Image

സ്മൃതിജാലകം ( കഥ : സുജാത കെ പിള്ള )

Published on 15 July, 2020
സ്മൃതിജാലകം ( കഥ : സുജാത കെ പിള്ള )
തിരക്കേറിയ നഗരത്തിന്റെ, സ്രവങ്ങൾ നിറഞ്ഞൊഴുകുന്ന ഓടകൾക്കു മുകളിലൂടെ നടക്കുമ്പോൾ അയാളുടെ മനസ്സു പുഞ്ചപ്പാടം വഴി വെള്ളക്കൊറ്റികളുമായി സംവദിച്ച്, പരൽമീനുകളുമായി സല്ലപിച്ച്,
കവിതകൾ ഉറക്കെച്ചൊല്ലി നടന്നു സ്കൂളിലേക്കു പോകുന്ന കുട്ടിക്കാലത്തേക്ക് ഓടിപ്പോയി. 
എല്ലാവരും ഇതേ രീതിയിലൊക്കെത്തന്നെയാണ് അന്ന് യാത്ര. നാട്ടുമ്പുറങ്ങളുടെ ചില ചിട്ടവട്ടങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. 
പരസ്പരം കാണുകയും കാഴ്ചകളിൽ മനം നിറയുകയും ചെയ്ത്, നഗരത്തിന്റെ പുറംമോടിയായ ആലിംഗനങ്ങളിലൊന്നും വിശ്വസിക്കാതെ  
നാട്ടിൻപുറത്തേക്കലയാൻ വിടുന്ന അയാളുടെ മനസ്സ് ഗൃഹാതുരത്വത്താൽ നിറയും. ചിന്തകൾ അതിസൂഷ്മമായി മനസ്സിലേക്ക് ഊളിയിടാൻ തുടങ്ങുമ്പോഴൊക്കെ അയാൾ നഗരത്തിലെ തിരക്കേറിയ ജീവിതത്തിലേക്ക് തിരിച്ചു വരും.

ഇന്നിപ്പോൾ മുപ്പത്തഞ്ചു വർഷം മുൻപു വിട്ടുപോന്ന ഗ്രാമത്തിലേക്കൊരു തിരിച്ചുപോക്ക്, 
അതാണ് ഹൃദയത്തിൽ പഴയ ഓർമ്മകളുടെ തേരോട്ടം. ഇത്രയും വർഷത്തിനിടയിൽ രണ്ടു വിവാഹത്തിനും രണ്ടു മരണങ്ങൾക്കുമല്ലാതെ നാട്ടിലേക്കു പോയിട്ടില്ല. ജോലിയുടെ തിരക്കു കാരണം പെട്ടന്നുള്ള തിരിച്ചുപോരൽ, ഗ്രാമത്തിന്റെ മാറ്റങ്ങളൊന്നും അന്ന് ശ്രദ്ധിക്കാൻ തരപ്പെട്ടിട്ടില്ല.
അമ്മയുടെയും അച്ഛന്റെയും മരണശേഷം ചേച്ചി കത്തെഴുതുമ്പോഴൊക്കെ "നിന്റെ വസ്തു കിടന്നു കാടുകയറുന്നു, കാടുതെളിക്കാൻപോലും ആളെ കിട്ടാത്ത അവസ്ഥയാ നാട്ടിലെന്നു" ഓർമിപ്പിക്കാറുണ്ടായിരുന്നു. ചേച്ചി മരിച്ചതോടെ എഴുത്തും വിളിയും ഇല്ലാതായി. അവസാനം എഴുതിയ കത്തിൽ, " നിനക്ക് വന്നു നോക്കാൻ സമയമില്ലെങ്കിൽ വിറ്റിട്ട് പോകു "എന്ന് ഓർമപ്പെടുത്തി ചേച്ചിയും കടന്നുപോയി. 
നിറയെ ആഞ്ഞിലിയും തേക്കും നിറഞ്ഞ ഭുമി. തെക്കേഭാഗത്തു അച്ഛനും അമ്മയും ഉറങ്ങുന്നു. വിൽക്കാൻ മനസ്സു വരുന്നില്ല. നാടുമായി ആകെയുള്ള ഒരു പൊക്കിൾ കൊടി ബന്ധമായി അതങ്ങനെ  കിടന്നു. 
മല്ലിക എപ്പോഴും നിർബന്ധിക്കുമായിരുന്നു
 "ആ  വസ്തു വിൽക്കരുതോ? ഒടുവിൽ, ചെല്ലുമ്പോൾ വസ്തു കാണില്ല, 
നാട്ടിലെ കാര്യമല്ലേ, അതിരുകൾ മറ്റുള്ളവർ പങ്കിട്ടു പങ്കിട്ട് തീർന്നു കാണും. "
അവൾക്കു ഗൃഹാതുരത്വം ഇല്ല. 
നഗരത്തിൽ ജനിച്ചു വളർന്നവൾ. 
ഒറ്റത്തവണയേ നാട്ടിലേക്കു തന്റെ കൂടെ വന്നിട്ടുള്ളു,. അമ്മ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ. അമ്മയ്ക്കു മറ്റൊരു മകനുംകൂടി 
ഉണ്ടായിരുന്നതുകൊണ്ട് അമ്മ, തന്നെ ഭാര്യക്ക് വിട്ടു കൊടുത്തു.
ബസ് ചുരമിറങ്ങുകയാണ്. രണ്ടു മണിക്കൂറെടുക്കും നാട്ടിലെത്താൻ. കാഴ്ചകളിലൊന്നും മനസ്സുടക്കിയില്ല. 
മുല്ലപ്പൂവും പാലപ്പൂവും വിടരുന്ന അവയുടെ നിറമണമുള്ള വീടും പരിസരവും വിട്ട് ജോലി അന്വേഷിച്ചു നഗരത്തിലേക്കിറങ്ങുമ്പോൾ ഒരിക്കലും വിചാരിച്ചില്ല നീണ്ട ഒരു ജീവിതമാറ്റത്തിന്റെ തുടക്കമാവും അതെന്ന്. ജീവിതം നഗരവൽക്കരിക്കപ്പെട്ടതിന്റെ കൂടെ അപരവൽക്കരണം കൂടി നടന്നു എന്നതാണ് ശരി. കൂടെ ജോലി ചെയ്തിരുന്ന മല്ലികയെ വിവാഹം കഴിക്കുമ്പോൾ പോലും മറ്റുള്ളവരുടെ അനുവാദത്തിനായി കാത്തുനിന്നില്ല. 
ജീവിതം ഒഴുകുന്ന പുഴ പോലെ തുടർന്നുപോയി. ഇന്നിപ്പോൾ കടലിൽ എത്തിച്ചേർന്നു സ്വന്തം സ്വത്വം നഷ്ടപ്പെട്ട പുഴ.

പെൻഷനുമായി, കുട്ടികൾ വിവാഹിതരായി വിദേശത്തുമായപ്പോഴാണ് ഏകരായി ഒരു ഫ്ളാറ്റിൽ ഒന്നും ചെയ്യാനില്ലാതെ ഞാനും മല്ലികയും പരസ്പരം നോക്കി മൗനത്താൽ മുദ്രിതമായി ഇരിക്കാൻ തുടങ്ങിയത്. 
രണ്ടുപേർക്കും ആത്മശൂന്യത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 
നഗരത്തിലെ ജീവിതം നിർത്തി നാട്ടിലേക്കു പോയാലോ എന്ന എന്റെ ചിന്തക്ക് ഘടക വിരുദ്ധമായാണ് മല്ലിക ചിന്തിച്ചത്. 
പെൻഷനില്ലാത്ത ജോലി ആയിരുന്നതുകൊണ്ടും വലിയ സമ്പാദ്യമൊന്നുമില്ലാതിരുന്ന കൊണ്ടും നാട്ടിലെ വസ്തു വിറ്റിട്ട് ആ തുക കൂടി ബാങ്കിൽ ഇട്ടാൽ പലിശ കിട്ടുമല്ലോ എന്ന അവളുടെ അഭിപ്രായത്തോട് ഒടുവിൽ രമ്യതപ്പെടേണ്ടി വന്നു. അതിനായി തുടങ്ങിയ യാത്രയാണ്.
തന്നേക്കാൾ എന്നും ദാർശനികബോധത്തോടെ
ചിന്തിച്ചിരുന്നത് മല്ലികയാണ്.

ചെന്നു കയറുമ്പോൾ ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു രമ. ചേച്ചിയുടെ മകളാണ്. 
വലിയ ഭാവഭേദങ്ങളൊന്നും ഇല്ലാത്ത തണുപ്പൻ കുശലം പറച്ചിൽ. 
കുളിച്ചു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അടുത്ത ബന്ധുക്കളെപ്പറ്റി ചോദിച്ചറിഞ്ഞു. 
ഊണ് കഴിച്ചു യാത്രാക്ഷീണം അകറ്റാനൊന്നു കിടന്നതാണ്. പെട്ടന്നുതന്നെ മയങ്ങിപ്പോയി. ആരോ മുറിയുടെ വാതിലിൽ മുട്ടുന്നതു കേട്ടു. 
ഓടാമ്പൽ മാറ്റുമ്പോൾ അമ്മയാണ്. 
കറുത്ത കരയുള്ള അമ്മയുടെ സ്ഥിരം നേര്യത്, 
അമ്മ മുറിയിലേക്ക് കയറി കട്ടിലിലിരുന്നു, 
തന്റെ നെറ്റിയിൽ ചുംബിച്ചു. "നീ വന്നോ ബാലാ.. ""വരുമെന്നറിയാമാരുന്നു."
അമ്മ  തന്നെ അണച്ചുപിടിച്ചു. 
""നീ ആ വസ്തു വിൽക്കരുത്
മോനെ. നിനക്ക് എന്നെങ്കിലും നാട്ടിലേക്കു പോരേണ്ടി വന്നാലോ? 
ഇവിടൊരിടം നിനക്കു വേണ്ടേ? 
പെട്ടന്നുണരുമ്പോൾ ശരീരത്താകെ അമ്മയുടെ നനുത്ത സ്പർശത്തിന്റെ കുളിര് .
എപ്പോഴും നെറ്റിയിൽ തൊടാറുള്ള ചന്ദനത്തിന്റെ ഗന്ധം മുറിയാകെ നിറഞ്ഞിരിക്കുന്നു. 
ജനൽ തുറന്നിട്ട് പുറകിലെ കാടു കയറിയ വസ്തുവിലേക്ക് നോക്കിയപ്പോൾ അമ്മ വീണ്ടും വീണ്ടും വിലക്കുന്നതായി തോന്നി. 
ഒരു തീരുമാനത്തിലെത്താതെ അയാൾ കുഴഞ്ഞു. 
ചായ കുടി കഴിഞ്ഞു പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോൾ സെൽഫോണടിച്ചു. മറുതലക്കൽ രവി,  തന്റെ കുടുംബസുഹൃത്ത്.

"താൻ പുറപ്പെട്ടു പോരൂ... "മല്ലികയ്ക്കു പെട്ടന്നൊരു വല്ലായ്മ വന്നു. ഐ. സി. യു വിലാണ്. " 
"എന്ത്? എന്താണ്?"  
"നീ പുറപ്പെട്ടോ അതാവും നല്ലത് ".
രവി ഫോൺ കട്ടുചെയ്തു. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
മക്കൾ രണ്ടു പേർക്കും വരാനാവാത്ത അവസ്ഥ. 
അടക്കം കഴിഞ്ഞ് അടുത്ത ചില സുഹൃത്തുക്കളുമായി  ഇരിക്കുമ്പോൾ രവി പറഞ്ഞു നീ നാട്ടിലേക്കു പോവുന്നതാവും നല്ലത്. ഇവിടെ ഒറ്റക്കു ബുദ്ധിമുട്ടാവും. 
അയാളുടെ മനസ്സിൽ നിറയെ അമ്മ പറഞ്ഞ കാര്യങ്ങളായിരുന്നു. 
'അമ്മ എല്ലാം  മുൻകൂട്ടി അറിഞ്ഞിരുന്നോ? 
എല്ലാവരും യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളോർത്തു നാട്ടിലേക്കു മടങ്ങണം. 
ഇവിടെ.. ഇവിടെ.. തനിക്കാരുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക