Image

കൃഷ്ണപ്രിയ, മകളെ നിനക്ക് കണ്ണുനീരിൽ കുതിർന്ന ക്ഷമാപണം (മിലി)

Published on 15 July, 2020
കൃഷ്ണപ്രിയ, മകളെ നിനക്ക് കണ്ണുനീരിൽ കുതിർന്ന ക്ഷമാപണം (മിലി)

ഈ കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ തളർന്നിരിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തു, പ്രവാസികളോടുള്ള  നമ്മുടെ നാട്ടുകാരുടെ മനോഭാവം മാധ്യമങ്ങളിലൂടെ അറിയുന്നണ്ടായിരുന്നെങ്കിലും പ്രവാസികളായ എന്റ്റെ സുഹൃത്തുക്കൾ 'ദൈവത്തിന്റ്റെ സ്വന്തം നാട്ടിൽ' അതായതു അവരുടെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ അനുഭവിച്ച ദുരനുഭവങ്ങൾ പങ്കു വെക്കുമ്പോളാണ്, ഈ മുദ്രകുത്തലിന്റെ കാഠിന്യം മനസിലാവുന്നത്. 

അതിലുപരി, ബാംഗ്ലൂരിൽ നിന്ന്എത്തിയ  ഒരു അമ്മയും രണ്ടു കുട്ടികളും പതിനാലു ദിവസത്തെ ക്വാറൻറ്റിൻ ശേഷം, ഭർത്താവും സ്വന്തം മാതാവും കൈവിട്ടപ്പോൾ  'സ്വാന്തനം' അഭയകേന്ദ്രത്തിൽ അഭയം പ്രാപിച്ചു. റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന 20 വയസ്സുള്ള പെണ്കുട്ടി കോവിഡ് യാത്രാ വിലക്കിൽ നിന്നും മാസങ്ങൾക്കു ശേഷം സ്വന്തം വീട് എന്ന അഭയസ്ഥാനത് എത്തി ചേർന്നു. അവൾ എന്തുമാത്രം മനസ്സിൽ ആഹ്ളാദിച്ചിട്ടുണ്ടാവും അവളുടെ മാതാപിതാക്കളുടെ അടുത്ത ണഞ്ഞപ്പോൾ. എന്നാൽ സ്വന്തം കുടുംബം കുട്ടിയെ തനിച്ച് വീട്ടിൽ ക്വാറൻറ്റിൻനിലാക്കി ബന്ധുവീട്ടിലേക്ക് താമസം മാറ്റി. പരിഷ്കൃത സമൂഹം ലജ്ജിക്കണം ഈ പെൺകുട്ടിയുടെ ആത്മഹത്യയിൽ. ജീവനൊടുക്കിയ കൃഷ്ണപ്രിയയുടെ ആത്മഹത്യാ വാർത്തയാണ് എന്നെ പ്രതികരിക്കുവാൻ  പ്രേരിപ്പിച്ചത്.

ഈ കുട്ടിയെ ഒറ്റപെടുത്താതെ ഒരു ക്വാറൻറ്റിൻ  സെൻ്ററിലേയ്ക്കു  മാറ്റാമായിരുന്നു. മാസ്ക്ക്, സാമൂഹിക അകലം ഇവ പാലിച്ച് സൗകര്യമുണ്ടങ്കിൽ സ്വന്തം വീട്ടിൽ ഒറ്റപ്പെടുത്താതെ തന്നെ താമസിപ്പിക്കാമായിരുന്നു. സ്വന്തം എന്ന പദം നമ്മളിൽ നിന്ന് അന്യമായിരിക്കുന്നു. സ്വാർത്ഥത മാത്രമാണ് നമ്മെ ഇപ്പോൾ  ഭരിക്കുന്നത്.  സമൂഹം മാറിപ്പോയിരിക്കുന്നു. എന്തായാലും നമ്മൾക്ക് വലുത് നമ്മളുടെ ഉറ്റവർ അല്ലെ? എന്ത് പറ്റി നമ്മളുടെ സമൂഹത്തിനു? നമ്മിലെ നന്മ, നമ്മിലെ മാതൃത്വം, നമ്മിലെ സ്നേഹം, സാഹോദര്യം ഇവയൊക്കെ ഈ മഹാമാരിയുടെ ഭയത്തിൽ എവിടെയോ കുഴിച്ചു മൂടപെട്ടു.

കോവിഡിനെക്കുറിച്ചുള്ള  മനുഷ്യത്വരഹിത തെറ്റിദ്ധാരണ മനുഷ്യ ബന്ധങ്ങളെപ്പോലും തകർത്തതിൻ്റെ ഉത്തമ ഉദാഹരണമാണീ സംഭവം. ഒരു കൗമാരക്കാരിക്ക് ഭയപ്പാടിലുള്ള ഒറ്റപ്പെടൽ ഭീകരമായിരിക്കും. സമൂഹം എന്ന കൊലവിളിക്കാരെ ഭയന്നായിരിക്കും കുട്ടിയുടെ കുടുംബ്ബാംഗങ്ങൾ ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റിയതു. 

ഒരു മുറിയിൽ നാലും അഞ്ചും പേർക്കൊപ്പം സഹവസിക്കുംപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പൊസറ്റീവായാൽ, അവരെ കൈവിടാതെ , ഒപ്പം നിന്ന് പരിചരിച്ച സുഹൃത്തുക്കളെ എനിക്കറിയാം. എന്നാൽ ദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന ജന്മനാട്ടിൽ വന്നപ്പോൾ, ഒരു സുഹൃത്തു പങ്കുവെച്ച അനുഭവം. 14 ദിവസത്തെ ക്വാറൻറ്റിൻ തികച്ചു ടെസ്റ്റ് നടത്തി, നെഗറ്റീവ് എന്ന് ഫലവും വന്നു. എന്നിട്ടും സ്വന്തം വീടിന്റെ പുറത്തു ഇറങ്ങുന്നോ, വേണ്ട സ്വന്തം മുറ്റത്തു ഇറങ്ങുന്നോ എന്ന് നോക്കുവാൻ സദാചാരപോലീസുക്കാർ. 
സിസിടിവിക്ക്  പകരം ഇവരെ നമ്മൾക്കു  ഉപയോഗിക്കാം. പോരാത്തതിന് രോഗം ഉണ്ടെന്നുള്ള ദുഷ്പ്രചാരണവും.

പ്രിയപ്പെട്ട സദാചാരപോലീസ് അറിയുന്നതിന്.....സർക്കാർ   പ്രഖ്യാപിച്ച എല്ലാ പ്രോട്ടോകോളുകൾ,മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവാസികൾ വരുന്നതും ഇപ്പോൾ കഴിയുന്നതും.

നിങ്ങൾ എന്താണു ഇതിൽ നിന്ന് നേടുന്നത്? ഒരു പ്രയാസം നേരിടുന്ന നിങ്ങളുടെ അയൽവാസിക്കു/ബന്ധുവിനെ ആശ്വാസം പകരേണ്ട സന്ദർഭത്തിൽ സഹായിച്ചിട്ടെങ്കിലും, ഉപദ്രവിക്കാതിരുന്നു കൂടെ.... കോവിഡ് ഒരു മാരകരോഗം ആണ്. പക്ഷെ ഈ രോഗത്തെ ഇത്രയും  ഭയക്കേണ്ട കാര്യം ഉണ്ടോ? ഒരു രോഗി  അവരുടെ വീട്ടിൽ, അവരുടെ വസ്തുവിനുള്ളിൽ നിന്നാൽ നിങ്ങൾക്ക് രോഗം വരില്ല. രണ്ടും മൂന്നും മാസങ്ങളായി കോവിഡ് രോഗികളെ പരിചരിച്ചിട്ട് രോഗം വരാത്ത എത്ര ആരോഗ്യ പ്രവർത്തകർ എനിക്ക് പരിചയം ഉണ്ട്. നിങ്ങൾ ഈ പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം, അപേക്ഷയാണ്. 
 
നമ്മൾക്ക് നാളെയെ കുറിച്ച അറിയില്ല. ഇതിലും മാരകമായ രോഗം നമ്മൾക്കും ഉണ്ടാവാം. പിന്നെ ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. നാട്ടിലേക്ക് വരുന്ന എല്ലാ പ്രവാസികളും രോഗികൾ അല്ല.
അഥവാ അവർ രോഗികൾ അന്നെങ്കിൽ അവർ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുന്നു ആരോഗ്യ വകുപ്പിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ  നടപടികൾ എടുക്കില്ലേ ?

കോവിഡ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ, ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത, രോഗത്തെയും മരണത്തെയും കുറിച്ചുള്ള ഭയം, കിംവദന്തികളും കെട്ടുകഥകളും പ്രചരിപ്പിക്കുന്ന ഗോസിപ്പുകൾ എന്നിവയുമായി സ്റ്റിഗ്മ (stigma) ബന്ധപ്പെട്ടിരിക്കുന്നു.

കോവിഡ്മായി ബന്ധപ്പെട്ട സ്റ്റിഗ്മയുടെ (മുദ്രകുത്തൽ) അളവ് മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

1) ഇത് പുതിയ ഒരു രോഗമാണ്
2) നമ്മൾ പലപ്പോഴും അഞ്ജാതരോഗത്തെ ഭയപ്പെടുന്നു;
3) ആ ഭയത്തെ ‘മറ്റുള്ളവരുമായി’ ബന്ധപ്പെടുത്തുക എളുപ്പമാണ്.

വ്യാപകമായ ഭയം രോഗമുള്ളവരോട്  മനുഷ്യത്വരഹിതമായി പെരുമാറുവാൻ പ്രേരിപ്പിക്കുന്നു. ഭയന്നോടിയാൽ ഒളിക്കാൻ കാടില്ല ...

പ്രശ്‌നമുണ്ടാക്കുന്ന രോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സാധാരണക്കാരോട് കൂടുതൽ ഭയമോ കോപമോ സൃഷ്ട്ടിച്ചുകൊണ്ടുള്ള മുദ്രകുത്തൽ എല്ലാവരേയും വേദനിപ്പിക്കുന്നു.

രോഗലക്ഷണങ്ങളോ രോഗങ്ങളോ മറയ്ക്കാനും ആരോഗ്യപരിരക്ഷ തേടുന്നതിൽ നിന്ന് അവരെ തടയാനും ആരോഗ്യകരമായ പെരുമാറ്റങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വ്യക്തികളെ തടയാനും സ്റ്റിഗ്മയ്ക്ക് കഴിയും.

രോഗവ്യാപനത്തെ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും എന്നാണ് ഇതിനർത്ഥം.

കളങ്കിതരായ വ്യക്തികൾക്ക് ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടാം.

മതരാഷ്ട്രീയനേതാക്കൾക്കും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്കും മുദ്രകുത്തൽ തടയാൻ സഹായിക്കുന്നത്:

1. ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവരുടെയും ഏതെങ്കിലും സമ്പർക്കം അന്വേഷണത്തിന്റെ ഭാഗമായവരുടെയും സ്വകാര്യതയും രഹസ്യാത്മകതയും പരിപാലിക്കുക
2. വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കിടുന്നതിലൂടെ.
3. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള നെഗറ്റീവ് പെരുമാറ്റങ്ങൾക്കും പ്രസ്താവനകൾക്കുമെതിരെ സംസാരിക്കുക.
4. കോവിഡ് കാരണം കളങ്കം അനുഭവിക്കുന്ന രോഗികളെ, അവരുടെ കുടുംബത്തെ അപമാനിക്കുന്നവർക്കെതിരെ (സദാചാര പോലീസിനെതിരെ) സംസാരിക്കുവാൻ ന്യൂസ് മീഡിയയും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള മീഡിയ ചാനലുകൾ ഉപയോഗിക്കുക.
5. കളങ്കമോ വിവേചനമോ അനുഭവിച്ച ആളുകൾക്കായി മാനസികാരോഗ്യത്തിനായോ മറ്റ് സാമൂഹിക പിന്തുണാ സേവനങ്ങളിലേക്കോ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കുക,
 
ഈ നശ്വരമായ ജീവിതത്തിൽ സ്നേഹ, ദയ, കാരുണ്യം, അനുകമ്പ എന്നിവയെല്ലാം സഹജീവിക്കളോടു പ്രകടിപ്പിച്ചു, അടുത്ത തലമുറയ്ക്ക് നല്ല മാതൃകയായി ജീവിച്ചു, മറ്റുള്ളവരുടെ മനസ്സിൽ ഒരു നീഹാരമായി ... ഈ ലോകത്തിൽ ഒരു നന്മമരമായി ജീവിച്ചു മണ്മറഞ്ഞു കൂടെ?

എൻറ്റെ അമ്മ എപ്പോഴും പറയുന്ന ഒരു ചേച്ചി ഉണ്ട്. അമ്മയുടെ ചെറുപ്പ കാലത്തു, വീട്ടിൽ സഹായത്തിനു വരുന്ന ഒരു ചേച്ചി. അമ്മയുൾപ്പടെ എല്ലാവര്ക്കും ചിക്കൻപോക്സ് പിടിപെട്ടു. ഈ ചേച്ചി പൂർണഗർഭിണി യായിരുന്നതിനാൽ, സഹായിക്കുവാൻ വരണ്ട എന്ന് വിലക്കിയിട്ടും , ഭർത്താവിനൊപ്പം വന്നു ഭക്ഷണം പാകം ചെയ്തു വെച്ചിട്ട് പോകുമായിരുന്നു. എന്റെ അമ്മയും കുടുംബവും എന്നും നന്ദിയോടെ ഓർക്കുന്ന ഒരു സംഭവം ആയിരുന്നു . ഇതു  പോലെ ഉള്ളവർ ജീവിച്ചിരുന്ന നമ്മുടെ നാട്ടിലാണ്, മനുഷ്യത്വരഹിതമായ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് .

നമ്മൾ പേടിക്കേണ്ടത് രോഗത്തെ ആണ്  രോഗിയെ അല്ല.

പൗലോ  കൊയിലോ യുടെ  അഡൾട്ടറി എന്ന നോവലിൽ പൗലോ ശ്ലീഹായുടെ സ്നേഹത്തെ കുറിച്ചുള്ള നിർവചനം ആലങ്കാരികമായി പ്രതിപാദിക്കുന്നു .
ഒരു പ്രിസം പ്രകാശത്തിന്റ്റെ മാരിവിൽ നിറങ്ങളെ വേർതിരിക്കുന്നത് പോലെ പൗലോസ് സ്നേഹത്തിൻറ്റെ മഴവിൽ കാട്ടിത്തരുന്നു. സ്നേഹം  ക്ഷമ നിറഞ്ഞതാണ്, ദയാപൂർണമാണ്, മഹാമനസ്കത എന്നതോ ഭയപ്പാടില്ലാത്ത സ്നേഹം ,നിസ്വാർത്ഥ സ്നേഹം, ആത്മാർത്ഥത: സ്നേഹം അധർമ്മത്തിൽ ആഹ്ളാദിക്കുന്നില്ല, സത്യമായ ധർമത്തിൽ ആഹ്ളാദിക്കുന്നു, സമചിത്തത: അത് മുൻകോപമോ അവജ്ഞയോ കാട്ടുന്നില്ല .
 
സ്നേഹം മറ്റുള്ളവരെ ഒരിക്കലും അകറ്റില്ല. ഈ ഘടകങ്ങൾ  നാം ദിനംതോറും കേൾക്കുന്ന മൂല്യങ്ങൾ അല്ലെ? നാം എല്ലാവരും ഈ പ്രതിസന്ധിയിൽ കൂടി കടന്നു പോയികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ  , നാളെയെ കുറിച്ച് ഒരു ഉറപ്പും ഇല്ലാത്ത ജീവിക്കുംപ്പോൾ കുറച്ചു കാരുണ്യവും, മനുഷ്യത്വപൂര്ണമായും ജീവിച്ചു കൂടെ?

പാശ്ചാത്യ സംസ്കാരത്തെ പുച്ഛത്തോടു വീക്ഷിക്കുന്നവരോട്, ഞങ്ങളുടെ അറിവിൽ ഇവിടെ ആരും ഒറ്റപ്പെടലിൽ ആത്മഹത്യ ചെയ്തിട്ടില്ല. ലക്ഷങ്ങൾ മരിച്ചു വീഴുമ്പോഴും, രോഗം ബാധിച്ചു ക്വാറൻറ്റിനിൽ കഴിയുന്നവർക്ക് ഭക്ഷണം ഉണ്ടാക്കി  മരുന്നുകൾ വാങ്ങി വീടിന്റെ പോർച്ചിൽ വെച്ച് , ജനാലയിലൂടെ നിന്ന് ആശ്വാസവും പകർന്ന ഞങ്ങൾ ഇവിടെ കഴിയുന്നത്. വീണ്ടും പറയുന്നു ഭയന്നാൽ ഒളിക്കാൻ കാടില്ല ...

അനുഭവത്തിൽ നിന്ന് പറയുകയാണ് നിങ്ങൾ രോഗിയെ ഇത്രയും ഭയപ്പെടേണ്ട കാര്യം ഇല്ല. ഒരു രോഗി ഉണ്ടായിരുന്ന കുടുംബത്തിൽ മറ്റു അംഗങ്ങൾക്ക് ഒന്നും രോഗം ബാധിക്കാത്ത സംഭവങ്ങളും ഉണ്ട് .

മാസ്ക് ധരിച്ചും, അകലം പാലിച്ചും, ശുചിത്വം പാലിച്ചും മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ പാലിച്ചു, ഇതിൽ നിന്ന് നമ്മൾക്ക് രക്ഷ നേടാവുന്നതാണ്.

ഈ മഹാമാരിയിൽ ദൈവത്തിൻറ്റെ സ്വന്തം നാട്ടിൽ ഇനിയും കൃഷ്ണപ്രിയമാർ ഉണ്ടാവാതിരിക്കട്ടെ.. നമ്മളിലെ നന്മ നാമാവശേഷം ആവാതിരിക്കട്ടെ ! മനഃസാക്ഷി  മരവിക്കാതിരിക്കട്ടെ ! ഈ കൊടുംകാറ്റും  ശമിക്കും. ലോകം വീണ്ടും  പ്രകാശിക്കും .പ്രാർത്ഥനകളോടെ മിലി
കൃഷ്ണപ്രിയ, മകളെ നിനക്ക് കണ്ണുനീരിൽ കുതിർന്ന ക്ഷമാപണം (മിലി)
Join WhatsApp News
Gigi 2020-07-15 13:38:14
Well said Milly... I am a health professional handling the acutely ill Covid patients ... I didn’t run away or neither the fear of contracting this unknown virus kept me away from my duty. That’s because of the humanity. When humanity is lost that’s when things happen like what happened to Krishnapriya.... due to the lack of support from all sides... including her own family... Hope people learn from this.
സദാചാര കുമാരൻ 2020-07-15 14:19:21
സദാചാര തെണ്ടികൾ കുറെ നാളായി കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ വിലസുന്നു. അവനെയൊക്കെ അടിച്ചമർത്തനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക