Image

ശ്യാമും ബ്രൂണോച്ചനും പിന്നെ ടിക്കുവും മിമിയും: ആൻസി സാജൻ

Published on 17 July, 2020
ശ്യാമും ബ്രൂണോച്ചനും പിന്നെ ടിക്കുവും മിമിയും: ആൻസി സാജൻ
കോഴിക്കോട്ട് നിന്ന് ദാസേട്ടന്റെ (ഡോ. മോഹൻ ദാസ് ) മെസ്സേജ് വന്നത് രണ്ട് ദിവസം മുൻപാണ് .ശ്യാം മരിച്ചു പോയി എന്ന് .ദാസേട്ടനും ശ്രീദേവിയും കഴിഞ്ഞ 13 വർഷങ്ങളായി ഓമനിച്ചു വളർത്തിയ നായയാണ് ശ്യാം.ഡോബെർമാൻ ഇനത്തിൽ പെട്ട അവൻ അവർക്ക് സ്വന്തം മകൻ തന്നെയെന്ന പോലെ ആയിരുന്നു.  ഡോബെർമാൻ നായ്ക്കൾക്ക് പരമാവധി ആയുസ്സ് 13 വർഷമത്രെ. 
ആശുപത്രിയിൽ കാണിച്ച് മടങ്ങി വരുമ്പോൾ കാറിൽ  ശ്രീദേവിക്കരികിലുരുന്നായിരുന്നു ശ്യാമിന്റെ മരണം .
ഇക്കാലമത്രയും അവരുടെ വീട്ടിൽ അവൻ രാജകുമാരൻ തന്നെയായിരുന്നു. ആദ്യമൊക്കെ ശ്യാമിൻറടുത്തേയ്ക്ക് പോകാൻ എനിക്ക് പേടിയായിരുന്നു. പക്ഷേ ഇടയ്ക്കിടെയുണ്ടായ സന്ദർശനങ്ങളിൽ ശ്യാമിന് ഞങ്ങളോടൊക്കെ പരിചയമായി.
ജീവിതം മുഴുവനും ശ്യാമെന്ന നായ ദാസേട്ടന്റെയും ശ്രീദേവിയുടെയും വീട്ടിലും ആ കോമ്പൗണ്ടിലും തന്നെയാണ് കഴിഞ്ഞു വന്നത്. അവൻ പുറത്തേയ്ക്കൊന്നും പോയില്ല.
ഒരു ഇണയെ കണ്ടെത്തിയുമില്ല...
അവന്റെ പരിധിയില്ലാത്ത സ്നേഹവും വിധേയത്വവും അവരോട് മാത്രമായിരുന്നു. തിരികെ അവർക്കും അവൻ സ്നേഹവും വാൽസല്യവുമായിരുന്നു.
ശ്യാമിന്റെ വിവരമറിഞ്ഞപ്പോൾ ശ്രീദേവി അനുഭവിക്കുന്ന വേദനയോടൊപ്പം  ബ്രൂണോച്ചനെയും രാരിമയെയും ഓർമ്മ വന്നു. (കോട്ടയംകാർ പട്ടി എന്നു വിളിക്കുമെങ്കിലും ഓമനിച്ചു വളർത്തുന്ന ബ്രൂണോച്ചനെയൊക്കെ നായ എന്ന കോഴിക്കോടൻ വാക്കിൽ വിളിക്കുന്നതാണ് നന്മ എന്നു തോന്നുന്നു. പക്ഷേ, ബ്രൂണോച്ചൻ എന്ന് കോട്ടയംകാർക്കേ വിളിക്കാൻ കഴിയൂ..)കഴിഞ്ഞ വർഷം ബ്രൂണോച്ചനും വിടവാങ്ങി. അന്ന് വേദനിച്ച് രാരിമയെഴുതിയ കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
ശ്യാമിന്റെ വേർപാടിലുള്ള ശ്രീദേവിയുടെ ദു:ഖം പങ്കുവച്ചപ്പോൾ രാരിമയെയും വിളിക്കണമെന്നു തോന്നി.
യാദൃച്ഛികമെന്നു പറയട്ടെ; ഇന്നലെ ബ്രൂണോച്ചന്റെ ഒന്നാം ചരമ വാർഷികമായിരുന്നു.
'ബ്രൂണോച്ചന്റെ അമ്മ' എന്ന് സ്വയം വിളിക്കുന്നത്ര ഇഷ്ടം രാരിമയ്ക്കുണ്ടായിരുന്നു.
ഇപ്പോള്‍ വല്ലപ്പോഴും സംഭവിക്കുന്ന എന്‍റെ ഓരോ നടത്തയിലും വെറുതെ   ഞാന്‍ നിന്നെ തിരയുകയാണ് .പണ്ട്
നീയുമായി നടക്കുമ്പോൾ  റോഡിലൂടെ  പാഞ്ഞ് വരുന്ന വണ്ടി കണ്ടാലും കൂസാത്ത നിന്നോട്   ചെറു  നീരസം  കാണിച്ച്, മുന്നോട്ട് പോകുമ്പോൾ കുനിഞ്ഞ് നിൻ്റെ നനഞ്ഞ നെറ്റിയിൽ തലോടി 'അമ്മ വെറുതെ ദേഷ്യപ്പെട്ടതാ. മോൻ മിടുക്കനാ. വണ്ടി വരുമ്പം മാറി നടക്കുന്ന നല്ല കുട്ടി 'എന്നൊക്കെ ഒന്നൂടെ  പറയാൻ  കൊതിച്ചു പോവുകയാ ...!!!!!
എത്ര ദേഷ്യപ്പെട്ടാലും  പിണങ്ങിയാലും   നിനക്ക് എന്നോടാരുന്നു ഒരു തരി കൂടുതൽ ഇഷ്ടം. അതായിരുന്നു  എൻ്റെ അഹങ്കാരവും !!
ഒരിക്കൽ നിന്നെ കൊഞ്ചിക്കുമ്പോൾ  കുസൃതിയായി ഞാൻ പറഞ്ഞു -  അമ്മ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുവാരുന്നു . അപ്പോ അമ്പോറ്റി  ബ്രൂണോച്ചനെ തന്നു .ഒരു പുഞ്ചിരി ഉണ്ടായിരുന്ന നിൻ്റെ മുഖത്തപ്പോള്‍.
എൻ്റെ ശ്വാസമിടിപ്പ് നിൽക്കും വരെ നിന്നെ ഓർക്കും ..... എന്‍റെ  വിളികള്‍ക്ക് ഓടി എത്താന്‍  നീ ഇല്ലാതായിട്ട് ഇന്ന് ഒരു വർഷം.ഞാൻ എന്നും ഒന്നും  നിന്നെ ഓർക്കാറില്ല.  ഓർക്കേണ്ടി വന്നാൽ  പിന്നെ നിന്നെ മനസ്സീന്ന് ഉന്തി തള്ളി ഇറക്കാൻ വല്യ കഷ്ടപ്പാടാ. അതാ!എന്തുണ്ട്  നിനക്ക് സുഖാണോടാ മോനെ ..രാരിമയുടെ ഓർമ്മകളിൽ ബ്രൂണോച്ചൻ.
ശ്യാമിന്റെയും ബ്രൂണോച്ചന്റെയുമൊപ്പം അഞ്ചു വർഷം ഞാൻ വളർത്തിയ ടിക്കു എന്ന പെൺകുട്ടി നായയെയും ഓർക്കാതെ എങ്ങനെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മക്കൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അവരുടെ ആഗ്രഹത്തിന് വാങ്ങിയതാണ് ഡാഷ് ഹണ്ട് ഇനത്തിൽ പെട്ട ടിക്കുകുഞ്ഞിനെ . എനിക്ക് അതിനോട് ചെറിയ പേടിയല്ലാതെ പ്രത്യേകിച്ച് ഇഷ്ടമൊന്നും ആദ്യം തോന്നിയില്ല. കുഞ്ഞുങ്ങളുടെ ആഗ്രഹം നിവൃത്തിയെങ്കിലും ഈ നായ്ക്കുട്ടിയുടെ പരിചരണം മുഴുവൻ എന്നിലായി.കാലക്രമേണ അവൾ 4 പ്രാവശ്യം ഗർഭം ധരിച്ചു.3 തവണ 4 കുട്ടികൾ നാലാമത് ആറെണ്ണം. കൗതുകമുള്ള കാഴ്ചകളായിരുന്നു അതൊക്കെയെങ്കിലും എന്റെ ബുദ്ധിമുട്ടുകൾ വലിയതായിട്ട് എനിക്ക് തോന്നി. അതു കൊണ്ട് അവസാനം ഒരു മഴക്കാലം വരുന്നതിന് തൊട്ടുമുമ്പ് ടിക്കുവിനെയും കൂട്ടത്തിലുണ്ടായിരുന്ന മാൻകുട്ടി ചെവികളുള്ള ചെറുക്കൻ കുട്ടിയെയും വേറൊരാൾക്ക് കൊടുത്തു.
ഇതെന്താണിത്ര പട്ടി പ്രേമം എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. പക്ഷേ, ഇവരെ വളർത്താൻ തുടങ്ങിയാൽ ആരായാലും ഇഷ്ടപ്പെട്ട് പോകും. അത്രയ്ക്കാണ് അവയ്ക്ക് നമ്മോടുള്ള നിഷ്കളങ്കമായ സ്നേഹം.
മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽ പരാതികളും പരിഭവങ്ങളും നിറഞ്ഞിരിക്കും. എന്നാൽ ഇവയുടെ സ്നേഹത്തിൽ അതുണ്ടാവുന്നില്ല. 
ദാസേട്ടൻ പുറത്തു പോയി വന്നാൽ ശ്യാം കാണിക്കുന്ന അടുപ്പ പ്രകടനങ്ങൾ എത്ര മധുരതരമെന്ന് ശ്രീദേവി ഓർക്കുന്നു. രാവിലെ അവർ ചായ കുടിക്കുമ്പോൾ ശ്യാമിന്  ബിസ്കറ്റോ ഒരു കഷണം കേക്കോ കൊടുക്കുന്നത് പതിവായിരുന്നു. അവൻ അതും കഴിച്ച് അവർക്കരികിലിരിക്കുന്നതും അങ്ങനെ ഒരു പാട് പ്രിയതരമായ ഓർമ്മകൾ അവർ സൂക്ഷിക്കുന്നു. 
ഇതോടൊപ്പം മിമിയുടെ കാര്യം പറയാതെ നിർത്തുന്നതെങ്ങനെ..
വലിയ സഹോദരിക്ക് സമയായ പുഷ്പമ്മ ചാണ്ടിയുടെ മദ്രാസിലെ വീട്ടിൽ മഴ നനഞ്ഞെത്തിയ പൂച്ചക്കുട്ടിയാണ് മിമി. മകൻ മനീഷും ഭാര്യ ഷീബയും അതിനെയെടുത്ത് അരുമയായി വളർത്തി.അവർ ഇംഗ്ളണ്ടിലേക്ക് പോയപ്പോൾ അനേകം യാത്രാ കടമ്പകൾ നേരാംവണ്ണം പാലിച്ച് മിമിയെയും അങ്ങോട്ട് കൊണ്ടുപോയി. നിറം കൊണ്ട് ജിഞ്ചർ എന്നു പേരുള്ള മിമി ഇപ്പോൾ ഇംഗ്ളണ്ടിൽ കൊച്ചു രാജകുമാരിയായി വസിക്കുകയാണ്.
വാൽസല്യം ഒഴുകിപ്പടരുന്നത് എങ്ങോട്ടൊക്കെയാണ്  ?
തിരികെ ഒന്നും ലഭിക്കാത്ത നൂറായിരം ബന്ധങ്ങൾക്കിടയിൽ ഇത്തരം മിന്നൽ പിണരുകൾ ഹൃദയം ഏറ്റുവാങ്ങാതിരിക്കുവതെങ്ങനെ..?
ancysajans@gmail.com
ശ്യാമും ബ്രൂണോച്ചനും പിന്നെ ടിക്കുവും മിമിയും: ആൻസി സാജൻശ്യാമും ബ്രൂണോച്ചനും പിന്നെ ടിക്കുവും മിമിയും: ആൻസി സാജൻ
Join WhatsApp News
Meera 2020-07-18 02:18:47
സ്നേഹാരുവികൾ സ്പർശിക്കും തീരങ്ങൾ പലതാണ്. ഓരോ സ്പർശനവും ഉപാധികളില്ലാത്ത കൊടുക്കൽ വാങ്ങൽ പ്രക്രിയയാവുമ്പോഴത്തെ ഒരു സന്തോഷം ! മൃഗങ്ങൾ മക്കളെപ്പോലെ പ്രിയം കരരാവുമ്പോഴത്തെ അനുഭവവുമതാണ് !ആൻസീ... ചിന്തപോയയിടം രസമുള്ള കാഴ്ചയായി......
Ancy Sajan 2020-07-18 09:32:08
സ്നേഹമേറിയ പ്രതികരണത്തിന് നന്ദി മീര ചേച്ചി..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക