നിട്ടും ആരാല്‍ പ്രേരിതനായിട്ടാണു ബലാത്കാരമായി നിയോഗിക്കപ്പെട്ടവനെപോലെ പാപം ചെയ്യുന്നത് എന്ന അര്‍ജുനന്റെ ചോദ്യത്തിനു ക്രുഷ്ണന്‍ പറഞ്ഞ മറുപടിന്അത് കാമമാണെന്നാണു. "കാമ ഏഷ ക്രോധ ഏഷ, രജോഗുണ സമുദ്ഭവ'', മഹാശനോ മഹാപാപ്മാ,  വിദ്ധ്യേ ന മിഹ വൈരിണം. അര്‍ത്ഥം ഃ ഇത് രജോഗുണത്തില്‍ നിന്നുണ്ടായതും, അനുഭവിച്ചിട്ട് മതിവരാത്തതും, മഹാപാപിയുമായ കാമമാകുന്നു. അതുപോലെ ക്രോധവും, അതും മനുഷ്യന്റെ ശത്രുവാണു. ഭഗവത്ഗീതയില്‍ അദ്ധായങ്ങള്‍ 4-10, 6-23,26, 16-18-21 എന്നിവയിലും കാമക്രോധാദികളെ കുറിച്ച് പരാമര്‍ശമുണ്ട്.

കാമം, ക്രോധം, മോഹം എന്നീ ശത്രുക്കള്‍ മനുഷ്യജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തി അവരുടെ ജീവിതം ദുരിതപൂരിതമാക്കുന്നുവെന്ന് വാത്മീകി പ്രതീകാത്മകമായി രാമായണത്തില്‍ വിവരിക്കുന്നുണ്ട്. രാമായണത്തെ ഒരു ആധുനിക കവിത പോലെ വിശകലനം ചെയ്യുമ്പോള്‍ന്അവിശ്വസനീയമായും അത്ഭുതകരമായും മനുഷ്യനു തോന്നുന്ന പല വിചാരങ്ങള്‍ക്കും മറുപടി കിട്ടും. സംസാരിക്കുന്ന പക്ഷികള്‍, യുദ്ധം ചെയ്യുന്ന വാനരന്മാര്‍, കടല്‍ ചാടി കടക്കുന്ന വലിയ കുരങ്ങന്‍, രാജകുമാരന്റെ കാല്‍പ്പാദങ്ങള്‍ തട്ടിയപ്പോള്‍ ശില ഒരു സുന്ദരിയാകുന്ന അത്ഭുതം, പത്ത് തലയുള്ള ലങ്കാധിപതി, ആറുമാസം ഉറങ്ങാനും, ആറു മാസം ഭക്ഷണം കഴിക്കാനും വേണ്ടി ജീവിക്കുന്ന രാക്ഷസന്‍, പറക്കുന്ന വിമാനങ്ങള്‍, കടലിന്റെ നടുവില്‍ ഐശ്വര്യസമ്രുദ്ധമായന്ഒരു ദ്വീപ്, ഇങ്ങനെ പോകുന്ന ഓരോ വിഷയവും അതിന്റേതായ വാക്യാര്‍ത്ഥത്തില്‍ എടുത്താല്‍ ചോദ്യങ്ങളുടെ ശരവര്‍ഷമുണ്ടാകും. സാധാരണ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ ദൈവീകമായി മാറ്റിനിറുത്തുക എന്ന ബുദ്ധി ഭാരതീയര്‍ക്കുണ്ടെങ്കിലും സ്ര്തീകളുടെ കാര്യത്തില്‍ അതു പാലിക്കപ്പെടുന്നില്ല. അതുകൊണ്ട്  അവിടെ അനവധി "സീതമാരെ കാട്ടിലേക്കയച്ചു ദുഷ്ടനാം ദുര്‍വിധി.'' ഇപ്പോഴും അയച്ചുകൊണ്ടിരിക്കുന്നു. രാമനെ ദേവനായി കണ്ടു അദേഹത്തിന്റെ കാല്‍കീഴില്‍ തീരെ വ്യക്തിത്വമില്ലാതെ കഴിഞ്ഞ സീതയെ ഇന്നത്തെ പെണ്‍കുട്ടികള്‍ അനുകരിക്കുമെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ ഈ വിഷയം രാമായണ മാസത്തില്‍ നിഷ്പ്പക്ഷമായി ചര്‍ച്ച ചെയ്താല്‍ സമീപഭാവിയില്‍ സീതാ-രാമന്മാരുടെ അമ്പലങ്ങള്‍ ആള്‍ശൂന്യമാകാന്‍ സാദ്ധ്യതയുണ്ട്.

കഠിനമായ തപോനിഷ്ഠയില്‍ വാത്മീകി നേടിയ മനഃസംയമനം തമസ്സാ നദിയുടെ തീരത്ത് ഒരു സന്ധ്യയില്‍ ഭജ്ഞിക്കപ്പെട്ടു.ന്സന്ധ്യനാമത്തിനുന്ആ താപസന്‍ തയ്യാറകുമ്പോള്‍ സായംസന്ധ്യ ഒരുക്കുന്ന കാടിന്റെ മനോഹാരിതയില്‍ മാമരകൊമ്പില്‍ കൊക്കും ചിറകുമുരുമ്മുന്നന്ക്രൗഞ്ച കിഥുനങ്ങളെ കാണുന്നു.  ആ ഇണപക്ഷികളുടെ ആനന്ദം നോക്കിനില്‍ക്കവേ അപ്രീതിക്ഷിതമായിപാഞ്ഞ് വന്ന ഒരു കൂരമ്പ് ആ ഇണപക്ഷികളില്‍ ആണ്‍പക്ഷിയെ കൊന്നു വീഴ്ത്തി. വാത്മീകിയുടെ ഭാവതരളിതമായ മനസ്സില്‍ നിന്നും ഒരു ശ്ശോകം ഉതിര്‍ന്നുവീണു. പക്ഷെ അത് ക്രോധപ്രേരിതമായ ഒരു ശാപമായിരുന്നു. ആര്‍ഷ ഭാരതത്തിന്റെ മണ്ണില്‍ ആദ്യം വിരിഞ്ഞ കവിത. അതായ്ത് ഛന്ദസ്സോടും താളത്തോടും കൂടിയ കവിത. അതിനു മുമ്പ് വേദമന്ത്രങ്ങള്‍ മാത്രമായിരുന്നു ഛന്ദസ്സിലും താളത്തിലും നില നിന്നിരുന്നത്. ക്രൗഞ്ചമിഥുനങ്ങളില്‍ കാമമോഹിതനായ ഒന്നിനെ കൊന്ന് പെണ്‍കിളിയെ ദുഃഖിപ്പിച്ച കാട്ടാളാ, നീ  നിത്യതയോളം അവിശ്രമം അലയുക! എന്ന മഹര്‍ഷിയുടെ ശാപം. കാമമോഹിതരായ ഇണകിളികളില്‍ ഒന്ന് മരിച്ചു വീഴുന്നത് കണ്ടപ്പോള്‍ മഹര്‍ഷിയുടെ മനസ്സില്‍ ക്രോധമുണ്ടായി. ആത്മസംയമനം നഷ്ടപ്പെട്ടു. കാമം, ക്രോധം, മോഹം ഒരു നിമിഷം കൊണ്ട് വരുത്തുന്ന ദുര്‍ഘടനയുടെ അനന്തരഫലങ്ങള്‍ ജീവിതാവസാനം വരെ നില്‍ക്കുന്നു.

മുന്നൂറ്റി അമ്പത് വെപ്പാട്ടികളും സുന്ദരിമാരായ മൂന്നു രാജ്ഞിമാരുമുണ്ടായിട്ടും ദശരഥന്‍ കാമമോഹത്‌നായി അന്തഃപുരത്തില്‍ വട്ടം കറങ്ങി. ഈ പെണ്‍പട അദ്ദേഹത്തെ  എപ്പോഴും മത്ത് പിടിപ്പിച്ചിരുന്നു എന്ന് രഘുവംശത്തില്‍ കാളിദാസന്റെ വിവരണത്തില്‍ നിന്നും നമ്മള്‍ അറിയുന്നു. വേട്ടക്ക് പോയ മന്നവന്‍ ഒരു മാനിന്റെ കണ്ണുകള്‍ കണ്ട് അത് അന്തപുരത്തിലെ ഏതൊ വെപ്പാട്ടിയുടെ കണ്ണുകള്‍ ഓര്‍മ്മിപ്പിക്കുന്നു എന്നാലോചിച്ച്  അതിനെ കൊല്ലാതെ വിട്ടത്രെ. കൈകേയിയുടെ വശ്യസൗന്ദര്യത്തില്‍ മതിമയങ്ങി അവള്‍ക്ക് വരം കൊടുത്തു. എല്ലാ മനുഷ്യരുടേയും ജീവിതത്തില്‍ ഒരു വികാരം അവരെ അടിമയാക്കി വച്ചിരിക്കുന്നത് കാണാം.ഒരു ഇന്ദ്രിയ വസ്തുവിനാല്‍ നശിപ്പിക്കപ്പെടുന്ന അഞ്ചു വ്യത്യസ്ഥ ജീവികളെക്കുറിച്ച് വിവേകചൂഡാമണിയില്‍ ഇങ്ങനെ പറയുന്നു. (യശ്ശഃശരീരനായ ബഹുമാനപ്പെട്ട ശ്രീ  അബ്ദുല്‍ കലാമിന്റെ പുസ്തകത്തോട് കടപ്പാട്) വെളിക്ലത്തില്‍ ആക്രുഷ്ടയായി എത്തുന്ന നിശാശലഭം, ന്രുത്തം ചെയ്യുന്ന അഗ്നിനാളങ്ങള്‍ക്ക് ചുറ്റും പാറിപാറി ഒടുവിലതില്‍ പിടഞ്ഞൊടുങ്ങുന്നു. ചെണ്ടയുടെ ശബ്ദം കേട്ട് ഓടിയെത്തുന്നന്മാന്‍ കുറ്റിച്ചെടികളുടെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്ത്  കടക്കുന്നു, വെടി കൊണ്ട് ചാവുന്നു. രുചി ദൗര്‍ബ്ബല്യമായ മത്‌സ്യം ഇര കൊത്തി ചാവുന്നു. ഗന്ധത്താല്‍  മോഹിതനായി വണ്ട് പൂവ്വിനുള്ളില്‍ കടക്കുന്നു. പൂവ്വ് അടയുന്നു. വണ്ടു അതില്‍ കുടുങ്ങുന്നു. ആനയ്ക്ക് സ്പര്‍ശനമാണു കമ്പം. ഇണചേരും കാലത്ത് അത് കെണിയില്‍ വീഴുന്നു. പാവം മനുഷ്യനു ഈ അഞ്ചു ദൗര്‍ബ്ബല്യങ്ങളുമുണ്ട്. അതിന്റെ അനന്തര ഫലങ്ങള്‍ അവര്‍ ജീവിതാവസാനം വരെ അനുഭവിക്കുന്നു.

മനുഷ്യ ശരീരത്തെ ക്ഷേത്രത്തോട് ഉപമിച്ചിട്ടുണ്ട്. അനംഗനായ കാമന്‍ അവിടെ ചിലപ്പോള്‍ കയറി കുടികൊള്ളും.ന്അത് സൂക്ഷിക്കണമെന്ന് സൂചനകള്‍ തരുന്നു. കാമനെ ഉപേക്ഷിച്ച് സന്യാസിയാകണമെന്ന് ഇതിനര്‍ത്ഥമില്ലെന്ന് മനസ്സിലാക്കാന്‍ മനുഷ്യന്‍ പ്രയാസപ്പെടുമ്പോഴാണു് ഇതിഹാസങ്ങള്‍ക്കും, വേദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നത്. അത്‌കൊണ്ടാണു് ്ഋഷിമാര്‍ പറഞ്ഞത് അറിവുള്ള ഒരു ഗുരുവിന്റെ കീഴില്‍ നിന്ന് വിദ്യ അഭ്യസിക്കുകയെന്ന് (പ്രാപ്യവരാന്‍  നിബോധിത - ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് ആത്മതത്വത്തെ അറിയുവിന്‍)

വേദങ്ങളും, ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും ഉദ്‌ഘോഷിക്കുന്നത് ആത്മസാക്ഷാത്കാരത്തിനു വേണ്ടി മനുഷ്യര്‍ എങ്ങനെ ജീവിതം നയിക്കണമെന്നുള്ള ഉപദേശങ്ങളാണു. പഞ്ചവടിയിലെ പര്‍ണ്ണാശ്രമത്തില്‍ ഒരു സാധാരണ മാനിനെ കണ്ടെങ്കില്‍ സീതാദേവി ആകര്‍ഷിതയാകില്ലായിരുന്നു. സ്വര്‍ണ്ണമാനിനെയാണു കാണുന്നത്. ആ മാനിന്റെ രൂപം പ്രക്രുതി വിരോധമാണു. അങ്ങനെയൊന്നില്ല.അത്് മായയാണു. നമ്മുടെ  ജീവിതത്തില്‍ നാം ഇത്തരം മായാകാഴ്ചകളില്‍ ആക്രുഷ്ടരാകയും ആപത്തുകളില്‍ വീഴുകയും ചെയ്യുന്നു. മാനിനെ ജീവനോടെ കിട്ടിയില്ലെങ്കിലും കൊന്നു കൊണ്ടുവന്നാല്‍ അതിന്റെ തോല്‍ ഉരിച്ചു് കളഞ്ഞ് അയോദ്ധ്യയിലേക്ക് തിരിച്ച് പോകുമ്പോള്‍ കൂടെ കൊണ്ടുപോയി രാജധാനി അലങ്കരിക്കാമെന്ന ഒരു ക്ഷത്രിയ രാജകുമാരിയുടെ മോഹം. ഇവിടെ മോഹങ്ങളുടെ ഒരു ചാക്രികവലയം രൂപം പ്രാപിക്കുന്നു. കാമരൂപനായ  ശ്രീരാമനെകണ്ട് കാമപരവശയായി ശൂര്‍പ്പണഖ എത്തുന്നു. നിയന്ത്രിക്കാനാവാത്ത കാമദാഹത്തോടെ അവള്‍ രാമനോടും ലക്ഷമണനോടും മാറി മാറി തന്റെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി കൊഞ്ചിയെങ്കിലും ഫലമുണ്ടായില്ല. അനന്തരഫലം ഒരു മഹായുദ്ധത്തിലേക്ക് വഴിതെളിയിച്ചു. കാമത്തിന്റെ തുടക്കം അയോദ്ധ്യരാജധാനിയില്‍ നിന്നും ആരംഭിക്കുന്നു. അവിടെ കാമിനിയായ  കൈകേയിയുടെ അംഗലാവണ്യത്തില്‍  മയങ്ങിപോയ മന്നവന്‍ കാമാന്ധനായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതില്‍ നിന്നു ഒരു രാമായണ കഥ ജനിക്കുന്നു.

കാമത്തിന്റേയും ക്രോധത്തിന്റേയും മോഹത്തിന്റേയും പടിവാതിലുകള്‍ കടക്കുന്ന മനുഷ്യര്‍ സ്വര്‍ഗ്ഗലോകത്തെത്തുന്നില്ല. സ്വര്‍ഗ്ഗലോകമെന്നൊരു ലോകമുണ്ടോ? ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം . പക്ഷെ പ്രസ്തുത അധമവികാരങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ശക്തി നേടുമ്പോള്‍ സ്വര്‍ഗ്ഗലോകം ഭൂമിയില്‍ തന്നെ ഉണ്ടാകുന്നു.

ശുഭം


Join WhatsApp News
Let it be!; Let it be! 2020-07-18 10:50:21
മനുഷ ജീവിതത്തെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ഒരു നദിയോട് ഉപമിക്കാം. അത്തരം അനേകം കവിതകളും ലോക സാഹിത്യത്തിൽ കാണാം. അവസാനം നദി കടലുമായി ചേരുമ്പോഴും കാമ ക്രോധ മോഹങ്ങളുടെ പൂർത്തീകരണം എന്ന് തോന്നുമ്പോഴും അവിടെ അവസാനിക്കുന്നില്ല; കാമവും, ക്രോധവും മോഹങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ചു അവ ഒരുമിച്ചു തീരാത്ത ദാഹവുമായി തീരത്തെ പുണരുന്നു. മനുഷ ജീവിതവുമായി ഇതിനു വളരെ സാമ്യം ഉള്ളതുകൊണ്ട് ആണ് പല ദേശത്തും, പല കാലത്തും ഇത്തരം കവിതകൾ ജനിക്കാൻ കാരണം. പരിണാമ പ്രക്രിയയിലൂടെ മനുഷർ മാത്രം ആർജിച്ച ഒരു കഴിവ് ആണ് ഏതു കാലത്തും ഇണ ചേരുവാൻ ഉള്ള കഴിവ്. മറ്റ് മിർഗങ്ങൾക്ക് ഒക്കെ സീസൺ ഉണ്ട്. ഒരു വർഷത്തിലെ ഏതു ദിവസവും ഇണ ചേരാൻ ഉള്ള കഴിവും പ്രവണതയും ആണ് മനുഷ സംസ്ക്കാരം, സാഹിത്യം, മതം, സാമ്പത്തികം, ശാസ്ത്രം, നിയമങ്ങൾ, രാഷ്ട്രീയം, നാഗരികത - എന്നിവയുടെ ഒക്കെ കാരണം. ഏക കോശ ജീവിയിൽ നിന്നും ബഹു കോശ ജീവികൾ ആയി മനുഷർ കോടാനു കോടി വർഷങ്ങളിലൂടെ പരിണമിച്ചപ്പോൾ പ്രപഞ്ചത്തിന്റെ ഊർജവും നമ്മളിൽ അനേകം കോംപ്ലക്സ് മാറ്റങ്ങൾ ഉണ്ടാക്കി. കാമവും ക്രോധവും മോഹവും പ്രപഞ്ചം നമ്മളിൽ നിക്ഷേപിച്ച ഊർജം ആണ്. ശരീരത്തിലെ രാസ രസങ്ങൾ ബയോ ഇലക്ട്രിസിറ്റിയുമായി റിയാക്റ്റ് ചെയുന്നത് ആണ് ജീവൻ. കാമവും, ക്രോധവും മോഹവും ജീവന്റെ തുടിപ്പുകൾ ആണ്. SO! ലെറ്റ് ഇറ്റ് ബി! ലെറ്റ് ഇറ്റ് ബി - andrew
കോരസൺ 2020-07-18 08:14:24
കാമവും ക്രോധവും മോഹവുമാണ് പ്രകൃതിയെ നിലനിര്ത്തുന്ന ചാലക ശക്തികൾ എന്ന് തിരിച്ചറിയാനും കൂടി രാമായണ മാസം ഓർമ്മിപ്പിക്കുന്നില്ലേ. ഇവ ഒക്കെ നിഷേധാത്മകമായ അധമമായ സ്വാധീനം ആകുന്നത് അതിരുകൾ കടക്കുമ്പോളാണല്ലോ. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്ന ബോധപൂർവമായ യുദ്ധമാണ് മനുഷ്യൻ ഏറ്റെടുത്ത ദൗത്യം എന്നുകൂടി ഈ ‌ചിന്തകൾ പറയാതെ പറയുന്നു. എപ്പോഴത്തെപ്പോലെയും പ്രവ്ഡമായ ശ്രീ. സുധീർ സാറിന്റെ ലേഖനം - കോരസൺ
George Puthenkurish 2020-07-18 11:52:24
ജന്മത്തിന്റെ മഹിമയും പാരമ്പര്യവും വർണ്ണിക്കാൻ അവസരം കിട്ടിയാൽ ആരും വൃഥാ കളയില്ല. നിഷാദനിൽ നിന്ന് ജനിച്ച വാത്മീകിയും (നിഷാദൻ -ബ്രാഹ്മണനു ശൂദ്രസ്ത്രീയിൽ ജനിച്ചപുത്രൻ) വംശാവലിയിൽ റാഹാബിനെ പ്പോലെ വേശ്യകളുള്ള യേശുവിനേയും ഉദ്ധരിച്ചു തങ്ങളുടെ പാരമ്പര്യത്തെ വർണ്ണാഭമാക്കുമ്പോൾ , ഇവരാരും ഇത്തരം കാര്യം ഓർക്കാറില്ല. ഒരു പക്ഷെ അറിയുകയുമില്ല . ഉത്തമ പുരുഷനാകാൻ പാരമ്പര്യത്തിന്റ മഹിമ പറഞ്ഞു നടക്കുന്നവർക്ക് കഴിയില്ല . അതിന് , പാരമ്പര്യങ്ങളിൽ നിന്ന് മുക്തമായ, സ്വതന്ത്രമായ ഒരു മനസ്സ് ഉണ്ടായിരിക്കണം. രാമനെ ദേവനായി സമൂഹത്തിൽ നിന്ന് മാറ്റി നിര്ത്തുന്നതുപോലെ യേശുവിനെയും ദിവ്യത്വം കല്പിച്ചു അങ്ങ് സ്വർഗ്ഗത്തിൽ ഉപവിഷ്ടനാക്കിയിരിക്കുന്നതായി കാണാം. യേശുവിന്റെ വംശാവലിയിൽ വേശ്യകൾ ഉണ്ടെന്ന് എഴുതിയാൽ, കലികേറി തുള്ളുന്ന ക്രിസ്തവ ഭക്‌തർ ഉള്ളത് കൊണ്ട് അതിന്റെ ഒരു റഫറൻസ് ഇവിടെ കൊടുക്കുന്നു (The lineage of Jesus is explored in only two of the Gospels: Matthew (1:1-17) and Luke (3:23-38). Matthew’s is the only one that mentions women, besides Mary, and then only four: Tamar, Rahab, Ruth, and “Uriah’s wife” (whom we know as Bathsheba.).Rahab wasn’t a “pretend prostitute” like Tamar; she was the real thing. Six generations after Tamar and Perez, we arrive in Jericho (Joshua, chapter 2) സ്വർഗ്ഗ ലോകം എന്നൊരു ലോകം ഉണ്ടോ എന്ന സുധീറിന്റ് ചോദ്യം വളരെ ചിന്തോദ്ദീപകമാണ് . സ്വർഗ്ഗത്തിൽ പോകാനുള്ള പ്രാർത്ഥന പഠിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോളാണ്, യേശു മനോഹരമായ പ്രാർത്ഥന ചൊല്ലി കൊടുത്തത് ; "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ." ഈ പ്രാർത്ഥനയിൽ സ്വർഗ്ഗം ഭൂമിയിൽ സൃഷ്ടിക്കേണ്ടത്തിന്റ ഉത്തരവാദിത്വത്തെ വളരെ സ്പഷ്ടമായി എടുത്തു കാട്ടുന്നു. ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ കഴിയുന്ന ഏത് വ്യക്തിക്കും ശ്രീരാമചന്ദ്രനെപ്പോലെ ഉത്തമരായി ഇവിടെ ജീവിച്ചു മരിക്കാം . നല്ലൊരു ലേഖനത്തിന് സുധീറിന് അഭിനന്ദനം
Sudhir Panikkaveetil 2020-07-19 06:16:15
വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
girish nair 2020-07-19 10:18:35
സാങ്കേതികമായ മായാജാലത്തിൻറെ ഒരു പ്രതീകമായി സംസാരിക്കുന്ന പക്ഷികൾ, യുദ്ധം ചെയ്യുന്ന വാനരർ, പറക്കുന്ന വിമാനങ്ങൾ... അങ്ങനെ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിഭാവനം ചെയ്ത അത്ഭുതാവഹവും കല്പനാപൂർണ്ണവുമായ പ്രവചനാശേഷിയും ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണവും അനുപമമാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്ന ഒരു ഇതിഹാസ ഗ്രന്ഥം. നമ്മുടെ ഇതിഹാസ ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യൻ ജീവിതത്തിൻറെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്നതിനാൽ അവരെ നേർവഴിക്ക് നയിക്കുന്ന അനവധി സാരോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായി സത്കർമ്മങ്ങളിലൂടെ നയിക്കുക എന്ന വസ്തുത നമുക്ക് രാമായണത്തിൽ കാണാൻ കഴിയും. ഈ വസ്തുത ശ്രീ സുധീർ സർ തന്റെ ലേഖനത്തിലൂടെ സാഹിത്യ സ്നേഹികൾക്കായി നിർവഹിച്ചിരിക്കുന്നു. ലേഖനം ഒരിക്കൽകൂടി വീണ്ടും വീണ്ടും പ്രസിദ്ധീകരിച്ച ഇ മലയാളിക്ക് അഭിനന്ദനം.
Sudhir Panikkaveetil 2020-07-19 12:43:00
ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ പുനഃപ്രസിദ്ധീകരണം നടത്തുന്നത് അവർക്ക് എന്നും പുതിയ വായനക്കാർ ഉള്ളതുകൊണ്ടാണ്. ശ്രീ ഗിരീഷ് നായർ അത് പ്രത്യേകം പരാമർശിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക