Image

പ്രചാരണ കോലാഹലം കഴിഞ്ഞു; നെയ്യാറ്റിന്‍കരയില്‍ ഇനി വിധിയെഴുത്ത്‌

ജി.കെ Published on 31 May, 2012
പ്രചാരണ കോലാഹലം കഴിഞ്ഞു; നെയ്യാറ്റിന്‍കരയില്‍ ഇനി വിധിയെഴുത്ത്‌
സംസ്ഥാന രാഷ്‌ട്രീയത്തെ ഒരുമാസമായി ഇളക്കിമറിക്കുകയും പിടിച്ചുകുലുക്കുകയും ചെയ്‌ത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണ കോലാഹലങ്ങള്‍ക്ക്‌ പരിസമാപ്‌തിയായി. ഇനി വിധിയെഴുത്തിനായി ജനം പോളിംഗ്‌ ബൂത്തിലെത്തുന്ന ജൂണ്‍ രണ്‌ടുവരെ നിശ്‌ബദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സംസ്ഥാന രാഷ്‌ട്രീയത്തെ ഇത്രയേറെ പിടിച്ചുകുലുക്കിയ ഒരു ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണമുണ്‌ടായിരുന്നോ എന്ന്‌ സംശയമാണ്‌.

നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അഞ്ചാം മന്ത്രി വിവാദത്തിലും സാമുദായിക സന്തുലനത്തിലും ബാലകൃഷ്‌ണപിള്ള-ഗണേഷ്‌ തര്‍ക്കത്തിലുമെല്ലാം ആടിയുലഞ്ഞ യുഡിഎഫ്‌ നടുക്കടലില്‍പ്പെട്ടുപോയ കപ്പിത്താനില്ലാത്ത കപ്പലിന്റെ അവസ്ഥയില്‍ ദിശയറിയാതെ നീങ്ങുകയായിരുന്നു. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും യുഡിഎഫില്‍ ചേരുന്നത്‌ ആത്മഹത്യ ചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ പ്രഖ്യാപിച്ചതിന്റെ ചൂടാറും മുമ്പ്‌ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനിറങ്ങിയ ശെല്‍വരാജുമായി യുഡിഎഫ്‌ പൂര്‍ണമായും അലിഞ്ഞു ചേര്‍ന്നിരുന്നുമില്ല.

മറുവശത്ത്‌ ശെല്‍വരാജിനെ വിശ്വാസവഞ്ചകനായി ചിത്രീകരിച്ച്‌ എല്‍ഡിഎഫ്‌ പ്രചാരണക്കൊടുങ്കാറ്റ്‌ അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ഈ ഘട്ടത്തിലാണ്‌ മെയ്‌ നാലിന്‌ പാതിരാത്രിക്ക്‌ കേരളത്തെ ഇളക്കിമറിച്ച ഒരു രാഷ്‌ട്രീയ കൊലപാതകം ഒഞ്ചിയത്ത്‌ അരങ്ങേറുന്നത്‌. റവല്യൂഷണറി മാര്‍കിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ അക്രമികളുടെ വെട്ടേറ്റ്‌ മരിച്ചുവെന്ന വാര്‍ത്ത ബ്രേക്കിംഗ്‌ ന്യൂസായി വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞപ്പോള്‍ അത്‌ തങ്ങളുടെ ഹൃദയം തകര്‍ക്കുന്ന സംഭവമാവുമെന്ന്‌ എല്‍ഡിഎഫോ നെയ്യാറ്റിന്‍കരയില്‍ മുങ്ങിത്താഴുമ്പോള്‍ ലഭിച്ച കച്ചിത്തുരുമ്പാകുമെന്ന്‌ യുഡിഎഫോ സ്വപ്‌നേനി നിനച്ചില്ല.

ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട്‌ മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍കെട്ടിവെച്ച കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയ വ്യാപ്‌തി അളക്കുന്നതില്‍ സിപിഎം നേതൃത്വവും പരാജയപ്പെട്ടു. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെയെന്ന ചൊല്ലായെ ആദ്യമൊക്കെ സിപിഎം നേതാക്കള്‍ ഇതിനെ കണ്‌ടിരുന്നുള്ളൂ. ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പോയ വി.എസില്‍ ഊന്നി സിപിഎം വിഭാഗീയത പുറത്തുചാടാന്‍ തുടങ്ങിയതോടെ പ്രചാരണചിത്രം തന്നെ മാറ്റിവരയ്‌ക്കപ്പെടുകയായിരുന്നു. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന വി.എസിന്റെ അഭിപ്രായത്തെ വെട്ടി ഒഞ്ചിയത്ത്‌ പാര്‍ട്ടി വിട്ടവരെ കുലംകുത്തികളെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവര്‍ത്തിച്ചുറപ്പിച്ചത്‌ പാര്‍ട്ടിയുടെ പ്രതിച്ഛായക്കുണ്‌ടാക്കിയ ക്ഷീണം ചെറുതല്ല.

വെറും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്‌ട്‌ അവസാനിക്കുമായിരുന്ന ഒരുവിഷയത്തിന്‌ വി.എസ്‌ നടത്തിയൊരു വാര്‍ത്താസമ്മേളനം വ്യത്യസ്‌തമാനം നല്‍കുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്‌ടത്‌. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട്‌ ഉപമിച്ചും ഒഞ്ചിയത്ത്‌ പാര്‍ട്ടി വിട്ടവര്‍ 64ലെ പിളര്‍പ്പിനെ അനുസ്‌മരിപ്പിക്കുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചും വി.എസ്‌ നടത്തിയ വാര്‍ത്താസമ്മേളനം സിപിഎം നേതൃത്വത്തെ പിടിച്ചു കുലുക്കിയപ്പോള്‍ യുഡിഎഫ്‌ ഉള്ളറിഞ്ഞ്‌ ചിരിച്ചു.

വലതുപക്ഷ മാധ്യമങ്ങള്‍ സിപിഎമ്മിലെ കൊലതപാതക രാഷ്‌ട്രീയത്തെക്കുറിച്ച്‌ പരമ്പരകള്‍ പ്രസിദ്ധീകരിച്ചും ടി.പി.വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവരുടെ കൈയിലെ പച്ചകുത്തിയ അരിവാള്‍ ചുറ്റികപോലും പുറത്തുവിട്ടും യുഡിഎഫിന്‌ ചെറുതല്ലാത്ത സഹായം ചെയ്‌തപ്പോള്‍ നെയ്യാറ്റിന്‍കര ഇടതുമുന്നണിയ്‌ക്ക്‌ കരകാണാക്കടലായി. ടി.പി.വധത്തില്‍ സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി വരെയുള്ളവരെ അറസ്റ്റു ചെയ്‌ത്‌ യുഡിഎഫ്‌ ഭരണത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തപ്പോള്‍ അത്‌ ജീവനില്‍ കൊതിയുള്ളതുകൊണ്‌ടാണ്‌ സിപിഎം വിട്ടതെന്ന ശെല്‍വരാജിന്റെ വാദത്തിനുള്ള പരോക്ഷ അംഗീകാരവുമായി.

ടി.കെ.ഹംസ വിഎസിനെതിരെ നടത്തിയ പരാമര്‍ശം എരിതീയില്‍ ഒഴിച്ച എണ്ണയായെങ്കില്‍ സിപിഎമ്മിന്റെ നെഞ്ചിലേക്ക്‌ ശരിക്കും കത്തി കുത്തിയിറക്കിയത്‌ ഔദ്യോഗികപക്ഷത്തിന്റെ കരുത്തനായ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ വാഴുന്ന കാലത്ത്‌ എങ്ങനെ പെരുമാറണമെന്ന്‌ പാര്‍ട്ടി ഇതുവരെ സ്റ്റഡി ക്ലാസ്‌ നല്‍കിയിട്ടില്ലാത്തതിനാല്‍ മണിയാശാന്‍ മൂന്നാര്‍ മലമുകളില്‍ നിന്ന്‌ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ നെയ്യാറ്റിന്‍കരയിലും മാറ്റൊലി കൊണ്‌ടു. അതില്‍ സിപിഎം ഔദ്യോഗികനേതൃത്വവും വിറകൊണ്‌ടു. സിപിഎം നേതാക്കളുടെ ഓരോ പ്രസ്‌താവനയ്‌ക്കും പിന്നാലെ തിരുവഞ്ചൂരിന്റെ പോലീസ്‌ കേസുമായി പുറകെ പോയതോടെ ഒരുമാസം കൊണ്‌ട്‌ നെയ്യാറ്റിന്‍കരയുടെ രാഷ്‌ട്രീയ ചിത്രം മാറ്റിവരയ്‌ക്കപ്പെട്ടു.

ഇതിനിടയില്‍ ശരിക്കും വിഷമവൃത്തിലായത്‌ ബിജെപിയായിരുന്നു. സാമുദായിക സന്തുലനവും നായര്‍ വോട്ടുമെല്ലാം ലക്ഷ്യമിട്ട്‌ പാര്‍ട്ടിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ മുഖമായ ഒ.രാജഗോപാലിനെ മത്സരരംഗത്തിറക്കിയത്‌ വിജയപ്രതീക്ഷയോടെ തന്നെയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25,000ല്‍പരം വോട്ടു നേടിയെന്നതും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ടി.പി.വധവും സിപിഎം നേതാക്കളുടെ വിവാദ പ്രസ്‌താവനകളും ബിജെപിയെ കളത്തിന്‌ പുറത്തു തന്നെ നിര്‍ത്തിയെന്നതാണ്‌ യാഥാര്‍ഥ്യം.

എന്തായാലും ബിബിസി പോലും മണിയാശാന്റെ പ്രസംഗം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ്‌ ഫലം നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കും വിലയിരുത്തപ്പെടും. കൊലപാതക രാഷ്‌ട്രീയം തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും വികസനവിഷയങ്ങളോ പ്രാദേശിക പ്രശ്‌നങ്ങളോ ഒരു ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ വിഷയമായില്ലെന്നത്‌ ഒട്ടും ആശാസ്യകരമായ സംഗതയില്ല. എന്തായാലും ജൂണ്‍ രണ്‌ടിന്‌ ജനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ പോളിംഗ്‌ ബൂത്തിലെത്തുമ്പോള്‍ എന്തൊക്കെയാണ്‌ അവരുടെ മനസിനെ സ്വാധീനിച്ചത്‌ എന്നറിയാന്‍ ജൂണ്‍ 15ന്‌ വോട്ടെണ്ണുന്നത്‌ വരെ കാത്തിരിക്കേണ്‌ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക