Image

ഞാനാണു നീ (കവിത: നീത ജോസ് )

Published on 16 July, 2020
ഞാനാണു നീ (കവിത: നീത ജോസ് )
ഇളം പച്ച നിറമുള്ള 
പതുപതുത്ത  ബ്ലാങ്കറ്റിനുള്ളിൽ 
മഴയുടെ തണുപ്പെത്താറില്ല 

ചെന്നിക്കുത്തുകൾക്ക് 
ഇടവേളകൾ കുറയുകയും 
വിഷാദത്തിന്റെ 
ചെളിക്കുണ്ടുകൾ 
ആ ഇടങ്ങളെ 
നിറയ്ക്കുകയും ചെയ്യുന്നു 

ഏറെയാഴത്തിലുള്ള 
കനത്ത ഇരുട്ടിലേക്ക്  
ആരും കാണാതെ 
ഞാനിറങ്ങുന്നതീ  ബ്ലാങ്കറ്റിനുള്ളിലൂടെയാണ്  

ഇറുക്കിയടച്ച 
കണ്ണുകൾക്കു ചുറ്റും 
കറുപ്പും തടിപ്പുമായി 
ഉറങ്ങാത്ത രാത്രികൾ 
ചുറ്റിക്കിടക്കുന്നു 

തലയ്ക്കുള്ളിലെ 
മൂളലുകൾ 
പഴയൊരു 
മരണമൊഴിയുടെ 
അവ്യക്തശകലങ്ങളാണ്

ഇതിനിടയിലും 
നിന്നെയോർക്കാറുണ്ട് - 
ഒരു സമാന്തര ലോകത്തെ 
ഞാനാണു നീയെന്ന് 

ഈ മുറിയ്ക്കുള്ളിൽ 
ഇരുട്ടിനൊപ്പം 
ഞാൻ വളർത്തുന്ന 
മുറിച്ചെടുത്ത 
റൂഹിന്റെ തണ്ട് - 
അത് വേരു പിടിയ്ക്കാനുള്ള 
പ്രാർത്ഥനയും 
നീയാണ് 

ഞാനായിട്ടെവിടെയോ 
നീയുള്ളതിനാൽ
മഴയുടെ ശബ്ദം കേൾക്കാൻ 
പുതപ്പിനകത്തു നിന്നും
പുറത്തു വരാറുണ്ട് 

നിനക്കറിയല്ല
നീയാണെന്നെ 
മരിയ്ക്കാൻ
വിടാത്തതെന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക